04 May Saturday

കനുഗോലുവിന്റെ ‘ഹൈ’കമാൻഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

വിഖ്യാതനായ ചാർലി ചാപ്ലിൻ ഇംഗ്ലണ്ടിലെ ഒരു കലാസംഘടന നടത്തിയ മത്സരത്തിൽ പങ്കെടുത്തതിനെക്കുറിച്ച്‌ ഒരു കഥയുണ്ട്‌. ചാപ്ലിന്റെ വേഷംകെട്ടി ആർക്കു വേണമെങ്കിലും വേദിയിൽ ചെന്ന്‌ നിൽക്കാം. അദ്ദേഹത്തോട്‌ കൂടുതൽ രൂപസാദൃശ്യമുള്ളയാൾക്ക്‌ ഒന്നാം സമ്മാനമായി വെള്ളിക്കപ്പ്‌ കൊടുക്കും. ഇതറിഞ്ഞ്‌ ചാപ്ലിനും മത്സരത്തിന്‌ ചെന്നെങ്കിലും അദ്ദേഹത്തിന്‌ രണ്ടാം സമ്മാനമേ കിട്ടിയുള്ളൂ. വിധി നിർണയം നടത്തിയവർ അദ്ദേഹത്തെയല്ല, അദ്ദേഹത്തിന്റെ നിഴലിനെയാണ്‌ വിലയിരുത്തിയത്‌ എന്നായിരുന്നു അതിനുള്ള ന്യായവാദം. എഐസിസിയുടെ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞനായ സുനിൽ കനുഗോലുവിനെ ചാപ്ലിന്‌ മാർക്കിട്ട ജഡ്‌ജിമാരോടാണ്‌ കോൺഗ്രസ്‌ സിറ്റിങ്‌ എംപിമാരിൽ ചിലർ ഉപമിക്കുന്നത്‌. രാഷ്‌ട്രീയകാര്യ സമിതിയടക്കമുള്ള കോൺഗ്രസ്‌ നേതൃയോഗങ്ങളിൽ പങ്കെടുത്ത സുനിൽ കനുഗോലു 15 സിറ്റിങ് എംപിമാരിൽ പകുതിയോളം പേർക്ക്‌ രണ്ടാം സ്ഥാനമാണത്രേ നൽകിയത്‌. കനുഗോലുവിന്റെ അങ്ങനെയൊരു റിപ്പോർട്ട്‌ കിട്ടിയിട്ടില്ലെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കണ്ടിട്ടില്ലെന്ന്‌ കെ സുധാകരനും പറയുമ്പോഴും പുലിവാല്‌ പിടിച്ച മട്ടിലാണ്‌ നേതൃത്വം.

എന്തായാലും പലരുടെയും സ്ഥിതി പരുങ്ങലിലാണെന്ന്‌ കനുഗോലു വ്യക്തമാക്കിയതായാണ്‌ വിവരം. കനുഗോലുവിന്റെ അനുശാസനം നേതൃത്വം ചെവിക്കൊള്ളുമോയെന്നാണ്‌ ഇനി അറിയേണ്ടത്‌. നേതൃയോഗങ്ങളിലെ കനുഗോലുവിന്റെ സാന്നിധ്യത്തെ ചൊല്ലി പരസ്യ വാഗ്വാദത്തിന്‌ ആരും മുതിർന്നിട്ടില്ലെങ്കിലും അസ്വാസ്ഥ്യം പുകയുകയാണ്‌. സിറ്റിങ്‌ എംപിമാരിൽ ആർക്കൊക്കെ സീറ്റ്‌ നിഷേധിക്കുമെന്ന കാര്യം പുറത്തുവരുന്നതോടെ വെടിമരുന്ന്‌ പുരയ്‌ക്ക്‌ തീപിടിക്കുമെന്ന്‌ ഉറപ്പാണ്‌. മത്സരക്കളത്തിൽനിന്ന്‌ സ്വയം പിൻവാങ്ങാനൊരുങ്ങിയ കെ മുരളീധരനും മറ്റും കനുഗോലുവിന്റെ നിരീക്ഷണം അറിഞ്ഞതോടെ നിലപാട്‌ മാറ്റിയതായാണ്‌ സൂചന. കനുഗോലുവിന്റെ രംഗപ്രവേശത്തിൽ അപകടം മണക്കുന്നവരുടെ മുൻപന്തിയിൽ വി ഡി സതീശനും കെ സുധാകരനുമുണ്ട്‌. പ്രതിപക്ഷത്തിന്റെയും കെപിസിസിയുടെയും പ്രവർത്തനത്തെക്കുറിച്ച്‌ അദ്ദേഹം നേതൃയോഗങ്ങളിൽ അവതരിപ്പിച്ച നിഗമനമാണ്‌ അപായ സൂചന നൽകുന്നത്‌. സർക്കാരിനെതിരെ പൊരുതുന്നതിൽ പ്രതിപക്ഷവും പാർടിയും പോരാ എന്നാണ്‌ കനുഗോലുവിന്റെ നിരീക്ഷണം. നേതൃത്വത്തിലെ മറ്റുപലരും ഈ വിമർശത്തിലുള്ള സന്തുഷ്‌ടി മറച്ചുവയ്‌ക്കുന്നില്ല.

അണിയറയിൽ കെ സിയോ

കനുഗോലുവിനെ ഇറക്കി കൂട്ടവെട്ടിനിരത്തലിന്‌ കളമൊരുക്കുന്നതിനു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നാണ്‌ പലരും അടക്കം പറയുന്നത്‌. കനുഗോലുവിന്റെ നിഗമനത്തിലെ കാണാപ്പുറങ്ങളിൽ പലതും വായിച്ചെടുക്കാൻ കഴിയുമെന്നാണ്‌ ഇവർ മുന്നോട്ടുവയ്‌ക്കുന്നത്‌. ഒന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പോ തൊട്ടുപിന്നാലെയോ കെപിസിസി പ്രസിഡന്റ്‌ പദവിയിൽനിന്ന്‌ കെ സുധാകരനെ മാറ്റിയേക്കും. സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷ നേതൃപദവിയിൽ മാറ്റത്തിന്‌ വാദമുയരും. ഇത്‌ രണ്ടും ചേരുമ്പോൾ കാര്യങ്ങൾ പൂർണമായും കെ സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാകും. ഗ്രൂപ്പുകൾക്ക്‌ ശേഷി നഷ്‌ടമായതോടെ ആ തലത്തിലുള്ള ഏറ്റുമുട്ടലില്ല. പകരം നേതാക്കളുടെ ചെറുചേരികളാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ എ ഗ്രൂപ്പ്‌ അനാഥമായി. പഴയ എ ഗ്രൂപ്പിനുവേണ്ടി വാദിക്കാൻ കെ സി ജോസഫും ബെന്നി ബഹനാനും രംഗത്ത്‌ വന്നെങ്കിലും നേതൃത്വം കാര്യമാക്കിയില്ല. ബ്ലോക്ക്‌, മണ്ഡലം പുനഃസംഘടനയിൽ തങ്ങളെ പൂർണമായി അവഗണിച്ചെന്നാണ്‌ ഇവരുടെ പരാതി. രമേശ്‌ ചെന്നിത്തലയുടെ ഒറ്റയാൾ പോരാട്ടമാണ്‌ ഐ ഗ്രൂപ്പിന്റെ സ്ഥാനത്തുള്ളത്‌. പരാതിയും പരിഭവവും പറഞ്ഞ്‌ ചെന്നിത്തലയും ഒതുങ്ങിക്കൂടിയിരിക്കുകയാണ്‌. നേതൃതലത്തിൽ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന സ്ഥിതിയാണ്‌ കെ സി വേണുഗോപാലിന്‌ കാര്യങ്ങൾ എളുപ്പമാക്കുന്നത്‌. നേതാക്കൾക്കിടയിലെ അകൽച്ച പരിഹരിക്കാൻ എ കെ ആന്റണി അനുനയനീക്കം നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.

തെരഞ്ഞെടുപ്പ്‌ വിജയിക്കാൻ ഏതു മാതിരി സ്ഥാനാർഥികളായിരിക്കും അഭികാമ്യമെന്ന്‌ കണ്ടെത്താനുള്ള സർവേയാണ്‌ കനുഗോലുവിന്റെ ഏജൻസി നടത്തിയതത്രേ. പക്ഷേ, സർവേ‌ക്ക്‌ വന്നവർ നേതൃയോഗങ്ങളിൽ പങ്കെടുത്തതിലെ അനൗചിത്യം പങ്കുവയ്‌ക്കുന്ന നേതാക്കളുടെ ചേരിയും ശക്തിപ്പെടുകയാണ്‌. കനുഗോലുവിന്റെ പരിശ്രമത്തെ പുറമേ‌ക്ക്‌ ശ്ലാഘിക്കുന്നുണ്ടെങ്കിലും ഉള്ളിലെ സ്ഥിതി അത്ര പന്തിയല്ലെന്നാണ്‌ സൂചന. അതേസമയം, പല മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തുമെന്ന്‌ വന്നതോടെ യുവനേതാക്കളടക്കം സീറ്റുമോഹവുമായി രംഗത്തുണ്ട്‌. കെ സി വേണുഗോപാലിന്റെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ്‌ ഇവരിൽ പലരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എഐസിസിയുടെ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗമാണ്‌ കർണാടകക്കാരനായ സുനിൽ കനുഗോലു. കർണാടകത്തിലെ കോൺഗ്രസ്‌ വിജയത്തിനായി തന്ത്രം രൂപപ്പെടുത്തിയത്‌ ഇദ്ദേഹമാണത്രേ. എന്നാൽ, കേരളത്തിൽ കോൺഗ്രസിനു മുന്നിലുള്ള കനൽവഴി കർണാടകംപോലെ എളുപ്പമല്ലെന്നാണ്‌  കനുഗോലുവിന്റെ സാന്നിധ്യത്തോട്‌ വിയോജിപ്പുള്ളവരുടെ വാദം. എൽഡിഎഫ്‌ സർക്കാരിനെതിരെ നിരന്തരം ഇല്ലാക്കഥകളും ആരോപണങ്ങളും ഉയർത്തണമെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്‌ കനുഗോലു നൽകിയിട്ടുള്ള നിർദേശം.  ആ തന്ത്രമാണ്‌ കർണാടകത്തിൽ പരീക്ഷിച്ച്‌ വിജയിച്ചതെന്നും അത്‌ ഇവിടെയും സാധ്യമാണെന്നും കനുഗോലു നേതൃയോഗത്തിൽ അവതരിപ്പിച്ച തന്ത്രം വെളിച്ചത്തായതുതന്നെ ആദ്യ തിരിച്ചടിയായെന്നാണ്‌ നിഗമനം. ജില്ലാ നേതാക്കളുമായും മറ്റും കൂടിക്കാഴ്‌ചയാണ്‌ രണ്ടാം വരവിൽ കനുഗോലുവിന്റെ പദ്ധതി. എഐസിസിയുടെ മുമ്പിലുള്ള സാധ്യതാ റിപ്പോർട്ട്‌ കൂടി പുറത്തുവരുന്നതോടെ കനുഗോലുവിന്റെ സാന്നിധ്യം കൂടുതൽ കലുഷിതമാക്കുമെന്നാണ്‌ സൂചന.

വായ പൂട്ടി സലാം, 
ലീഗിനെ പൂട്ടാൻ സമസ്‌ത

കോൺഗ്രസിലെ സ്ഥിതി കൂടുതൽ സങ്കീർണമാകുന്നതിനിടെയാണ്‌ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗും സമസ്‌തയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്‌. ജനറൽ സെക്രട്ടറി പി എം എ സലാമിനെ മുന്നിൽ നിർത്തി സമസ്‌തയ്‌ക്കെതിരെ പടനയിക്കാനായിരുന്നു ലീഗ്‌ ആസൂത്രണം ചെയ്‌ത പദ്ധതി. സമസ്‌തയ്‌ക്കെതിരെ നിരന്തരം ആക്ഷേപ ശരങ്ങൾ തൊടുത്ത്‌ സലാം മുന്നേറിയെങ്കിലും ശക്തമായി തിരിച്ചടിച്ച്‌ സമസ്‌ത ഇകെ വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തിറങ്ങി. ഒടുവിൽ വെടിനിർത്തൽ പ്രഖ്യാപിച്ച മുസ്ലിംലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ സലാമിനെ തള്ളിപ്പറയേണ്ടി വന്നു. ദേശീയ ജനറൽ സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറിയെ തിരുത്തുന്നതിൽ അനൗചിത്യം കാണാൻ കഴിയില്ല. പക്ഷേ, പുതിയ കാര്യങ്ങളൊന്നും അറിയാത്തതിനാലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ്‌ പി എം എ സലാമിന്റെ വിമർശമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട്‌ അതീവ ഗൗരവമേറിയതാണ്‌.

ബാബ്‌റി മസ്‌ജിദ്‌ പ്രശ്‌നത്തിലുള്ള ലീഗ്‌ നിലപാടിൽ പ്രതിഷേധിച്ച്‌ ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പം ചേർന്ന്‌ ഐഎൻഎൽ രൂപീകരിച്ചവരിൽ പ്രധാനിയാണ്‌ സലാം. എൽഡിഎഫിനൊപ്പം നിലയുറപ്പിച്ച്‌ നിയമസഭയിലുമെത്തി. പിന്നീട്‌ ഐഎൻഎൽ വിട്ട്‌ മുസ്ലിംലീഗിൽ തിരിച്ചെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി അവകാശവാദം ശക്തമാക്കുന്നതിനിടെ സമസ്‌തയുമായി തർക്കത്തിലേർപ്പെട്ടത്‌ ഗുണം ചെയ്യില്ലെന്ന വാദം ലീഗിൽ ഉയർന്നിട്ടുണ്ട്‌. കനുഗോലു വരുത്തിയ ‘സിറ്റിങ്‌ സീറ്റ്‌ പ്രതിസന്ധി’ കോൺഗ്രസിന്‌ തലവേദനയാകുമ്പോൾ സമസ്‌തയുമായുള്ള പോരാണ്‌ ലീഗിനുള്ളിൽ തീകോരിയിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top