07 February Tuesday

ഭരണഘടനയുടെ വെളിച്ചം

എ എൻ ഷംസീർUpdated: Saturday Nov 26, 2022

ഇന്ന് ഭരണഘടനാ ദിനമാണ്. രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാകുന്നു. 1949 നവംബർ ഇരുപത്താറിന്‌ ആയിരുന്നു ഭരണഘടനാ നിർമാണസമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത്. ഇന്ത്യൻ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്.
ഇന്ത്യയുടെ ഭരണഘടന ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. സ്വാതന്ത്ര്യസമരകാലത്തു തന്നെ രാജ്യത്തിന് ഭരണഘടന വേണമെന്നും അതിനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ൽ എം എൻ റോയ് ആണ്. 1940ൽ ആഗസ്‌ത്‌ ഓഫർ എന്ന്‌ അറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാർ അംഗീകരിച്ചു.

അധികാരം കൈമാറുന്നതിനായി രൂപീകരിച്ച ക്യാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടനാ നിർമാണസഭ രൂപീകരിച്ചു. ഡോ. രാജേന്ദ്രപ്രസാദായിരുന്നു സഭയുടെ അധ്യക്ഷൻ. 1947 ആഗസ്‌ത്‌ 29നു ഭരണഘടനാ നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി ആർ അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്കർ,  1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭാ അധ്യക്ഷന് മുന്നിൽ ഭരണഘടന സമർപ്പിച്ചു. മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടു മാസം നൽകി. എല്ലാ നടപടിക്രമത്തിനുംശേഷം 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭയുടെ അംഗീകാരംനേടി. 1950 ജനുവരി 26നു ഭരണഘടന നിലവിൽവന്നു.

ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും അതിന്റെ ആമുഖത്തിൽത്തന്നെ ചുരുക്കി അവതരിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കാറ്. ജവാഹർലാൽ നെഹ്‌റുവാണ് ആമുഖത്തിന്റെ ശിൽപ്പി. 1946 ഡിസംബർ 13ന്‌ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് പിന്നീട് ആമുഖമായി മാറിയത്. 1976ലെ 42–-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ഇന്ന് അവ സംരക്ഷിക്കാനുള്ള യത്‌നത്തിലാണ് രാജ്യത്തെ ജനാധിപത്യവാദികൾ ഉള്ളത്.

ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ നിറഞ്ഞ, ദിശാബോധം നൽകുന്ന ആധികാരിക മാർഗരേഖയാണ് ഭരണഘടന. നമ്മളെല്ലാവരും അത് അംഗീകരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരമെന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉൾക്കാമ്പ്. ഭരണനിർവഹണം, നിയമനിർമാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, പ്രാദേശിക ഭരണസ്ഥാപനങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകൾ തമ്മിലുമുള്ള ബന്ധങ്ങൾ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തിൽ 22 ഭാഗവും 395 അനുച്ഛേദങ്ങളും ഒമ്പത്‌ പട്ടികയും ഉണ്ടായിരുന്ന ഭരണഘടന ആയിരുന്നു. നിരവധി അപവാദങ്ങളും പരിമിതികളും സവിശേഷതകളും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തുടർന്നുവന്ന നൂറിലധികം ഭേദഗതിയിലൂടെ അമ്പതിലധികം അനുച്ഛേദവും മൂന്ന്‌ പട്ടികയും നമ്മുടെ ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

ദീർഘമായ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുംശേഷമാണ് പല ഭാഗവും ഭരണഘടനയിൽ ചേർക്കപ്പെട്ടത്. രാജ്യത്തിന്റെ പേര് എന്താകണം എന്നതുതന്നെ വലിയ തർക്കവിഷയമായിരുന്നു. നമ്മുടെ അയൽരാജ്യത്തിന് പാകിസ്ഥാൻ എന്ന പേരുവന്നതിനാൽ നമ്മൾ ഹിന്ദുസ്ഥാൻ എന്ന പേരിടണമെന്ന് ശഠിച്ചവരുണ്ട്. അല്ലെങ്കിൽ ഹിന്ദുകാണ്ഡം എന്നാക്കണമെന്ന് പറഞ്ഞവരുണ്ട്. എന്നാൽ, അവസാനം ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്നപേരാണ് നിശ്ചയിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം എങ്ങനെ തുടങ്ങണമെന്നത് സംബന്ധിച്ചും തർക്കമുണ്ടായി. ദൈവത്തിന്റെ നാമത്തിൽ ആരംഭിക്കണം എന്നായിരുന്നു ഒരുവിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ, വീ ദ പീപ്പിൾ ഓഫ് ഇന്ത്യ, ഇന്ത്യയിലെ ജനങ്ങളായ നമ്മൾ എന്ന തുടക്കമാണ് അംഗീകരിക്കപ്പെട്ടത്. ഇതെല്ലാം തീർപ്പാക്കാൻ വോട്ടെടുപ്പുകളും നടന്നു. മതത്തിന്റെ പേരിൽ വിവേചനമോ പ്രീണനമോ പാടില്ലെന്ന പ്രസക്തമായ വ്യവസ്ഥയുമുണ്ടാക്കി. രാജ്യത്തിന്റെ  ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന  ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് വർത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഭരണഘടനയിൽ ഭേദഗതികളും പൊളിച്ചെഴുത്തും കൂട്ടിച്ചേർക്കലും വേണമെന്ന് പല ഘട്ടത്തിലും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ മിക്ക ആവശ്യവും നമ്മുടെ ഭരണഘടനയുടെ ജനാധിപത്യത്തിന്റെയും സമത്വാശയങ്ങളുടെയും ഭാഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. ആ കാഴ്ചപ്പാടിൽ ആകണം ഭരണഘടനയെ സമീപിക്കേണ്ടത്. ഭരണഘടനയെ നോക്കുകുത്തിയാക്കി പല കുപ്രസിദ്ധ നീക്കങ്ങളും  ഉണ്ടായിട്ടുണ്ട്. കേരള നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന ഇ എം എസ് സർക്കാരിനെ ഭരണഘടനയുടെ 356–-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട നടപടി  ഉദാഹരണമാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയ അടിയന്തരാവസ്ഥ രാജ്യത്ത് പ്രഖ്യാപിച്ച് നടപ്പാക്കിയത് മറ്റൊരു ഉദാഹരണമാണ്.

ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വനിയമഭേദഗതി പാർലമെന്റിൽ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകു'മെന്ന് 1949 നവംബർ 25നു ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ നൽകിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാകുമ്പോൾ ഓർമ വരുന്നത്. രാജ്യത്ത് പതിനൊന്നോളം സംസ്ഥാനങ്ങൾക്ക് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രത്യേക പദവികളോ പരിഗണനകളോ ഉണ്ട്. അതെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നത് നാം കണ്ടു.

പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് നമ്മുടെ റിപ്പബ്ലിക്കിന് ഭരണഘടന നൽകിയ വിശേഷണങ്ങൾ. ഇതിലെ മതനിരപേക്ഷത ഉൾപ്പെടെയുള്ള വിശേഷണങ്ങൾ അനാവശ്യമാണെന്നു പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്താനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികൾ ചെറുത്തുതോൽപ്പിക്കണം. ഭരണഘടനാ സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യൻ ഭരണഘടനയോട് പ്രതിബദ്ധത പുലർത്തി പ്രവർത്തിക്കാനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾ  ഉയർന്നുവരണം.

ഭരണഘടനയെക്കുറിച്ചുള്ള അറിവ് ഇക്കാലഘട്ടത്തിൽ പരമപ്രധാനമാണ്. ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകരാനുള്ള വിപുലമായ ക്യാമ്പയിന് നിയമസഭ തുടക്കംകുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ച്‌ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെക്കുറിച്ചുള്ള അറിവ് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് ഭരണ, -പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാകില്ല. അതിന്റെ വെളിച്ചത്തിലാണല്ലോ വരുംതലമുറ വളരേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top