20 April Saturday

വർഗീയത വിഷംചീറ്റുമ്പോൾ കൈയടിച്ച്‌ കോൺഗ്രസ് - എ എ റഹിം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

ഓരോ രാഷ്‌ട്രീയ പാർടിയുടെയും അസ്ഥിത്വത്തെയും നിലനിൽപ്പിനെയും സ്വാധീനിക്കുന്നത് നിലപാടുകളാണ്. ആ നിലപാടുകളിൽ അധിഷ്ഠിതമായാണ് ജനം  പാർടികളെ വിലയിരുത്തുന്നതും പിന്തുണയ്‌ക്കുന്നതും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ–-സംസ്ഥാനതലത്തിൽ പല പ്രശ്നത്തിലും ശരിയായ നിലപാട് പ്രഖ്യാപിക്കാനാകാത്തവിധം ദുർബലപ്പെട്ടു. ശരിയായ രാഷ്‌ട്രീയ കാഴ്‌ചപ്പാടും ശാസ്‌ത്രീയസമീപനവും ജനപക്ഷനിലപാടുമില്ലാതെ കോൺഗ്രസ് ഇരുട്ടിൽത്തപ്പുകയാണ്. എന്തിനെയും കണ്ണടച്ച് എതിർക്കുന്നു. മതനിരപേക്ഷ നിലപാട് ഉപേക്ഷിച്ച് അധികാരത്തിനായി വർഗീയ സംഘടനകളോടും ഛിദ്രശക്‌തികളോടും അവർ സന്ധിചെയ്യുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രത്തിലാദ്യമായി തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു. നിലപാടില്ലായ്‌മയും തെറ്റായ രാഷ്‌ട്രീയസമീപനങ്ങളും കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിൽ വലിയ ചോർച്ചയുണ്ടാക്കി.  കനത്ത പരാജയത്തിനുശേഷം സംസ്ഥാനനേതൃത്വത്തിൽ അഴിച്ചുപണി നടത്തി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പുറത്തേക്ക് പോയി. പുതിയ നേതൃത്വംകൊണ്ട് നവോൻമേഷം നേടാമെന്ന് ദേശീയനേതൃത്വം കരുതി. ചുമതലയേറ്റെടുത്ത പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചത് –-‘ ഇനി ക്രിയേറ്റീവ് പൊളിറ്റിക്‌സി’ന്റെ കാലമാണ്. കോൺഗ്രസ് എന്തിനെയും എതിർക്കുന്ന പാർടിയാകില്ല. വർഗീയതയോട്  സന്ധിചെയ്യില്ല. സദുദ്ദേശ്യത്തോടെ മാത്രമായിരിക്കും ഇനി  നിലപാടുകൾ എന്നൊക്കെയാണ്‌. എന്നാൽ, ഓരോ ദിവസവും വ്യക്തമാകുന്നത് കോൺഗ്രസ് പഴയ സമീപനത്തിൽനിന്ന്‌ തെല്ലും മാറിയിട്ടില്ല എന്നുതന്നെ.

മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ  കോൺഗ്രസ് ആത്മവഞ്ചനയാണ്  കാണിക്കുന്നത്. സമീപകാലത്തുണ്ടായ നിരവധി സന്ദർഭങ്ങളിൽ ഇത് വളരെ പ്രകടമായി. കേരളം നാളിതുവരെ ആർജിച്ചെടുത്ത സാമൂഹ്യപുരോഗതി പല ലോകരാജ്യങ്ങളെയും അമ്പരപ്പിക്കുന്നതാണ്. അതെല്ലാം നേടിയെടുത്തത് ജാതി–-മത ചിന്തകൾക്കതീതമായി എല്ലാവരും ഒരുമിച്ചുനിന്നുകൊണ്ടാണ്. ഏത് മതത്തിൽപ്പെട്ടവരായാലും വർഗീയചിന്തകളോട് അകലം പാലിക്കാൻ ഭൂരിപക്ഷം ജനങ്ങളും ശ്രദ്ധിച്ചു. സമീപകാലത്ത്  മതനിരപേക്ഷ ഘടനയെ തകർക്കാനും പുരോഗമന സ്വഭാവത്തെ ഇല്ലാതാക്കാനും സംഘടിതശ്രമം നടക്കുന്നു.  ഇതിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത സമരത്തിൽ ഏർപ്പെടാൻ എല്ലാ ജനാധിപത്യ പാർടിക്കും ബാധ്യതയുണ്ട്. കോൺഗ്രസ് അത് നിർവഹിക്കുന്നില്ല. ഈ പ്രതിലോമശക്തികളോട് ചേർന്നുനിൽക്കുകയും ചെയ്യുന്നു.

ഹലാൽ വിവാദം
സത്യാനന്തരതയുടെ കാലമാണിത്. ആസൂത്രിതമായി ഉൽപ്പാദിപ്പിച്ച് പ്രചരിപ്പിക്കുന്ന പെരുംനുണകളുടെ ഭ്രമണപഥത്തിലാണ് നാം ജീവിക്കുന്നത്. വസ്‌തുതാവിരുദ്ധവും വിഷലിപ്തവുമായവ ബോധപൂർവം പ്രചരിപ്പിക്കുന്നു. ജനങ്ങൾക്കിടയിൽ ഇത് തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നു. സമൂഹത്തെ വിഭജിക്കാൻ നടത്തുന്ന നീക്കമാണിത്. രാജ്യത്ത് സംഘപരിവാർ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ഇത്തരം വിദ്വേഷപ്രചാരണങ്ങളിലൂടെയാണ്. കേരളത്തിൽ ഇതേ മാതൃകയിൽ സാമുദായിക സൗഹാർദമില്ലാതാക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നു. അതിന്റെ ഭാഗമായിരുന്നു ഹലാൽ വിവാദം. ഇസ്ലാമോഫോബിയ സൃഷ്ടിക്കാനും മുസ്ലിംവിഭാഗത്തെ ഒറ്റപ്പെടുത്താനുമായിരുന്നു ഹലാൽവിവാദം ബിജെപി ആവിഷ്‌കരിച്ചത്. ഹലാൽ ബോർഡുകൾ കേരളം കാണാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ‘അനുവദനീയമായത്’ എന്ന് ധ്വനിപ്പിക്കുന്ന ഒന്നുമാത്രമാണ് ‘ഹലാൽ’ എന്ന പദം.വളരെ ആസൂത്രിതമായി സമൂഹമാധ്യമങ്ങൾ വഴി വസ്‌തുതാവിരുദ്ധമായ ക്യാമ്പയിൻ സംഘപരിവാർ നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കളും  വിദ്വേഷപ്രചാരണത്തിന് നേതൃത്വം നൽകി.

ജമാഅത്തെ ഇസ്ലാമി, പോപ്പുലർഫ്രണ്ട് പോലുള്ള സംഘടനകളിൽപ്പെട്ട ഫെയ്സ്ബുക് പ്രൊഫൈലുകൾ വർഗീയമായ പ്രതികരണങ്ങൾ കൊണ്ടായിരുന്നു  ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്. ഇടതുപക്ഷ രാഷ്ട്രീയ പാർടികളും പുരോഗമന യുവജനപ്രസ്ഥാനങ്ങളുമാണ് സമയോചിതമായി ഇടപെട്ടത്. വിട്ടുവീഴ്ചയില്ലാത്ത ശബ്ദമായി മുഖ്യമന്ത്രി  പിണറായി വിജയൻ ഇസ്ലാംമതത്തിൽപ്പെട്ടവർക്ക് ആത്മവിശ്വാസം പകർന്നു.  വലിയ പിന്തുണയാണ് ഇടതുപക്ഷ നിലപാടിനും ഡിവൈഎഫ്ഐ നടത്തിയ ‘ഫുഡ് സ്ട്രീറ്റ്’ ക്യാമ്പയിനും ലഭിച്ചത്. എന്നാൽ, ഒരക്ഷരംപോലും പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. കുറ്റകരമായ മൗനമാണ് അവർ ‘ഹലാൽ വിവാദ’ത്തിൽ അവലംബിച്ചത്. 

മുസ്ലിം ആരാധനാലയങ്ങളെ സമര പ്രചാരണ കേന്ദ്രങ്ങളാക്കാൻ ലീഗ് തീരുമാനിച്ചു. അസാധാരണമായിരുന്നു ഈ നീക്കം. ഇതിനെതിരെയും കോൺഗ്രസ്‌ മിണ്ടിയില്ല. ആരാധനാലയങ്ങൾ പ്രാർഥനയ്‌ക്കുള്ളതാണ്. രാഷ്ട്രീയതാൽപ്പര്യങ്ങൾക്കായി ആരാധനാലയങ്ങളെ ഉപയോഗിക്കുക എന്നത് സംഘപരിവാർ രീതിയാണ്.  ലീഗ് പദ്ധതി വിജയിച്ചിരുന്നെങ്കിൽ കേരളത്തിൽ സംഘപരിവാറിന് വലിയ ഊർജമായി മാറിയേനെ. ലീഗിന്റെ അപകടകരമായ ഈ നീക്കത്തിനെതിരെ മുസ്ലിം പണ്ഡിതർക്കിടയിൽനിന്നുതന്നെ ശക്തമായ വിയോജിപ്പ് ഉയർന്നുവന്നു. കാന്തപുരം എ പി അബുബക്കർ മുസലിയാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഫസൽ ഗഫൂർ തുടങ്ങി വ്യത്യസ്ത മുസ്ലിം സാമുദായിക സംഘടനകളുടെ നേതൃത്വം അപകടം തിരിച്ചറിഞ്ഞ് ശരിയായ നിലപാട് സ്വീകരിച്ചു. ലീഗിന്റെ നീക്കത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകുന്നതാണ്‌ കാണാൻ കഴിഞ്ഞത്.

കോഴിക്കോട്ടെ വർഗീയപ്രസംഗം
പള്ളികൾ കേന്ദ്രീകരിച്ച് വിദ്വേഷപ്രചാരണം നടത്താനുള്ള  ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യം മറയ്‌ക്കാൻ ലീഗ് നടത്തിയ കോഴിക്കോട് റാലിയിൽ അപകടകരമായ വർഗീയപ്രസംഗങ്ങളാണ് കേരളം കേട്ടത്. മുഖ്യമന്ത്രിയെ വംശീയാധിക്ഷേപം നടത്താൻപോലും ലീഗ് തയ്യാറായി. ആർഎസ്എസും ബിജെപിയും ഇതേ പ്രചാരണം നടത്തിയപ്പോഴും കോൺഗ്രസ് ശബ്ദിച്ചില്ല. ഇപ്പോൾ ലീഗിന്റെ നാവിൽനിന്നും അതേ മുദ്രാവാക്യം കേൾക്കുമ്പോഴും മൗനം തുടരുന്നു. ഇത്തരം പ്രചാരണങ്ങളെ രാഷ്ട്രീയഭേദമന്യേ പ്രതിരോധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്.

കോഴിക്കോട്ടെ യോഗത്തിലുടനീളം വിവിധ മുസ്ലിംലീഗ് നേതാക്കൾ മതവിദ്വേഷം പടർത്തുന്നതും പുരോഗമന വിരുദ്ധവുമായ അഭിപ്രായങ്ങൾ പ്രസംഗിക്കുന്നതും കേട്ടു. സംസ്ഥാനത്തെ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ജീവിതപങ്കാളിയെയും കുറിച്ച് തികച്ചും നിന്ദ്യമായ പരാമർശങ്ങൾ നടത്തി. ‘ലീഗ് വിട്ടുപോയാൽ സമുദായത്തിൽ നിന്നാണ് പോകുന്നത്’ എന്ന താക്കീത് നൽകി.  രാഷ്ട്രീയപാർടി എന്ന നിലമറന്ന്, സമുദായ സംഘടനയായി ലീഗ് മാറി. മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ലീഗ്  പുലർത്തുന്ന വർഗീയസമീപനത്തിന്റെ കാരണം ആ പാർടി ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾക്ക് കീഴടങ്ങിയിരിക്കുന്നു എന്നതുകൊണ്ടാണ്.  2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ പരസ്യമായിത്തന്നെ കൂടെക്കൂട്ടാൻ ലീഗ് തയ്യാറായി.  ആ ബന്ധം ഇപ്പോഴും തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും ആപൽക്കരമായ രണ്ട് സംഘടനയാണ്. കേരളത്തെ സാമുദായികമായി വിഭജിക്കാനുള്ള സംഘപരിവാർ അജൻഡയ്‌ക്ക്‌ ഇരുവരും ഇന്ധനം പകരുന്നു. എന്നാൽ, കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുകയും ഇത്തരം വർഗീയശക്തികൾക്ക് പൊതുമധ്യത്തിൽ സ്വീകാര്യത ലഭിക്കുംവിധം അവസരങ്ങളുണ്ടാക്കുകയും ചെയ്യുന്നു.


 

വർഗീയശക്തികളുടെ ചോരക്കളി
സമീപകാലത്ത് ബിജെപിയും പോപ്പുലർഫ്രണ്ടും പരസ്പരം കൊലപാതകവും അക്രമവും നടത്തി. ഈ അക്രമങ്ങൾ യാദൃച്ഛികമായിരുന്നില്ല. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും വർഗീയ സംഘർഷം സൃഷ്ടിക്കാനും ബോധപൂർവം ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ്. ഇരുകൂട്ടരും പരസ്പരം കൊന്നുതള്ളുമ്പോൾ കോൺഗ്രസ് എടുക്കുന്ന സമീപനം തികച്ചും അപലപനീയമാണ്. വർഗീയ ശക്തികളാണ് പരസ്പരം ആയുധമെടുക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇരുകൂട്ടരെയും ഒറ്റപ്പെടുത്താനുതകുന്ന ശക്തമായ സമീപനം  ഉണ്ടായില്ല. പൊലീസ് യഥാർഥ പ്രതികളെ പിടിക്കുന്നതിനും മറ്റിടങ്ങളിൽ അക്രമം വ്യാപിക്കാതിരിക്കുന്നതിനും നല്ല ജാഗ്രത കാട്ടി. വർഗീയസംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ സ്വീകരിച്ചപ്പോൾ ക്രിയാത്മകമായി സർക്കാരിന് ഇക്കാര്യത്തിൽ പിന്തുണ നൽകാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടിയിരുന്നത്.

വോട്ടിനും താൽക്കാലിക രാഷ്ട്രീയലാഭത്തിനുമായി കോൺഗ്രസ്, വർഗീയ രാഷ്ട്രീയത്തിന്റെ സഹയാത്രികരാകുന്നു. ആപൽക്കരമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഭരണഘടനയെത്തന്നെ തിരസ്കരിക്കുന്ന സംഘപരിവാർ അധികാരത്തിൽ തുടരുന്നു. കടുത്ത സാമുദായിക ധ്രുവീകരണം രാജ്യത്തിന്റെ പല ഭാഗത്തും സംഭവിച്ചു. എന്നാൽ, കേരളം ഇതിൽനിന്ന്‌ വ്യത്യസ്തമായി സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കുന്നു. ഈ മതനിരപേക്ഷ പുരോഗമന അടിത്തറയാണ് സംഘപരിവാറിന്  പ്രതിബന്ധം സൃഷ്ടിക്കുന്നത്. മതനിരപേക്ഷ പുരോഗമന സ്വഭാവത്തെ തകർക്കാൻ സംഘപരിവാർ ആസൂത്രിതശ്രമം നടത്തുന്നതും അതുകൊണ്ടുതന്നെയാണ്. ജമാഅത്തെ ഇസ്ലാമിയും ജമാഅത്തെ ഇസ്ലാമിവൽക്കരിക്കപ്പെട്ട മുസ്ലിംലീഗും പോപ്പുലർഫ്രണ്ടും സംഘപരിവാറിന്റെ ഈ ശ്രമങ്ങൾക്ക് ഇന്ധനം പകരുന്നു. മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ചണിനിരന്ന് ഈ വിപത്തിനെ തടയാൻ ശ്രമിക്കണം. കോൺഗ്രസാകട്ടെ, സങ്കുചിതരാഷ്‌ട്രീയം ലക്ഷ്യംവച്ച് ഈ കടമയിൽനിന്ന് മാറിനിൽക്കുകയാണ്. ഇതിന് കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നത് വലിയ വീഴ്‌ചയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top