20 April Saturday

പ്രതിസന്ധിയുടെ കാണാക്കയങ്ങൾ - കെ എസ് രഞ്ജിത്ത് എഴുതുന്നു

കെ എസ് രഞ്ജിത്ത്Updated: Wednesday May 6, 2020

എല്ലാ കലണ്ടർവർഷത്തിന്റെയും ആദ്യം അമേരിക്കൻ ഐക്യനാടുകളുടെ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് നടത്തുന്ന നയപ്രഖ്യാപന പ്രസംഗമുണ്ട്. സ്റ്റേറ്റ്സ് ഓഫ് യൂണിയൻ അഡ്രസ്‌ എന്നാണിതിനെ പറയുന്നത്. അടുത്ത ബജറ്റിന്റെ സന്ദേശവും സാമ്പത്തിക അവലോകനവും വരുംവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നയങ്ങളുടെ രത്നച്ചുരുക്കവും എല്ലാം ഇതിൽ വരും. നയപ്രഖ്യാപനത്തിൽ  ട്രംപ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട്‌ ചില പ്രധാന നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ‘ആരോഗ്യമേഖലയിലെ ഏക ദാതാവ് സമ്പ്രദായവും പൊതുജന ആരോഗ്യസുരക്ഷയുടെ ചുമതലകൾ സർക്കാരിൽ നിക്ഷിപ്തമാകുന്ന രീതിയും രാജ്യത്തെ പാപ്പരാക്കും’. ഒന്നുകൂടി ട്രംപ് എടുത്തുപറഞ്ഞു: സോഷ്യലിസ്റ്റ് ആശയങ്ങൾകൊണ്ട് ആരോഗ്യമേഖലയെ നശിപ്പിക്കാൻ ഇനി അനുവദിക്കില്ല.

മനുഷ്യജീവൻ രക്ഷിക്കാൻ പ്രാഥമികസൗകര്യങ്ങളൊന്നും മതിയാകാതെ - മാസ്കുകളും വെന്റിലേറ്ററുകളും ആശുപത്രികിടക്കകളും അടിസ്ഥാനമരുന്നുകളുമില്ലാതെ -അമേരിക്ക നെട്ടോട്ടമോടുന്ന വേളയിൽ ട്രംപ് നടത്തിയ ഈ പ്രസ്താവനകളും അതിനു പിന്നിലെ തീവ്ര ഉദാരവൽക്കരണ യുക്തികളും വ്യാപകമായ വിമർശത്തിന് വിധേയമാവുകയാണ്. നോം ചോംസ്കി ട്രംപിന്റെ ഉദാരവൽക്കരണ കാഴ്ചപ്പാടുകൾ അമേരിക്കൻ ജനതയെ എങ്ങനെ ഇത്തരമൊരു ദുരിതക്കയത്തിൽ എത്തിച്ചു എന്ന് അക്കമിട്ട്‌ നിരത്തി പറയുന്നുണ്ട്. ഇതേ വിമർശംതന്നെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ അധ്യാപകനും കേംബ്രിഡ്ജ് ഹെൽത്ത് അലയൻസിലെ ഡോക്ടറുമായ ആദം ഗഫ്‌നിലും ഉന്നയിക്കുന്നു. അമേരിക്കൻ ആരോഗ്യ സംവിധാനത്തിന്റെ  അവിശ്വസനീയമായ ദൗർബല്യവും പ്രതിസന്ധി ഘട്ടങ്ങളിലെ കാര്യക്ഷമതയില്ലായ്മയും ഈ മഹാമാരി ചൂണ്ടിക്കാട്ടുന്നുവെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട സംവാദത്തിൽ സെനറ്റർ ബേണി സാൻഡേഴ്‌സ് പരസ്യ വിമർശം ഉയർത്തി. നിലവിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ  ഉപേക്ഷിച്ചുകൊണ്ട് എല്ലാം സർക്കാർ നിയന്ത്രണത്തിലാക്കണമെന്നുവരെ സാൻഡേഴ്‌സ് പറഞ്ഞു. സാൻഡേഴ്സിന് തന്റെ സ്ഥാനാർഥിത്വം പിൻവലിക്കേണ്ടി വന്നത്  ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.


 

ആരോഗ്യരക്ഷാ സംവിധാനങ്ങൾ ആര് നിയന്ത്രിച്ചാലും ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെടും. പ്രളയവും ഭൂകമ്പങ്ങളും പോലെയാണ്‌ അത്. പക്ഷേ, അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ അപ്പാടെ കമ്പോളത്തിനും അതിന്റെ യുക്തിക്കും എറിഞ്ഞുകൊടുത്താലുള്ള അപകടമാണ് മനുഷ്യൻ ഈയാംപാറ്റകളെപ്പോലെ പിടഞ്ഞുവീണ്‌ മരിക്കുന്ന, മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന  കാഴ്ച ലോകത്തിനു കാട്ടിത്തരുന്നത്. ഏറ്റവും വികസിതമായ രാജ്യം, പണത്തിനും സാങ്കേതികവിദ്യകൾക്കും ഗവേഷണ സൗകര്യങ്ങൾക്കും ഒരു കുറവുമില്ല. എന്നിട്ടും എന്തുകൊണ്ട്  ദുരന്തം? ട്രംപ് എന്ന വ്യക്തിക്കുമപ്പുറം ഇതിന്റെ കാരണങ്ങൾ അന്വേഷിച്ചു പോകേണ്ടതുണ്ട്. ആരോഗ്യ പ്രതിസന്ധിക്കുമപ്പുറത്തേക്ക്‌ കണ്ണുകൾ പായിക്കേണ്ടതുണ്ട്.

പൂർണമായും കമ്പോളത്തെ ആസ്പദമാക്കി പടുത്തുയർത്തിയിരിക്കുന്ന ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ പരിമിതികളിലേക്കാണ് നാം ചെന്നെത്തുന്നത്. ഈ  സംവിധാനങ്ങൾ പൊളിച്ചെഴുതാതെ, അതിനെ ആഗിരണം ചെയ്ത്‌ നിൽക്കുന്ന നവഉദാരവൽക്കരണ കാഴ്ചപ്പാടുകളെ മറികടക്കാതെ ഇത്തരം പ്രതിസന്ധികളെ നേരിടാനാകില്ല. അമേരിക്ക ഇന്ന് എത്തിനിൽക്കുന്ന നിസ്സഹായാവസ്ഥ നല്ലൊരു അളവുവരെ അവർ സ്വയം വരുത്തിവച്ച വിനയാണ്. ബജറ്റ് വിഹിതം വെട്ടിച്ചുരുക്കിയതുമൂലം 2008നും 2017നും ഇടയിൽ 55,000 തൊഴിലുകളാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഇവിടെ ഇല്ലാതായത്. 4.5 ദശലക്ഷം ഡോളറിന്റെ കുറവാണ് ഇന്ന്  പൊതു ആരോഗ്യ സംവിധാനങ്ങൾക്കുള്ളത് എന്ന് ഇതു സംബന്ധിച്ച  റിപ്പോർട്ടുകൾ  വരച്ചുകാട്ടുന്നു. ഭീമമായ ചെലവാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടത്തിൽ പലരെയും പരിശോധനകളിൽനിന്ന്‌ അകറ്റിനിർത്തിയത്. (തായ്‌ലൻഡിന് കോവിഡ് വ്യാപനത്തെ തടഞ്ഞുനിർത്താനായത് ഇത്തരത്തിലുള്ള പരിശോധനകൾ സർക്കാർ  ആദ്യമേ നേരിട്ട് ഏറ്റെടുത്തതുകൊണ്ടാണ്). കോവിഡ് ടെസ്റ്റിങ്‌ സൗജന്യമാക്കിക്കൊണ്ടുള്ള ബിൽ രണ്ടാഴ്ചമുമ്പ്‌  ട്രംപ് പാസാക്കി. പക്ഷേ, പ്രതിസന്ധിയുടെ ഈ മൂർധന്യത്തിൽപ്പോലും കോവിഡ് ചികിത്സ സൗജന്യമല്ല. വ്യാപകമായുള്ള ഇൻഷുറൻസ് പരിരക്ഷയാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, മൂന്നു കോടി അമേരിക്കക്കാർ ഇപ്പോഴും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് പുറത്താണ്. ലക്ഷങ്ങൾ ദിനംപ്രതി തൊഴിൽരഹിതരാകുന്ന സാഹചര്യത്തിൽ ഈ സംഖ്യ ഇരട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. തീവ്ര പരിചരണവിഭാഗത്തിലെ ഭാരിച്ച ചെലവുകൾ വഹിക്കാൻ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സാധാരണക്കാരനായ ഒരാൾക്ക് സാധ്യമല്ല.


 

ഒരു ഏകോപനവുമില്ലാതെ പ്രവർത്തിച്ചതിനാലാണ് മരണനിരക്ക് ഇങ്ങനെ കുത്തനെ ഉയരുന്നത് എന്നതാണ് മറ്റൊരു പ്രശ്നമായി പലരും ഉയർത്തിക്കാട്ടുന്നത്.  പ്രതിസന്ധി ഉടലെടുത്തപ്പോൾ ആശുപത്രികളും  പ്രാദേശിക ഭരണകൂടങ്ങളും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുകയായിരുന്നു. ചില സാധനങ്ങൾ കെട്ടിക്കിടന്നു. അതേസമയം, പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥ. ഈ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ട്രംപ് പറഞ്ഞത് ഇത്തരം പ്രശ്നങ്ങൾ അതതു സംസ്ഥാനങ്ങൾ സ്വയം പരിഹരിക്കണം എന്നായിരുന്നു. അണുവിടത്തിലെ കൂട്ടക്കുഴപ്പം എന്നാണ് ആദം ഗഫ്‌നി ഇതിനെ വിളിച്ചത്.

ലോകം നേരിടുന്നത് കേവലമൊരു ആരോഗ്യ പ്രതിസന്ധിയല്ല. ഇതിന്റെ വേരുകൾ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമായ തലങ്ങളിലേക്ക് നീണ്ടുകിടക്കുന്നു. പൊതുമേഖലയെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളെയും തീർത്തും അവഗണിക്കുകയോ കമ്പോളശക്തികൾക്ക്  തീറെഴുതി കൊടുക്കുകയോ ചെയ്യുന്ന കാഴ്ചപ്പാടുകളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. പ്രശ്നങ്ങളെ നേരിടേണ്ടത് വ്യക്തിഗതതലത്തിലേക്ക്‌ ഒതുങ്ങിനിന്നുകൊണ്ടാകണം എന്നാണ്‌ അത്‌ പഠിപ്പിക്കുന്നത്. കൈ കഴുകുകയും കുടുംബത്തിൽ ഒതുങ്ങുകയും ചെയ്‌താൽമാത്രം ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും എന്ന് പറയുന്നതും ഇതേ കാഴ്ചപ്പാടാണ്.

(മുപ്പതുവർഷത്തെ കമ്യൂണിസ്റ്റ്‌ ഭരണത്തിൽ ശക്തമായ പൊതു ആരോഗ്യ സംവിധാനങ്ങളാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ നിർണായകമായത് എന്ന് അമേരിക്കൻ പത്രമായ വാഷിങ്‌‌ടൺ പോസ്റ്റ് എഴുതിയതോർക്കുക).

എല്ലാ സാമൂഹ്യ ഇടപെടലുകളെയും നിരാകരിക്കുന്ന തീവ്ര ഉദാരവൽക്കരണത്തിന്റെ ഭൂമികയാണ് സമകാലിക അമേരിക്ക. എല്ലാ സാമൂഹ്യ ബന്ധങ്ങളും കമ്പോളം നിർമിച്ചെടുക്കുന്ന ലോകം. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ കാഴ്ചപ്പാടുകളെയും വ്യക്തിതലത്തിലേക്ക് ചുരുക്കുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോവുക ഇനിയും അസാധ്യമാണെന്ന് ഈ അമേരിക്കൻ ദുരന്തം നമ്മോടു പറയുന്നു.ഡസൻ കണക്കിനു ദുരന്തങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ഒന്നാണ് നവ ഉദാരവൽക്കരണമെന്ന മഹാമാരി. അമേരിക്കയിൽ റീഗനും ബ്രിട്ടനിൽ താച്ചറും തുടക്കമിട്ട മുതലാളിത്തത്തിന്റെ ഏറ്റവും ഭീകരമായ ഈ മുഖം ഇന്ന് നാല് പതിറ്റാണ്ടു പിന്നിടുന്നു. ഒടുവിലത്തെ കണ്ണിമാത്രമാണ് ട്രംപ്. സാമൂഹ്യമായ എല്ലാ ചെലവുകളും വെട്ടിക്കുറയ്‌ക്കുക, സമ്പദ്‌വ്യവസ്ഥയെ ധനമൂലധനത്തിന് അടിയറവയ്ക്കുക, അധികാരവും സമ്പത്തും ജീവിതസൗകര്യങ്ങളുമെല്ലാം ചെറിയ  വിഭാഗത്തിലേക്ക് ചുരുക്കുക, അധികാരത്തിൽ  നിൽക്കാനായി എല്ലാ തരത്തിലുമുള്ള സാമൂഹ്യവിഭജനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവ നിരന്തരം ചെയ്യുന്ന ട്രംപും മറ്റു ഭരണാധിപരും ചവിട്ടിനിൽക്കുന്ന നവ ഉദാരവൽക്കരണ ഭൂമികയാണ് ഈ കോവിഡ് കാലത്ത്‌ തിരിച്ചറിയപ്പെടേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top