25 April Thursday

അനുഭവങ്ങളിൽനിന്ന്‌ പാഠങ്ങള്‍

കാസിം ഇരിക്കൂർUpdated: Tuesday Mar 31, 2020

കേവലം 4.67കോടിമാത്രം ജനസംഖ്യയുള്ള സ്പെയിൻ കോവിഡ്-–-19 ബാധിച്ച് മരിക്കുന്നവരുടെ കാര്യത്തിൽ 140 കോടി ജനങ്ങളധിവസിക്കുന്ന ചൈനയെയും പിന്തള്ളിയിരിക്കുകയാണ്‌. യൂറോപ്പിലെ കൊറോണ ആസ്ഥാനമായി ഇതുവരെ അടയാളപ്പെടുത്തിയ,  ഇതിനകം 10000 ത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട ഇറ്റലിയെ അധികം വൈകാതെ സ്പെയിൻ പിന്തള്ളിയേക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മാർച്ച് എട്ടിനാണ് അവിടെ 589 പേർക്ക് രോഗം പിടിപെട്ടതായി സ്ഥിരീകരിക്കുന്നത്. എന്നാൽ, അതിനുശേഷമാണ് രോഗം ആളിപ്പടർന്നതും മരണസംഖ്യ റോക്കറ്റ് പോലെ കുതിച്ചുയർന്നതും. എന്തായിരുന്നു കാരണം? അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാഡ്രിഡിൽ നടന്ന കൂറ്റൻ റാലിയിൽ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സ്ത്രീ സമൂഹത്തോട് പങ്കെടുക്കാൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്‌ ആഹ്വാനം ചെയ്തു. അതനുസരിച്ച്,  120,000പേർ പങ്കെടുത്ത റാലി നടന്നു. കൊറോണ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്തില്ല. ഉടൻ ഫലം കണ്ടു. പ്രധാനമന്ത്രിയുടെ പത്നി ബെഗോണ ഗോമസ്, ഉപപ്രധാനമന്ത്രി കാർമെൻ കാൽവൊ, തുല്യത മന്ത്രി ഐരീ മൊൻടേറോ അടക്കം നിരവധിപേർക്ക് രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചു. ഒറ്റദിവസംകൊണ്ട് കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയായി.

സ്ഥിതിഗതികൾ കൈവിടുകയാണെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരാഴ്ച കഴിഞ്ഞ് രാജ്യമൊട്ടുക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അപ്പോഴും സ്പാനിഷ് ജനതയ്‌ക്ക് സർക്കാർ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസമായിരുന്നു.  കർക്കശനിർദേശം മറികടന്ന് യുവതീയുവാക്കൾ ക്ലബ്ബുകളിലും ബാറുകളിലും ജിമ്മുകളിലും ഒളിച്ചുകടന്നു. അപ്പോഴേക്കും സ്ഥിതിഗതികൾ കൂടുതൽ വഷളായി എന്ന് മാത്രമല്ല, അയ്യായിരത്തോളം ആരോഗ്യപ്രവർത്തകരെ കോവിഡ്–--19 ബാധിച്ചു. രോഗികളുമായുള്ള മറയില്ലാത്ത സമ്പർക്കം രോഗവ്യാപനം എളുപ്പമാക്കി. ഇന്ന് എല്ലാ നിയന്ത്രണങ്ങളും കൈവിട്ട അവസ്ഥയിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കുന്ന തിരക്കിലാണ് പട്ടാളവും ആരോഗ്യവകുപ്പും പൊലീസുമെല്ലാം.  മാഡ്രിഡിൽ 5000 കിടക്കയുള്ള ആശുപത്രി സജ്ജീകരിക്കുമ്പോൾ, ഉയർന്നുകേട്ട നിർദേശം ‘വയോധിക രോഗികളെ മറന്നേക്ക്; യുവാക്കൾക്ക് മുൻഗണന’  എന്നാണ്.


 

മുൻകരുതൽ പ്രധാനം
സാമൂഹ്യദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മുൻകരുതലുകൾ എടുക്കുന്ന കാര്യത്തിൽ ഭരണകൂടം കാണിക്കുന്ന അലംഭാവവും  സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ മറികടക്കാൻ സിവിൽസമൂഹം കാട്ടുന്ന അനാവശ്യമായ വാശിയും പ്രശ്നം സങ്കീർണമാക്കുന്നുവെന്ന് സ്പെയിനിന്റെ അനുഭവം പഠിപ്പിക്കുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷവും അങ്ങാടിയിൽ അലയാനും പൊലീസ്- –-സിവിൽ സംവിധാനത്തോട് മുഖംതിരിച്ചുനടക്കാനും പൗരന്മാർ ശ്രമിക്കുമ്പോൾ  കർക്കശനിയമംവഴി ഇക്കൂട്ടരെ പിടിച്ചുകെട്ടേണ്ടിവരുന്നു.

പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളികളെ അതർഹിക്കുന്ന ഗൗരവത്തോടെ നേരിടുന്നതിനുപകരം ദൈവത്തിനും മൂഢവിശ്വാസങ്ങൾക്കും എല്ലാം വിട്ടുകൊടുത്ത് കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളും വൻദുരന്തമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇറാനിൽ സംഭവിച്ചത് അതാണ്. ഏഷ്യൻ വൻകരയിൽ ചൈന കഴിഞ്ഞാൽ രോഗത്തിന്റെ പ്രഭവകേന്ദ്രമായി ഇറാൻ മാറിയതിനുപിന്നിൽ ആ രാജ്യത്തിന്റെ മതസവിശേഷതകളും ആഗോളരാഷ്ട്രീയത്തിന്റെ സമ്മർദങ്ങളുമുണ്ട്. അമേരിക്കയും പടിഞ്ഞാറൻ ശക്തികളും ഒറ്റപ്പെടുത്തുകയും സാമ്പത്തികമായി ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത ഇറാന്റെ ഉറ്റ ചങ്ങാതി ചൈനയാണ്. ആത്മീയ കേന്ദ്രമായ ഖുമ്മിൽനിന്ന് (ആയത്തുല്ല ഖുമൈനിയുടെ ജന്മനാട്) വുഹാനിൽ പോയ രണ്ട്‌ കച്ചവടക്കാരിലാണ് ഫെബ്രുവരി 19ന് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ന് ഖുമ്മാണ് ഇറാന്റെ കൊറോണ ആസ്ഥാനം. രണ്ടുപേരുടെ മരണം കഴിഞ്ഞ് എട്ടുദിവസം പിന്നിട്ടപ്പോഴേക്കും രാജ്യത്തെ 31 പ്രവിശ്യയിൽ 24 പേരിൽ കൊറോണ പടർന്നുപിടിച്ചിരുന്നു. ഷിയാ വിഭാഗത്തിന്റെ ആഗോള തീർഥാടന കേന്ദ്രമായ ഖുമ്മിലെ ഫാത്വിമ മസൂമ മഖ്ബറ സ്ഥിതി ചെയ്യുന്ന കേന്ദ്രം എന്ന നിലയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ വിശ്വാസികൾ അങ്ങോട്ട് ഒഴുകിയതാണത്രെ ഇത്ര പെട്ടെന്ന് വൈറസ് ആളിപ്പടരാനും മരണം വാരിവിതറാനും ഇടയാക്കിയത്. എന്നിട്ടും തീർഥാടനപ്രവാഹം നിയന്ത്രിക്കാനോ ‘മഖ്ബറ’ അടച്ചുപൂട്ടാനോ അധികൃതർ തയ്യാറായില്ല. വിശ്വാസപരമായ അന്ധത ഒരു രാജ്യത്തെ മുഴുവൻ കശക്കിയെറിഞ്ഞപ്പോഴാണ് വിഷയത്തിന്റെ ഗൗരവം അവർക്ക്‌ ഉൾക്കൊള്ളാനായത്. എന്നാൽ, മക്കയും മദീനയും തീർഥാടകരെക്കൊണ്ട് നിറയുന്നത് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് മനസ്സിലാക്കിയ സൗദി സർക്കാർ, എത്രയും നേരത്തേ അവയുടെ കവാടങ്ങൾ അടച്ചുപൂട്ടി. വത്തിക്കാനിൽ പോപ്പ് ചെയ്തതും അതുതന്നെയാണ്.


 

ചൈനയുടെ പാഠങ്ങൾ
ചൈന എങ്ങനെ ഇത്ര പെട്ടെന്ന് രോഗത്തെ പിടിച്ചുകെട്ടി എന്ന അന്വേഷണം, രോഗസംക്രമണം തടയാൻ സാമൂഹ്യ അകൽച്ചയും ചങ്ങലക്കണ്ണി വിച്ഛേദിക്കാനുള്ള തീരുമാനവും എങ്ങനെ ഫലം ചെയ്തുവെന്ന നല്ലൊരു പാഠമായി ലോകത്തിന്‌ മുന്നിലുണ്ട്. ബീജിങ്ങിലെ വാഷിങ്ടൺ പോസ്റ്റ് ബ്യൂറോ ചീഫ് അന്ന ഫിഫീൽഡ് നൽകുന്ന വിശദീകരണം ശ്രദ്ധേയമാണ്. നഗരം കൊറോണ വഴി രോഗാതുരമാണെന്ന് കണ്ടെത്തിയപ്പോൾ ജനുവരി 23ന് വുഹാനിലേക്കുള്ള തീവണ്ടിയും വിമാനസർവീസുമെല്ലാം നിറുത്തിവച്ചു. ജനങ്ങളോട് അവരുടെ അപ്പാർട്ടുമെന്റുകളിൽ കഴിഞ്ഞുകൂടാൻ കൽപ്പിച്ചു. രണ്ടുദിവസം കൂടുമ്പോൾ വീട്ടിലെ ഒരാൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാമെന്ന് നിബന്ധന വച്ചു. ആവശ്യമുള്ള സാധനങ്ങൾ അധികൃതർ വാതിൽക്കൽ എത്തിച്ചുകൊടുത്തു. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തരത്തിലുള്ള ഹൗസ് അറസ്റ്റ് തന്നെയായിരുന്നു അത്.

കോവിഡ്–--19 കണ്ടെത്തിയിട്ടും അത് ലോകത്തെ അറിയിക്കുന്നതിൽ ചൈന അമാന്തം കാട്ടി എന്ന വിമർശനം അമേരിക്കയും മറ്റും ഉയർത്തുമ്പോഴും മഹാമാരി തടഞ്ഞുനിർത്തുന്നതിൽ സ്വീകരിച്ച ഫലപ്രദമായ നടപടികൾ ലോകാരോഗ്യ സംഘടനയുടെ (ഡബ്ള്യുഎച്ച്ഒ) അടക്കമുള്ള പ്രശംസ പിടിച്ചുപറ്റി. ചൈന നടപ്പാക്കിയതുപോലുള്ള അത്യന്തം കർക്കശമായ സിവിൽ നിയന്ത്രണങ്ങൾ പ്രയോഗവൽക്കരിക്കുക പ്രയാസമാണെങ്കിലും ഈ പകർച്ചവ്യാധിയോട് അമേരിക്കയും ബ്രിട്ടനും മറ്റ്‌ വികസിത രാജ്യങ്ങളും സ്വീകരിച്ച അഴകൊഴമ്പൻ സമീപനമാണ് കൊറോണയെ ഏറ്റവും അപകടകാരിയായ വ്യാധിയാക്കിമാറ്റിയത് എന്ന കാര്യത്തിൽ പക്ഷാന്തരമില്ല.

രോഗം പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് കമ്യൂണിസ്റ്റ് ചൈനയെ പ്രതിക്കൂട്ടിൽനിർത്തി ജനകീയവിചാരണ നടത്താനാണ് ശ്രമിച്ചത്. ‘കൊറോണ വൈറസ്‌’എന്ന സംജ്ഞയ്‌ക്കുപകരം ‘ചൈനീസ് വൈറസ്’ എന്നാണ് വാർത്താസമ്മേളനത്തിൽപ്പോലും അദ്ദേഹം ഉപയോഗിച്ചത്. വൻശക്തികൾ തമ്മിൽ നിലനിൽക്കുന്ന ആശയപരവും സാമ്പത്തികവും രാഷ്ട്രീയവുമായ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക വികസിപ്പിച്ചെടുത്ത ജൈവായുധമാണിതെന്നും ഉറവിടം തങ്ങളുടെ രാജ്യമല്ലെന്നുമാണ് ചൈനയുടെ നിലപാട്. എന്നാൽ, ചൈനയോടടുത്ത് കിടക്കുന്ന ഇന്ത്യ, ജപ്പാൻ, കൊറിയകൾ, തായ്‌വാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ കൊറോണ നടത്തുന്ന സംഹാരം എത്രയോ ഭീകരമാണെന്നത് പല വ്യാജപ്രചാരണങ്ങളെയും പൊളിക്കുന്നുണ്ട്.


 

ട്രംപിന്റെ ജൽപ്പനങ്ങൾ
ലോകാരോഗ്യ സംഘടനയുടെ നിഗമനമനുസരിച്ച് അമേരിക്കയായിരിക്കും അധികം വൈകാതെ കോവിഡ്–--19ന്റെ ലോകാസ്ഥാനമായി മാറാൻ പോകുന്നത്. ഇതിനകം 2000 ലേറെ പേർക്ക്‌ ജീവൻ നഷ്ടപ്പെടുകയും ഒന്നരലക്ഷത്തിലേറെ പേരെ പിടികൂടുകയും ചെയ്ത മഹാമാരി പ്രതിരോധിക്കുന്ന കാര്യത്തിൽ ട്രംപ് ഭരണകൂടം പൂർണ പരാജയമാണെന്ന് വിലയിരുത്തലുകൾ വന്നുകഴിഞ്ഞു. ഏറ്റവും സമ്പന്നവും ശാസ്ത്ര-സാങ്കേതികമേഖലകളിൽ മികവ് പുലർത്തുകയും ചെയ്യുന്ന ന്യൂയോർക്ക്, കലിഫോർണിയ, വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണബാധ ഏറ്റവും കൂടുതൽ എന്ന യാഥാർഥ്യം അമേരിക്കയെ അറിയുന്നവരെ സംഭ്രാന്തരാക്കുന്നു.

പ്രതിസന്ധി മറികടക്കാൻ യുഎസ് സെനറ്റ് 2 ലക്ഷം കോടി ഡോളർ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ആരോഗ്യവിദഗ്ധർ നിരന്തരം ആവശ്യപ്പെട്ടിട്ടും ലോക്ക്ഡൗണിന് തയ്യാറാകാതിരുന്ന ട്രംപ്‌ അവസാനമാണ്‌ അതിനുവഴങ്ങിയത്‌. അമേരിക്ക കെട്ടിപ്പടുത്തത് പൂട്ടാനല്ല എന്ന മുന്നറിയിപ്പാണ് അദ്ദേഹം ആവർത്തിക്കുന്നത്‌. കൊറോണ മഹാമാരി ലോകത്തെ വലിയൊരു പാഠം പഠിപ്പിച്ചു: സമ്പന്നതയോ ശാസ്ത്ര-സാങ്കേതിക മികവോ അല്ല, പ്രത്യുത, മനുഷ്യനെ മുന്നിൽക്കണ്ടുകൊണ്ടുള്ള ഭരണനയനിലപാടുകൾക്കേ ഇത്തരം സന്ദർഭങ്ങളിൽ രാജ്യത്തേയും ജനതയേയും  രക്ഷിക്കാനാകൂ എന്ന്.  ഇവിടെയും വില്ലൻ മുതലാളിത്ത, സാമ്രാജ്യത്വ അതിമോഹങ്ങളും ജീർണതകളുമാണ്. ഏതെല്ലാം രാജ്യങ്ങൾ, പുതിയ വെല്ലുവിളിയെ സമർപ്പണബുദ്ധിയോടെയും പൗരതാൽപ്പര്യം മുൻനിർത്തിയും  അഭിസംബോധന ചെയ്തിട്ടുണ്ടോ അവരെല്ലാം കൊറോണയെ പിടിച്ചുകെട്ടുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top