24 April Wednesday

നെഹ്‌റുവിനെ മറന്ന്
 പരിവാർപൂജ

വി ബി പരമേശ്വരൻUpdated: Wednesday Nov 23, 2022

ആർഎസ്‌എസും ബിജെപിയും മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ എതിർക്കാൻ കോൺഗ്രസിനു കഴിയുമോ എന്ന ചോദ്യം ഇന്നോ ഇന്നലെയോ ഉയർന്നതല്ല. ജവാഹർലാൽ നെഹ്‌റുവിന്റെ മരണശേഷം പല ഘട്ടങ്ങളിലും ഈ ചോദ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നിട്ടുണ്ട്‌. അതേ ചോദ്യം വീണ്ടും പ്രസക്തമാക്കുന്ന സംഭവപരമ്പരകളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്‌. മതനിരപേക്ഷതയുടെ പതാകവാഹകരിൽ ഒരാളാണ്‌ ജവാഹർലാൽ നെഹ്‌റു എന്ന കാര്യത്തിൽ സംശയമില്ല. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു നെഹ്‌റു. അതുകൊണ്ടുതന്നെ നെഹ്‌റു ആർഎസ്‌എസിനും സംഘപരിവാറിനും കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തെ ഇന്ത്യാചരിത്രത്തിൽനിന്നു തമസ്‌കരിക്കാനുള്ള ഒരു അവസരവും സംഘപരിവാർ പാഴാക്കാറില്ല. 

എന്നാൽ, നെഹ്‌റുവിനെ ഇകഴ്‌ത്തി ഒരു കോൺഗ്രസ്‌ നേതാവുതന്നെ സംസാരിച്ചാലോ? അതും സംഭവിച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തന്നെ നെഹ്‌റു വർഗീയ ഫാസിസവുമായി സന്ധിചെയ്യാൻ മഹാമനസ്‌കത കാട്ടിയ നേതാവാണ്‌ എന്ന്‌ ആക്ഷേപിച്ചിരിക്കുന്നു. നെഹ്‌റു മതനിരപേക്ഷതയുടെ എതിർപക്ഷം ചേർന്ന നേതാവാണ്‌ എന്ന ആഖ്യാനമാണ്‌ ഇതുവഴി സുധാകരൻ നൽകിയത്‌. വർഗീയ ഫാസിസവുമായി സന്ധിചെയ്യുന്നത്‌ മഹാമനസ്‌കതയാണെന്നു കരുതിയ സുധാകരന്റെ മനസ്സുണ്ടല്ലോ അതാണ്‌ ഏറെ അപകടകരം. വർഗീയതയുമായി നെഹ്‌റുവിന്റെ പ്രസ്ഥാനം സന്ധിചെയ്യുന്നതിൽ ഒരു തെറ്റുമില്ല എന്ന സ്വരമാണ്‌ സുധാകരനിൽനിന്നു വായിച്ചെടുക്കാനാകുക. സുധാകരന്റെ ഈ ആഖ്യാനം തെറ്റാണെന്ന്‌ ഉറക്കെപ്പറയാൻ എന്തുകൊണ്ടാണ്‌ കോൺഗ്രസ്‌ നേതാക്കൾക്കു കഴിയാതെ പോയത്‌. നെഹ്‌റുവിനെ ഇകഴ്‌ത്തി സംസാരിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ അധ്യക്ഷൻ തയ്യാറായപ്പോൾ പോലും അതു തെറ്റാണെന്ന്‌ പറയാനും നെഹ്‌റുവിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും  നേതൃത്വത്തിനു കഴിയാതിരുന്നത്‌ അവരും ആ വീക്ഷണം പങ്കുവയ്‌ക്കുന്നുവെന്നതിനാലല്ലേ?. കോൺഗ്രസ്‌ ചെന്നുപെട്ട പ്രത്യയശാസ്‌ത്ര ദാരിദ്ര്യത്തിന്റെ ആഴമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

കോൺഗ്രസിന്റെ ഈ മൃദുഹിന്ദുത്വ സമീപനം ഇവിടെ അവസാനിക്കുന്നില്ല. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ സംരക്ഷണം നൽകാൻ കോൺഗ്രസുകാരെ അയച്ചുവെന്ന പ്രസ്‌താവന നടത്തിയപ്പോഴും അത്‌ തെറ്റാണെന്ന്‌ പറയാനുള്ള ആർജവവും അത്‌ തിരുത്താനുള്ള നിശ്‌ചയദാർഢ്യവും കോൺഗ്രസ്‌ നേതൃത്വം കാട്ടിയോ? രാഷ്ട്രപിതാവിനെ വധിച്ച, രാജ്യത്ത്‌ മൂന്നുവട്ടം നിരോധിക്കപ്പെട്ട ഒരു സംഘടനയ്‌ക്ക്‌ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുക എന്നത്‌ കോൺഗ്രസിന്റെ നയമാണോ? എന്തേ മതനിരപേക്ഷതയുടെ കൊടി ഉയർത്തുന്നവരെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസ്‌ നേതൃത്വം ഇക്കാര്യത്തിലും സുധാകരന്റെ നടപടിയെ അപലപിക്കാൻ തയ്യാറാകാതിരുന്നത്‌. ആർഎസ്‌എസ്‌ വളർന്നാലും തരക്കേടില്ല കേരളത്തിലെ മതനിരപേക്ഷതയുടെ ഗ്യാരണ്ടിയായ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കുക എന്നതാണ്‌ കോൺഗ്രസിന്റെയും ലക്ഷ്യമെന്നല്ലേ ഈ ഹിമാലയൻ മൗനം വിരൽചൂണ്ടുന്നത്‌. മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട്‌ വയനാട്ടിൽ മത്സരിക്കാൻ ചില സമ്മർദ്ദം മൂലം തയ്യാറായ രാഹുൽഗാന്ധിയുടെ തീരുമാനത്തിന്റെ തുടർച്ചയായി ഈ സമീപനത്തെയും വായിച്ചെടുക്കാം.


 

രാഹുൽഗാന്ധി സവർക്കർക്കെതിരെ ഭാരത്‌ ജോഡോ യാത്രാവേളയിൽ നടത്തിയ പരാമർശങ്ങളിലേക്ക്‌ വരാം. ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതി കൊടുത്തയാളാണ്‌ സവർക്കർ എന്നാണ്‌ രാഹുൽഗാന്ധി പറഞ്ഞത്‌. ഇന്ത്യൻ ഇടതുപക്ഷവും മതനിരപേക്ഷ വാദികളും എത്രയോ വർഷങ്ങളായി ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വസ്‌തുതയാണ്‌ ഇത്‌. എന്നാൽ, രാഹുൽഗാന്ധി പറഞ്ഞപ്പോൾ ബിജെപിയും സംഘപരിവാരവും അതിനെതിരെ രംഗത്തുവന്നു. ഏത്‌ കോൺഗ്രസ്‌ നേതാവാണ്‌ രാഹുൽഗാന്ധി പറഞ്ഞത്‌ ശരിയാണെന്നു പറഞ്ഞ്‌ രംഗത്തുവന്നത്‌ ? രാഹുൽഗാന്ധിയുടെ പരാമർശത്തിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ഉദ്ധവ്‌ താക്കറെ നേതൃത്വം നൽകുന്ന ശിവസേനതന്നെ രംഗത്ത്‌ വന്നപ്പോൾ അവരുടെ രോഷത്തെ  തണുപ്പിക്കാനായിരുന്നു ജയ്‌റാം രമേശ്‌ രംഗത്ത്‌ വന്നത്‌. രാഹുൽഗാന്ധി പറഞ്ഞത്‌ ശരിയാണ്‌ ഇനിയും ഞങ്ങൾ ഇങ്ങനെ തന്നെ പറയും എന്ന്‌ പറയാൻ കേരളത്തിലെയോ ദേശീയതലത്തിലെയോ ഏതെങ്കിലും കോൺഗ്രസ്‌ നേതാക്കൾ തയ്യാറായോ? മഹാരാഷ്ട്രയിലെ കോൺഗ്രസ്‌ നേതാക്കൾ ഭൂരിപക്ഷവും രാഹുൽ വലിയ അപരാധമാണ്‌ ചെയ്‌തതെന്ന്‌ അടക്കം പറയുകയായിരുന്നില്ലേ? സവർക്കർക്കെതിരെ വിമർശം തുടർന്നാൽ അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയത്‌ ഇന്ദിര ഗാന്ധിയാണെന്നും മറ്റുമുള്ള വസ്‌തുതകൾ പുറത്തുവരുമെന്ന്‌ ഭയന്നാണോ ഈ മൗനം.

കോഴിക്കോട്ട്‌ യൂത്ത്‌കോൺഗ്രസ്‌ സംഘടിപ്പിച്ച മതനിരപേക്ഷത സംബന്ധിച്ച സെമിനാർ കോൺഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ നിർത്തിവച്ചിരിക്കുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. നെഹ്‌റുകുടുംബത്തെ വെല്ലുവിളിച്ച്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിച്ച ശശി തരൂർ എംപി പങ്കെടുക്കുന്നത്‌ തടയാനാണത്രേ ഈ സെമിനാർ മാറ്റിവച്ചത്‌ എന്നാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്‌. നെഹ്‌റുവിനെ വർഗീയവാദികളുടെ തൊഴുത്തിൽകെട്ടിയ, ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ സംരക്ഷണംകൊടുത്ത  കെപിസിസി പ്രസിഡന്റിനെ ബഹിഷ്‌കരിക്കണമെന്ന്‌ തോന്നാത്തവർക്ക്‌ തരൂരിനെ ബഹിഷ്‌കരിക്കാൻ ഒരു മടിയുമില്ല. എന്നാൽ, നെഹ്‌റുവിനെക്കുറിച്ച്‌ ‘നെഹ്‌റു ദ ഇൻവെൻഷൻ ഓഫ്‌ ഇന്ത്യ’ എന്ന പുസ്‌തകമെഴുതിയ തരൂരിന്‌ സുധാകരൻ ചെയ്‌തത്‌ തെറ്റാണെന്നു പറയാനുള്ള ആർജവം ഇല്ലായിരുന്നുവെന്നതും വസ്‌തുതയാണ്‌. ‘സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരെ പ്രസംഗിക്കുന്നതിൽ ആർക്കാണ്‌ എതിർപ്പ്‌’ എന്ന്‌ ഇപ്പോൾ ചോദിക്കുന്ന തരൂർ, സുധാകരന്റെ നെഹ്‌റു പ്രസ്‌താവനയ്‌ക്കെതിരെ സംസാരിക്കാൻ എന്തുകൊണ്ടാണ്‌ ധൈര്യം കാട്ടാതിരുന്നത്‌. ഇതെല്ലാം വ്യക്തമാക്കുന്നത്‌ ഹിന്ദുത്വരാഷ്ട്രീയത്തെ ചെറുക്കാൻ കോൺഗ്രസിന്‌ താൽപ്പര്യമില്ല എന്നു തന്നെയാണ്‌. നേതൃത്വം ഒന്നടങ്കം മൃദുഹിന്ദുത്വത്തിന്റെ ചെളിക്കുണ്ടിൽ വീണ്‌ താമരവിരിയിക്കാൻ ക്യൂവിലാണ്‌. എന്തുവിലകൊടുത്തും മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്ന പ്രത്യയശാസ്‌ത്ര ദൃഢത കോൺഗ്രസിന്‌ കൈമോശം വന്നിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top