25 April Thursday

അമേരിക്കനിസത്തിന്റെ പിന്മടക്കം

കെ ടി കുഞ്ഞിക്കണ്ണൻUpdated: Tuesday Apr 21, 2020

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

അമേരിക്കനിസമെന്ന നിയോലിബറൽ നയങ്ങളുടെ ദയനീയ പരാജയത്തെയും കൂടിയാണ് ഈ കൊറോണക്കാലം സാക്ഷ്യപ്പെടുത്തുന്നത്. റീഗൻ മുതൽ ട്രംപ് വരെയുള്ള സാമ്രാജ്യത്വ അധിനായകകർ അടിച്ചേല്പിച്ച സ്വകാര്യവൽക്കരണവാണിജ്യവൽക്കരണ നയങ്ങളുടെ ദുരന്തമാണിന്ന് അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും അനുഭവിക്കുന്നത്. ആരോഗ്യ സംവിധാനങ്ങളുടെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണവും സർക്കാർ പിന്മാറുന്ന നയങ്ങളുമാണ് കൊറോണ ക്ക് മുന്നിൽ ഈ രാജ്യങ്ങളെ പര്യാപ്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുത്തിയത്...

അക്രമോത്സുകതയുടെയും സൈനിക സാമ്പത്തിക മത്സരങ്ങളുടെയും രാഷ്ട്രീയ സംസ്കാരത്തിനും നയങ്ങൾക്കും മഹാമാരിയെ പ്രതിരോധിക്കാനോ മനുഷ്യരാശിയുടെ അതിജീവനത്തിന് വഴിയൊരുക്കാനോ കഴിയില്ലെന്ന് ഇന്ന് ലോക ജനത തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയവും വംശീയവുമായ സങ്കുചിത്വങ്ങളും വൻ ശക്തി മേധാവിത്വവും ഉപേക്ഷിച്ച്സഹകരണത്തിൻ്റെയും ശാസ്ത്രജ്ഞാനത്തിൻ്റെ മാർഗങ്ങളിലൂടെ മാത്രമെ രാഷ്ട്രങ്ങൾക്കും ജനസമൂഹങ്ങൾക്കും ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാനാവുമെന്നാണ് ചോംസ്കിയെ പോലുള്ള ചിന്തകർ ആവർത്തിച്ചു ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ന് കൊറോണ വൈറസിനെതിരായ മഹായുദ്ധമുഖത്താണ് മനുഷ്യരാശിയൊന്നാകെ ശാസ്ത്രസമൂഹവും ആരോഗ്യ പ്രവർത്തകരും രാഷ്ട്ര നേതാക്കളും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം ഒന്നിച്ചു നില്ക്കുന്ന ഒരു സേനാവ്യൂഹത്തിനെ ഈ മഹാമാരിയെ പ്രതിരോധിക്കാനും തോല്പിക്കാനും കഴിയൂ ...

എന്നാൽ ചിലർ സാഹചര്യത്തിൻ്റെ ഗൗരവ്വം മനസ്സിലാക്കാതെ സങ്കുചിത രാഷ്ട്രീയവും വംശീയതയും ഇളക്കിവിട്ട് കൊറോണ വൈറസിനെതിരായ യുദ്ധത്തെ ദുർബ്ബലപ്പെടുത്തുകയാണ്. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനെ മുതൽ കേരള മുഖ്യമന്ത്രിയെ വരെ വംശീയമായി അധിക്ഷേപിക്കുന്നു. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളിൽ നിന്ന് വിവാദങ്ങൾ ഉയർത്തി വിടുന്നു. ക്ഷുദ്ര വികാരങ്ങൾ ഉണർത്തി സംഘടിതമായ മനുഷ്യപ്രയത്നങ്ങളിലും പ്രതിരോധ ശ്രമങ്ങളിലും വിള്ളലുകൾ ഉണ്ടാക്കുന്നു ..

ആഗോളതലത്തിൽ സാമ്രാജ്യത്വ അധിനായകനായ ട്രം പ് തന്നെയാണ് മഹാമാരിക്കെതിരായ ലോക സമൂഹത്തിൻ്റെ പ്രവർത്തനങ്ങളിൽ വിള്ളൽ വരുത്തുന്ന നീക്കങ്ങൾ തുടരുന്നത്. അമേരിക്കൻ സമൂഹത്തിൽ കൊറോണ വൈറസിൻ്റെ വ്യാപനത്തെ സംബന്ധിച്ച എല്ലാ മുന്നറിയിപ്പുകളും തള്ളിക്കളയുകയാണ്
ട്രം പ് ചെയ്തത്.അതൊക്കെ തനിക്കെതിരായ രാഷ്ട്രീയ കളിയുടെ ഭാഗമായി ഡമോക്രാറ്റുകൾ നടത്തുന്ന പ്രചാരണമാണെന്നാണ് ട്രംപ് പറഞ്ഞത്.

കൊറോണ വെറുമൊരു ജലദോഷപ്പനിയാണെന്നും അതൊക്കെ അമേരിക്കൻ സമൂഹത്തിന് ഒരു പ്രശ്നമല്ലെന്നും വെറുതെ കൊറോണയെ ഡെമോക്രാറ്റുകൾ ഭീഷണമായൊരു വൈറസായി അവതരിപ്പിക്കുകയാണെന്നൊക്കെയായിരുന്നു നിരുത്തരവാദപരമായ രീതിയിൽ തൻ്റെ അലസ സമീപനങ്ങൾക്ക് ട്രം പ് ന്യായീകരണം നടത്തിയത്.

ഇവിടെയും ചിലർ സർക്കാർ കൊറോണയെ വേണ്ടാതെ ഗൗരവത്തിലെടുക്കുകയാണെന്നാണല്ലോ വാദിച്ചത്. കൊറോണ പേടിക്കേണ്ട ഒരു വൈറസൊന്നുമല്ലായെന്ന് സർക്കാറിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളെ വിലക്കുറച്ച് കാണിക്കാനായി പ്രചാരണം നടത്തുകയായിരുന്നല്ലോ.30ഡിഗ്രി സെൻഷ്യസ് ചൂടിൽ കൊറോണ വൈറസ് കരിഞ്ഞു പോകും ഇന്ത്യ മാലിന്യങ്ങളുടെ നാടായത് കൊണ്ട് ജനങ്ങൾക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള സഹജമായശേഷിയുണ്ടു് തുടങ്ങി അമേരിക്കൻ മിറ്റിഗേഷൻ മെത്തേഡ്‌ സ്വീകരിക്കണമെന്നു വരെ തട്ടി വിട്ടവർ ആണല്ലോ നമ്മുടെ പ്രതിപക്ഷ നേതാക്കളിൽ പലരും ...

അമേരിക്കയിൽ കോവിഡ് ബാധ തീവ്രമായതോടെ അതിനെ പ്രതിരോധിക്കുന്നതിൽ തനിക്ക് സംഭവിച്ച വീഴ്ചകളെ മറച്ചു പിടിക്കാനായി ട്രം പ് മറ്റുള്ളവരെ പഴിക്കുകയാണെന്നാണ് അമേരിക്കൻ നേതാക്കൾ തന്നെ ഇപ്പോൾ പറയുന്നത്.ശക്തമായ പ്രതിഷേധമാണ് ന്യൂയോർക്കിലും പൊതുവെ അമേരിക്കയിലും ഉയരുന്നത്. യുഎസ് കോൺഗ്രസിലെ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി അതിരൂക്ഷമായ ഭാഷയിലാണ് ട്രം പിൻ്റെ മറ്റുള്ളവരെ പഴിചാരിരക്ഷപ്പെടാനുള്ള നീക്കങ്ങൾക്കെതിരെ പ്രതികരിച്ചത്.

ജനങ്ങൾ മരിച്ചുവീഴുമ്പോൾ രക്ഷിക്കാനായി ഒന്നു ചെയ്യാതെ മറ്റുള്ളവരെ അധിക്ഷേപിച്ചു രക്ഷപ്പെടാൻ നോക്കുന്ന ട്രംപ് വഞ്ചകനും കുറ്റവാളിയുമാണെന്നാണ് നാൻസി പെലോസി പറഞ്ഞത്. എ ബി സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണവർ ട്രം പിനെതിരെ ആഞ്ഞടിച്ചത്. എപ്പോഴും മറ്റുള്ളവരെ പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവക്കാരനാണ് ട്രംപെന്നാണു് നാൻസി പെലോസികൊറോണ പ്രതിരോധത്തിൽ കാണിച്ച കുറ്റകരമായ വീഴ്ചകളെയും അലസ സമീപനങ്ങളെയും എടുത്തു പറഞ്ഞു കൊണ്ട് ചൂണ്ടി കാണിക്കുന്നത്.

കൊറോണ വ്യാപനത്തെ സംബന്ധിച്ച കെട്ടുകഥകൾക്ക് പകരം ശാസ്ത്ര സമൂഹം നൽകുന്ന തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ ട്രം പ് തയ്യാറാവത്തതാണ് അമേരിക്കയിൽ കാര്യങ്ങളെ വഷളാക്കിയത്. ഇത് ചൈനാ വൈറസാണെന്ന് പ്രചരിപ്പിച്ച് യുഎസ്സിലെ ബയോളജിക്കൽ ഇൻസ്റ്റിറ്റൂട്ടുകളും ശാസ്ത്ര സമൂഹവും നൽകിയ കോവിഡ് 19ൻ്റ ഉത്ഭവത്തെ സംബന്ധിച്ച അസന്ദിഗ്ദ്ധങ്ങളായ അറിവുകളെ തള്ളിക്കളഞ്ഞു.nature medicine അടക്കമുള്ള ജേണലുകൾ കോവിഡ് മനുഷ്യനിർമിതവൈറസ് അല്ലായെന്നു് വ്യക്തമാക്കിയിട്ടും ട്രംപ് അതിനെതിരെ മുഖം തിരിച്ചു നിന്നു...

ശാസ്ത്ര മാർഗ്ഗത്തിലൂടെയുള്ള പ്രതിരോധ പ്രവർത്തങ്ങൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും ആവശ്യമായ സഹായമെത്തിക്കാതെ കൊറോണക്കാലത്തെ രാഷ്ട്രീയം കളിക്കാനും ചൈനാവിരുദ്ധദേശീയ സങ്കുചിതത്വം വളർത്താനുമുള്ള അവസരമാക്കുന്നതിലാണ് ട്രം പ് ഉത്സുക നായതെന്നാണ് നാൻസി പെലോസി കുറ്റപ്പെടുത്തുന്നത് ..
ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനെ ചൈനാ പക്ഷവാദിയെന്ന് മാത്രമല്ല കറുത്തവൻ എന്ന് വംശീയാക്ഷേപം നടത്തുന്നിടം വരെ എത്തി റിപ്പബ്ലിക്കൻ പാർടിക്കകത്തെ കടുത്ത യാഥാസ്ഥിതികരുടെ പ്രചരണം.

 ന്യൂ യോർക്ക്‌ മേയറും ട്രംപിനെതിരെ രംഗത്തുവന്നു.4,000 പേരുടെ ജീവനാണ് ന്യൂയോർക്ക് നഗരത്തിൽ മാത്രം നഷ്ടമായത്. ന്യൂയോർക്ക്‌സംസ്ഥാനത്ത് 14,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാൻ ട്രം പ് തയ്യാറാകാത്തതാണ് മനുഷ്യരെ രക്ഷിക്കാനാവാത്ത നിസ്സഹായ സാഹചര്യമുണ്ടാക്കിയതെന്നാണ് മേയർ ബ്ലാസിയോ രോഷത്തോടെ പറഞ്ഞത്. ന്യൂയോർക്ക്‌ തുലഞ്ഞാലും ജനങ്ങൾ ചത്തൊടുങ്ങിയാലും തനിക്കെന്ത് എന്ന ഭാവത്തിലാണ് പ്രസിഡൻറ് എന്നാണു ബ്ലാസിയോ കുറ്റപ്പെടുത്തുന്നത് ...അമേരിക്കയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നു. ഇപ്പോൾ ട്രം പ് മരണം 60,000ത്തിൽ ഒതുങ്ങി കിട്ടുമോയെന്നാണ് ആലോചിക്കുന്നത്!

നിയോലിബറൽ കോർപ്പറേറ്റ് താല്പര്യങ്ങളും വംശീയ സങ്കുചിതത്വവും എത്രത്തോളം ആപൽക്കരവും അരക്ഷിത്വ പൂർണ്ണവുമായ അവസ്ഥയിലേക്കാണ് ജനങ്ങളെ എത്തിക്കുക എന്നതിൻ്റെ അനുഭവസാക്ഷ്യമാണ്, ട്രംപിൻ്റെ അമേരിക്കയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളും വിവരങ്ങളും...

മനുഷ്യസമൂഹം നേരിടുന്ന മഹാവിപത്തുകളെ നേരിടാൻ മുതലാളിത്തത്തിനും അതിൻ്റെ ലാഭോത്മുഖമായ വിപണി നയങ്ങൾക്കും കഴിയില്ലായെന്നതാണ് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്. നിയോലിബറൽസ്വകാര്യ വാണിജ്യ വ്യവസ്ഥകൾക്ക് പകരം സാമൂഹ്യ നിയന്ത്രണമുള്ള, ജനോപകാരത്തെയും ക്ഷേമത്തെയും മുൻനിർത്തിയുള്ള സ്റ്റേറ്റു ടമസ്ഥയിലധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ പ്രസക്തിയുമാണ് കൊറോണാനുഭവങ്ങൾ അടിവരയിടുന്നത് ...
എന്തുകൊണ്ട് ചൈന, എന്തുകൊണ്ട് ക്യൂബ, എന്തുകൊണ്ടു കേരളം കൊറോണ പ്രതിരോധത്തിൽ സമാശ്വകരമായ മാതൃകയാവുന്നു എന്നത് തന്നെയാണു് ലോകത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആലോചനകളിൽ പരിഗണനീയമായി വരുന്നത് ...

അതിജീവനത്തിൻ്റെ രാഷ്ടീയവും സിദ്ധാന്തവും മുതലാളിത്തേതരമായ ജനാധിപത്യ സോഷ്യലിസമായിരിക്കുമെന്ന് പരമ്പരാഗത കമ്യൂണിസ്റ്റ് വിരുദ്ധചിന്താ കേന്ദ്രങ്ങൾക്ക് പോലും ഇന്ന് സമ്മതിക്കേണ്ടി വരുന്നു ...മുതലാളിത്തത്തിന്ബദലാവുന്നസ്റ്റേറ്റിടപെടലിൻ്റെയും ഉടമസ്ഥതയുടെയും സാമൂഹ്യ നിയന്ത്രണത്തിൻ്റേതുമായ ജനാധിപത്യ സോഷ്യലിസ്റ്റ് ക്രമത്തെ സംബന്ധിച്ച ആലോചനകളുടേതു കൂടിയാണ് ഈ കൊറോണക്കാലം...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top