25 April Thursday

അട്ടിമറിനീക്കം പ്രതിരോധിക്കും - സഹകരണമന്ത്രി വി എൻ വാസവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെതന്നെ ഭാഗമായ സംസ്ഥാന സഹകരണ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിന്‌ കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കിങ്‌ നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് അതു തടയപ്പെട്ടു.  നിലപാടിൽനിന്ന്‌ പിന്മാറില്ലെന്ന് വ്യക്തമാകുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്. കഴിഞ്ഞ 22ന് ആർബിഐ ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി. സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ആർബിഐ നൽകിയ നിർദേശങ്ങൾ വസ്തുതാവിരുദ്ധമായി വിശദീകരിക്കുന്നതാണ് വാർത്താക്കുറിപ്പ്.  ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമായേ ഇതിനെ കാണാൻ കഴിയൂ. 

ബാങ്ക്, ബാങ്കർ, ബാങ്കിങ്‌ എന്നീ പദങ്ങൾ ഉപയോഗിക്കരുതെന്ന പഴയ നിർദേശമാണ് വാർത്തയായി നൽകിയിരിക്കുന്നത്. നേരത്തേതന്നെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിൽനിന്ന്‌ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ വാർത്താക്കുറിപ്പിലും വോട്ടവകാശമുള്ള അംഗങ്ങൾക്കു മാത്രമേ നിക്ഷപ സൗകര്യം അനുവദിക്കാവൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങളിൽ സാധാരണ അംഗങ്ങളാണ് അധികവും.  കൂടുതൽ പേരും വായ്പകളെടുക്കുന്നതിനും പ്രതിമാസ നിക്ഷേപ പദ്ധതികളിൽ ചേരുന്നതിനും സ്വർണ പണയത്തിനുമായൊക്കെയായി എത്തുന്നവരാണ്. ഇവർക്ക് വോട്ടവകാശം ഒഴികെയുള്ള എല്ലാ സൗകര്യവും സംസ്ഥാന സഹകരണ നിയമം ഉറപ്പുനൽകുന്നു. അംഗങ്ങളിൽനിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങൾക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ നിയമപ്രകാരം അംഗങ്ങൾക്ക് അല്ലാതെ വായ്പ കൊടുക്കാനും നിക്ഷേപ സൗകര്യം നൽകാനുമാകില്ല.   ഈ സാഹചര്യത്തിൽ ആർബിഐയുടെ നിർദേശത്തിന്‌ പ്രസക്തിയില്ല.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് വ്യക്തമാകണമെങ്കിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ സംബന്ധിച്ച സർക്കുലർ പരിശോധിക്കണം. 2021 ജൂൺ 25ന് കേന്ദ്ര കൃഷി മന്ത്രാലയം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ അവരുടെ അംഗങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവ കൃഷി മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളിൽ ഉള്ളവയല്ലെന്നും  നിക്ഷേപകരും അംഗങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ നിക്ഷേപം നടത്തേണ്ടതാണെന്നും അവയ്‌ക്ക്‌ കേന്ദ്ര രജിസ്ട്രാറോ കൃഷിമന്ത്രാലയമോ ഗ്യാരന്റി നൽകുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്ന പരാമർശം നടത്തിയിട്ടേയില്ല. ഇപ്പോൾ റിസർവ് ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിലും അറിയിപ്പിലും മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെക്കുറിച്ച് പരാമർശമില്ല.


 

ബാങ്ക്, ബാങ്കർ, ബാങ്കിങ്‌ എന്നീ പദങ്ങൾ ഉപയോഗിക്കരുതെന്ന നിർദേശം വീണ്ടും ആർബിഐ നൽകുന്നുണ്ട്. ബാങ്ക് എന്ന പദം സഹകരണ സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പൂർണ അർഥത്തിലല്ല. ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും നടത്തുന്ന തരത്തിലുള്ള എല്ലാ ഇടപാടും സഹകരണ സംഘങ്ങൾ നടത്തുന്നില്ല.  ആറ് പതിറ്റാണ്ടായി ബാങ്ക് എന്ന പദം ഉപയോഗിക്കുകയും ചെക്ക് അടക്കമുള്ള സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നു. പൊടുന്നനെ അതില്ലാതാകുകയാണെങ്കിൽ ഉപയോക്താക്കൾക്കിടയിൽ വിരുദ്ധവികാരം സൃഷ്ടിക്കപ്പെട്ടേക്കാം. ഈ സാഹചര്യത്തിലാണ് ബാങ്ക് എന്ന പദം ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശത്തിനെതിരായ നിലപാട് സഹകരണ വകുപ്പ് സ്വീകരിക്കുന്നത്.

ആർബിഐ പത്രക്കുറിപ്പിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി  കോർപറേഷന്റെ (ഡിഐസിജിസി ) ഇൻഷുറൻസ് പരിരക്ഷ വേണമെന്ന്‌ നിർദേശിക്കുന്നു. എന്നാൽ, ഈ പരിരക്ഷ ബാങ്കുകൾക്കു മാത്രമാണ്. സഹകരണ സംഘങ്ങൾക്ക് ലഭിക്കില്ല. എന്നാൽ, സംഘങ്ങളിലും ബാങ്കുകളിലും അംഗങ്ങളുടെ നിക്ഷേപത്തിന് പ്രത്യേക പരിരക്ഷ നൽകുന്നുണ്ട്.  നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ ഗ്യാരന്റി ഉറപ്പുവരുത്തുകയും  ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

സുപ്രീംകോടതി  സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ അവകാശങ്ങൾ നോമിനൽ അംഗങ്ങൾക്കും ബാധകമാണെന്ന് വിധി പ്രസ്താവിച്ചിട്ടുണ്ട്. മാവിലായി സഹകരണ ബാങ്കും മറ്റുള്ളവരും ഇൻകം ടാക്‌സ് കമീഷന് എതിരായി ഫയൽ ചെയ്ത കേസുകളിൽ  ആർ പി  നരിമാൻ, നവീൽ സിൻഹ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും അംഗങ്ങളെക്കുറിച്ച്‌ വിശദമാക്കുന്നു. നോമിനൽ അംഗങ്ങൾക്ക് എ ക്ലാസ് അംഗങ്ങൾക്കു തുല്യമായ വായ്പയ്‌ക്ക്‌ അർഹതയുണ്ടെന്നും അവയെ കാർഷികവായ്പയായി കണക്കാക്കി ആദായ നികുതിയിളവ് നൽകാമെന്നും വിധിയിൽ വ്യക്തമാക്കുന്നു.  

ആദായ നികുതി നിയമത്തിലെ 194 എ, 194 എൻ ഭേദഗതികൾ സഹകരണ സംഘങ്ങളിൽ ഇടപെടുന്നതിനുവേണ്ടി മാത്രമുള്ളതാണ്. സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പരിധി നിശ്ചയിക്കുകയും പ്രവർത്തനങ്ങൾക്ക് നികുതി ഏർപ്പെടുത്തുകയും ചെയ്യുന്നതിനായി മാത്രമാണിത്‌.  സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത് സർവീസ് സഹകരണ സംഘങ്ങളായിട്ടാണ്. കാർഷിക മേഖലയിലും വിവിധ സംരംഭക മേഖലകളിലുമായി പ്രവർത്തിക്കുന്ന ഇത്തരം സഹകരണ സംഘങ്ങളെയാണ് ബാങ്കിങ്‌ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ വസ്തുതാ വിരുദ്ധമായി വ്യാഖ്യാനിച്ച്  അട്ടിമറിക്കാൻ ശ്രമിക്കുന്നത്.  

ചില വകുപ്പുകൾ വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനും പിൻവാതിലിലൂടെ സഹകരണ സംഘങ്ങളിൽ ഇടപെടൽ നടത്താനുമാണ്‌ കേന്ദ്ര ശ്രമം. നേരത്തേ അർബൻ ബാങ്കുകളിൽ ഇത്തരമൊരു ഇടപെടൽ നടത്തിയിരുന്നു.  ഭരണ സമിതികളുടെ ഘടന, കാലാവധി, അംഗങ്ങളുടെ യോഗ്യത, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനം, നിർബന്ധിത സംയോജനം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളുണ്ടാക്കുകയും  ഭരണസമിതികളെ പിരിച്ചുവിടാനുള്ള അധികാരംപോലും റിസർവ്‌ ബാങ്കിന്‌ നൽകുകയും ചെയ്തിട്ടുണ്ട്.  സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനുള്ള വ്യവസ്ഥ ഒഴിവാക്കി സിഎ ഓഡിറ്റ് നിർബന്ധമാക്കുകയും ചെയ്തു. ഇതിനുപുറമെ അർബൻ ബാങ്കുകളുടെ ഷെയറുകൾ ബാങ്കിങ്‌ കമ്പനി വ്യവസ്ഥപ്രകാരം പബ്ലിക് ഇഷ്യൂ ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്യുന്നതിനും  നിയമ ഭേദഗതിയിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി. സമാനമായ രീതിയിൽ മറ്റൊരു തരത്തിൽ സഹകരണ സംഘങ്ങളെയും സഹകരണ ബാങ്കുകളെയും അട്ടിമറിക്കാനുള്ള നീക്കമാണോ ഇപ്പോൾ നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുപ്രീംകോടതിയെ സമീപിക്കണമെന്നത് അടക്കമുള്ള നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. വാർത്താക്കുറിപ്പ് പുറത്തിറക്കിയതിനു പിന്നാലെ അതേ കാര്യങ്ങൾ ഉൾപ്പെടുത്തി റിസർവ് ബാങ്ക് പത്രപരസ്യവും നൽകിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ കാര്യങ്ങൾതന്നെയാണ് അതിലും ഉൾപ്പെടുത്തിയിരുന്നത്.   കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ സഹകരണ മേഖലയ്‌ക്കെതിരായ ഏതു കൈയേറ്റത്തെയും നേരിടാന്‍ കേരളം എന്നും മാതൃകയായിട്ടുണ്ട്.  പ്രതിരോധത്തിലൂടെ ഇതിനുമുമ്പും ജനവിരുദ്ധനയങ്ങളെ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതിജീവിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top