20 April Saturday

കേരളം മാത്രം നോക്കുന്ന കോൺഗ്രസ് - സാജൻ എവുജിൻ എഴുതുന്നു

സാജൻ എവുജിൻUpdated: Wednesday Jul 15, 2020

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അടക്കം കോൺഗ്രസിന്‌  ഓക്‌സിജൻ പകർന്നത്‌ തൊട്ടുമുമ്പ്‌ മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌‌, കർണാടകം എന്നിവിടങ്ങളിൽ അധികാരമോ അധികാരപങ്കാളിത്തമോ ലഭിച്ചതാണ്‌. ദേശീയതലത്തിൽ കോൺഗ്രസ്‌ തിരിച്ചുവരവിന്റെ പാതയിലാണെന്ന പ്രതീതി ഒരു വിഭാഗം വോട്ടർമാരിൽ സൃഷ്ടിക്കപ്പെടാൻ ഇതു കാരണമായി. ബിജെപി സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരായ രോഷപ്രകടനമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രകടമായതെന്ന വസ്‌തുത മാധ്യമങ്ങളും പൊതുവെ മറച്ചുവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുൽവാമ ഭീകരാക്രമണം, ബാലാക്കോട്ട്‌ വ്യോമാക്രമണം എന്നിവ ദുരുപയോഗപ്പെടുത്തിയുള്ള  വർഗീയ ധ്രുവീകരണം വഴി ബിജെപി ജനവിധി അനുകൂലമാക്കുകയും ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ സ്ഥിതി എന്തായി? രണ്ട്‌ മാസത്തിനകം കർണാടകത്തിൽ കോൺഗ്രസ്‌ സഖ്യസർക്കാർ പുറത്തായി. എഐസിസി അധ്യക്ഷ സ്ഥാനത്തേ‌ക്കുവരെ പരിഗണിക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ കോൺഗ്രസ്‌ സർക്കാരിനെ വീഴ്‌ത്തി.

രാഹുൽബ്രിഗേഡിലെ പ്രമുഖൻ സച്ചിൻ പൈലറ്റ്‌ രാജസ്ഥാനിൽ താൻ ഉപമുഖ്യമന്ത്രിയായ സർക്കാരിനെതിരെ യുദ്ധം ചെയ്തു പുറത്തായി. അധികാരം ലഭിച്ചില്ലെങ്കിലും കോൺഗ്രസ്‌ സാമാന്യം നല്ല വിജയം നേടിയ ഗുജറാത്തിൽ എംഎൽഎമാർ അനുദിനം വിട്ടുപോകുന്നു. പഞ്ചാബിലും ഛത്തീസ്‌ഗഡ്ഡിലും മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിമോഹികളും തമ്മിൽ അസ്വാരസ്യം തുടരുന്നു. ഹൈക്കമാൻഡ്‌ നിസ്സംഗതയോടെ നോക്കിനിൽക്കുന്നു. ഇത്രയും ദുർബലമായ നേതൃത്വം കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന്‌ രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിൽ യഥാർഥ അഭിരുചിയില്ലാത്ത രാഹുൽ ഗാന്ധിയുടെ മടങ്ങിവരവിൽ പ്രതീക്ഷയർപ്പിച്ച്‌ എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്നാണ്‌ കോൺഗ്രസ്‌ നേതാക്കളിൽ പലരും ചോദിക്കുന്നത്‌. കപിൽ സിബൽ, വീരപ്പ മൊയ്‌ലി, മണിശങ്കർ അയ്യർ, സഞ്‌ജയ്‌ ഝാ, ശശി തരൂർ എന്നിവർ പല ഘട്ടങ്ങളിലായി കോൺഗ്രസിന്റെ ഗതിയിൽ പരിതാപം പ്രകടിപ്പിച്ചുകഴിഞ്ഞു.


 

കോൺഗ്രസ്‌ സർക്കാരുകളെ തകർക്കാൻ ഒരേ പദ്ധതിയാണ്‌ ബിജെപി എല്ലായിടത്തും നടപ്പാക്കുന്നത്‌. നിയമസഭയിൽ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്താൻ ആവശ്യമായ എംഎൽഎമാരെ വിലയ്‌ക്ക്‌ വാങ്ങുക. പണത്തിൽ ഒതുങ്ങാത്തവർക്ക്‌ ഭാവിമന്ത്രിസഭയിൽ സ്ഥാനം ഉറപ്പുനൽകും. കൂറുമാറ്റനിരോധന നിയമം മറികടക്കാൻ ഇവരെ രാജിവയ്‌പിക്കും. പുതിയ സർക്കാർ അധികാരമേറ്റശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഭരണസ്വാധീനവും ധനശേഷിയും ഉപയോഗിച്ച്‌ വിജയം നേടും. ഈ അട്ടിമറികളും ജനാധിപത്യധ്വംസനങ്ങളും രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരായി കോൺഗ്രസ്‌ നേതൃത്വം മാറിയിരിക്കുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമായ കർണാടകത്തിൽ കൈയിൽ കിട്ടിയ അധികാരമാണ്‌ കോൺഗ്രസ്‌ കളഞ്ഞുകുളിച്ചത്‌. മതനിരപേക്ഷസഖ്യം കാത്തുസൂക്ഷിക്കാൻ കോൺഗ്രസ്‌ നേതാക്കൾക്ക്‌ താൽപ്പര്യമില്ലാത്തതും സർക്കാരിന്റെ പതനത്തിനു കാരണമായി. ജെഡിഎസിനു മുഖ്യമന്ത്രിസ്ഥാനം നൽകേണ്ടിവന്നത്‌ കോൺഗ്രസ്‌ സംസ്ഥാനനേതൃത്വത്തിനു രസിച്ചില്ല. ദേശീയരാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ്‌ ഹൈക്കമാൻഡും സഖ്യസർക്കാരിനു സമ്മതം മൂളിയത്‌. എന്നാൽ, സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കോൺഗ്രസിന്റെ താൽപര്യമില്ലായ്‌മ ഓരോദിവസവും പ്രകടമായി. ബി എസ്‌ യെദ്യൂരപ്പയോട്‌ അമിത് ഷായ്‌ക്കും കൂട്ടർക്കും പ്രതിപത്തിയില്ലാത്തത്‌ സഖ്യസർക്കാരിന്റെ ആയുസ്സ്‌‌ നീട്ടി.

മോഡിസർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ കുമാരസ്വാമി–പരമേശ്വര സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു. -കോൺഗ്രസിലും ബിജെപിയിലും ഒരേപോലെ സ്വാധീനമുള്ള ബെല്ലാരിലോബിയാണ്‌ കരുക്കൾ നീക്കിയത്‌. ജാതിയുടെ പേരിലും എംഎൽഎമാരെ വിഘടിപ്പിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ കോൺഗ്രസിലെ 13ഉം ജെഡിഎസിലെ മൂന്നും എംഎൽഎമാർ രാജിക്കത്ത്‌ നൽകി. ഇവരെ ബിജെപി നേതൃത്വം മുംബൈ റിസോർട്ടിലേക്ക്‌ മാറ്റി. അസംതൃപ്‌തരെ മെരുക്കാൻ ‌മന്ത്രിസഭയിൽ സ്ഥാനം നൽകാനായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെയുള്ളവർ രാജിവച്ചു. ബെല്ലാരി ലോബി പിടിമുറുക്കിയതോടെ സർക്കാരിനു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒരു എംഎൽഎമാത്രമാണ്‌ മടങ്ങിവന്നത്‌. നിയമസഭയിൽ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു. യെദ്യൂരപ്പ മുഖ്യമന്ത്രിയായശേഷം 15 നിയമസഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 14 ഇടത്തും ജയിക്കാൻ ബിജെപിക്ക്‌ കഴിഞ്ഞു.  രാഷ്ട്രീയകുതിരക്കച്ചവടത്തിന്റെ അധാർമികത പ്രചാരണവിഷയമാക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല.

മധ്യപ്രദേശിൽ മുതിർന്ന നേതാവ്‌ കമൽനാഥും രാഹുൽ ഗാന്ധിക്ക്‌ പ്രിയങ്കരനായ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള കുടിപ്പകയാണ്‌ സർക്കാരിനെ വീഴ്‌ത്തിയത്‌. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കഷ്ടിച്ച്‌ ഭൂരിപക്ഷം ലഭിച്ച മധ്യപ്രദേശിൽ ഏറെ തർക്കത്തിനുശേഷമാണ്‌ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയത്‌. സിന്ധ്യക്ക്‌ പിസിസി അധ്യക്ഷസ്ഥാനം നൽകാമെന്നും ധാരണയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സിന്ധ്യക്ക്‌, കോൺഗ്രസ്‌ തീരെ ദുർബലമായ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല നൽകി. മധ്യപ്രദേശിലെ ഗുണ ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച സിന്ധ്യ പരാജയപ്പെട്ടു. സംസ്ഥാനത്തെ 29 സീറ്റിൽ ചിന്ദ്‌വാരയിൽ മത്സരിച്ച നകുൽ കമൽനാഥ്‌ മാത്രമായി ‌ജയിച്ച ഏക കോൺഗ്രസ്‌ സ്ഥാനാർഥി. സ്വന്തം മകന്റെ മണ്ഡലത്തിൽ കമൽനാഥിന്റെ ശ്രദ്ധ ഒതുങ്ങിയതായി ആരോപണമുയർന്നു.


 

ദേശീയതലത്തിൽ കോൺഗ്രസ്‌ തകർന്നടിയുകയും രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോവുകയും ചെയ്‌തതോടെ സിന്ധ്യക്ക്‌ സംസ്ഥാനരാഷ്ട്രീയത്തിൽ താൽപര്യമേറി. അദ്ദേഹം പിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കമൽനാഥ്‌ വിട്ടുകൊടുത്തില്ല. സിന്ധ്യകുടുംബത്തിന്റെ സ്വാധീനമേഖലകളെ സംസ്ഥാനസർക്കാർ അവഗണിക്കുന്നതായും പരാതി ഉയർന്നു. ഏതായാലും ഇക്കഴിഞ്ഞ മാർച്ചിലെ രാജ്യസഭ തെരഞ്ഞെടുപ്പ്‌ നിർണായകമായി. പ്രമുഖ ബിജെപി നേതാക്കളുമായി കുടുംബ ബന്ധമുള്ള സിന്ധ്യ രാഷ്ട്രീയമായും അവർക്കൊപ്പം ചേർന്നു. തന്റെ വിശ്വസ്‌തരായ 22 എംഎൽഎമാരെ രാജിവയ്‌പിച്ച സിന്ധ്യ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. ഇതോടെ ഇരട്ടപ്രഹരമാണ്‌ സിന്ധ്യ കോൺഗ്രസിനു നൽകിയത്‌. സംസ്ഥാനമന്ത്രിസഭയുടെ പതനം ഉറപ്പാക്കിയതിനു പുറമെ രാജ്യസഭയിൽ കോൺഗ്രസിനു കിട്ടേണ്ടിയിരുന്ന ഒരു എംപി സ്ഥാനവും തട്ടിയെടുത്തു.

ഇതിന്റെ തനിയാവർത്തനമാണ്‌ രാജസ്ഥാനിൽ നടക്കുന്നത്‌. മുൻ ബിജെപി സർക്കാരിന്റെ കാലത്ത്‌ കോൺഗ്രസിനെ പിസിസി അധ്യക്ഷൻ എന്ന നിലയിൽ നയിച്ചത്‌ സച്ചിൻ പൈലറ്റാണ്‌. അശോക്‌ ഗെഹ്‌ലോട്ട്‌ അക്കാലത്ത്‌ രാഷ്ട്രീയ വനവാസത്തിലായിരുന്നു. കർഷകപ്രക്ഷോഭങ്ങളുടെയും മറ്റും ഫലമായി ബിജെപി സർക്കാരിനു ജനപിന്തുണ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം ജാതിസമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ ഗെഹ്‌ലോട്ടിനു മുഖ്യമന്ത്രിയാകാൻ കഴിഞ്ഞു. പൈലറ്റിനു ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയെങ്കിലും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്‌ ഗെഹ്‌ലോട്ടാണ്‌. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗെഹ്‌ലോട്ട്‌ നിർദേശിച്ചയാളെ സ്ഥാനാർഥിയാക്കി. മറ്റൊരു സ്ഥാനാർഥിയായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗപ്രവേശം ചെയ്‌തു. ഇതോടെ പുറത്തുവന്ന അസ്വസ്ഥതകളാണ്‌ ഇപ്പോൾ നിയന്ത്രണാതീതമായത്‌.

കോൺഗ്രസ്‌ സംഘടനയിൽ ഫലത്തിൽ രണ്ടാമൻ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ സി വേണുഗോപാലാണ്‌. കോൺഗ്രസ്‌ എത്തിച്ചേർന്നിരിക്കുന്ന പരിതാപകരമായ അവസ്ഥയുടെ പ്രതീകമാണിത്‌. ഇന്ത്യൻ ദേശീയരാഷ്ട്രീയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി പ്രവർത്തിക്കാൻ ശേഷിയുള്ള നേതാക്കളുടെ അഭാവം തലപ്പത്ത്‌ പ്രതിഫലിക്കുന്നു. നേതാക്കളിൽ മിക്കവരും കേരളത്തിൽമാത്രം നോക്കിയിരിക്കുന്നവരാണ്‌. ആന്ധ്രപ്രദേശും തെലങ്കാനയും എഴുതിത്തള്ളിയ മട്ടാണ്‌. ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌, ഒഡിഷ, ഡൽഹി,  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പുനരുജ്ജീവിപ്പിക്കാൻ ശ്രമമൊന്നുമില്ല. ദേശീയരാഷ്ട്രീയത്തിലെ കയങ്ങൾ മറികടക്കാൻ മനസ്സും ശരീരവും സമർപ്പിച്ച്‌ പ്രവർത്തിക്കാൻ നേതാക്കൾ തയ്യാറല്ല. രാഹുൽ ഗാന്ധിയുടെ ശൗര്യം പ്രസ്‌താവനകളിൽ ഒതുങ്ങുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top