20 April Saturday

കേരളത്തിന്റെ കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കേരളീയ മനസ്സുകളിലെ മായാത്ത മുദ്രയാണ് സഹകരണപ്രസ്ഥാനം. ഒരു നൂറ്റാണ്ടിന്റെ മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ പ്രസ്ഥാനം ജനമനസ്സുകളിൽ സ്വാധീനമുറപ്പിച്ചത്. വിപുലവും വിശാലവുമാണ് കേരളത്തിലെ സഹകരണമേഖല. അത് കടന്നുചെല്ലാത്ത ഇടങ്ങളോ മേഖലകളോ ഇല്ല. അതിന്റെ ഗുണഭോക്താക്കളാകാത്ത ഒരു കേരളീയനും ഉണ്ടാകില്ല. കേരളം സൃഷ്ടിച്ച ഓരോ വികസനമാതൃകയ്ക്കു പിന്നിലും ഈ പ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്.  വികസനപ്രക്രിയയിൽ അവ നൽകുന്ന സംഭാവന അന്തർദേശീയതലത്തിൽവരെ പ്രശംസ പിടിച്ചുപറ്റി. വളരെയധികം ജനകീയ ഇടപെടലുകൾ നടത്തുന്ന  സഹകരണപ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ  കുറെക്കാലമായി തുടർച്ചയായ നീക്കങ്ങളാണ് ഉണ്ടാകുന്നത്. അതിൽ അവസാനത്തേതാണ് കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ മറയാക്കി സ്ഥാപിത താൽപ്പര്യക്കാരും ചില മാധ്യമങ്ങളും ചേർന്നുള്ള അപവാദപ്രചാരണം. ഒരു ക്രമക്കേടിനെ സാമാന്യവൽക്കരിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്‌ക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിത്. ഒറ്റപ്പെട്ട ക്രമക്കേടുകളെ പർവതീകരിച്ച് ഈ പ്രസ്ഥാനം ആർജിച്ച വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമം തിരിച്ചറിയേണ്ടതുണ്ട്.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ

കരുവന്നൂർ സഹകരണബാങ്കിലുണ്ടായ സംഭവം ഈ മേഖലയിലെ ഏറ്റവും മോശപ്പെട്ട പ്രവർത്തനംതന്നെയാണ്. അവിടെ നടന്ന അഴിമതിയും ക്രമക്കേടുകളും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെയാണ് ആ സംഭവവികാസങ്ങളെ സർക്കാർ നേരിട്ടത്.  നിഷ്പക്ഷമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ഭരണസമിതി പിരിച്ചുവിട്ടു. ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ് എടുത്തു. കുറ്റക്കാരുടെ വസ്തുവകകൾ കണ്ടെടുക്കാൻ നടപടി തുടങ്ങി. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തുക നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പുനൽകി. നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിത്തുടങ്ങി. 42.76 കോടി ഇതിനകംതന്നെ ഇടപാടുകാർക്ക് തിരികെ നൽകി.

ഇത്തരം പ്രവണതകൾ തുടച്ചു മാറ്റുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. സഹകരണ ഓഡിറ്റിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് വരുത്തിയത്. ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽനിന്ന്‌ ഒരു ഉദ്യോഗസ്ഥയെ ഡെപ്യൂട്ടേഷനിൽ ഓഡിറ്റ് ഡയറക്ടറുടെ ചുമതല നൽകി നിയമിച്ച് ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തി. സംഘങ്ങളിൽ ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവന്നു. സഹകരണമേഖലയിൽ സമഗ്രനിയമ ഭേദഗതി കൊണ്ടുവരുന്നു. അതിന്റെ കരട് ബിൽ തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പട്ടികയിലാക്കി പൊലീസ് കേസ് എടുക്കുന്നു എന്നതുൾപ്പെടെയുള്ള കർക്കശമായ നിയമവ്യവസ്ഥകൾക്കാണ് രൂപം നൽകിയിരിക്കുന്നത്. നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റംവരുത്തി.

കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിൽ അംഗത്വമുള്ള സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കുള്ള പരിരക്ഷ രണ്ട്‌ ലക്ഷം രൂപയിൽനിന്ന്‌ അഞ്ച്‌ ലക്ഷം രൂപയായി വർധിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കരുവന്നൂർ  ബാങ്ക് പതുക്കെപ്പതുക്കെ സാധാരണ നിലയിലേക്കു വന്നുതുടങ്ങി. ഈ ഘട്ടത്തിലാണ്  ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ഒരു രൂപയും മടക്കിക്കൊടുത്തില്ലെന്ന്‌ ധ്വനിപ്പിക്കുന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇത് വസ്തുതാപരമല്ല എന്നുമാത്രമല്ല, ഏറെ തെറ്റിദ്ധാരണ പരത്തുന്നതുമാണ്.  

അന്വേഷണ റിപ്പോർട്ട്‌ പ്രകാരം കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക്‌ 104 കോടി രൂപയാണ്‌ മടക്കി നൽകാനുള്ളത്‌. കൂടാതെ നിക്ഷേപത്തിനുള്ള പലിശയും. 104 കോടിയിൽ  42.76 കോടി മടക്കി നൽകി. ബാക്കി തുക നൽകുന്നതിന്‌ പാക്കേജും തയാറാക്കി. നൂറിലധികം സംഘങ്ങളെ ചേർത്ത് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി ഒരു കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാൽ, റിസർവ് ബാങ്ക് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കാൻ അനുമതി നൽകിയില്ല.  ഈ ഘട്ടത്തിൽ ആലോചിച്ച ബദൽമാർഗമാണ് കേരളബാങ്കിൽനിന്ന്‌ സ്പെഷ്യൽ ഒഡിയും റിസ്ക് ഫണ്ടിന്റെ സഹായത്തോടെ ബാക്കി തുക നൽകുന്ന പാക്കേജും.  അതിന്റെ നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും. അതോടുകൂടി നിക്ഷേപകരിൽ ഇന്ന് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടും.

സഹകരണ ബാങ്കുകളിൽ ഉണ്ടായതിലും വലിയ തട്ടിപ്പുകൾ ദേശസാൽകൃത വാണിജ്യ ബാങ്കുകളിലും ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ചർച്ച ചെയ്യപ്പെടുന്നത്‌ സഹകരണ സ്ഥാപനങ്ങളിലേതാണ്. അതിനുകാരണം അതതു പ്രദേശത്തെ സാധാരണക്കാരുടെ പണമാണ് ഈ സ്ഥാപനങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് എന്നതാണ്. അതുകൊണ്ടുതന്നെയാണ്‌ ഈ സ്ഥാപനങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ ഗൗരവത്തോടെ വകുപ്പ് സമീപിക്കുന്നത്. അതുതന്നെയാണ് കരുവന്നൂരിന്റെ കാര്യത്തിലും കൈക്കൊണ്ടത്.

വൈവിധ്യമാർന്ന സഹകരണ സംഘങ്ങളുടെ നാടാണ് കേരളം. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട 16,112 സഹകരണസംഘം പ്രവർത്തിക്കുന്നു. ഇതിനുപുറമെ കയർ, ക്ഷീരം, മത്സ്യം, കൈത്തറി തുടങ്ങി ഇതരമേഖലകളിലെ ഏഴായിരത്തിലധികം സംഘങ്ങളുമുണ്ട്‌. ഇവയിൽ സഹകരണവായ്പാ മേഖലയാണ് ഒരുപടി മുന്നിൽ നിൽക്കുന്നത്. പ്രാദേശിക സമൂഹവുമായി നിരന്തരം ബന്ധം പുലർത്തുന്ന ധനസ്ഥാപനങ്ങളാണിവ. ഹ്രസ്വകാല, ഇടത്തരം, ദീർഘകാല വായ്പാവിതരണത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നു. ദരിദ്രരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ  ഏറ്റവും ഫലപ്രദമായത് സഹകരണബാങ്കുകളാണെന്ന് റിസർവ് ബാങ്ക് പഠനംതന്നെ സൂചിപ്പിക്കുന്നു.  

കേരളബാങ്ക് ശാഖകൾ, അർബൻ, എംപ്ലോയീസ്, കാർഷിക ഗ്രാമ വികസന ബാങ്കുകൾ, റൂറൽ ബാങ്കുകൾ എന്നിവയും  ബ്രാഞ്ചുകൾ ഉൾപ്പെടെ 7000 കേന്ദ്രം കേരളത്തിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി സഹകരണമേഖല പ്രവർത്തിക്കുന്നു എന്ന് പറയുന്നത്.  യൂണിവേഴ്സൽ ബാങ്കിങ്‌ എന്ന ആശയം ഇനിയും പൂർണമായി ഇന്ത്യയിൽ നടപ്പാക്കാനായിട്ടില്ല. അതേസമയം, കേരളം ഈ രംഗത്ത് മാതൃകയാണ്.

വായ്പാ മേഖലയിൽത്തന്നെ പാക്സ് എന്നറിയപ്പെടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണ് മുന്നിൽ. സാമ്പത്തിക സുസ്ഥിരതയുടെ പര്യായമാണ് ഈ കാർഷിക വായ്പാ സഹകരണ സംഘങ്ങൾ. ഇന്ത്യയിൽ  ആകെ പാക്‌സുകളുടെ എണ്ണം 97,961. അതിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് 64,483. കേരളത്തിലാണെങ്കിൽ ആകെ 1644 എണ്ണമാണ്. അതായത്, ഇന്ത്യയിലെ മൊത്തം പാക്‌സുകളുടെ ഏകദേശം ആറ്‌ ശതമാനം. ഇവിടെയാണ് ഇന്ത്യയിലെ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനം എന്നത് ഈ മേഖലയുടെ വിശ്വാസ്യതയുടെ ഏറ്റവും വലിയ തെളിവാണ്. ഇതിനുപുറമെ നോൺബാങ്കിങ്‌ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് മാതൃകയാണിവ. പതിനഞ്ചിലധികം ബാങ്കിങ്‌ ഇതര പ്രവർത്തനങ്ങളിൽ വളരെ സജീവമാണ് കേരളത്തിലെ പാക്‌സ്‌ എന്നു കാണാം. വായ്പക്കാർക്ക് പരിരക്ഷയും നൽകുന്നു.  ഇത് കേരളത്തിലെ സഹകരണവായ്പാ മേഖലയുടെമാത്രം പ്രത്യേകതയാണ്. മെമ്പർ റിലീഫ് ഫണ്ട് പദ്ധതിയിൽ  22,254 പേർക്ക് 46.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വായ്‌പക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.


(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top