19 April Friday

മതനിരപേക്ഷത എന്ന അടിപ്പടവ് - സുനിൽ പി ഇളയിടം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

മറ്റെന്തിലുമുപരി മതനിരപേക്ഷതയാണ് ഇന്ത്യ എന്ന ആശയത്തിന്റെ അടിപ്പടവ്. ഇന്ത്യൻ ഭരണഘടനയുടെയും. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ ഡോ. അംബേദ്കർ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷതയുടെ അഭാവത്തിൽ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മറ്റെല്ലാ മൂല്യങ്ങളും നിരർഥകമായിത്തീരും. അത്രത്തോളം ആഴത്തിൽ, അത് നമ്മുടെ ഭരണഘടനയിൽ സന്നിഹിതമായിരിക്കുന്നു. ജീവശരീരത്തിൽ ശ്വാസവായുവെന്നപോലെ!

ഭരണഘടന ഹൈന്ദവവർഗീയവാദികളുടെ കണ്ണിലെ കരടായിത്തീർന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഭരണഘടനയുടെ മതനിരപേക്ഷഭാവത്തെ നിരാകരിക്കാൻ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അവർ ഒളിഞ്ഞും തെളിഞ്ഞും പണിപ്പെട്ടുപോന്നു. മതനിരപേക്ഷത ഭരണഘടനാ മൂല്യമല്ല എന്നു വാദിക്കാൻ ഹൈന്ദവ വർഗീയവാദികൾ കാലങ്ങളായി ഉന്നയിച്ചുവരുന്ന ഒരു വാദം ഭരണഘടനയുടെ ആമുഖത്തിൽ ആദ്യം മതനിരപേക്ഷത എന്ന വാക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. 1975 ൽ 42–-ാം ഭരണഘടനാഭേദഗതിയിലൂടെ ഇന്ദിര ഗാന്ധിയാണ് അത് ആമുഖത്തിൽ ഉൾപ്പെടുത്തിയതെന്നും പാശ്ചാത്യ ആശയമാണതെന്നും അവർ നിരന്തരം പ്രചരിപ്പിക്കുന്നു.

ഈ പ്രശ്നത്തിന്റെ കാതലിലേക്ക് കടക്കാൻ സഹായകമായ രണ്ടു കാര്യങ്ങൾ നമുക്കു മുന്നിലുണ്ട്. അതിൽ ആദ്യത്തേത് 1973ലെ കേശവാനന്ദഭാരതി കേസാണ്. 1975ലെ ഭേദഗതിക്കും മുമ്പാണ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് കേശവാനന്ദഭാരതി കേസിൽ വിധി പറഞ്ഞത്. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരിൽ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ലെന്ന ഖണ്ഡിതമായ വിധിയായിരുന്നു കോടതിയുടേത്. ഈ അടിസ്ഥാനഘടനയുടെ ഭാഗമാണ് മതനിരപേക്ഷതയെന്ന് സുപ്രീംകോടതി ഉറപ്പിച്ചു പറയുകയും ചെയ്തു. ബാബ്റിമസ്ജിദ് തകർത്തതിനെ തുടർന്ന് അതിന്‌ അനുകൂലമായി പ്രവർത്തിച്ച സംസ്ഥാനസർക്കാരുകളെ പിരിച്ചുവിട്ടത് കോടതി ശരിവച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

സ്വതന്ത്ര രാജ്യത്തിന്റെ മതനിരപേക്ഷത
ഭരണഘടനാ അസംബ്ലിചർച്ചകളിൽ സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നിരുന്നു എന്നതാണ് യാഥാർഥ്യം. രാഷ്ട്രം മതകാര്യങ്ങളിൽനിന്നു പൂർണമായും വിട്ടുനിൽക്കുക എന്ന അർഥത്തിലുള്ള മതനിരപേക്ഷസങ്കൽപ്പം ഇന്ത്യയിൽ പ്രായോഗികമല്ല എന്ന നിലപാടാണ് ഭരണഘടനാ അസംബ്ലി കൈക്കൊണ്ടത്. 565 നാട്ടുരാജ്യങ്ങളും 13 ബ്രിട്ടീഷ് പ്രവിശ്യകളും എട്ടുമതങ്ങളും എണ്ണമറ്റ ജാതികളും ഭാഷകളും വംശീയസമൂഹങ്ങളുമുള്ള ഇന്ത്യയിൽ ഭരണകൂടം മതകാര്യങ്ങളിൽ ഒരുനിലയ്ക്കും ഇടപെടില്ലെന്ന സ്ഥിതിവന്നാൽ അത് ന്യൂനപക്ഷങ്ങളുടെ ജനാധിപത്യാവകാശങ്ങളെ തന്നെ ഇല്ലാതാക്കാനിടയുണ്ട്. ഭരണഘടന അയിത്തം നിരോധിച്ചതും പാർലമെന്റ് ഹിന്ദുകോഡ്ബിൽ അംഗീകരിച്ചതും എല്ലാം മറിച്ചുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും മതവിശ്വാസമില്ലാത്തവർക്കും തുല്യമായ അവകാശാധികാരങ്ങൾ ഉള്ള രാഷ്ട്രമായി ഇന്ത്യ നിലനിൽക്കണമെങ്കിൽ കേവല മതനിരപേക്ഷതയ്ക്കുപകരം ക്രിയാത്മകമായ മതനിരപേക്ഷതാസങ്കൽപ്പം രാഷ്ട്രം ഉയർത്തിപ്പിടിക്കേണ്ടതായിരുന്നു. 1920കൾ വരെ പ്രബലമായിരുന്നതും ബാലഗംഗാധരതിലകനെപ്പോലുള്ളവർ നേതൃത്വം നൽകിയതുമായ മതാത്മകദേശീയതാ സങ്കൽപ്പത്തെ പുറന്തള്ളിക്കൊണ്ട്, ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന മതനിരപേക്ഷ ദേശീയഭാവനയാണ് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചത്. അതിന്റെ മൂല്യങ്ങളാണ് ഭരണഘടനയുടെ ആമുഖത്തിൽ പ്രകാശിക്കുന്നത്. ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ എന്ന വിഖ്യാതമായ പ്രാരംഭവാക്യത്തിനുപകരം ദൈവനാമത്തിൽ വേണം ഭരണഘടന ആരംഭിക്കേണ്ടത് എന്ന ഭേദഗതിയെ വോട്ടിനിട്ട് പരാജയപ്പെടുത്തിയാണ് ആമുഖത്തിന് അന്തിമമായ അംഗീകാരം നൽകിയത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ദൈവത്തിന്റേതോ മതത്തിന്റേതോ അല്ല, മറിച്ച് എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട ജനങ്ങളുടേതാണ് ഈ രാജ്യമെന്ന് ഭരണഘടന ആദ്യവാക്യത്തിൽ തന്നെ പ്രഖ്യാപിക്കുന്നു എന്നർഥം.


 

ക്രിയാത്മക മതനിരപേക്ഷത എന്ന സങ്കൽപ്പത്തിലേക്ക് ഭരണഘടനാ അസംബ്ലി എത്തിച്ചേർന്നത് മതനിരപേക്ഷതയെ കുറിച്ചുള്ള വ്യത്യസ്‌ത വീക്ഷണങ്ങളെ വിലയിരുത്തിക്കൊണ്ടാണ്. ഭരണഘടനാ അസംബ്ലിചർച്ചകളിൽ ഇതു സംബന്ധിച്ച് മൂന്നു വീക്ഷണങ്ങളെങ്കിലും പ്രതിഫലിക്കുന്നുണ്ട്. മതനിരപേക്ഷത എന്ന ആശയം അവതരിപ്പിച്ച ജോർജ്‌ ജേക്കബ്‌ ഹോളിയോക് അതിനു നൽകിയ ‘മതനിരപേക്ഷമായ ധാർമികത’ എന്ന ആശയമാണ് ആദ്യത്തേത്. പാശ്ചാത്യമായ മതനിരപേക്ഷതാ സങ്കൽപ്പത്തിന് അടിത്തറയൊരുക്കിയ ആശയമാണത്. ഇതിന്റെ മറുപുറത്ത് സാംസ്കാരിക ദേശീയത എന്ന ആശയത്തിന്റെ മറപറ്റി നിന്ന് മതരാഷ്ട്രവാദം ഉയർത്തിക്കൊണ്ടുവന്ന ഹൈന്ദവ വർഗീയനിലപാടും ഭരണഘടനാ അസംബ്ലിയിൽ പ്രതിഫലിക്കുകയുണ്ടായി. ഇതോടൊപ്പം ഗാന്ധിജി ‘സർവധർമസമഭാവന’ എന്ന് വിശേഷിപ്പിച്ച ഒരു മതത്തോടും വിവേചനമില്ലാതിരിക്കുക എന്ന കാഴ്‌ചപ്പാടും ഉയർന്നുവന്നു. മൂന്നാമത്തെ വീക്ഷണത്തെയാണ് ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. ഭരണഘടനയിൽ നിലീനമായ മതനിരപേക്ഷതയുടെ അടിസ്ഥാനവും മറ്റൊന്നല്ല.

ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മതനിരപേക്ഷതയിൽ അടിയുറച്ചതാണ് എന്ന വസ്‌തുതയ്ക്ക് പല ഭരണഘടനാ അനുച്ഛേദങ്ങളും തെളിവ് നൽകുന്നുണ്ട്. നിയമത്തിനു മുന്നിൽ രാജ്യത്തെ എല്ലാ മനുഷ്യരും തുല്യരാണെന്ന് പ്രഖ്യാപിക്കുന്ന 14–-ാം അനുച്ഛേദവും ജാതിയുടെയും മതത്തിന്റെയും പേരിൽ ഒരു വിവേചനവും പാടില്ല എന്നു പ്രഖ്യാപിക്കുന്ന 15–-ാം അനുച്ഛേദവും ഭരണഘടനയ്ക്ക് മതനിരപേക്ഷതയുടെ ബലിഷ്ഠമായ അടിസ്ഥാനം നൽകുന്നുണ്ട്. അതുപോലെതന്നെയാണ് എല്ലാ മതവിശ്വാസികൾക്കും അവരവരുടെ വിശ്വാസം പ്രഖ്യാപിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശം നൽകുന്ന 25–-ാം അനുച്ഛേദം. ഇതിനുപിന്നാലെ വരുന്ന 26–-ാം അനുച്ഛേദം വ്യത്യസ്ത മതവിഭാഗങ്ങൾക്ക് മതസ്ഥാപനങ്ങൾ നടത്തുന്നതിനും സ്വത്ത് സമാഹരിക്കുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും അവകാശം നൽകുന്നു. ഈ രണ്ട് അനുച്ഛേദങ്ങൾ ഭരണഘടനയുടെ അടിസ്ഥാനമായി വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഉറപ്പിച്ചുപറയുന്നവയാണെന്ന് 1962ൽ തന്നെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭരണഘടനാ അസംബ്ലിയുടെ ചരിത്രം
വാസ്തവത്തിൽ ചരിത്രത്തിലെ എത്രയോ പടവുകൾ പിന്നിട്ടാണ് ഇന്ത്യൻ ഭരണഘടന എന്ന ആശയം ഭരണഘടനാ അസംബ്ലിയിൽ എത്തുന്നത്. ഭരണഘടനാ നിർമാണശ്രമങ്ങളുടെ ചരിത്രം അതിന്റെ സുദീർഘസഞ്ചാരത്തെ നന്നായി വെളിപ്പെടുത്തുന്നുണ്ട്. 1895ലെ സ്വരാജ് ബിൽ, 1925ലെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ തയ്യാറാക്കിയ ഭരണഘടനാ രൂപരേഖ, 1927ൽ സൈമൺ കമീഷൻ ബഹിഷ്കരണവേളയിൽ തയ്യാറാക്കപ്പെട്ട നെഹ്റു റിപ്പോർട്ട്, 1935ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്, 1944ൽ എം എൻ റോയി തയ്യാറാക്കിയ കരട്, 1946ൽ നാരായൺ അഗർവാൾ തയ്യാറാക്കിയ ഗാന്ധിയൻ ഭരണഘടന എന്നിങ്ങനെ എത്രയോ മുൻകാല പടവുകൾ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയ്ക്കുണ്ട്.

പുതിയ രാഷ്ട്രത്തിന്റെ പേരിനെച്ചൊല്ലി ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളിൽ തന്നെ ദേശീയതാസങ്കൽപ്പത്തെ മതനിരപേക്ഷമായി ഉറപ്പിക്കുന്നതിന്റെ അടയാളങ്ങളുണ്ട്. ഭാരതം, ഹിന്ദുസ്ഥാൻ, ഭാരതവർഷം എന്നിങ്ങനെ പല പേരുകളും അന്ന് നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ, അംബേദ്കർ അവതരിപ്പിച്ച ‘ഇന്ത്യ അഥവാ ഭാരതം’ എന്ന പേരാണ് ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. മതപരമായ സൂചനകൾ ഉള്ളതും ഐതിഹ്യാത്മക പ്രകൃതമുള്ളതുമായ പേരുകൾക്കും പകരം ഭൂപ്രദേശപരമായി നിലവിൽ വന്നതും ചരിത്രപരിണാമങ്ങളിലൂടെ ഉറച്ചതുമായ ‘ഇന്ത്യ’ എന്ന പേരാണ് രാഷ്ട്രനാമമായി സ്വീകരിക്കപ്പെട്ടത്.

ഭരണഘടനയുടെ മൂലപ്രതി രൂപകൽപ്പനയിൽതന്നെ അതിൽ നിലീനമായ മതനിരപേക്ഷതയുടെ മുദ്രകൾ കാണാനാകും. കാലിഗ്രാഫിസ്റ്റായ പ്രേംബെഹാരി നാരായൺ റെയ്സാദയുടെ കൈപ്പടയിൽ തയ്യാറാക്കപ്പെട്ടതാണ് ഇപ്പോൾ പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന മൂലഗ്രന്ഥം. 1,17,369 വാക്കുള്ള ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിൽ ഒന്നാണ്. ദേശീയപ്രസ്ഥാനത്തിൽ പങ്കാളിയാകുകയും ഹരിപുര കോൺഗ്രസ്‌ സമ്മേളനത്തിനായി പോസ്റ്ററുകൾ വരയ്ക്കുകയും ചെയ്ത നന്ദലാൽ ബോസിന്റെ നേതൃത്വത്തിലാണ് ഭരണഘടനയുടെ പേജുകൾ ചിത്രപ്പണികളാൽ അലംകൃതമാക്കുകയും രേഖാചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തത്.

അശോകസ്തംഭശിൽപ്പത്തിന്റെയും ധർമചക്രത്തിന്റെയും ചിത്രത്തോടെയാണ് അതാരംഭിക്കുന്നത്. പിന്നാലെ ഭരണഘടനയുടെ പ്രഖ്യാതമായ ആമുഖം. ഒന്നാം ഭാഗത്ത് ഹാരപ്പൻ മുദ്രകളിലൊന്നിന്റെ രേഖാചിത്രമാണ് വരച്ചുചേർത്തത്. അറിയപ്പെട്ടിടത്തോളം ഇന്ത്യൻസംസ്കൃതിയുടെ ചരിത്രത്തിലെ ഏറ്റവും പഴയ മുദ്രയിൽനിന്ന് ഭരണഘടന ആരംഭിക്കുന്നു. പിന്നാലെയുള്ള ഭാഗങ്ങളിൽ വേദകാലത്തിന്റെയും മഹാഭാരത, രാമായണ കഥാസന്ദർഭങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി. അഞ്ചാം ഭാഗത്തിന്റെ തുടക്കത്തിൽ ബുദ്ധന്റെ ചിത്രവും പതിനാലാം ഭാഗത്തിന്റെ തുടക്കത്തിൽ അക്ബറുടെ സദസ്സിന്റെ രേഖാചിത്രവും കാണാം. പതിനാറാം ഭാഗത്തിന്റെ തുടക്കത്തിലുള്ള ചിത്രങ്ങളിലൊന്ന് ടിപ്പുസുൽത്താന്റേതാണ്. മറ്റൊന്ന് ഝാൻസിറാണിയുടേതും. ഇതിനു പിന്നാലെയാണ് നന്ദലാൽബോസ് വരച്ച ഗാന്ധിയുടെ പ്രസിദ്ധമായ രേഖാചിത്രം വരുന്നത്; പതിനേഴാം ഭാഗത്തിന്റെ തുടക്കത്തിൽ. ഇങ്ങനെ ഇന്ത്യയുടെ സംസ്കാരചരിത്രത്തിന്റെ പരിണാമഗതികളും അതിന്റെ ബഹുസ്വരതയും മതവൈവിധ്യവും സന്നിവേശിപ്പിക്കപ്പെട്ട നിലയിലാണ് ഭരണഘടനയുടെ മൂലപ്രതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

1946 ഡിസംബർ പതിനൊന്നിന്, പകൽ ഒരു മണി പിന്നിട്ടപ്പോൾ, ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദിനെ ആചാര്യ കൃപലാനിയും മൗലാനാം അബ്ദുൽകലാം ആസാദും ചേർന്ന് അധ്യക്ഷപദവിയിലേക്ക് ആനയിച്ചു. ഭരണഘടനാ അസംബ്ലി അംഗങ്ങൾ ഒരുമിച്ചുനിന്ന് മുദ്രാവാക്യം മുഴക്കി. ‘ഇൻക്വിലാബ് സിന്ദാബാദ്!’ ‘ജയ്ഹിന്ദ്!!’. 1921ലെ അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യപ്രമേയം ആദ്യമായി അവതരിപ്പിച്ച മൗലാനാ ഹസ്രത്ത് മൊഹാനി തയ്യാറാക്കിയ ‘ഇൻക്വിലാബ് സിന്ദാബാദ്!’ എന്ന മുദ്രാവാക്യവും സുഭാഷ്ചന്ദ്രബോസിന്റെ അഭ്യർഥന അനുസരിച്ച് സൈനുൾ അബ്ദീൻ ഹസ്സൻ തയ്യാറാക്കിയ ‘ജയ്ഹിന്ദ്!’ എന്ന മുദ്രാവാക്യവും പശ്ചാത്തലത്തിൽ മുഴങ്ങുമ്പോഴാണ് ഭരണഘടനാ അസംബ്ലി അധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദ് സ്ഥാനമേറ്റത്. ഇന്ത്യ എന്ന ഭാവിരാഷ്ട്രത്തിന്റെ സ്വഭാവനിർവചനം കൂടിയായിരുന്നു ആ സ്ഥാനാരോഹണം. ഇന്ത്യൻ മതനിരപേക്ഷതയുടെയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top