09 December Saturday

ഒറ്റുകാരുടെ തൂലിക

ജോർജ് ജോസഫ്Updated: Saturday Sep 30, 2023

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഹാലിളക്കം കണ്ടാൽ ലോകചരിത്രത്തിൽത്തന്നെ ആദ്യമായി ഒരു ധനസ്ഥാപനത്തിൽ ക്രമക്കേട് കണ്ടെത്തുന്നത് കരുവന്നൂർ സഹകരണ ബാങ്കിൽ ആണെന്ന് തോന്നും. ഗൂഗിളിൽ ഒന്ന് പരതിയാൽ ധനസ്ഥാപനങ്ങളുടെ തകർച്ചയുടെ ചരിതം ബിസി നാലാം നൂറ്റാണ്ടിൽനിന്ന് തുടങ്ങുന്നതായി കാണാം.  ഈ വർഷം മാർച്ചിൽ ഉണ്ടായ സിലിക്കൺവാലി ബാങ്ക് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി ബാങ്ക് തകർച്ചകൾ ചരിത്രത്തിൽ സംഭവിച്ചതായി കാണാം. കേരളത്തിൽ ആദ്യമായി തുടങ്ങിയ നെടുങ്ങാടി ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളും ഇന്നില്ല. 1960ൽ ഉണ്ടായ പാലാ സെൻട്രൽ ബാങ്കിന്റെ തകർച്ച കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെതന്നെ ഒരു ഏടാണ്. ഇത്തരത്തിൽ  സംഭവിച്ച ധനസ്ഥാപനങ്ങളുടെ തകർച്ച, ഒട്ടേറെ വ്യക്തികളെയും കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നടന്ന ക്രമക്കേടുകളെ ന്യായീകരിക്കുകയെന്ന ലക്ഷ്യം ഈ ലേഖനത്തിനില്ല. അതിന് ഉത്തരവാദികളായവരെ കർക്കശമായ നിയമനടപടികൾക്ക് വിധേയമാക്കണം എന്നുതന്നെയാണ് അഭിപ്രായം. കാരണം, ധനസ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന സമീപനങ്ങൾ സമൂഹത്തിനെതിരായ കൊടിയ പാതകംതന്നെയാണ്. 

എന്നാൽ, അന്വേഷണമെന്ന പേരിൽ ഇപ്പോൾ നടക്കുന്ന പ്രഹസനവും അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സഹകരണമേഖല മൊത്തം തകർന്നുവെന്നും നിക്ഷേപകരെല്ലാം നിക്ഷേപം പിൻവലിച്ച് തടി രക്ഷപ്പെടുത്തിക്കോ എന്ന മട്ടിലുള്ള പ്രചാരണം ഗൂഢ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. വ്യക്തമായ ഒരു അജൻഡ ഇതിനു പിന്നിലുണ്ട്. അതിന്റെ പെട്ടിപ്പാട്ടുകാരായാണ് കേരളത്തിലെ മിക്കവാറും മാധ്യമങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയുടെ പ്രത്യേകിച്ച് ഗ്രാമീണ, കാർഷിക മേഖലയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ തകർക്കുക എന്നതു തന്നെയാണ് ഇതിനു പിന്നിലെ ലക്ഷ്യം. കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്നതിനുള്ള ശ്രമങ്ങൾ 2014ൽ മോദി അധികാരത്തിൽ വന്നതുമുതൽ തുടക്കംകുറിച്ചതാണ്. കേരളത്തിലെ സഹകരണമേഖല തകർന്നാൽ അതുകൊണ്ട് കോർപറേറ്റ്, മൂലധന ശക്തികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ പരിശോധിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും.

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന വായ്പാ വിപണി പൊളിച്ചടുക്കി അത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ സ്വകാര്യമേഖലയുടെ വരുതിയിൽ കൊണ്ടുവരിക എന്നത് കോർപറേറ്റ്, മൂലധന ശക്തികളുടെ ചിരകാലമായുള്ള അഭിലാഷമാണ്. കൊടുവാൾ പലിശക്കാരായ ഇത്തരം ഫിനാൻസ് സ്ഥാപനങ്ങളെ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാതെ തടയുന്നത് സഹകരണ സ്ഥാപനങ്ങളാണ്.

ഗ്രാമീണമേഖലയിൽ ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കിങ് സ്ഥാപനങ്ങൾ വായ്പാ വിപണിയുടെ വലിയൊരു പങ്ക് കൈയാളുന്നുണ്ട്.  സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള രണ്ടായിരത്തിൽപ്പരം സഹകരണ ബാങ്കിങ് സ്ഥാപനങ്ങളും പതിനായിരത്തിലേറെ വരുന്ന ഇതര സഹകരണ സ്ഥാപനങ്ങളും വഴി കേരളത്തിലെ ജനങ്ങൾ 110 വർഷത്തോളമായി അവരുടെ വായ്പ ആവശ്യങ്ങളുടെ മുഖ്യപങ്ക് നിർവഹിച്ചു പോരുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ വായ്പാ വിപണി. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അസംഘടിത മേഖലയിലെ ബ്ലേഡ് മാഫിയകളെയും സംഘടിത സ്വകാര്യ മേഖലയിലെ കഴുത്തറപ്പൻ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വരുമ്പോൾ ഇവിടെ സ്ഥിതി അതല്ല. അതുകൊണ്ട്, കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന വായ്പാ വിപണി പൊളിച്ചടുക്കി അത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ സ്വകാര്യമേഖലയുടെ വരുതിയിൽ കൊണ്ടുവരിക എന്നത് കോർപറേറ്റ്, മൂലധന ശക്തികളുടെ ചിരകാലമായുള്ള അഭിലാഷമാണ്. കൊടുവാൾ പലിശക്കാരായ ഇത്തരം ഫിനാൻസ് സ്ഥാപനങ്ങളെ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാതെ തടയുന്നത് സഹകരണ സ്ഥാപനങ്ങളാണ്.

കേരളത്തിലെ സ്വർണവായ്പ ബിസിനസും മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമാണ്. സഹകരണ ബാങ്കിങ് സ്ഥാപനങ്ങൾ ഈ രംഗത്ത് വളരെ സജീവമാണ്. അതുകൊണ്ട് സംഘടിത, അസംഘടിത മേഖലകളിലുള്ള സ്വകാര്യ സ്വർണപ്പണയ സ്ഥാപനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഉയർന്ന വിപണി വിഹിതം കേരളത്തിലില്ല. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സ്വർണവായ്പാ സ്ഥാപനങ്ങൾ കേരളം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾ എന്നും പരാതിപ്പെടുന്ന ഒരു കാര്യം തങ്ങളുടെ മൊത്തം ബിസിനസിന്റെ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിൽനിന്ന് ലഭിക്കുന്നത് എന്നാണ്. അതായത് ഇവരുടെ കൊടുവാൾ ബിസിനസിൽനിന്ന്‌ കേരളത്തെ സംരക്ഷിക്കുന്നതിൽ സഹകരണമേഖല വലിയൊരു പങ്കുവഹിക്കുന്നു എന്നർഥം.

കേന്ദ്ര സർക്കാർതലത്തിലും സഹകരണമേഖലയെ തകർക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാണ്. പുതിയ നിയമനിർമാണങ്ങൾ വഴിയായും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ വഴി വരിഞ്ഞു മുറുക്കിയും ഈ മേഖലയെ തകർക്കുന്നതിനുള്ള നീക്കങ്ങൾ അടുത്തകാലത്തായി കൂടുതൽ ശക്തമാണ്. സംസ്ഥാനത്തെ സഹകരണമേഖലയിലുള്ള രണ്ടു ലക്ഷത്തോളം കോടി രൂപയുടെ നിക്ഷേപത്തിലാണ് കോർപറേറ്റ് മേഖലയുടെ കണ്ണ്. സഹകരണ സ്ഥാപനങ്ങൾ തകരുന്നതായാൽ ഈ നിക്ഷേപങ്ങൾ വാണിജ്യ ബാങ്കുകളിലേക്കും മ്യൂച്വൽ ഫണ്ടുകൾപോലുള്ള ഇതര നിക്ഷേപ മാർഗങ്ങളിലേക്കും  ഒഴുകുമെന്ന് അവർക്ക് നന്നായി അറിയാം. അവിടെനിന്ന്‌ കോടികളുടെ ഫണ്ട് വായ്പയുടെ രൂപത്തിൽ അടിച്ചു മാറ്റുക കോർപറേറ്റ്, മൂലധന ശക്തികൾക്ക് വളരെ എളുപ്പവുമാണ്. ഇവരെ സഹായിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് സഹകരണമേഖലയിലെ കേന്ദ്ര സർക്കാരിന്റെ സമീപകാല ഇടപെടലുകളെന്ന് കാണാം.

സംസ്ഥാനത്തെ സഹകരണമേഖലയിൽ ഒന്നും ശരിയല്ല, എല്ലാവരും കള്ളന്മാരാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ സ്വന്തം സ്ഥാപനത്തിനകത്തേക്ക് ഒന്നു നോക്കുന്നത് നന്നായിരിക്കും. നല്ല നിലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സഹകരണസംഘങ്ങൾ പല പ്രമുഖ മാധ്യമസ്ഥാപനങ്ങളിലുമുണ്ട്. അവ നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പ ഇടപാടുകൾ നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാവരും കള്ളന്മാരാണെന്ന് പറയുമ്പോൾ തങ്ങൾ നിയന്ത്രിക്കുന്ന,  ഇടപാടുകൾ നടത്തുന്ന ഈ സ്ഥാപനങ്ങളെക്കൂടി കള്ളനാണയങ്ങളുടെ കൂട്ടത്തിൽ പെടുത്തുകയല്ലേ ചെയ്യുന്നത്. കേരളത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം ഇന്നത്തെ നിലയിൽ കരുപ്പിടിപ്പിക്കുന്നതിൽ അവ വഹിച്ചിട്ടുള്ള പങ്ക് അത്ര എളുപ്പത്തിൽ ആർക്കും നിഷേധിക്കാൻ കഴിയില്ല. അതിനെ പൊളിച്ചടുക്കി, പൊതുവെ ഉയർന്ന സാമ്പത്തിക സാക്ഷരത പുലർത്തുന്ന കേരളത്തിലെ ധന ബിസിനസ് കൈയടക്കുന്നതിനുള്ള സ്വകാര്യ ധന ബിസിനസ് ശക്തികളുടെ നിഗൂഢമായ അജൻഡ ഇഡി പുറത്തുവിടുന്ന റിപ്പോർട്ടുകൾക്കും മാധ്യമങ്ങളുടെ പ്രചാരണത്തിനും പിന്നിലുണ്ട്. സ്വകാര്യ ഗോൾഡ് ലോൺ  ബിസിനസ് ലോബിക്കു വേണ്ടിയാണ് ഈ ശ്രമങ്ങൾ എന്നത് കരതലാമലകംപോലെ വ്യക്തവുമാണ്. കേരളത്തിന്റെ ഒറ്റുകാരെന്ന് ചരിത്രം ഇവരെ വിശേഷിപ്പിക്കാതിരിക്കട്ടെ എന്നുമാത്രം പ്രതീക്ഷിക്കാം.

(മുതിർന്ന സാമ്പത്തികകാര്യ മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top