26 April Friday

കൊറോണ വൈറസ് 2 ; കേരളത്തിലെ ജനിതകശ്രേണീകരണം - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Thursday Sep 17, 2020

കോവിഡ് വ്യാപന പഠനത്തിന്റെ ഭാഗമായി  രോഗത്തിനു കാരണമായ സാർസ് കൊറോണ വൈറസ് –-2ന്റെ ജനിതക ശ്രേണീകരണം നടത്തേണ്ടതുണ്ട്. (ജീൻ സീക്വൻസിങ്ങ്‌)  സാർസ് കൊറോണ വൈറസ് –-2 നു മുപ്പതിനായിരത്തോളം ന്യൂക്ലിയോടൈഡുകൾ  കോർത്തിണക്കിയ ഒരു ആർഎൻഎ ജനിതകശ്രേണിയാണ്‌ ഉള്ളത്. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട ഈ വൈറസിന്റെ ജനിതകശ്രേണി ആദ്യമായി നിർണയിച്ചത് ചൈനയിലെ ഗവേഷകരാണ്. രോഗവ്യാപനത്തിന്‌ അനുസരിച്ച് വൈറസിന്റെ ജനിതകഘടനയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. പൊതുവായ വ്യതിയാനങ്ങൾ  പങ്കിടുന്ന ജനിതകശ്രേണികളെ ഒരു വംശാവലി വൃക്ഷമായി പ്രതിനിധാനം ചെയ്യാൻ കഴിയും.

ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ ജനിതക ശ്രേണീകരണത്തിലൂടെ  മനസ്സിലാക്കാനും വൈറസ് എവിടെനിന്നും എവിടേക്കൊക്കെയാണ് വ്യാപിച്ചതെന്ന് തന്മാത്ര സമ്പർക്കാന്വേഷണത്തിലൂടെ (മോളിക്യുലാർ കോൺടാക്‌ട്‌ ട്രേസിങ്ങ്‌‌ ) കണ്ടുപിടിക്കാനും പറ്റും. അതോടൊപ്പം വിവിധ വംശാവലികളുടെ വ്യാപനവേഗത, രോഗതീവ്രത എന്നിവയും മനസ്സിലാക്കാനും ജനിതകശ്രേണീ പഠനത്തിലൂടെ കഴിയും.  ലോകത്ത് വിവിധ രാജ്യത്തിലുള്ള വൈറസ് വംശാവലികളും ജനിതകവ്യതിയാനങ്ങളും കണക്കിലെടുത്തു വേണം വാക്സിൻ ഉൽപ്പാദനം നടത്താൻ.  അങ്ങനെയൊരു വളരെ പ്രധാനപ്പെട്ട പ്രസക്തിയും ജനിതക പഠനത്തിനുണ്ട്.

ലോകത്ത് ഇതുവരെ പല രാജ്യത്തായി ഇരുപതിനായിരത്തോളം ജനിതക ശ്രേണീകരണം നടന്നിട്ടുണ്ട്.  ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ  ജെൻ ബാങ്ക് എന്ന പൊതുവിവരസങ്കേതത്തിൽ (ഡാറ്റാ ബേസിൽ) ലഭ്യമാക്കുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്  സാർവദേശീയ ന്യൂക്ലിയോറ്റൈഡ് ശ്രേണീകരണ ഡാറ്റാ ബേസ് സഹകരണത്തിന്റെ  ഭാഗമായി  ഡിഎൻഎ ഡാറ്റാ ബങ്ക് ജപ്പാൻ ,   യൂറോപ്യൻ ന്യൂക്ലിയോറ്റൈഡ് ആർക്കൈവ്  എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജെൻ ബാങ്ക് സംഘടിപ്പിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഡാറ്റാ ബേസിൽ 12,000 സാർസ് കൊറോണ വൈറസ് –-2ന്റെ ശ്രേണീകരണ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.


 

ഇതിനകം ലോകത്തെമ്പാടുമായി പത്ത്‌ പ്രധാന വംശാവലിയാണ്‌  കാണപ്പെട്ടുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുവംശാവലികൾ പ്രാദേശികമായി   ജനിതകമാറ്റങ്ങൾക്കും വിധേയമാക്കപ്പെടുകയും ഉപവിഭാഗങ്ങളുണ്ടാകുകയും  ചെയ്യാം.  ഇതിന്റെ അടിസ്ഥാനത്തിൽ വൈറസിന്റെ വ്യാപന സാധ്യതയിലും  തീവ്രതയിലും മാറ്റങ്ങൾ വരാം. രോഗികളിൽനിന്നും ലഭിക്കുന്ന രോഗലക്ഷണങ്ങളുടെയും  ചികിത്സാ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിൽ ജനിതക മാറ്റങ്ങളുടെ പ്രസക്തി പരിശോധിക്കപ്പെടും.  ഇത്തരം പഠനങ്ങളെയെല്ലാം ചേർന്ന്  ജനിതക രോഗവ്യാപന ശാസ്ത്രം   (ജനറ്റിക്‌ എപിഡമിയോളജി)  വളർന്നുവന്നിട്ടുണ്ട്.

ഇന്ത്യയിൽ സിഎസ്ഐആറിന്റെ ആഭിമുഖ്യത്തിൽ  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വൈറസ് ജനിതക പഠനത്തിനായി  ഇൻഡികോവ്ജെൻ  (ഇന്ത്യൻ കോവ്‌ റ്റു ജിനോംസ്‌ ആൻഡ്‌ ജനറ്റിക്‌ എപിഡമിയോളജി കൺസോർഷ്യം) എന്നൊരു സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ  സിഎസ്ഐആറിന്റെ ഗവേഷണശാലകൾ രണ്ടായിരത്തിലധികം കോവിഡ്  വൈറസുകളുടെ  ജനിതകശ്രേണീ നിർണയം നടത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനത്തായി നടന്ന വൈറസ് പഠനത്തിൽനിന്നും ലോക വംശാവലികളിൽ ആറെണ്ണം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യൻ ഉപവിഭാഗമായ എറ്റുഎ ,  സവിശേഷ ഉപവിഭാഗമായ ഐ/എ3ഐ  എന്നീ വിഭാഗങ്ങളിൽപ്പെടുന്നവയുമാണെന്നും അറിയാൻ കഴിഞ്ഞു.


 

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സിഎസ് ഐആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ്‌ ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക് ആൻഡ്‌ ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണസ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് –-2ന്റെ നടത്തിയ ജനിതകശ്രേണീകരണ  പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ഡോ. ആർ ചാന്ദ്നി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ്‌ ഇന്റഗ്രേറ്റീവ് ബയോളജിയിലെ മലയാളിയായ ശാസ്ത്രജ്ഞൻ ഡോ. വിനോദ് സ്കറി എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. കേരളത്തിൽ കാണപ്പെടുന്ന  വൈറസിന്റെ വംശാവലി നിർണയം നടത്തുന്നതിനുള്ള ആദ്യ പഠനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.  ഈ ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണീകരണം  നടത്താനും അവയുടെ വംശാവലി ഉപവിഭാഗം  എ2എ ആണെന്ന്  നിർണയിക്കാനും  സാധിച്ചു. വിദേശ വംശാവലിയിൽപ്പെട്ട രോഗാണുക്കളൊന്നും കണ്ടെത്താൻ  കഴിഞ്ഞില്ല.

കേരളത്തിൽ ഒഡിഷ, കർണാടകം, മഹാരാഷ്ട്ര  സംസ്ഥാനങ്ങളിൽനിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. ഇതുപക്ഷേ, വടക്കൻ ജില്ലകളിൽ നിന്നുള്ള സാമ്പിളുകളിൽനിന്നുള്ള വിവരമാണ്.  ഭൂരിപക്ഷം വൈറസിന്റെ ജനിതകശ്രേണിയിലും ഡി614ജി  എന്ന ജനിതകവ്യതിയാനം സ്ഥിരീകരിക്കപ്പെട്ടു. ഈ വ്യതിയാനം വർധിച്ച വ്യാപനശേഷിക്ക്‌ കാരണമായേക്കാമെന്ന് മറ്റു രാജ്യങ്ങളിൽനിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു കേരളത്തിൽ വൈറസിന്റെ ഉൽഭവം, വ്യാപനം എന്നിവയെക്കുറിച്ചു മനസ്സിലാക്കാനും ഈ ഗവേഷണം സഹായകമാകും. 


 

(1) കോഴിക്കോട് പഠനത്തിൽനിന്നും  എത്തിച്ചേർന്നിട്ടുള്ള പ്രധാന നിഗമനം  വിദേശ വംശാവലിയിൽ വൈറസ് കേരളത്തിൽ കാണപ്പെടുന്നില്ല എന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായിട്ടുള്ള എ2എ എന്ന വംശാവലിയാണ് കേരളത്തിലുള്ളത്.  ഇതിൽനിന്നും അന്താരാഷ്ട്ര യാത്രക്കാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള യാത്രക്കാരിൽനിന്നാണ് ഭൂരിപക്ഷം വൈറസ് വ്യാപനം കേരളത്തിൽ ഉണ്ടായതെന്ന് പഠനം സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എയർപോർട്ട് സ്ക്രീനിങ്‌,  സമ്പർക്കാന്വേഷണം ഗാർഹിക സമ്പർക്കവിലക്ക്  (ഹോം ക്വാറന്റൈൻ) എന്നിവ വളരെ ഫലപ്രദമായാണ് നടപ്പക്കിയതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഗാർഹിക സമ്പർക്ക വിലക്കേർപ്പെടുത്തിയതാണ് കേരളത്തിൽ രോഗവ്യാപനം വർധിക്കാൻ കാരണമെന്ന് പലരും വിമർശിച്ചത് ശരിയല്ലെന്നാണ് ജനിതകപഠനം വ്യക്തമാക്കുന്നത്.

(2) അതേയവസരത്തിൽ  ഭൂരിപക്ഷം വൈറസിന്റെ ജനിതകശ്രേണിയിലും ഡി614ജി എന്ന വർധിച്ച വ്യാപനശേഷിക്ക്‌  കാരണമായേക്കാവുന്ന ജനിതകവ്യതിയാനം  കാണപ്പെടുന്നത് ഗൗരവമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ബ്രേക്ക് ദി ചെയിൻ (മാസ്ക് ധാരണം, ശരീരദൂരം പാലിക്കൽ, ഗാർഹികസംരക്ഷണ സമ്പർക്കവിലക്ക് ക്വാറന്റൈൻ, റിവേഴ്സ്‌  ക്വാറന്റൈൻ) തുടങ്ങിയ ഇതിനകം വിജയകരമായി നടപ്പാക്കിവരുന്ന പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

(3)ഇപ്പോൾ വടക്കൻ ജില്ലകളിൽനിന്നുള്ള സാമ്പിളുകൾ മാത്രമാണ് പഠനവിധേയമാക്കിയിട്ടുള്ളത്. മധ്യതെക്കൻ കേരളത്തിൽനിന്നുള്ള വൈറസുകളെപ്പറ്റി പഠിക്കുന്നതിനായി എറണാകുളം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളെ ചുമതലപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top