19 April Friday

ഗ്ലാസ്‌ഗോയിലെ പുകച്ചുരുൾ

ടി ചന്ദ്രമോഹൻUpdated: Thursday Nov 4, 2021

നൂറിലേറെ രാഷ്‌ട്രനേതാക്കൾ പങ്കെടുത്തുള്ള ആഗോള കാലാവസ്ഥാ ഉച്ചകോടി  സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ തുടരുകയാണ്‌. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉൽപ്പാദനവും പുറന്തള്ളലും നിയന്ത്രിച്ച്‌ അന്തരീക്ഷതാപനം കുറയ്‌ക്കാനുള്ള ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനംചെയ്‌ത്‌ പുതിയ തീരുമാനങ്ങൾ എടുക്കുകയാണ്‌ ലക്ഷ്യം. ആഗോളതാപനം കുറയ്‌ക്കുന്നതിനായി പല തലത്തിലുള്ള ചർച്ച അരനൂറ്റാണ്ടായി നടക്കുന്നു. 1960കളിൽ ആരംഭിച്ചതാണ്‌ ലോ കാർബൺ ഇക്കോണമി അല്ലെങ്കിൽ കാർബൺ പുറന്തള്ളൽ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയെന്ന നീക്കമെങ്കിലും ഇതിന്‌ വേഗതയേറിയത്‌ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌. ലോകനേതാക്കളുടെ ഒത്തുചേരലിലൂടെ എടുക്കുന്ന തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിൽവരുത്താൻ വൻകിട രാജ്യങ്ങൾക്ക്‌ സാധിച്ചിട്ടില്ല. ഗ്ലാസ്‌ഗോ ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത  നേതാക്കളെല്ലാം കൈയടി നേടാൻ പല പ്രഖ്യാപനവും നടത്തിയതല്ലാതെ നെറ്റ്‌ സീറോ കാർബൺ എമീഷൻ കൈവരിക്കാനുള്ള പ്രായോഗിക പദ്ധതികൾ അവതരിപ്പിച്ചില്ല. ഫലപ്രദമായ തീരുമാനങ്ങൾ ഉണ്ടാകാത്തതിൽ ഗ്ലാസ്‌ഗോയിൽ പരിസ്ഥിതിപ്രവർത്തകരുടെ പ്രതിഷേധവും തുടരുകയാണ്‌. 

ക്യാനഡയിലും അമേരിക്കയിലും വ്യാപകമാകുന്ന ഉഷ്ണതരംഗവും കാട്ടുതീയും  ആമസോൺ കാടുകളെ വിഴുങ്ങുന്ന കാട്ടുതീ, ചെറുദ്വീപ് രാജ്യങ്ങളെയും താഴ്‌ന്ന തീരപ്രദേശങ്ങളെയും മുക്കിക്കൊണ്ടിരിക്കുന്ന കടലേറ്റം, ആഫ്രിക്കൻ രാജ്യങ്ങൾ നേരിടുന്ന വിഷമാലിന്യം, വ്യവസായമേഖല തള്ളുന്ന രാസവസ്‌തുക്കളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം തുടങ്ങിയ നിരവധി ഭീഷണിയാണ്‌ പരിസ്ഥിതി നേരിടുന്നത്‌. ഇത്‌ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനുതന്നെ അപകടമായ സാഹചര്യത്തിലാണ് കാലാവസ്ഥാ ഉച്ചകോടികൾക്ക്‌ പ്രാധാന്യം കൈവന്നത്‌. ‌കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൃത്യമായ മാർഗരേഖ ഉണ്ടാക്കിയത്‌ 2016ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിലാണ്. 2016 ഏപ്രിൽ 22ന് ന്യൂയോർക്കിൽ ഉടമ്പടി ഒപ്പുവയ്ക്കൽ ആരംഭിച്ചു. 195 രാജ്യം ഒപ്പുവച്ചു. 2016 നവംബർ നാലിന്‌ കരാർ പ്രാബല്യത്തിലായി. വ്യവസായവൽക്കരണത്തിനു മുമ്പുള്ളതിനേക്കാൾ രണ്ട്‌ ഡിഗ്രി സെൽഷ്യസ് (3.6 ഫാരൻ ഹീറ്റ്) മാത്രം കൂടുന്നവിധം ആഗോള താപനില താഴ്‌ത്തുകയെന്നതാണ്‌ മാർഗരേഖ ലക്ഷ്യമിടുന്നത്. 1997ൽ പ്രഖ്യാപിച്ച് 2005ൽ പ്രാബല്യത്തിൽ വന്ന ക്യോട്ടോ പ്രോട്ടോകോളിൽനിന്നു വ്യത്യസ്‌തമായി വികസിത–-അവികസിത രാജ്യങ്ങൾ പാരീസ് കരാറിൽ വേർതിരിവില്ല. ഓരോ രാജ്യവും സ്വയം ലക്ഷ്യങ്ങൾ തീരുമാനിച്ച് അതിനുള്ള നടപടിയെടുക്കുകയും കൈവരിച്ച പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കുകയുമാണ് വേണ്ടത്. പാരീസ് ഉടമ്പടിപ്രകാരം 2050 ഓടെ ആഗോള തലത്തിൽ കാർബൺ ന്യൂട്രൽ സ്ഥിതിയാണ്‌ ലക്ഷ്യമിട്ടത്‌. കാർബൺ ബഹിർഗമനം ഇല്ലാത്ത സ്ഥിതി സൃഷ്ടിക്കുക അല്ലെങ്കിൽ പുറംതള്ളുന്ന അളവിൽ‌ കാർബൺ അന്തരീക്ഷത്തിൽനിന്നു നീക്കാൻ നടപടിയെടുക്കുക എന്നതാണ് കാർബൺ ന്യൂട്രൽ എന്നതിന്റെ നിർവചനം.

videograbbed image

videograbbed image

ഏറ്റവും ഭയാനകമായ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ ഒഴിവാക്കുന്നതിന്, വ്യവസായവൽക്കരണത്തിനു മുമ്പുള്ള ആഗോള താപ നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുക എന്നതാണ്‌ ഗ്ലാസ്‌ഗോ  ഉച്ചകോടി പ്രധാനമായി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുക ഏറെ പ്രയാസമായിരിക്കുമെന്നാണ്‌ അടുത്തിടെവന്ന യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്‌. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം 2.7 ഡിഗ്രി സെൽഷ്യസ് താപനില വർധനയിലേക്ക് നയിക്കപ്പെടുമെന്നാണ്‌ യുഎൻ റിപ്പോർട്ട്. ആഗോളതാപനത്തിന്റെ ആഘാതങ്ങൾ ഒഴിവാക്കാൻ 2030-ഓടെ ലോകത്തെ ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ പകുതിയായി കുറയ്ക്കണമെന്നും 2050ൽ നെറ്റ് സീറോയിൽ എത്തണമെന്നുമാണ്‌ ശാസ്ത്രജ്ഞർ പറയുന്നത്‌. ചൈനയ്ക്കും അമേരിക്കയ്ക്കുംശേഷം ഏറ്റവും വലിയ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ 2070ഓടെ പൂജ്യത്തിൽ എത്താൻ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ  പ്രഖ്യാപിച്ചു.

വികസ്വര, അവികസിത രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വ്യതിചലിപ്പിക്കാനും കാലാവസ്ഥാ ആഘാതങ്ങൾ നേരിടുന്നതിനായി  തയ്യാറെടുക്കാനും സഹായിക്കുന്നതിന് പ്രതിവർഷം ഒരു ലക്ഷം കോടി ഡോളർ ഫണ്ട് നൽകാമെന്ന്‌ സമ്പന്ന രാജ്യങ്ങൾ ഉറപ്പുനൽകിയിരുന്നു. സഹായത്തിന്റെ സമയപരിധി പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഉച്ചകോടിയിലെ പ്രധാന ചർച്ചകളിൽ ഒന്ന്‌ സാമ്പത്തിക സഹായമാണ്‌. അതിൽ വികസിത രാഷ്ട്രങ്ങളുടെ തലവന്മാർ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല. ഉച്ചകോടി സമാപിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയിരിക്കെ രാഷ്ട്രനേതാക്കൾ വേദി വിട്ടു; കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന ഉദ്ദേശ്യം എങ്ങനെ നിറവേറ്റപ്പെടുമെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ട്‌.



 

മോദിയുടെ പ്രഖ്യാപനങ്ങൾ
കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് പ്രഖ്യാപനമാണ്‌ നടത്തിയത്‌.
ഒന്ന്‌: ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി *2030 ഓടെ 500 ജിഗാ വാട്ടാക്കും.
രണ്ട്‌: രാജ്യത്തിന്റെ ഊർജാവശ്യങ്ങൾ 2030നകം *50 ശതമാനവും പുനരുപയോഗ സ്രോതസ്സുകളിൽനിന്നാകും.
മൂന്ന്‌: 2030നകം ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ 100 കോടി ടൺ കുറയ്‌ക്കും.
നാല്‌: സാമ്പത്തികമേഖലയിൽ കാർബൺ ഇന്ധനങ്ങൾ 45 ശതമാനത്തിൽ താഴെയാക്കും.
അഞ്ച്‌: 2070നകം നെറ്റ്‌ സിറോ കാർബൺ എമീഷൻ ലക്ഷ്യം കൈവരിക്കും.


2070 -ഓടെ നെറ്റ്‌ സീറോ കാർബൺ എമീഷൻ (കാർബൺ പുറന്തള്ളൽ മൊത്തം പൂജ്യമാക്കുക) എന്നതായിരുന്നു പ്രധാന പ്രഖ്യാപനം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 50 വർഷത്തെ ഊർജാവശ്യങ്ങൾകൂടി കണക്കിലെടുത്തുള്ളവ ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. അത്‌ ഫലപ്രാപ്‌തിയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. 2050 -ഓടെ നെറ്റ്- സീറോ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പരിവർത്തനത്തിലേക്ക്‌ വികസ്വര–-അവികസിത രാജ്യങ്ങൾക്കും കൂടുതൽ സമയം നൽകുമ്പോൾ, വികസിത സമ്പദ്‌വ്യവസ്ഥകൾ അതിനുമുമ്പ് ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്‌. വികസിത സമ്പദ്‌വ്യവസ്ഥയിലേക്ക്‌ നീങ്ങുന്നുവെന്ന്‌ അവകാശപ്പെടുമ്പോൾ വാഗ്‌ദാനങ്ങൾ പെട്ടെന്ന്‌ നിറവേറ്റാൻ ഇന്ത്യ ബാധ്യതപ്പെടും. അല്ലെങ്കിൽ അമേരിക്ക അതിനു നിർബന്ധിപ്പിക്കും. പെട്ടെന്ന്‌ പരിവർത്തനത്തിൽ എത്താനുള്ള ശ്രമം പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കും.

2030- ഓടെ മറ്റു പ്രഖ്യാപനങ്ങൾ കൈവരിക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം അതിമോഹമാണ്‌. പ്രത്യേകിച്ചും 2030ൽ രാജ്യത്തിന്റെ ഊർജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്ന് നിറവേറ്റുമെന്നാണ്‌ പ്രഖ്യാപിച്ചത്‌. മൊത്തം വൈദ്യുതി ഉൽപ്പാദനത്തിൽ സൗരോർജത്തിന്റെയും കാറ്റിന്റെയും പങ്ക് 12 ശതമാനം മാത്രമാണ്‌. സൗരോർജം, കാറ്റ്, ജലവൈദ്യുതി എന്നിവയുടെ ശേഷി ഏകദേശം 150 ജിഗാ വാട്ടാണ്. ഫോസിലിതര ഇന്ധനങ്ങളിൽ 500 ജിഗാ വാട്ട് ശേഷി സൃഷ്ടിക്കുകയെന്ന ലക്ഷ്യം ഇന്നത്തെ സ്ഥിതിയിൽ കൈവരിക്കാനാകില്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുമെന്നു പറയുമ്പോൾ തന്നെ ഊർജമേഖലയിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ ഉൽപ്പാദനം 50 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. 2019-ൽ പ്രതിവർഷം 730 ദശലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം 2024-ൽ 1149 ദശലക്ഷം ടണ്ണായി ഉയർത്തുകയാണ്‌ ലക്ഷ്യം. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വൻതോതിൽ കാർബൺ പുറന്തള്ളുന്നതിനു കാരണമാകുന്നുണ്ട്‌. രാജ്യത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിൽ 72 ശതമാനവും താപവൈദ്യുതി നിലയങ്ങളിൽനിന്നാണ്‌. ഗ്ലാസ്‌ഗോവ്‌ ഉച്ചകോടിവരെ ഇന്ത്യ അതിന്റെ നെറ്റ്- സീറോ കാർബൺ എമീഷൻ തീയതി പ്രഖ്യാപിച്ചിരുന്നില്ല. 2070ഓടെ ഇത്‌ കൈവരിക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ വികസ്വര രാജ്യങ്ങളിലേക്ക് ഒരു ലക്ഷം കോടി ഡോളർ സമാഹരിക്കാൻ സമ്പന്ന രാജ്യങ്ങളോട് മോദി ആഹ്വാനവും നടത്തി.

ഉച്ചകോടിയുടെ പ്രതീക്ഷകൾ
പാരീസ്‌ ഉടമ്പടിപ്രകാരമുള്ള ഇടക്കാല ലക്ഷ്യം കൈവരിക്കാൻ ഓരോ അംഗ രാജ്യങ്ങളും ഇതുവരെ എന്തുചെയ്‌തു, ഇനി എന്തു ചെയ്യുമെന്നാണ്‌ ഗ്ലാസ്‌ഗോവ്‌ ഉച്ചകോടി ചർച്ച ചെയ്യുന്നത്‌. ആഗോളതാപനം കുറയ്‌ക്കുന്നതിനുള്ള ചില പ്രഖ്യാപനമുണ്ടായി. മുഴുവൻ അംഗരാജ്യങ്ങളുടെയും പിന്തുണ ഇതിനു ലഭിച്ചിട്ടില്ല. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വനനശീകരണം തടഞ്ഞ്‌ വനം തിരിച്ചെടുക്കുമെന്ന്‌ നൂറോളം രാജ്യം പ്രഖ്യാപിച്ചു. ലോകത്തിലെ 85 ശതമാനം വനമേഖല ഉൾക്കൊള്ളുന്ന റഷ്യ, അമേരിക്ക, ക്യാനഡ, ബ്രസീൽ, കോംഗോ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയെ പിന്തുണച്ചു. വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, കാർബൺ ഡൈ ഓക്സൈഡിന്റെ ഏകദേശം 30 ശതമാനം വനങ്ങൾ ആഗിരണം ചെയ്യുന്നു. വനങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവർതന്നെ മരങ്ങൾ വീഴുന്നതിന് വൻതോതിലുള്ള വാണിജ്യ പ്രോത്സാഹനവും നൽകുന്നു. ബ്രസീലിലെ പ്രസിഡന്റ് ബോൾസനാരോയുടെ തീവ്ര വലതുപക്ഷ സർക്കാരിനു കീഴിൽ, ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടായ ആമസോണിൽ അനധികൃത മരംവെട്ട്‌ വ്യാപകമായിരിക്കയാണ്‌.

2020ലെ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2030 ഓടെ കാലാവസ്ഥാ താപനം വർധിപ്പിക്കുന്ന വാതകമായ മീഥേൻ പുറന്തള്ളൽ 30 ശതമാനം കുറയ്‌ക്കാൻ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിൽ 100 ​​രാജ്യം ധാരണയിലെത്തി. ഏറ്റവും വലിയ ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്‌സൈഡിനേക്കാൾ അന്തരീക്ഷത്തിൽ മീഥേനിന് ആയുസ്സ് കുറവാണ്. പക്ഷേ, ഗ്രഹത്തെ ചൂടാക്കാനുള്ള ശേഷി 80 മടങ്ങ് കൂടുതലാണ്. അതായത് ഫോസിൽ ഇന്ധനവ്യവസായത്തിൽനിന്നും കൃഷിയിൽനിന്നുമുള്ള മീഥേൻ പുറന്തള്ളൽ വേഗത്തിൽ കുറയ്ക്കുന്നത് ആഗോളതാപനത്തിൽ വലിയ സ്വാധീനം ചെലുത്തും. എന്നാൽ, വൻകിട മീഥേൻ പുറന്തള്ളുന്ന റഷ്യയും ചൈനയും ഇന്ത്യയും ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്തിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top