19 April Friday

കോവിഡ് നിയന്ത്രണത്തിലെ കേരളമാതൃക

ഡോ. ബി ഇക്ബാൽUpdated: Monday Sep 12, 2022

കോവിഡ് ഒരു മഹാമാരിയെന്ന (Pandemic) നിലയിൽ കെട്ടടങ്ങുകയും ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന പ്രാദേശിക രോഗമായി (Epidemic) മാറുകയും ചെയ്തിട്ടുണ്ട്.  ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങളും ലോകാരോഗ്യസംഘടന പോലുള്ള അന്താരാഷ്‌ട്ര ഏജൻസികളും കോവിഡുകാല അനുഭവങ്ങൾ വിലയിരുത്തിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും രോഗപരിചരണത്തിലുമുള്ള വീഴ്ചകളും മികവുകളുമെല്ലാം വസ്തുനിഷ്ഠമായി വിശകലനം ചെയ്യപ്പെട്ടുവരികയാണ്.

ഓരോ രാജ്യത്തിന്റെയും  പ്രദേശങ്ങളുടെയും പ്രത്യേകതകൾ (ജനസംഖ്യ, ജനസാന്ദ്രത, പ്രായാധിക്യമുള്ളവരുടെ എണ്ണം, ചികിത്സാസൗകര്യങ്ങൾ, മനുഷ്യവിഭവശേഷി, ആരോഗ്യമേഖലയുടെയും മറ്റു ബന്ധപ്പെട്ട മേഖലകളുടെയും പ്രവർത്തന നിലവാരം തുടങ്ങിയവ)  കണക്കിലെടുത്തുകൊണ്ടുള്ള പരിശോധനയാണ് നടത്തേണ്ടത്.  കോവിഡ് മൂന്നു ഘട്ടത്തിലായി (2020, -2021, 20-22) വ്യത്യസ്തമായ വെല്ലുവിളികളും സാധ്യതകളും മുന്നോട്ടുവച്ചുകൊണ്ടാണ് കടന്നുപോയത് എന്നത് കണക്കിലെടുത്ത് ഓരോ ഘട്ടത്തെയും വ്യത്യസ്തമായി വിലയിരുത്തേണ്ടിവരും. ആദ്യവർഷം വാക്സിൻ ലഭ്യമായിരുന്നില്ല. ആദ്യം പ്രത്യക്ഷപ്പെട്ട വൈറസിന്റെ വ്യാപന നിരക്ക് കുറവും തീവ്രത കൂടുതലുമായിരുന്നു. രണ്ടാംവർഷം വാക്സിൻ വിതരണം ആരംഭിച്ചു. രണ്ടും മൂന്നും ഘട്ടത്തിൽ  പകർച്ച നിരക്ക് കൂടിയവയെങ്കിലും തീവ്രത കുറഞ്ഞ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ആവിർഭവിച്ചു. ഇത്തരം സവിശേഷതകൾ  പരിഗണിക്കാതെയുള്ള  താരതമ്യപ്പെടുത്തലുകളും അമിതാവകാശവാദങ്ങളും  കുറ്റപ്പെടുത്തലുകളുമെല്ലാം  ഒഴിവാക്കുന്നതാണ് ഉചിതം.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള വസ്തുനിഷ്ഠമായ വിലയിരുത്തൽ ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും നടത്തേണ്ടതുണ്ട്. പൊതുവായ ചില നിരീക്ഷണങ്ങൾ ചുരുക്കി അവതരിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. വ്യൂഹാനിൽനിന്ന് ആദ്യ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതുമുതൽ കേരളം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. 2018  മെയ് മാസത്തിൽ  കോഴിക്കോട് ജില്ലയിൽ പ്രത്യക്ഷപ്പെട്ട നിപാ പകർച്ചവ്യാധിയിൽനിന്ന്‌ പൊതുസമൂഹവും ആരോഗ്യപ്രവർത്തകരും  പകർച്ചവ്യാധി നിയന്ത്രണത്തിന്റെ പ്രാഥമികപാഠങ്ങൾ ഉൾക്കൊണ്ടിരുന്നു. 2018 ആഗസ്‌ത്‌ കേരളം ഈ നൂറ്റാണ്ടിൽ നേരിട്ട  ഏറ്റവും വലിയ പ്രളയവും  രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പഠനകാലവുമായി മാറി. പ്രളയത്തെത്തുടർന്ന് വ്യാപിക്കാൻ സാധ്യതയുണ്ടായിരുന്ന പകർച്ചവ്യാധികളെ വിപുലമായ പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിലൂടെ നിയന്ത്രിച്ചുനിർത്താൻ സംസ്ഥാനത്തിനു കഴിഞ്ഞു. നിപാ, പ്രളയകാല അനുഭവങ്ങളും അതിലൂടെ ലഭിച്ച പൊതുജനാരോഗ്യ അറിവും കോവിഡ് പ്രതിരോധത്തിനായി  കാലേക്കൂട്ടി ഇടപെടുന്നതിനുള്ള അനുകൂല പശ്ചാത്തലമൊരുക്കി.  ആർദ്രം പദ്ധതിയിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം സുസജ്ജവും സുശക്തവുമായിരുന്ന  സമയത്താണ് കോവിഡ് കടന്നുവന്നത്.

അതേയവസരത്തിൽ  മറ്റു സംസ്ഥാനങ്ങളേക്കാൾ  കേരളം ഒട്ടനവധി വെല്ലുവിളികളെയും നേരിട്ടിരുന്നു. കേരളത്തിൽ നഗര, -ഗ്രാമ വ്യത്യാസമില്ലാതെ ജനവാസങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും ജനസാന്ദ്രത കൂടുതലായതുകൊണ്ടും രോഗവ്യാ‍പന സാധ്യത വളരെ കൂടുതലായിരുന്നു. പ്രായാധിക്യമുള്ളവരും പ്രമേഹം, രക്താതിമർദം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരും  കൂടുതലായതുകൊണ്ട് കോവിഡ് മരണസാധ്യതയും കേരളത്തിൽ കൂടുതലായിരുന്നു. വിദേശരാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും രോഗവുമായി കൂടുതൽ പേർ കേരളത്തിൽ എത്താൻ സാധ്യതയുമുണ്ടായിരുന്നു. കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം ഘടകങ്ങൾ പരിഗണനയ്‌ക്ക്‌ എടുക്കേണ്ടതാണ്.  

വസ്തുനിഷ്ഠമായി പരിശോധിച്ചാൽ കോവിഡ് നിയന്ത്രണത്തിൽ വലിയൊരളവുവരെ വിജയിച്ച പ്രദേശമാണ് കേരളമെന്ന് കാണാൻ കഴിയും.  കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിലെ  വിജയത്തിനുള്ള  അടിസ്ഥാനഘടകങ്ങൾ സുശക്തമായ പൊതുജനാരോഗ്യ സംവിധാനം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമത. നിപാ, പ്രളയ കാ‍ലങ്ങളിൽനിന്നുള്ള അനുഭവജ്ഞാനം, ആരോഗ്യവകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്, കോവിഡ് രോഗികൾക്ക്   ഫലപ്രദമായചികിത്സ ലഭ്യമാക്കിയത്,  ചിട്ടയായ സമ്പർക്കാന്വേഷണം, പ്രായാധിക്യമുള്ളവർക്കും അനുബന്ധ രോഗമുള്ളവർക്കുമുള്ള റിവേഴ്സ് ക്വാറന്റൈനിന്റെ വിജയം, വിജയകരമായി സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ, കുടുംബശ്രീ, ആശ, ജനമൈത്രി പൊലീസ്, അങ്കണവാടി എന്നീ മേഖലയിൽ ഉള്ളവരുടെയും  സന്നദ്ധപ്രവർത്തകരുടെയും  നിസ്വാർഥ സേവനം, കലവറയില്ലാത്ത ജനപങ്കാളിത്തം, സ്വകാര്യമേഖലയുടെ പൂർണ സഹകരണം, അതിഥിത്തൊഴിലാളികൾക്ക് നൽകിയ സംരക്ഷണം, ദുർബലർക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികൾ  എന്നിവയാണെന്ന് കാണാം. 


 

കോവിഡ്  മഹാമാരിയെ ചെറുത്ത് വിജയം കൈവരിക്കുന്നതിൽ കേരളം കൈവരിച്ച നാല് നേട്ടം എടുത്തുപറയേണ്ടതുണ്ട്. 

ഒന്ന്: വ്യാപന നിരക്ക് കുറവ്
രാജ്യത്ത് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമാണ് കേരളം (ചതുരശ്ര കിലോമീറ്ററിന് ബിഹാർ 1102, പശ്ചിമ ബംഗാൾ 1029, കേരളം 859. ഇന്ത്യൻ ശരാശരി 382). മാത്രമല്ല, ജനവാസകേന്ദ്രങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി പരസ്പരം ബന്ധപ്പെട്ടുമാണ് കിടക്കുന്നത്. പെരുന്നാളുകൾ,  ഉത്സവങ്ങൾ,  രാഷ്ട്രീയ–- സാംസ്കാരിക യോഗങ്ങൾ, വിവാഹച്ചടങ്ങുകൾ തുടങ്ങിയ  ആൾക്കൂട്ട സന്ദർഭങ്ങളും സംഭവങ്ങളും  ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ വെല്ലുവിളി ഉയർത്തിയ  രണ്ട് പൊതുതെരഞ്ഞെടുപ്പുകളെ (തദ്ദേശസ്വയംഭരണ സ്ഥാപനം ഡിസംബർ 2020, അസംബ്ലി മാർച്ച് 2021) കേരളം അഭിമുഖീകരിക്കുകയും ചെയ്തു. വ്യാപന നിരക്കിനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും ഐസിഎംആറും കേരള ആരോഗ്യവകുപ്പും നടത്തിയ സീറോ പ്രിവലൻസ് പഠനങ്ങൾ വ്യക്തമാക്കിയത് കേരളം നേരിട്ട വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ കേരളത്തിലെ രോഗവ്യാപന നിരക്ക് പ്രതീക്ഷിക്കാവുന്നതിലും  കുറവായിരുന്നുവെന്നാണ്.  വ്യാപന നിരക്ക് വളരെ കൂടിയ ഒമിക്രോൺ വകഭേദം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് കേരളത്തിൽ വ്യാപന നിരക്ക് വർധിച്ചതും കോവിഡ് വ്യാപനം ചില ജില്ലകളിൽ നിലനിന്നതും. ജനസാന്ദ്രത വളരെ കൂടുതലായതുകൊണ്ടാണ്‌ ഇത് സംഭവിച്ചത്.

രണ്ട്: മരണനിരക്ക് കുറവ്
കോവിഡ് മരണം കൂടുതലായി കാണപ്പെടുന്നത് വയോജനങ്ങളിലും മറ്റു അനുബന്ധരോഗം ഉള്ളവരിലുമാണ്.  പ്രായാധിക്യമുള്ളവരും  മറ്റ് ഗുരുതരമായ രോഗമുള്ളവരും കേരളത്തിൽ വളരെ കൂടുതലാണ്. 60 വയസ്സിനു മുകളിലുള്ളവർ കേരള ജനസംഖ്യയിൽ  14 ശതമാനത്തിനു മുകളിലാണ് (48 ലക്ഷം) പ്രമേഹം 22 ശതമാനം, രക്താതിമർദം 33 ശതമാനം, ശ്വാസകോശരോഗികൾ 25 ലക്ഷം, അർബുദരോഗികൾ വർഷംതോറും 35,000, അമിതഭാരമുള്ളവർ 40 ശതമാനം എന്നിങ്ങനെ രോഗാതുരത ഏറ്റവും കൂടുതലുള്ള  സംസ്ഥാനമാണ് കേരളം.  ഇത് കണക്കിലെടുക്കുമ്പോൾ മരണനിരക്ക് ആപേക്ഷികമായി  കുറച്ചുനിർത്താൻ  സംസ്ഥാനത്തിന് കഴിഞ്ഞത് വലിയൊരു നേട്ടമായി കാണേണ്ടതാണ്. പ്രായം കൂടിയവർ കുറഞ്ഞ സംസ്ഥാനങ്ങളുമായി കേരളത്തെ മരണനിരക്കിന്റെ കാര്യത്തിൽ താരതമ്യം ചെയ്യുന്നത് ഉചിതമല്ല. പ്രായാധിക്യമുള്ളവരുടെയും  രോഗമുള്ളവരുടെയും ശാരീരികവും സാമൂഹ്യവുമായ ആവശ്യങ്ങൾ നിറവേറ്റി റിവേഴ്‌സ്‌ ക്വാറന്റൈൻ ഫലവത്താക്കിയതുമൂലവും  മരണസാധ്യതയുള്ളവർക്ക് കാലതാമസം കൂടാതെ ഉചിതമായ ചികിത്സ തീവ്രപരിചരണവിഭാഗത്തിൽ ഉറപ്പാക്കിയതുകൊണ്ടുമാണ് മരണനിരക്ക് കുറയ്‌ക്കാൻ കേരളത്തിന് കഴിഞ്ഞത്. 

മൂന്ന്: ചികിത്സാലഭ്യത ഉറപ്പാക്കി
രോഗികൾക്കെല്ലാം ചികിത്സ ഉറപ്പുനൽകുകയും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയ്‌ക്കനുസരിച്ച്  ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന ഫ്ലാറ്റനിങ്‌ ഓഫ് ദി കേർവ്  (Flattening of the Curve) എന്ന കോവിഡ് പരിപാലനത്തിലെ ഏറ്റവും അഭിലഷണീയമായ ലക്ഷ്യം കൈവരിക്കുന്നതിൽ കേരളം വിജയിച്ചു എന്നതാണ് കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടം. കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിൽ അമിതമായ വർധനയുണ്ടാകാതിരിക്കാനും  ചികിത്സാസൗകര്യം അവശ്യാനുസരണം ലഭ്യമാക്കാനും  കഴിഞ്ഞതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഇതിന്റെ ഫലമായി രോഗം ഏറ്റവുമധികം വർധിച്ചിരുന്ന ഘട്ടത്തിൽപ്പോലും  എല്ലാവർക്കും ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞു. അവശ്യാനുസരണം ഐസിയു കിടക്കകളും ഓക്സിജൻ, വെന്റിലേറ്ററുകൾ,  ചികിത്സയ്‌ക്കാവശ്യമായ വിലകൂടിയ റംഡസിവീർ, മോണോക്ളോണൽ ആന്റിബോഡി എന്നീ മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞു. ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാ‍ൻ കഴിയുന്നതിലും ഉപരിയായി  രോഗവർധന ഒരുഘട്ടത്തിലും ഉണ്ടായില്ലെന്ന അസുലഭ മികവ് കൈവരിക്കാൻ കേരളത്തിനു സാധിച്ചു.  രോഗവ്യാപനം ഏറ്റവും ഉയർന്നുനിന്ന ഘട്ടത്തിൽപ്പോലും മൊത്തം ചികിത്സാ സൗകര്യങ്ങളുടെ 60 ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്.  കോവിഡ് ബാധയെത്തുടർന്ന്‌ ഉണ്ടാകാനിടയുള്ള കോവിഡാനന്തരരോഗ (Post Covid Syndrome) ചികിത്സയ്‌ക്കായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ  പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും (Post Covid Clinics) ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട് .

നാല്: സൗജന്യ ചികിത്സ ലഭ്യമാക്കി
കോവിഡ് രോഗികൾക്ക്  സൗജന്യമായി സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സയും അതോടൊപ്പം  ഭക്ഷണവും  ലഭ്യമാക്കിയതാണ് കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു നേട്ടം. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്: KASP: Karunya Arogya Suraksha Padhathi)  രജിസ്റ്റർ ചെയ്ത 252 സ്വകാര്യ ആശുപത്രിയിൽ  ചികിത്സ തേടിയവർക്ക് ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമായി സൗജന്യചികിത്സ ലഭിച്ചിരുന്നു. വളരെ കുറച്ചുപേർ മാത്രമാണ് സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നേടിയത്. അവിടെത്തന്നെ കോവിഡ് ചികിത്സാ ചെലവ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനാ‍ൽ അമിതമായ ചികിത്സാഭാരം ജനങ്ങൾക്ക് അനുഭവിക്കേണ്ടിവന്നതുമില്ല.  ആർടിപിസിആർ തുടങ്ങിയ ടെസ്റ്റുകളുടെ ഫീസും സർക്കാർ നിയന്ത്രിച്ചിരുന്നു.

കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഇതൊന്നും കണക്കിലെടുക്കാതെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം പല കേന്ദ്രങ്ങളും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിന്‌ മഹാമാരി എത്തുന്നതിന് മുമ്പുതന്നെയുണ്ടായിരുന്ന മികവുകൾ ഇവർ കണക്കിലെടുക്കുന്നില്ല.  അതേയവസരത്തിൽ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനസാന്ദ്രതയും പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുള്ള വർധനയും  ഉയർന്ന രോഗാതുരതയും അടക്കമുള്ള വെല്ലുവിളികളെ അതീജിവിച്ചുകൊണ്ടാണ് കേരളം മഹാമാരിയെ ഫലപ്രദമായി നേരിട്ടതെന്ന വസ്തുതയും ബോധപൂർവം അവഗണിക്കാനാണ് ഇവർ ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top