26 April Friday

തൊഴിലും 
വരുമാനവുമില്ലാതെ ബംഗാൾ

സോഹൻ ഭട്ടാചാര്യ/ മണികാന്ത് നടരാജ്Updated: Tuesday Apr 20, 2021

കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനെ തുടർന്നുണ്ടായ നീണ്ട കാലത്തെ അടച്ചിടലും പിടിപ്പുകേടുംമൂലം പശ്ചിമ ബംഗാളിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കോവിഡ് കാലത്ത് നിരവധി ജീവനും ജനങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെട്ടു. കഴിഞ്ഞ പത്തു വർഷമായി ബംഗാൾ നേരിടുന്ന സ്വാഭാവികമായ സാമ്പത്തികപ്രതിസന്ധിയുടെ ആഴം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അടച്ചുപൂട്ടലിനെത്തുടർന്ന് പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ തോതിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചു. സംസ്ഥാനത്തേക്ക് തിരിച്ചുവന്ന തൊഴിലാളികളെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഒരു നടപടിയുമുണ്ടായില്ല.

ഒരു പതിറ്റാണ്ടായി ടിഎംസി ഭരണത്തിലുള്ള ബംഗാളിലെ തൊഴിൽസാഹചര്യം വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തൊഴിലവസരങ്ങൾ കുത്തനെ കുറഞ്ഞുവരുന്നു. ദേശീയ സാമ്പിൾ സർവേ ഒർഗനൈസേഷന്റെ (എൻഎസ്എസ്ഒ) 2011–---12 ലെ തൊഴിൽ, തൊഴിൽരഹിത സർവേയും 2018-–-19 ലെ തൊഴിൽസേന സർവേയും താരതമ്യം ചെയ്യുമ്പോഴാണ് ബംഗാളിലെ തൊഴിൽമേഖലയിലെ പ്രതിസന്ധിയുടെ ആഴം മനസ്സിലാകുക.

സർക്കാരിന്റെ ഉദാസീനതയും നിഷ്‌ക്രിയത്വവും അശാസ്ത്രീയമായ അസംഘടിതമേഖലയും തൊഴിൽപ്രതിസന്ധി രൂക്ഷമാക്കുന്നതായി അവലോകന റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ തൊഴിൽമേഖല ത്രിമുഖ പ്രതിസന്ധിയാണ് നേരിടുന്നത്. ഒന്ന്: എല്ലാമേഖലയിലും വർധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നം. വിദ്യാസമ്പന്നർക്കിടയിൽ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണ്. രണ്ട്: പൊതുമേഖലയിലും സർക്കാർ സർവീസിലും തൊഴിലവസരം കുത്തനെ കുറയുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം ഓരോ വർഷവും കുറഞ്ഞുവരുന്നു. മൂന്ന്: തൊഴിലും കൂലിയും സംരക്ഷിക്കാനുള്ള ഏതുതരത്തിലുള്ള കൂട്ടായ വിലപേശലിനെതിരെയും സർക്കാരിന്റെ നേതൃത്വത്തിൽത്തന്നെ അടിച്ചമർത്തുന്നു. ഇത് എല്ലാ രീതിയിലുമുള്ള തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയാകുന്നു. തൊഴിൽ സന്നദ്ധരായവരുടെ എണ്ണം ഓരോ വർഷവും അഞ്ച് ശതമാനം കണ്ട് ഉയരുകയാണെന്ന ആശങ്കയും റിപ്പോർട്ട് മുന്നോട്ടുവയ്‌ക്കുന്നു.

വർധിച്ചുവരുന്ന തൊഴിലില്ലായ്മ തൊഴിൽസേനയ്‌ക്കൊരു കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. 15നും 59നും ഇടയിലുള്ളവർക്കിടയിലെ തൊഴിലില്ലായ്മ മൂന്ന് ശതമാനം കണ്ട് കൂടുകയാണ്. ഗ്രാമങ്ങളിൽ 8.3 ലക്ഷമാളുകളും നഗരങ്ങളിൽ 6.5 ലക്ഷം പേരും എന്തെങ്കിലും ഒരു തൊഴിലിനുവേണ്ടി കാത്തിരിക്കുകയാണ്. 2018--–19 ൽ ഈ പ്രായത്തിൽപ്പെട്ടവർക്ക് ഒരു മാസത്തെ ജോലിപോലും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴിൽസേനയെ പരിഗണിക്കുമ്പോൾ വർധിച്ചുവരുന്ന തൊഴിലില്ലായ്മാ നിരക്ക് വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്. ഗ്രാമീണമേഖലയിൽ ഹയർസെക്കൻഡറിമുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ 100-ൽ 12 പേരും തൊഴിൽരഹിതരാണ്. നഗരങ്ങളിൽ ഇത് 10 ശതമാനമാണ്. 18നും 30നും ഇടയിൽ പ്രായമുള്ളവരിൽ 2011-–-12-ൽ 10 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് 2018-–-19 ൽ 13 ശതമാനമായി ഉയർന്നു. തൊഴിൽമേഖലയിൽ സ്ത്രീകളുടെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബംഗാളിലെ ഗ്രാമങ്ങളിൽ 10 ലക്ഷത്തിലേറെ സ്ത്രീകൾക്ക് ജോലി നഷ്ടപ്പെട്ടു.

സർക്കാർ സർവീസിലും പൊതുമേഖലയിലും ഒരു നിശ്ചിത നിരക്കിൽ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ പത്തുവർഷവും. മൊത്തം ശമ്പളക്കാരെയും സ്ഥിരം ജീവനക്കാരെയും പരിഗണിക്കുമ്പോൾ സർക്കാർ, പൊതുമേഖലയിൽ ഇവരുടെ വിഹിതം കുറഞ്ഞുവരികയാണ്. 2011-–-12 ൽ ഗ്രാമീണ ബംഗാളിൽ മൊത്തം ശമ്പള വരുമാനക്കാരുടെ 37 ശതമാനവും സർക്കാർ സ്ഥാപനങ്ങളിലായിരുന്നു.

നഗരമേഖലയിൽ ഇത് 31 ശതമാനവുമായിരുന്നു. എന്നാൽ, 2018 –-19ൽ സർക്കാർ മേഖലയിലെ ശമ്പളക്കാരായ ജീവനക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഗ്രാമീണമേഖലയിൽ 30 ശതമാനവും നഗരത്തിൽ 23 ശതമാനവുമായി ഇടിഞ്ഞു. സ്കൂൾ സർവീസ് കമീഷൻ പരീക്ഷ നടത്തി സ്ഥിരം തൊഴിൽ നൽകുന്നത് അവസാനിപ്പിച്ചു. സർക്കാർ നിയമനത്തിൽ ക്രമക്കേടുകളും അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമായി. നിയമനത്തിൽ സുതാര്യത പാലിക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിലും മറ്റ് നഗരങ്ങളിലും തുടർച്ചയായ പ്രക്ഷോഭങ്ങൾ അരങ്ങേറി. തൊഴിലവസരങ്ങൾ ഒരു ഭാഗത്തു കുറഞ്ഞുവരുന്നതും മറുഭാഗത്ത് മെച്ചപ്പെട്ട സർക്കാർ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതും ടിഎംസി സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നത്.

സ്ഥിരം ജോലിയിൽപ്പോലും തൊഴിൽ സുരക്ഷിതത്വം കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്ത് ഉയർന്നുവരുന്ന മൊത്തത്തിലുള്ള തൊഴിൽ പ്രതിസന്ധിക്ക് രണ്ട് മുഖമുണ്ട്. എല്ലാ മേഖലയിലും തൊഴിലവസരം കുറയുന്നതോടൊപ്പം സംഘടിത തൊഴിൽ മേഖലപോലും അസംഘടിതവൽക്കരിക്കപ്പെടുകയാണ്. കോവിഡ് കാലത്തെ അടച്ചുപൂട്ടൽ സമയത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ തൊഴിൽ നിയമഭേദഗതികൾ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതായിരുന്നു. നിരവധി ചരിത്രപോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലിടങ്ങളിലെ മിതമായ അവകാശങ്ങൾപോലും ഇല്ലാതാക്കിയ നിയമങ്ങളാണ് നടപ്പാക്കിയത്. പശ്ചിമ ബംഗാളിലാകട്ടെ ശക്തമായ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തെ തകർക്കുന്ന സമീപനമാണ് സർക്കാരിൽനിന്നും ഭരണകക്ഷിയിൽനിന്നും ഉണ്ടായത്. നിരന്തരമായ ഭീഷണിയും അടിച്ചമർത്തലുംമൂലം സർക്കാർ ജീവനക്കാർക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഇത് ഈ മേഖലയിൽ തൊഴിൽസ്ഥിരതയും തൊഴിൽ സുരക്ഷിതത്വവും ഇല്ലാതാക്കി. സംസ്ഥാനത്തെ സ്ഥിരം ശമ്പള ജീവനക്കാരിൽ പകുതിയും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് തുല്യമാണ്. നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ഇവർക്ക്‌ ലഭിക്കുന്നില്ല. നഗരങ്ങളിൽ മൂന്നിൽ രണ്ട് ജീവനക്കാരും ഗ്രാമീണമേഖലയിൽ നാലിൽ മൂന്ന് ജീവനക്കാരും ഈ ഗണത്തിൽപ്പെടുന്നു. മഹാമാരിക്കാലം സാമ്പത്തികപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയപ്പോൾ സുരക്ഷിതമായ തൊഴിൽപോലും അപകടത്തിലാക്കി. ദിവസവേതനക്കാരുടെയും താൽക്കാലികക്കാരുടെയും സ്ഥിതി ദയനീയമാണ്.

തൊഴിൽമേഖലയുടെ അസംഘടിതവൽക്കരണം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സംസ്ഥാന സർക്കാർ വെറും കാഴ്ചക്കാരനായി മാറിനിൽക്കുകയാണ്. തൊഴിൽമേഖലയിലെ പ്രശ്നം മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ബിജെപി–-ടിഎംസി പോരാട്ടത്തിന്റെ പേരിലാണ് മാധ്യമങ്ങൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. രണ്ട് പാർടിയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയെപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണ്. സാമ്പത്തിക, തൊഴിൽ നയങ്ങളിൽ മോഡി സർക്കാരും മമതസർക്കാരും ഒരേ തൂവൽപ്പക്ഷികളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top