26 April Friday

ലോകമേ ഇതാ, വിയത്‌നാമിന്റെ മറുപടി - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Thursday Apr 30, 2020

അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിലെ രണ്ട്‌ ഏക്കർ സ്ഥലത്ത്‌ ഒരു വിയത്‌നാം യുദ്ധസ്‌മാരകം ഉണ്ട്‌. വിയത്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ട 58220 അമേരിക്കൻ സൈനികരുടെ പേരുകൾ കൊത്തിവച്ച, പോളിഷ്‌ ചെയ്‌ത  കറുത്ത‌ ഗ്രാനൈറ്റ്‌ ചുമരാണ്‌ ഈ സ്‌മാരകത്തിന്റെ പ്രധാന ആകർഷണം. അമേരിക്കയ്‌ക്ക്‌ ഏറ്റവും കുടുതൽ സൈനികരെ നഷ്‌ടമായത്‌ വിയത്‌നാം യുദ്ധത്തിലായിരുന്നു. എന്നാലിപ്പോൾ കോവിഡ്‌ മഹാമാരിയിൽ മരിച്ചവരുടെ എണ്ണം ഇതിനെയും കവച്ചുവച്ചിരിക്കുന്നു. ചൊവ്വാഴ്‌ചത്തെ കണക്കനുസരിച്ച്‌ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അറുപതിനായിരം കവിഞ്ഞു. 45 വർഷങ്ങൾക്കുമുമ്പ്‌ അമേരിക്കയെ മുട്ടുകുത്തിച്ച ഹോചിമിന്റെ നാട്ടിൽ കോവിഡ്‌ ബാധയുണ്ടായെങ്കിലും ഒരാൾപോലും ഇതെഴുതുന്നതുവരെയും മരിച്ചിട്ടില്ല. അന്നും ഇന്നും അമേരിക്കയേക്കാൾ തലഉയർത്തി നിൽക്കുകയാണ്‌ സോഷ്യലിസ്‌റ്റ്‌ വിയത്‌നാം.  അമേരിക്ക തോറ്റിടത്ത്‌ കൊച്ചു വിയത്‌നാം വീണ്ടും വിജയക്കൊടി നാട്ടുന്നു.

കോവിഡ്‌ വൈറസ്‌ ബാധയ്‌ക്ക്‌ തുടക്കമിട്ട ചൈനയിൽനിന്ന്‌ 11000 കിലോമീറ്ററെങ്കിലും അകലെയുള്ള അമേരിക്കയിൽ ഇപ്പോൾ പത്തു ലക്ഷത്തിലധികം രോഗികളുണ്ട്‌ . എന്നാൽ, ചൈനയുടെ അയൽരാജ്യമായ, അവരുമായി 1440 മൈൽ അതിർത്തി പങ്കിടുന്ന വിയത്‌നാമിൽ  270 പേർക്ക്‌ മാത്രമാണ്‌ രോഗബാധയുണ്ടായത്‌. 222 പേരും രോഗം ഭേദമായി വീട്ടിലേക്ക്‌ മടങ്ങി. 48 പേർ മാത്രമാണ്‌ ആശുപത്രിയിലുള്ളത്‌. ആരുടെയും ആരോഗ്യനില ഗുരുതരവുമല്ല. 

ചിട്ടയായ പ്രതിരോധപ്രവർത്തനം
മേഖലയിലെ വൻശക്തികളായ  ചൈനയെയും ജപ്പാനെയും ദക്ഷിണ കൊറിയയെയും അപേക്ഷിച്ച്‌ വൻ സാമ്പത്തികശക്തിയൊന്നും അല്ലാതിരുന്നിട്ടും കോവിഡിനെ നേരിടുന്ന കാര്യത്തിൽ വിയത്‌നാം മുന്നിട്ടു നിൽക്കാൻ കാരണമെന്താണ്‌? അതറിയണമെങ്കിൽ വിയത്‌നാം നടത്തിയ ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും അവരുടെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചും മനസ്സിലാക്കണം. വുഹാനിൽ കോവിഡ്‌ സ്ഥിരീകരിച്ചതോടെതന്നെ അയൽരാജ്യമായ വിയത്‌നാം രോഗപ്രതിരോധ പ്രവർത്തനം ആരംഭിച്ചിരുന്നു. 2003ൽ സാർസും 2009ൽ എച്ച്‌വൺ എൻവണും നേരിട്ട മുൻപരിചയമാണ്‌ തുടക്കത്തിലേ ജാഗ്രത പുലർത്താൻ വിയത്‌നാമിനെ പ്രേരിപ്പിച്ചത്‌.


 

ആദ്യം ചെയ്‌തത്‌ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുകയായിരുന്നു. ലൂണാർ പുതുവർഷാവധിക്ക്‌ പിരിഞ്ഞ സ്‌കൂളുകളും കോളേജുകളുംമറ്റും പിന്നീട്‌ തുറക്കുകയുണ്ടായില്ല. ജനുവരി അവസാനം ഉപപ്രധാനമന്ത്രി വു ഡക്ക്‌ ഡാമിന്റെ നേതൃത്വത്തിൽ കോവിഡിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി നാഷണൽ സ്‌റ്റിയറിങ്‌ കമ്മിറ്റിക്ക്‌ രൂപം നൽകി. ഫെബ്രുവരി ഒന്നുമുതൽതന്നെ ചൈനയുമായുള്ള വ്യോമയാനബന്ധം ഉപേക്ഷിച്ചു. മറ്റു രാജ്യങ്ങളിൽനിന്ന്‌ ആകാശമാർഗവും കരമാർഗവും എത്തിയവരെ വിമാനത്താവളത്തിൽ വച്ചു തന്നെ പനിപരിശോധനയ്‌ക്ക്‌ വിധേയമാക്കി ക്വാറന്റൈൻ ചെയ്‌തു. 14 ദിവസമാണ്‌ ഇവർ ക്വാറന്റൈനിൽ കഴിയേണ്ടിയിരുന്നത്‌. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പ്രാദേശികപത്രങ്ങളിൽ പരസ്യപ്പെടുത്തി. ക്വാറന്റൈനിൽനിന്ന്‌ പുറത്തുകടക്കാതിരിക്കാൻ ഇത്‌ സഹായകമായി എന്നാണ്‌ വിയത്‌നാം ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

വിദേശത്തുനിന്നും ഇതര പ്രവിശ്യകളിൽനിന്നും  എത്തുന്നവർ അവരുടെ വ്യക്തിവിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, ആരോഗ്യചരിത്രം എന്നിവ ആരോഗ്യ അധികൃതർക്ക്‌ കൈമാറണമെന്ന്‌ നിർബന്ധമാണ്‌. സർക്കാരിന്റെ ഏതു‌ കെട്ടിടത്തിലും ആശുപത്രികളിലും പ്രവേശിക്കാനും ഇത്തരം വിവരങ്ങൾ കൈമാറണം. മാത്രമല്ല, പ്രധാന നഗരങ്ങളിലും ആവാസകേന്ദ്രങ്ങളിലും കോവിഡ്‌ പരിശോധനാകേന്ദ്രങ്ങളും തുറക്കുകയുണ്ടായി. രോഗം സംശയിക്കുന്നവർക്ക്‌ പണം നൽകി പരിശോധിക്കാനുള്ള സംവിധാനമാണിത്‌. 20 ഡോളറാണ്‌(ഏകദേശം 1500 രൂപ) ഇതിന്‌ ഈടാക്കുന്നത്‌.  ഒരു ഗ്രാമത്തിൽ അപരിചിതനെ കണ്ടാൽ അയാളെ ഉടൻആരോഗ്യപ്രവർത്തകർ പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയുംചെയ്യും. മൂന്നു‌ നേരവും ഭക്ഷണവും ചികിത്സയും സൗജന്യമാണ്‌.

എടിഎം വഴി അരി
എല്ലാ പ്രധാന നഗരങ്ങളിലും ഒന്നരകിലോ അരിവീതം നൽകുന്ന എടിഎമ്മുകൾ സ്ഥാപിച്ചുവെന്നതും വിയത്‌നാമിന്റെ പ്രത്യേകതയാണ്‌. ഒരാൾക്ക്‌ മൂന്ന്‌ കിലോ അരിവീതമാണ്‌ എടിഎമ്മുകളിൽനിന്ന്‌ സൗജന്യമായി ലഭിക്കുക. എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്നത്‌ നിർബന്ധമാണ്‌. കൈകൾ അണുമുക്തമാക്കിവേണം അരി എടുക്കാൻ. മാർച്ച്‌ ആറിന്‌ ആറ്‌ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തതോടെയാണ്‌ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. മാർച്ച്‌ 21 മുതൽ രാജ്യത്തെ ഒരു പ്രവിശ്യയിൽനിന്ന്‌  മറ്റു പ്രവിശ്യയിലേക്ക്‌ കടക്കുന്നവരെയും ക്വാറന്റൈൻ ചെയ്‌തു. മാർച്ച്‌ 22 മുതൽ അന്താരാഷ്ട്ര അതിർത്തികൾ അടച്ചിട്ടു. 25 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകളും ആഭ്യന്തര വിമാന സർവീസുകളും  റദ്ദാക്കി. ഏപ്രിൽ ആദ്യം അടച്ചിടലും പ്രഖ്യാപിച്ചു. എന്തുവിലകൊടുത്തും രോഗവ്യാപനം തടയുമെന്ന, സർക്കാരിന്‌ നേതൃത്വം നൽകുന്ന വിയത്‌നാം കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നിശ്‌ചയദാർഢ്യമാണ്‌ ഈ നീക്കങ്ങളിൽ കണ്ടത്‌.

ഹോചിമിൻസിറ്റിയിലെ എടിഎമ്മിൽ ക്യൂനിന്ന്‌ അരിവാങ്ങുന്നവർ

ഹോചിമിൻസിറ്റിയിലെ എടിഎമ്മിൽ ക്യൂനിന്ന്‌ അരിവാങ്ങുന്നവർ


 

മികച്ച ആരോഗ്യസംവിധാനം
സോഷ്യലിസ്‌റ്റ്‌ വിയത്‌നാം റിപ്പബ്ലിക്‌ ജനങ്ങളുടെ ആരോഗ്യത്തിന്‌ ഉയർന്ന പരിഗണനയാണ്‌ എന്നും നൽകിയിട്ടുള്ളത്‌. വിയത്‌നാം ജനതയുടെ പോരാട്ടം വിജയത്തിലേക്ക്‌ നീങ്ങുന്നത്‌ ഒരു രാത്രികൊണ്ട്‌ അല്ല എന്നർഥം. 9.7 കോടി ജനങ്ങളുള്ള രാജ്യമാണ്‌ വിയത്‌നാം. ജനസാന്ദ്രതയിൽ ലോകത്തെ 46ാമത്തെ രാഷ്ട്രം. 89 ശതമാനം ജനങ്ങൾക്കും സമഗ്രമായ ആരോഗ്യ സേവനം നൽകുന്ന രാജ്യംകൂടിയാണിത്‌. പാവപ്പെട്ടവർ, ഭിന്നശേഷിക്കാർ, വിപ്ലവത്തിൽ പങ്കെടുത്തവർ എന്നിവർക്ക്‌ സൗജന്യചികിത്സയും ഉറപ്പു വരുത്തുന്നു. എല്ലാ ഗ്രാമങ്ങളിലും ഒരു ഹെൽത്ത്‌ വർക്കർ ഉണ്ടാകും. പട്ടിണിയും ദാരിദ്ര്യവും മാറ്റാനുള്ള കാര്യക്ഷമമായ പരിപാടികളും നടപ്പാക്കിയതും ആരോഗ്യസൂചിക ഉയർത്താൻ സഹായകമായി. 2002നും 2018 നും ഇടയിൽ 45 ദശലക്ഷം പേരെയാണ്‌ ദാരിദ്ര്യരേഖയിൽനിന്ന്‌ കൈപിടിച്ചുയർത്തിയത്‌.

ഇതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ ശരാശരി ആയുസ്സ്‌ 71 വയസ്സിൽനിന്ന്‌ 76 ആയി ഉയർന്നു. 10000 പേർക്ക്‌ 11 ഡോക്ടർമാർ എന്ന സാമാന്യം  ഉയർന്ന നിരക്കിലേക്ക്‌ ഉയർത്താനും കഴിഞ്ഞു. കോവിഡ്‌ തുറന്നിടുന്ന പുതിയ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലും വിയത്‌നാം മുന്നിലാണ്‌. മുഖാവരണനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌ അവർ ഇപ്പോൾ. 50 പുതിയ നിർമാണ യൂണിറ്റുകളിലായി 20 കോടി മാസ്‌ക്കുകളാണ്‌ ഒരു മാസം നിർമിക്കുന്നത്‌. മെഡിക്കൽ ഉപകരണ നിർമാണവും പിപിഇ കിറ്റ്‌ നിർമാണവും വൻതോതിൽ ആരംഭിച്ചിട്ടുണ്ട്‌. റഷ്യ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്‌, ജർമനി എന്നീ രാജ്യങ്ങളിലേക്കാണ്‌ കയറ്റുമതി. ഏജന്റ്‌ ഓറഞ്ചും‌  നാപാം ബോബുകളും ഉപയോഗിച്ച്‌ വിയത്‌നാമിനെ കരിച്ചുകളയാൻ ശ്രമിച്ച അമേരിക്കയ്‌ക്കും നൽകി വിയത്‌നാം നാലരലക്ഷം പിപിഇ കിറ്റുകൾ. അമേരിക്കയിൽ സാധാരണക്കാരായ മനുഷ്യർ മരിക്കുമ്പോൾ അവരെ ചികിത്സിക്കുന്നവർക്കുള്ള രക്ഷാകവചം നൽകിയാണ്‌ വിയത്‌നാം  മാനവികത ഉയർത്തിപ്പിടിച്ചത്‌. മനുഷ്യത്വത്തിലൂന്നിയ ഈ സാർവ ദേശീയതയാണ്‌ വിയത്‌നാമിന്റെ കരുത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top