27 April Saturday

അപകടത്തിലായ ഭാവി, നഷ്ടമായ ജീവിതസുരക്ഷ - ഗ്ലാസ്‌ഗോയിലെ
 പരാജയത്തിന്റെ വില ( ഭാഗം 2 )

ജി മധുസൂദനൻUpdated: Thursday Nov 18, 2021

ഭാഗം  1 വായിക്കുക

 

ഗ്ലാസ്ഗോ ഉച്ചകോടി ആരംഭിച്ച വേളയിൽ ഒക്ടോബർ 31ന് ലോക കാലാവസ്ഥാ സംഘടന പ്രസിദ്ധീകരിച്ച 2021-ലെ "ആഗോള കാലാവസ്ഥാ റിപ്പോർട്ട്' (ആദ്യ ഒമ്പതുമാസത്തെ ഡാറ്റ) മറ്റൊരു പ്രധാന നാഴികക്കല്ലാണ്. ഏറ്റവുമധികം കാലാവസ്ഥാ ദുരന്തങ്ങൾ നേരിട്ട വർഷമാണ് 2021. കാട്ടുതീയുടെ അഭൂതപൂർവമായ വർധന, തണുത്ത പ്രദേശങ്ങളിൽപ്പോലും സംഭവിക്കുന്ന അമിതമായ താപതരംഗങ്ങൾ എന്നിവമൂലം  ക്യാനഡയിലും അമേരിക്കയിലുമൊക്കെ ചില ഭാഗത്ത്‌ താപനില 50 ഡിഗ്രി സെന്റിഗ്രേഡ് കടന്നു.  വികസ്വര രാജ്യങ്ങൾ കൂടാതെ ജർമനി, ബൽജിയം, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലും സംഭവിക്കുന്ന അതിവൃഷ്ടിയും പ്രളയങ്ങളുമുണ്ടായി. അങ്ങനെ  2021 അതി തീവ്രദുരന്തങ്ങളുടെ വർഷമായിരുന്നു. അമേരിക്കയിൽ മാത്രം 65 ലക്ഷം ഏക്കറിൽ അഗ്നി ആളിക്കത്തി. ചൈനയിൽ ഒരു പ്രളയത്തിൽമാത്രം 302 പേർ മരിച്ചു. 2020-ൽ ഇന്ത്യയിൽമാത്രം ഇത്തരം ദുരന്തംമൂലം 8700 കോടി ഡോളറിന്റെ അഥവാ 6.5 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ റിപ്പോർട്ടിന്റെ പ്രകാശനവേളയിൽ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു: “സാഗരങ്ങളുടെ അടിത്തട്ടുമുതൽ പർവതശിഖരങ്ങൾവരെ, ഉരുകുന്ന ഹിമതലങ്ങൾമുതൽ നിരന്തരമായ തീവ്രകാലാവസ്ഥാ ദുരന്തങ്ങൾവരെ, ലോകമെമ്പാടുമുള്ള ജനതകളും സമൂഹങ്ങളും ആവാസവ്യവസ്ഥകളും തകർന്നടിയുന്നു. ലോകജനതയ്ക്കും ഭൂമിക്കും ഒരു വഴിത്തിരിവാകണം ഗ്ലാസ്‌ഗോയിലെ CoP26.”

ഗ്ലാസ്‌ഗോയിലെ  ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയായിരുന്നു:

(1) 2050നകം കാർബൺ ബഹിർഗമനം പൂർണമായി നിലയ്ക്കുന്നതും 2030-നകം താപവർധന 1.5 ഡിഗ്രിയിൽ നിയന്ത്രിച്ചു നിർത്തുന്നതും സാധ്യമാക്കുക. കൽക്കരി ഉപയോഗം അവസാനിപ്പിക്കുക, വനനശീകരണം കുറയ്ക്കുക, വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിണാമം ത്വരിതപ്പെടുത്തുക, ഹരിതഊർജ സ്രോതസ്സുകളിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അതിനുള്ള മാർഗങ്ങൾ. 

(2)ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും സമൂഹങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള പ്രതിരോധപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം. ഇതിൽ പാരിസ്ഥിതിക സംരക്ഷണ -പുനഃസ്ഥാപന പ്രവർത്തനങ്ങൾ പ്രധാനമാണ്. 2021 മുതലുള്ള ഒരു ദശകക്കാലം "പാരിസ്ഥിതിക പുനഃസ്ഥാപന ദശക'മായി വിശ്വപരിസ്ഥിതി പരിപാടി (യുഎൻഇപി) പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരന്ത ആഘാതം കുറയ്ക്കാൻ വേണ്ട ഇതര പ്രതിരോധ യത്നങ്ങൾ, മുന്നറിയിപ്പു സംവിധാനങ്ങൾ എന്നിവ വേണം. പ്രതിരോധശേഷിയുള്ള ഇൻഫ്രാസ്ട്രക്ചർ നിർമാണവും കൃഷിയും വികസിപ്പിച്ച് വീടുകളും ഉപജീവനമാർഗങ്ങളും ജീവനും നഷ്ടമാകുന്നത് തടയണം. - (3)2020 മുതൽ 10,000 കോടി ഡോളർ ധനസഹായം വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് നൽകുമെന്ന് പാരീസ് കരാറിന്റെ വേളയിൽ തീരുമാനിച്ചത് നടപ്പാക്കാനുള്ള വഴികൾ തേടണം.


 

ഈ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എന്തൊക്കെ നേടാനായി എന്നുനോക്കാം. 2021 നവംബർ 13ന് ഇതിനുവേണ്ട ‘ആഗോള കാലാവസ്ഥാ കരാർ' തീരുമാനിക്കുകയുണ്ടായി. കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനായി ഒന്നുംചെയ്യാൻ ഈ കരാറിൽ വ്യവസ്ഥയില്ല. അതിനുപകരം കരാറിലുള്ളത് ഈ ഒഴുക്കൻ പ്രസ്താവനയാണ്:

‘1.5 ഡിഗ്രി സെന്റിഗ്രേഡിൽ ആഗോളതാപനം നിയന്ത്രിച്ചു നിർത്താൻവേണ്ടി, 2030-നകം കാർബൺ ബഹിർഗമനം 45 ശതമാനം കുറയ്ക്കണമെന്നും ഹരിതഗൃഹവാതക ബഹിർഗമനം  വൻതോതിലും നിരന്തരമായും കുറയ്ക്കണമെന്നും നൂറ്റാണ്ടിന്റെ പകുതിയോടെ അത് പൂർണമായി നിലയ്ക്കണമെന്നും (നെറ്റ്‌ സീറോ) ഈ കരാർ തിരിച്ചറിയുന്നു’. ഫോസിൽ  ഇന്ധനജ്വലനം ക്രമേണ നിർത്തലാക്കണമെന്നതിനു  പകരം കുറയ്ക്കണമെന്നാക്കി മാറ്റി. മുമ്പു പറഞ്ഞ ഐക്യരാഷ്ട്രസംഘടനകളുടെ ശാസ്ത്രീയപഠനങ്ങളിലെ കണ്ടെത്തലുകൾ കടലാസിൽ ഒതുങ്ങി.

വികസിതദേശങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമായ 10,000 കോടി ഡോളർ സമാഹരിക്കുന്നതിനും വികസ്വരദേശങ്ങൾക്ക്‌ സഹായം നൽകുന്നതിനുമുള്ള ഒരു പ്രായോഗിക പരിപാടിയും ആവിഷ്കരിച്ചില്ല. പകരം കരാറിൽ മറ്റൊരു ഒഴുക്കൻ വ്യവസ്ഥയാണ്‌ ഉള്ളത്: ‘2025-നകം 10,000 കോടി ഡോളർ മുഴുവനായും മുൻഗണനയോടെയും ലഭ്യമാക്കണമെന്ന് വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുന്നു’. ചരിത്രപരമായി വികസിതരാജ്യങ്ങളിൽനിന്നുള്ള കാർബൺ ബഹിർഗമനംമൂലമാണ് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതെന്നും അതിന്റെ പ്രത്യാഘാതങ്ങൾ വികസ്വര രാജ്യങ്ങളാണ് നേരിടുന്നതെന്നും ദുരന്തനിവാരണത്തിനും ഹരിത ഊർജ വികസനത്തിനുമുള്ള അവരുടെ ചെലവ് കുറെയെങ്കിലും വഹിക്കാൻ ഇതിനു കാരണക്കാരായവർ ബാധ്യസ്ഥരാണെന്നുമുള്ള തത്ത്വം (Principle of common but differentiated responsibility) അംഗീകരിക്കപ്പെടുന്നില്ല.

ഗ്ലാസ്‌ഗോയിലെ "നേട്ടങ്ങൾ' എന്നു പറയാവുന്നവ ഈ മൂന്നെണ്ണമാണ്:

(1) 2030 നകം വനനശീകരണം അവസാനിപ്പിക്കുകയും വനം വച്ചുപിടിപ്പിക്കൽ ത്വരിതപ്പെടുത്തുകയും ചെയ്യുക.

(2) 2030-നകം മീഥേൻ പുറന്തള്ളൽ  30 ശതമാനം സ്വയമേധയാ കുറയ്ക്കാമെന്ന് രാജ്യങ്ങൾ സമ്മതിച്ചു.

(3) 2040-നകം പെട്രോൾ, ഡീസൽ ഉപയോഗിക്കുന്ന കാറുകളുടെ നിർമാണം നിർത്തി വൈദ്യുത വാഹനങ്ങളിലേക്ക്‌ പൂർണമായി മാറാമെന്ന് 30 രാജ്യവും ആറ്‌ കാർ നിർമാതാക്കളും സമ്മതിച്ചു.

ഇതിൽ വനനശീകരണം അവസാനിപ്പിക്കുകയെന്നത് അസാധ്യമാണ്. മിച്ചമുള്ള കൽക്കരിയും ലോഹ അയിരുകളും ഏറെയും വനങ്ങൾക്കടിയിലാണ്. വളർച്ച തുടരുമ്പോൾ വനനശീകരണം വർധിക്കും. യുഎൻഇപിയുടെ  പഠനംതന്നെ പറയുന്നത്, 2060 വരെയുള്ള സാമ്പത്തിക വളർച്ചമൂലം 10 ശതമാനം വനംകൂടി ഇല്ലാതാകുമെന്നാണ്. മീഥേൻ ബഹിർഗമനത്തിന്റെ കാരണമായ  പ്രകൃതിവാതകഖനനം വർധിക്കാൻ പോകുകയാണ്. അത് കുറയ്ക്കാമെന്ന് ആരും സമ്മതിച്ചിട്ടില്ല. വരുംവർഷങ്ങളിൽ ഏറെ മീഥേൻ പുറന്തള്ളൽ നടക്കാൻ പോകുന്നത് പെർമാഫ്രോസ്റ്റ്‌ ചൂടാകുന്നതുകൊണ്ടാകും. അത് തടയാൻ ആർക്കും കഴിയില്ല. 2040-നുശേഷം വൈദ്യുത വാഹനങ്ങൾ മാത്രം നിർമിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല. അപ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം സാരമായി സംഭവിച്ചു കഴിഞ്ഞിരിക്കും. ഗ്ലാസ്ഗോയിലെ പരാജയത്തിൽ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ തന്നെ നിരാശ പ്രകടിപ്പിച്ചുകഴിഞ്ഞു.

ഗ്ലാസ്ഗോയിൽ സംഭവിച്ചത് വൻകിട വികസിത-–-വികസ്വര രാജ്യങ്ങളുടെ നയതന്ത്ര വിജയവും മനുഷ്യരാശിയുടെ പരാജയവുമാണ്. 2021 ജൂലൈ 28-ന്‌ ലോകത്തെമ്പാടുമുള്ള 14,000 ശാസ്ത്രജ്ഞർ ഒത്തുചേർന്ന് പ്രവചിച്ച ‘കാലാവസ്ഥാ അടിയന്തരാവസ്ഥ' അടുത്ത ഏതാനും വർഷങ്ങളിൽ രൂക്ഷമാകാൻ പോകുകയാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ലോകമാസകലം അനുഭവപ്പെടും; ധനശേഷി കുറഞ്ഞ വികസ്വര രാജ്യങ്ങളാകും ഇതുമൂലം പ്രതിസന്ധിയിലാകുന്നത്. ഗ്ലാസ്‌ഗോയിൽ നഷ്ടമായത് നമ്മുടെയും ഭാവിതലമുറകളുടെയും ജീവിതസുരക്ഷയാണ്. മുതലാളിത്ത വളർച്ച തുടരുന്നതിലാണ്‌ എല്ലാവരുടെയും ശ്രദ്ധ. -കാലാവസ്ഥയ്ക്ക് ലഭിക്കുന്നത് മുതലക്കണ്ണീരും. ഗ്ലാസ്ഗോ സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു റിപ്പോർട്ടിലെ 10 പ്രധാന ഉൾക്കാഴ്ചകളിൽ ഏഴാമത്തേത് "ഒരു പുതിയ സാമൂഹ്യവ്യവസ്ഥയുടെ അനിവാര്യതയാണ്. അതവിടെ ആരും ചർച്ച ചെയ്‌തില്ല. ഗ്ലാസ്‌ഗോയിൽ മിച്ചമായത് ആ സമ്മേളനംമൂലമുണ്ടായ 1.02 ലക്ഷം ടൺ കാർബണിന്റെ അധിക ബഹിർഗമനംമാത്രം.

(അവസാനിച്ചു)

(പരിസ്ഥിതി ചിന്തകനും മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥനും പുണെയിലെ വിശ്വസുസ്ഥിര ഊർജ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top