11 August Thursday

ഗ്ലാസ്ഗോയിലെ പരാജയത്തിന്റെ വില - ജി മധുസൂദനൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

നമ്മുടെ ഭൂമി ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടുന്ന പശ്ചാത്തലത്തിലാണ്‌ ഗ്ലാസ്‌ഗോയിൽ 26–-ാം കാലാവസ്ഥാ ഉച്ചകോടി നടന്നത്‌. ആ ഉച്ചകോടിയുടെ ലക്ഷ്യമെന്തായിരുന്നു. എന്താണ്‌ അവിടെ സംഭവിച്ചത്‌. മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കുന്നതിന്‌ എന്തെങ്കിലും തീരുമാനമുണ്ടായോ? ഗ്ലാസ്‌ഗോ ഉച്ചകോടിയെ മുൻനിർത്തി സാഹിത്യവിമർശകനും പരിസ്ഥിതി ചിന്തകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പുണെയിലെ വിശ്വസുസ്ഥിര ഊർജ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലുമായ ജി മധുസൂദനൻ എഴുതുന്നു

നാം അധിവസിക്കുന്ന ഭൂമി കാലാവസ്ഥാ അടിയന്തരാവസ്ഥ നേരിടുന്ന പശ്ചാത്തലത്തിലാണ് ഗ്ലാസ്ഗോയിൽ 26–--ാം കാലാവസ്ഥാ ഉച്ചകോടി (CoP26) ഒക്ടോബർ 31 മുതൽ നവംബർ 13 വരെ നടന്നത്. വികസിതരാജ്യങ്ങളിലെ മുതലാളിത്തവളർച്ച സാധ്യമാക്കാൻ നടത്തിയ അശ്മക ഇന്ധന (Fossil fuels) ജ്വലനത്തിൽനിന്നുള്ള കാർബൺ ഉത്സർജനംമൂലം ഭൗമാന്തരീക്ഷത്തിലെ കാർബൺ സാന്ദ്രത ക്രമാതീതമായി വർധിച്ചതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം. 1800-ഓടെ മുതലാളിത്തവളർച്ച ശക്തിപ്രാപിക്കുന്നതിനുമുമ്പ് ഭൗമാന്തരീക്ഷത്തിലെ കാർബൺ സാന്ദ്രത ദശലക്ഷത്തിന് 280 (280 parts per million -ppm) എന്ന കണക്കിലായിരുന്നു. ഇത് നൂറ്റാണ്ടുകളായി ആ തോതിൽ തുടർന്നതിനാലാണ് ഭൂമിയിൽ ജീവൻ സാധ്യമാകുന്ന "സ്ഥിരസ്ഥിതി'യുടെ കാലാവസ്ഥ നിലനിന്നിരുന്നത്. ഈ സ്ഥിരസ്ഥിതിയിൽ ആഗോള ശരാശരി താപം 14 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു. -

മുതലാളിത്ത സാമ്പത്തിക പ്രക്രിയ കാലാകാലങ്ങളായി വമിച്ച ഹരിതഗൃഹവാതകങ്ങൾ (Green House Gases- GHG) ഭൂമിയുടെ കാലാവസ്ഥാ സന്തുലനം അട്ടിമറിച്ചു. ഇപ്പോൾ ആഗോള ശരാശരി താപനില 14 ഡിഗ്രി സെന്റിഗ്രേഡിൽനിന്ന് 1.1 മുതൽ 1.2 ഡിഗ്രി സെന്റിഗ്രേഡ് വരെ വർധിച്ചിട്ടുണ്ട്. ഹരിതഗൃഹവാതകങ്ങളിൽ മീഥേൻ, നീരാവി, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഇതര കണികകൾ ഉണ്ടെങ്കിലും 76 ശതമാനവും കാർബൺ ഡൈ ഓക്സൈഡ് തന്നെയാണ്. അത് ഏറെയും കൽക്കരി, പ്രകൃതിവാതകം, എണ്ണ (പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ) എന്നിവയുടെ ജ്വലനത്തിൽ നിന്നുണ്ടാകുന്നതാണ്. അതിനാൽ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അശ്മക ജ്വലനം അവസാനിപ്പിച്ച് കാർബൺ ഉത്സർജനം നിയന്ത്രിച്ച്, ക്രമേണ ഇല്ലാതാക്കുകയെന്നതാണ്. 1988-ൽ ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ അന്താരാഷ്ട്ര കാലാവസ്ഥാ പഠനസംഘം (IPCC - Inter Governmental Panel on Climate Change) രൂപീകരിച്ചു. ഇതിൽ ലോകരാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ധരുമൊക്കെ അംഗങ്ങളാണ്. ലോകത്തെമ്പാടുനിന്നും ശേഖരിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഐപിസിസി കാലാകാലങ്ങളിൽ ശാസ്ത്രീയ പഠനറിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. അവയ്ക്ക് ലോകരാഷ്ട്രങ്ങളുടെ അംഗീകാരവുമുണ്ട്. ഗ്ലാസ്ഗോ ഉച്ചകോടിയെക്കുറിച്ച് വിലയിരുത്തുന്നതിനുമുമ്പ് ഐപിസിസി-യുടെയും ഇതര കാലാവസ്ഥാ വിദഗ്ധരുടെയും ഏറ്റവും പുതിയ കണ്ടെത്തലുകൾ ഹ്രസ്വമായി വിവരിക്കേണ്ടതുണ്ട്.

കാലാവസ്ഥ ഇന്നും ഭാവിയിലും
ഇന്നിതേവരെ ഐപിസിസി ആറ് പ്രധാന വിലയിരുത്തൽ റിപ്പോർട്ട്‌ (Assessment Report - AR) പ്രസിദ്ധീകരിച്ചിട്ടുണ്ട്; കൂടാതെ മറ്റ് പല റിപ്പോർട്ടുകളും. ഇതിൽ 2018 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച 1.5 ഡിഗ്രി റിപ്പോർട്ട്, ഗ്ലാസ്ഗോ ഉച്ചകോടിക്കുമുമ്പ് 2021 ആഗസ്തിൽ പ്രസിദ്ധീകരിച്ച AR6 എന്നിവ ഏറെ പ്രധാനപ്പെട്ടവയാണ്. 2018-ലെ റിപ്പോർട്ടനുസരിച്ച്, കാർബൺ ഉത്സർജനം 2030-നകം (2010-ലെ ഉത്സർജനത്തിന്റെ) 45 ശതമാനം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, 2030-ൽ ആഗോള ശരാശരി താപനില 1.5 ഡിഗ്രി സെന്റിഗ്രേഡ് വർധിക്കും. 2010-ലെ കാർബൺ ഉത്സർജനം 3000 കോടി ടണ്ണിൽ അധികമായിരുന്നു. അതിൽനിന്ന് 2030-നകം 45 ശതമാനം കുറയ്ക്കണം. എന്നാൽ, 2010-നുശേഷം പ്രത്യേകിച്ച് 2018 മുതൽ ഹരിതഗൃഹവാതക ഉത്സർജനം ക്രമാതീതമായി വർധിക്കുകയാണുണ്ടായത്. 2018-ലെ മൊത്തം GHG ഉത്സർജനം 5600 കോടി ടണ്ണായിരുന്നു. കോവിഡ്-–-19മൂലം 2020-ൽ ലോകം നിശ്ചലമായിട്ടും ഇത് ഒമ്പത്‌ ശതമാനമാണ് കുറഞ്ഞത്; 5200 കോടി ടണ്ണിൽ താഴെ പോകുന്നില്ല, മറിച്ച് വർധിക്കുന്നു. അപ്പോൾ 2030-നകം ആഗോളശരാശരി കാലാവസ്ഥ 1.5°C കവിയുമെന്നതിൽ സംശയമില്ല.


 

2015-ലെ പാരീസ് ഉച്ചകോടിയിൽ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച പാരീസ് കരാർ ആറ് വർഷത്തിനുശേഷവും വെറും കടലാസായി തുടരുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടിക്കുമുമ്പ് ഐക്യരാഷ്ട്രസംഘടനയിലെ ചില സംഘടനകൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ നോക്കാം. ഐപിസിസിയുടെ 2021 സെപ്തംബറിൽ പ്രസിദ്ധീകരിച്ച AR6 റിപ്പോർട്ട് കണ്ടെത്തിയത് താപനത്തിന്റെ തോത് വർധിക്കുന്നുവെന്നും ഇന്നത്തെ നിലയിൽ ഉത്സർജനം തുടർന്നാൽ 2030-ലെ 1.5 ഡിഗ്രി പോകട്ടെ, വരും ദശകങ്ങളിൽ രണ്ട്‌ ഡിഗ്രി സെന്റിഗ്രേഡിലധികം താപവർധന സംഭവിക്കുമെന്നാണ്.

ആഗോളതാപന നിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഐക്യരാഷ്ട്രസംഘടനയുടെ ഫ്രെയിംവർക്ക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്' (UNFCC) സെക്രട്ടറിയറ്റാണ്. പാരീസ് കരാറനുസരിച്ച് ലോകരാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്ത ഉത്സർജനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളും നേട്ടങ്ങളും വിലയിരുത്തിയശേഷം യുഎൻഎഫ്‌സിസി 2021 സെപ്തംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്, പാരീസ് കരാർ പരാജയമാണെന്നാണ്. കരാറിലെ പ്രതിജ്ഞകൾ നിറവേറ്റിയാലും ആഗോള ഉത്സർജനം 2030-നകം ഒരുശതമാനമേ കുറയുകയുള്ളൂവെന്നാണ് ഈ വിലയിരുത്തൽ പറയുന്നത്. താപവർധന 1.5 ഡിഗ്രി സെന്റിഗ്രേഡിൽ നിയന്ത്രിച്ചു നിർത്തണമെങ്കിൽ 45 ശതമാനം കുറയ്ക്കണമെന്നും ഓർക്കുക. വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് യുഎൻഎഫ്‌സിസിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി പട്രീഷ്യ എസ്പിനോവ പറഞ്ഞു: “പാരീസ് കരാർ ലക്ഷ്യങ്ങളിൽനിന്ന് നമ്മൾ വളരെ അകലെയാണ്. കണ്ണുകെട്ടിക്കൊണ്ട് നമ്മൾ കുഴിബോംബുകൾ പാകിയ നിലത്തിലേക്ക്‌ നടന്നടുക്കുകയാണ്. സമ്പൂർണ വിനാശമാകും ഇനി വരുന്നത്.

2021 സെപ്തംബറിൽത്തന്നെ വിവിധ ഏജൻസികളുടെ പഠനങ്ങളിലെ കണ്ടെത്തലുകൾ ഏകോപിപ്പിച്ചുകൊണ്ട് ലോക കാലാവസ്ഥാ സംഘടന (WMO) പ്രസിദ്ധീകരിച്ച് "ശാസ്ത്രത്തിൽ ഒന്നിച്ച്' (United in Science) റിപ്പോർട്ട് പേടിപ്പെടുത്തുന്ന കണ്ടെത്തലുകളാണ് നടത്തുന്നത്. 2100-നകം കടലിലെ ജലനിരപ്പ് രണ്ട് മീറ്റർ (6 അടി) ഉയരുമെന്നാണ് അതിലൊന്ന്. കടൽ ഇത്രയും ഉയർന്നാൽ അതിൽ മുങ്ങിപ്പോകുക ലോകജനസംഖ്യയുടെ നാലു ശതമാനം വരുന്ന 26 കോടിയിലധികം തീരദേശവാസികളാകും. ദക്ഷിണധ്രുവത്തിലെയും ഉത്തരധ്രുവത്തിലെയും മഞ്ഞുമലകളുടെ ഉരുകൽ ക്രമാതീതമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ കടൽനിരപ്പ് ഇതിലുമധികം ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സമകാലീന ചരിത്രത്തിലെ ഏറ്റവുമധികം ചൂടുണ്ടായ കാലമാണ് 2016 മുതൽ 2020 വരെ.

വിശ്വപരിസ്ഥിതി പ്രോഗ്രാമും (UNEP) ലോകത്തിലെ പ്രധാനപ്പെട്ട ചില ഗവേഷണ സ്ഥാപനങ്ങളും ചേർന്ന് 2021 ഒക്ടോബർ 20-ന് മറ്റൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പാരീസ് കരാറിന്റെ ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയിലാണ് ലോകരാജ്യങ്ങളുടെ അശ്മക ഇന്ധന ഉൽപ്പാദന ലക്ഷ്യങ്ങൾ എന്നാണ് അവർ കണ്ടെത്തിയത്. "പ്രൊഡക്‌ഷൻ ഗ്യാപ് റിപ്പോർട്ട് 2021' പഠനം പറയുന്നത്, 2030-ൽ താപവർധന 1.5 ഡിഗ്രിയിൽ നിയന്ത്രിച്ചു നിർത്തുന്നതിന് ആവശ്യമായതിനേക്കാൾ 110 ശതമാനം അധിക അശ്മക ഇന്ധനങ്ങൾ ഖനനം ചെയ്ത് ഉപയോഗിക്കാനാണ് രാജ്യങ്ങൾ പ്ലാനിടുന്നതെന്നാണ്. കോവിഡ്–-19 മഹാമാരി തുടങ്ങിയതിനുശേഷം, അശ്മക ഇന്ധനവികസനത്തിനായി 30,000 കോടി അമേരിക്കൻ ഡോളർ രാജ്യങ്ങൾ നീക്കിവച്ചു. ഇത് ഹരിത ഊർജസ്രോതസ്സുകളുടെ വികസനത്തിന് ചെലവിടുന്നതിനേക്കാൾ അധികമാണ്. ഇനിയുമുണ്ട് മറ്റുപല പഠനങ്ങൾ. പക്ഷേ, ഔദ്യോഗിക പഠനങ്ങൾക്കു പുറത്ത് ലോകത്തിലെ മികച്ച കാലാവസ്ഥാ ശാസ്ത്രജ്ഞരും സംഘടനകളും നടത്തുന്ന പഠനങ്ങളും പ്രധാനമാണ്.

9 അട്ടിമറി സാധ്യത
ഔദ്യോഗിക പഠനങ്ങൾക്കുപുറത്ത്, 21–--ാം നൂറ്റാണ്ടിൽ പുറത്തുവന്ന കണ്ടെത്തലുകളിൽ പ്രധാനമാണ് പാരമ്പര്യകണ്ടെത്തലുകൾക്കപ്പുറമുള്ള കാലാവസ്ഥാ വ്യതിയാന സാധ്യതകൾ. ഇവയെ "തകിടം മറിയൽ സൂചകങ്ങൾ' (Tipping Points) എന്നു വിളിക്കുന്നു. അങ്ങനെ കണ്ടെത്തിയിട്ടുള്ള ഒമ്പത് സാധ്യതയിൽ പ്രധാനപ്പെട്ടവ ഇവയാണ്:

• ഉത്തരധ്രുവത്തിലെ ഏറ്റവും വലിയ മഞ്ഞുമലയാണ് ഗ്രീൻലാൻഡിലേത്. 17 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണവും മൂന്നു കിലോമീറ്ററിലധികം ഉയരവുമുള്ള ഈ മഞ്ഞുമലയിൽ 26 ലക്ഷം ക്യുബിക് കിലോമീറ്റർ ഹിമം ഉറഞ്ഞുകിടക്കുന്നു; ലോകത്തിലെ മൊത്തം ഹിമത്തിന്റെ 7.9 ശതമാനം. ഇത് മുഴുവൻ ഉരുകിയാൽ കടൽനിരപ്പ് 20 അടിയിലധികം ഉയരും. ഈ മഞ്ഞുമല ക്രമാതീതമായി ഉരുകുന്നു. ചരിത്രത്തിൽ ആദ്യമായി ഈ മഞ്ഞുമലയ്ക്കു മുകളിൽ 2021 ആഗസ്തിൽ മഴ പെയ്തു. ഗ്രീൻലാൻഡ്‌ മഞ്ഞുമല അപകടസീമയിലാണ്. ആഗോള ശരാശരി താപനത്തിന്റെ ഇരട്ടിയാണ് ധ്രുവങ്ങളിലുണ്ടാകുന്നത്. 

• ഉത്തരധ്രുവസാഗരത്തിൽ ഉറഞ്ഞുകിടക്കുന്ന ഹിമം 2012 വേനൽക്കാലത്ത് പൂർണമായി ഉരുകി. ഇത് കടൽനിരപ്പ് ഉയർത്തില്ലെങ്കിലും മറ്റു പല പ്രത്യാഘാതങ്ങൾക്കും കാരണമാകും. ഹിമത്തിന്റെ ശുഭ്രത കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. അതിൽ വീഴുന്ന സൂര്യതാപം തിരികെ ഭൗമാന്തരീക്ഷത്തിലേക്ക് വികിരണം ചെയ്യാനുള്ള കഴിവ് (Albedo effect) കാലാവസ്ഥാ നിയന്ത്രണത്തിൽ പ്രധാനമാണ്.

•ഇതുവരെയുള്ള ഔദ്യോഗിക കാലാവസ്ഥാ പഠനങ്ങളിൽ സമീപകാലംവരെ ഇടംതേടാത്ത ഒന്നാണ് ഹിമം ഉറഞ്ഞുകിടക്കുന്ന ഭൂമിയുടെ (Permafrost) ചൂടുപിടിക്കൽ. ഉത്തരാർധഗോളത്തിന്റെ കരയിലെ വിസ്തീർണത്തിന്റെ 24 ശതമാനവും ഈ പെർമാഫ്രോസ്റ്റാണ് (പ്രധാനമായും അമേരിക്ക, ക്യാനഡ, റഷ്യ എന്നിവിടങ്ങളിൽ). കാലാവസ്ഥാവ്യതിയാനംമൂലം ഇവിടം ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടങ്ങളിൽ 1,60,000 കോടി ടൺ കാർബൺ ഉറഞ്ഞുകിടപ്പുണ്ട്. ഇതിൽ 70 ശതമാനവും ഉപരിതലത്തിലെ മൂന്നുമീറ്ററിലാണ്. ഇപ്പോൾ ഭൗമാന്തരീക്ഷത്തിൽ അവശേഷിക്കുന്ന കാർബണിന്റെ ഇരട്ടിയാണിത്. താപനംമൂലം ഇതിൽനിന്നുള്ള മീഥേൻ നിർഗമനമുണ്ടായാൽ ഭൗമകാലാവസ്ഥ പ്രവചനാതീതമായി അട്ടിമറിക്കപ്പെടും.

• താരതമ്യേന സുരക്ഷിതമെന്നു കരുതിയിരുന്ന ദക്ഷിണധ്രുവത്തിലും ഇപ്പോൾ വൻതോതിൽ ഹിമം ഉരുകുന്നു. അതിൽ ഏറ്റവുമധികം അപകടത്തിലായിരിക്കുന്നത് പടിഞ്ഞാറൻ അന്റാർട്ടിക് മഞ്ഞുമലകളാണ്. 1.35 കോടി ചതുരശ്രകിലോമീറ്റർ വിസ്തൃതിയും ഏഴു കിലോമീറ്ററോളം ഉയരവുമുള്ള അന്റാർട്ടിക് മഞ്ഞുമലകൾ ഉരുകിയാൽ കടൽനിരപ്പ് 73 മീറ്റർ (216 അടി) ഉയരും. ഭൂമിയിലെ ഹിമത്തിന്റെ 91 ശതമാനവും ഇവിടെയാണ്. വരും ദശകങ്ങളിൽ ഇവിടം ഭാഗികമായി ഉരുകിയാൽപ്പോലും അതിന്റെ സാധ്യതകൾ ഭയാനകമാണ്. അവിടെ ഇപ്പോൾ വൻതോതിൽ ഹിമം ഉരുകുന്നുണ്ട്. -

• അൽബീഡോ നഷ്ടവും കടൽനിരപ്പ് ഉയരലും കൂടാതെ മറ്റൊരു പ്രധാന ആഘാതവും ധ്രുവങ്ങളിലെ ഹിമം ഉരുകുന്നതിൽ നിന്നുണ്ടാകും. ആഗോളമായി അറ്റ്‌ലാന്റിക്, പസഫിക് സാഗരങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലും കടലിനടിയിൽ ഒഴുകി നടക്കുന്ന ശീതോഷ്ണജലപ്രവാഹമാണ് "ദ ഗ്രേറ്റ് ഓഷ്യൻ കൺവയർ ബെൽറ്റ്'. ധ്രുവഹിമം ഉരുകുന്നതുമൂലമുണ്ടാകുന്ന അമിത ശുദ്ധജലപ്രവാഹം ഇതിന്റെ പ്രവർത്തനത്തെ തകിടം മറിക്കും. ആഗോള കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ ഈ കൺവയറിന്റെ പ്രവർത്തനം പ്രധാനമാണ്.

•കാർബൺ ആഗിരണത്തിൽ വനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിൽ ഏറ്റവും പ്രധാനമാണ് ആമസോൺ മഴക്കാടുകൾ. മുമ്പുതന്നെ വനനശീകരണം നേരിടുന്ന ഈ മഴക്കാടുകൾ, തീവ്രവലതുപക്ഷക്കാരനായ ബോൾസനാരോ അധികാരത്തിൽ വന്നശേഷം ഏറ്റവുമധികം വെട്ടിവെളുപ്പിക്കലിനും തീയിടലിനും വിധേയമായി. ഇതിനെ "ബോൾസനാരോ ഇഫക്ട്' എന്നു വളിക്കുന്നു. ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് ആഗിരണം ചെയ്യുന്നതിനേക്കാളധികം കാർബൺ ഇവിടെനിന്ന്‌ ഇപ്പോൾ നിർഗമിക്കുന്നുവെന്നാണ്.

• ലോക കാലാവസ്ഥാ നിയന്ത്രണത്തിലും ഭക്ഷ്യസുരക്ഷയിലും പ്രധാന പങ്കുവഹിക്കുന്നത് സാഗരങ്ങളാണ്. കടൽ അപകടസീമയിലാണ്. പ്രത്യേകിച്ചും കടലിലെ ഭക്ഷ്യച്ചങ്ങലയ്ക്കും ജൈവ വൈവിധ്യത്തിനും പ്രധാനമായ പവിഴപ്പുറ്റുകൾ ഉന്മൂലനത്തിന്റെ വക്കിലാണ്.

ഈ അട്ടിമറി സാധ്യതകളുടെയും അതിതീവ്രമാകുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗ്ലാസ്ഗോ ഉച്ചകോടി നടന്നത്. 2021 സെപ്തംബറിൽ വിശ്വ കാലാവസ്ഥാ സംഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തനിവാരണ സംഘവും (UNDRR) ചേർന്ന് പ്രസിദ്ധീകരിച്ച പഠനവും ഏറെ ശ്രദ്ധേയമാണ്. 1970 മുതൽ 2019 വരെ കാലാവസ്ഥാവ്യതിയാനംമൂലമുള്ള ദുരന്തങ്ങൾ അതിതീവ്രമായെന്ന് ഈ പഠനം കണ്ടെത്തി. ഇക്കാലയളവിൽ 11,000 അത്തരം ദുരന്തമുണ്ടായി. അവയിൽ 20 ലക്ഷം പേർ മരിച്ചു, അവമൂലം 3,64,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. മരണത്തിൽ 91 ശതമാനത്തിലധികവും വികസ്വര രാജ്യങ്ങളിലായിരുന്നു. സമീപകാലത്ത് ദുരന്തമുന്നറിയിപ്പുകളും തയ്യാറെടുപ്പുകളും മെച്ചപ്പെട്ടതിനാൽ മരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

(അവസാനിക്കുന്നില്ല)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top