24 April Wednesday

സഹകരണത്തിൽ വർഗീയവിത്തിടുമ്പോൾ

എം കെ കണ്ണൻUpdated: Tuesday Aug 3, 2021

സഹകരണസംഘങ്ങളെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരാണ്. 2011 ഡിസംബർ 22ന് ലോക്‌സഭയും ഡിസംബർ 28ന് രാജ്യസഭയും ഈ ബിൽ പാസാക്കി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാം പട്ടികയിൽ ഉൾപ്പെട്ട, സംസ്ഥാനത്തിനുമാത്രം നിയമനിർമാണാധികാരമുള്ള വിഷയമാണ് സഹകരണം. അതിനാൽ, ഈ വിഷയത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കാണിച്ചാണ് ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി വരുന്നത്. അന്ന് കോടതിയിൽ ബിജെപിയുടെ ഗുജറാത്ത് സർക്കാരും യുപിഎയുടെ കേന്ദ്ര സർക്കാരും ഒരേനിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ്- –-ബിജെപി പാർടികൾക്ക് കോർപറേറ്റ് താൽപ്പര്യങ്ങളിൽ മാത്രമല്ല, കോ–-ഓപ്പറേറ്റീവ് താൽപ്പര്യത്തിലും ഐക്യമുണ്ടായിരുന്നു എന്നർഥം.

ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചു. സഹകരണം സംസ്ഥാനവിഷയമാണെന്നും അതിൽ കൈകടത്തരുതെന്നും സുപ്രീംകോടതിയും ആവർത്തിച്ചു. പക്ഷേ, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കാര്യത്തിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്രസർക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി വിധിച്ചു. അതിനാൽ, പാർട്ട് 9- ബി റദ്ദാക്കിയില്ല. പകരം, അത് സംസ്ഥാനങ്ങൾക്ക് ബാധകമാകില്ലെന്നുമാത്രം.

ഭരണഘടനാ ഭേദഗതിയുടെ ജുഡീഷ്യൽ പരിശോധനയുടെ കാര്യങ്ങളാണിത്. ഇനി ഇതിന്റെ രാഷ്ട്രീയവും അതിന്റെ പ്രയോഗവും കേരളത്തിലടക്കമുണ്ടാക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയമെന്നത് വർഗീയവിത്തിടാനുള്ള കേന്ദ്രമാണെന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വർഗീയതയാണ് അവരുടെ പ്രത്യയശാസ്ത്രം. മനുഷ്യത്വവും മാനവികതയും തകർക്കുമ്പോഴാണ് വർഗീയവിത്തിന് വേരിറക്കാനാകുക. വർഷങ്ങളായി ശ്രമിച്ചിട്ടും കേരളത്തിൽ അതിന് കഴിയാതെപോയത്, ഈ മണ്ണിൽ അലിഞ്ഞുചേർന്നിരിക്കുന്ന ജനാധിപത്യബോധവും മതനിരപേക്ഷമൂല്യവുംകൊണ്ടാണ്. സഹകരണ സംഘങ്ങളെന്നത്, ചൂഷണമില്ലാത്തതും വർഗ, വർണ, ജാതി, മത വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിച്ച് പരസ്പരാശ്രിത സാമ്പത്തികവ്യവസ്ഥ സൃഷ്ടിക്കുന്നതുമായ പ്രസ്ഥാനമാണ്‌. അതിനെ തകർക്കാനുള്ള സഹകരണ പരീക്ഷണമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. "ഹിന്ദുവിന്റെ പണം ഹിന്ദുബാങ്കുകളിൽ' എന്ന വിഷമുദ്രാവാക്യം ബിജെപി സാധാരണക്കാരന്റെ മനസ്സിലേക്ക് കുത്തിയിറക്കുന്നത് ഇതിനുവേണ്ടിയാണ്. ഹിന്ദുബാങ്ക് എന്നത് നിയമപരമായ ഒരാശയമല്ല. അത്തരം ബാങ്ക് രൂപീകരിക്കാൻ നിയമവ്യവസ്ഥയുമില്ല. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ധനസ്ഥാപനങ്ങൾ "ഹിന്ദുബാങ്കു'കളായി അവതരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ പ്രചാരണരൂപമാണിത്. നിധി കമ്പനികളെ ഹിന്ദുബാങ്കുകളാക്കി അവതരിപ്പിച്ച് സഹകരണമേഖലയുടെ ജനകീയതയ്ക്കും കെട്ടുറപ്പിനും ഭീഷണി - ഉയർത്തുകയെന്നതായിരുന്നു ആദ്യഘട്ടം. എന്നാൽ, നിധി കമ്പനികൾക്ക് കേരളത്തിൽ ഒരിക്കലും സഹകരണസംഘങ്ങളുടെ വിശ്വാസ്യത ലഭിക്കില്ലെന്ന തിരിച്ചറിവ് ബിജെപിക്ക് വന്നിട്ടുണ്ട്. ഇനി സഹകരണ മേഖലയിൽത്തന്നെ വർഗീയവിത്തിറക്കുകയെന്നതാണ് ലക്ഷ്യം.

ഇതിനായി മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ തുടങ്ങും. മറ്റ് ജാതി–--മത സംഘങ്ങൾക്കും ഇത്തരം മൾട്ടി സഹകരണ സംഘങ്ങൾ തുടങ്ങാൻ സഹായം നൽകും. ഈ സംഘങ്ങളെക്കൂടി ബിജെപിയോട് അടുപ്പിച്ചുനിർത്താനാകുമെന്നാണ്‌ കണക്കുകൂട്ടൽ. കേരളത്തിൽ സഹകരണ വായ്പാമേഖലയ്ക്ക് ഒരു ഘടനയുണ്ട്. കേരളബാങ്ക് അടക്കമുള്ള ഓരോ വായ്പാ സഹകരണ സംഘത്തിനും പ്രവർത്തനപരിധിയും നിശ്ചയിച്ചിട്ടുണ്ട്. പ്രവർത്തനത്തിൽ പരസ്പരം പോരടിച്ച് അനാരോഗ്യ സാമ്പത്തികരീതി സൃഷ്ടിക്കരുത് എന്നതിന്റെ അടിസ്ഥാനത്തിലാണിത്. ആ ഘടന തകർക്കാനാണ് അതിനിടയിലേക്ക് മൾട്ടി സ്റ്റേറ്റ് സഹകരണ വായ്പാ സംഘങ്ങൾ തിരുകിക്കയറ്റാൻ ബിജെപി ശ്രമിക്കുന്നത്. ഹിന്ദുവിന്റെ പണം ഹിന്ദുവിന് എന്ന വിഷവാചകം കുത്തിക്കയറ്റാനാണ്‌ ശ്രമം. ഇതുവരെ സംസ്ഥാനത്തിന്റെ എൻഒസി ലഭിച്ചാൽ മാത്രമാണ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ടായിരുന്നത്‌. ആ നിബന്ധന ഇനി മാറും. കേന്ദ്രസർക്കാരിന് നിയമനിർമാണവും മാനദണ്ഡങ്ങളും കൊണ്ടുവരാൻ അധികാരമുണ്ടെന്ന് ഭരണഘടനാ ഭേദഗതി തള്ളിക്കൊണ്ടുള്ള വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ സഹകരണമന്ത്രാലയം രൂപീകരിച്ച് അമിത് ഷാ അമരത്തിരുന്നത് കാഴ്ചക്കാരനാകാനല്ലെന്ന് ഉറപ്പാണ്. സഹകരണമേഖലയോട് ചേർന്നുനിൽക്കുന്ന കേരളത്തിലെ ജനങ്ങളെ കണ്ടാണ്. അവരിൽ ഭിന്നിപ്പിന്റെ വിത്തിട്ട് ബിജെപിക്ക് രാഷ്ട്രീയനേട്ടം കൊയ്യുകയാണ്‌ ലക്ഷ്യം.

(കേരള ബാങ്ക്‌ വൈസ്‌ പ്രസിഡന്റാണ്‌ 
ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top