14 August Sunday

കോവിഡ് വ്യാപനം എന്തുകൊണ്ട് - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2022

ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ ആവിർഭാവത്തോടെ ആരംഭിച്ച കോവിഡ് മൂന്നാംതരംഗം കെട്ടടങ്ങിയെങ്കിലും  ഇപ്പോഴും കേരളത്തിൽ  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വാഭാവികമായും ആശങ്കയുളവാക്കിയിട്ടുണ്ട്.  എന്നാൽ, കേരളത്തിൽനിന്നോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നോ മറ്റ് രാജ്യങ്ങളിൽനിന്നോ  കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും (Variants) കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒമിക്രോൺ വകഭേദമാണ് രോഗത്തിന് കാരണമെന്നാണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത്. ആശുപത്രി അഡ്മിഷനോ മരണമോ വർധിച്ചിട്ടില്ല.

മഹാമാരികൾ കെട്ടടങ്ങിയാൽ അവയിൽ മിക്കവയും ഒരു പ്രാദേശിക രോഗമായി നിലനിൽക്കുകയാണ് ചെയ്യുക. രോഗാണുക്കൾ മറ്റ് ജീവജാലങ്ങളിൽ തുടർന്നും ഉണ്ടാകും. ഇടയ്‌ക്കിടെ അനുകൂല സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് കടക്കുകയും ചെയ്യും. മനുഷ്യരിൽമാത്രം കാണുന്ന രോഗാണുക്കളെ മാത്രമേ  വാക്സിനേഷനിലൂടെ പൂർണമായും ഉച്ഛാടനം ചെയ്യാൻ സാധിക്കുകയുള്ളൂ.  വസൂരി, പോളിയോ വൈറസുകൾ ഈ വിഭാഗത്തിൽപ്പെട്ടവയായതുകൊണ്ടാണ് അവയെ നിർമാർജനം ചെയ്യാൻ കഴിയുന്നത്. മറ്റുള്ളവയെ വാസ്കിനേഷനിലൂടെയും ഉചിതമായ പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും പെരുമാറ്റരീതികളിലൂടെയും നിയന്ത്രിച്ച് നിർത്താൻ മാത്രമേ കഴിയൂ. ഇക്കാര്യത്തിൽ ഉപേക്ഷകാട്ടിയാൽ ഇടയ്‌ക്കിടെ രോഗം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വാക്സിനും ആന്റിവൈറൽ ചികിത്സയുമുണ്ടെങ്കിലും ഫ്ലൂ വൈറസ് രോഗം ഇപ്പോഴും കേരളത്തിൽ നിലവിലുണ്ട്.  വർഷംതോറും കുറഞ്ഞത് 50 പേരെങ്കിലും മരണമടയുന്നുമുണ്ട്. മഹാമാരിയായിരുന്ന കോളറപോലും ഏതാനും വർഷത്തിനുമുമ്പ്‌ ഒരാളുടെ മരണകാരണമായിട്ടുണ്ട്.


 

കോവിഡിന്റെ കാര്യത്തിൽ രണ്ട് – മൂന്ന് ഡോസ് വാക്സിൻ എടുക്കേണ്ടവർ ഇനിയുമുള്ളതുകൊണ്ട് രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. വലിയ തോതിൽ രോഗം വ്യാപിച്ച കാലത്തുണ്ടായിരുന്ന താൽപ്പര്യം പലർക്കും രണ്ട്–- മൂന്ന് ഡോസ് വാക്സിൻ എടുക്കുന്നതിൽ കാണുന്നില്ല എന്ന യാഥാർഥ്യം കാണാതിരിക്കരുത്. ഇത് പരിഹരിക്കണം. കുട്ടികളിലെ വാക്സിനേഷനും പൂർത്തിയാക്കണം.

രോഗപ്പകർച്ചാ സാധ്യതയുള്ള സന്ദർഭങ്ങളിൽ (ആൾക്കൂട്ടം, അടഞ്ഞ മുറികൾ) മാസ്ക് തുടർന്നും ധരിക്കുന്നതാണ്‌ ഉചിതം. പ്രത്യേകിച്ച് പ്രായാധിക്യമുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഇത്തരം സന്ദർഭങ്ങളിൽ മാസ്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സീറോ കോവിഡ് എന്നൊരു സ്ഥിതി ഒരിക്കലും കൈവരിക്കാനാകില്ലെന്ന് അറിഞ്ഞിരിക്കണം. എന്നാൽ, വാക്സിനേഷനും കോവിഡ് പെരുമാറ്റച്ചട്ടങ്ങളും രോഗവ്യാപനം പരിമിതപ്പെടുത്താനും മരണം തടയാനും തീർച്ചയായും സഹായിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.

ഏതെങ്കിലും കേന്ദ്രത്തിൽ ക്ലസ്റ്റർ രൂപത്തിൽ രോഗം പ്രത്യക്ഷപ്പെടുകയോ രോഗികളിൽ സവിശേഷ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ പുതിയ ജനിതക വകഭേദങ്ങൾ ഉത്ഭവിച്ചിട്ടുണ്ടോ എന്നറിയാൻ ജനിതക പരിശോധന  നടത്തേണ്ടതുണ്ട്‌. അതിപ്പോൾ ചെയ്തുവരുന്നുണ്ട്‌. എന്നാൽ, ഇനി പുതിയൊരു വകഭേദം ആവിർഭവിച്ചാൽത്തന്നെ വ്യാപന സാധ്യത കൂടിയതാകാമെങ്കിലും രോഗതീവ്രത കുറഞ്ഞതാകാനാണ് സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top