29 March Friday

സെമി കേഡർ കോപ്രായങ്ങൾ - എ വിജയരാഘവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

കേരളത്തിൽ കോൺഗ്രസിന്റെ അവസ്ഥയെക്കുറിച്ച് ആ പാർടിയിലെ ഒരു സുഹൃത്തിന്റെ പ്രതികരണം ഇതായിരുന്നു:  ‘‘മെയിൻ സ്വിച്ച് ഓഫായി കിടക്കുമ്പോൾ ഇവിടെ എങ്ങനെ കറണ്ട് കിട്ടും?’’ ഉദ്ദേശിച്ചത് എല്ലാവർക്കും അറിയുന്നതുതന്നെ.  ദേശീയതലത്തിൽ കോൺഗ്രസിന്റെ ഫ്യൂസ് പോയിക്കിടക്കുകയാണ്.  അതിനിടയിൽ കേരളത്തിൽ എന്തു ചെയ്യാനാണ്? കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെത്തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയത്.  ഗ്രൂപ്പിസം അവസാനിപ്പിക്കാനുള്ള നടപടിയെന്നാണ് ദേശീയനേതാക്കൾ ഇതിനു നൽകിയ വ്യാഖ്യാനം.  പുതുതായി സ്ഥാനം കിട്ടിയവർക്കല്ലാതെ മറ്റാർക്കും അതു ദഹിച്ചിട്ടില്ല. 

ദേശീയ നേതൃത്വത്തിലുള്ള കെ സി വേണുഗോപാലിന് സ്വന്തം ഗ്രൂപ്പായി. സുധാകരന്റെ ഗ്രൂപ്പിൽ കുറച്ചുപേരെക്കൂടി കിട്ടി.  ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പുകൾ പുതിയ നേതൃത്വത്തിനെതിരായ പടയൊരുക്കത്തിലാണ്. കെ മുരളീധരൻ ഒറ്റയാനായി നിൽക്കുന്നു.  ഗ്രൂപ്പില്ലാത്തതുകൊണ്ട് മുല്ലപ്പള്ളിക്ക് ഒന്നും ചെയ്യാനില്ല.  ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ടത് അദ്ദേഹം ഗ്രൂപ്പുകളിയിൽ സജീവമായി രംഗത്തുണ്ടെന്ന് വ്യക്തമാക്കുന്നു.  കോൺഗ്രസിലാകെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ദേശീയനേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ പുനഃസംഘടനാ പ്രക്രിയ നിർത്തിവയ്ക്കണമെന്നാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം.  രമേശ് ചെന്നിത്തലയും ഇതേ നിലപാടിലാണ്.  എന്നാൽ, പുനഃസംഘടന നിർത്തിവയ്ക്കാനാകില്ലെന്ന് വി ഡി സതീശൻ പരസ്യമായി പറഞ്ഞിട്ടുണ്ട്.

ദേശീയതലത്തിൽ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ  ജനാധിപത്യപരമായി കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടന്നത് ദശാബ്ദങ്ങൾക്കു മുമ്പാണ്.  മൂന്നു പതിറ്റാണ്ടുമുമ്പ് കേരളത്തിൽമാത്രം പിസിസിയിലേക്ക് തെരഞ്ഞെടുപ്പുണ്ടായിരുന്നു.  കെ കരുണാകരന്റെ പ്രതിനിധിയായി മത്സരിച്ച വയലാർ രവിയോട് എ കെ ആന്റണി പരാജയപ്പെട്ടത് അന്നാണ്. അന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ ചില്ലറയല്ല. അതിനുശേഷം പേരിനുപോലും ഇവിടെ  സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.  എഐസിസിയിലേക്ക് തീരെയില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ, കോൺഗ്രസിൽ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആ പാർടിയിലുള്ളവർപോലും വിശ്വസിക്കുന്നുണ്ടാകില്ല. അഥവാ നടക്കുകയാണെങ്കിൽ നിലവിലുള്ള നേതൃത്വത്തെ പുറത്താക്കാൻ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗ്രൂപ്പുകൾ ഒന്നിക്കാൻ ധാരണയായെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.  തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ  എന്തെല്ലാം നടക്കുമെന്ന് കണ്ടറിയണം.


 

പാർടിക്കകത്തെ തമ്മിലടി കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്ന് നേതാക്കൾ പറയുമായിരിക്കും.  തീർച്ചയായും അതവരുടെ കാര്യംതന്നെ.  പുതിയ നേതൃത്വത്തെ പ്രബലഗ്രൂപ്പുകൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതും ജനങ്ങളുടെ വിഷയമല്ല. എന്നാൽ, തമ്മിലടി മൂർച്ഛിക്കുന്നതിനിടയിൽ കോൺഗ്രസുകാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആർക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല.  എറണാകുളത്ത് ദേശീയപാതയിൽ  വഴിതടസ്സപ്പെടുത്തി സമരം നടത്തുന്നതിൽ പ്രതിഷേധിച്ച നടനും സംവിധായകനുമായ ജോജു ജോർജിനെ  നടുറോഡിലിട്ട് തല്ലി. അദ്ദേഹത്തിന്റെ കാർ അടിച്ചുതകർത്തു.  വനിതാ കോൺഗ്രസുകാരെക്കൊണ്ട് നടനെതിരെ കള്ളപ്പരാതി കൊടുപ്പിച്ചു. രോഗിയെ  ആശുപത്രിയിൽ കൊണ്ടുപോകുന്ന വാഹനംപോലും തടഞ്ഞിട്ടതിനെയാണ് ജോജു ജോർജ് ചോദ്യം ചെയ്തതെന്ന് മനസ്സിലാക്കണം. 

ജോജു ജോർജിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും കോൺഗ്രസുകാരുടെ അരിശം തീർന്നില്ല.  സിനിമാനിർമാണത്തിനെതിരെ അവർ തിരിഞ്ഞിരിക്കുകയാണ്. പലയിടത്തും കോൺഗ്രസുകാർ സംഘടിതമായി ചെന്ന് ഷൂട്ടിങ് തടസ്സപ്പെടുത്തുന്നു.  കലാകാരൻമാരെയും നിർമാതാക്കളെയും ഭീഷണിപ്പെടുത്തുന്നു. എന്തിന്റെ പേരിലാണ്  അക്രമമെന്ന് ചോദിച്ചാൽ മറുപടിയില്ല. സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലാണ് കേരളത്തിൽ കോൺഗ്രസ്.  കോഴിക്കോട്ട് ഗ്രൂപ്പ് യോഗത്തിന്റെ വാർത്തയും ദൃശ്യങ്ങളും എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ തല്ലിച്ചതച്ചു. കോൺഗ്രസ് പാർടി ‘സെമി കേഡർ’ ആകാൻ പോകുന്നുവെന്നാണ് വലതുപക്ഷ മാധ്യമങ്ങൾ പറയുന്നത്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങളോ കെപിസിസി പ്രസിഡന്റോ വിശദീകരിച്ചിട്ടില്ല. പാർടിക്ക് കേഡർ സ്വഭാവം വേണം.  എന്നാൽ, പകുതി മതി എന്നാണോ? കോൺഗ്രസിലെ പകുതി പേർ കേഡർ സ്വഭാവത്തിലേക്ക് മാറുമോ അതോ ഓരോ കോൺഗ്രസുകാരനും പകുതി കേഡറാകുമോ? ഒന്നും നിശ്ചയമില്ല. 

ഇടതുപക്ഷ പാർടികൾക്ക് കേഡർ സ്വഭാവമുണ്ടെന്നും അതു കൊള്ളാമെന്നും ആരോ കോൺഗ്രസ് നേതാക്കളെ ഉപദേശിച്ചിട്ടുണ്ടെന്ന് സംശയിക്കണം. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതനുസരിച്ചാണെങ്കിൽ മാധ്യമസുഹൃത്തുക്കൾ തന്നെയാകണം  ബുദ്ധി ഉപദേശിച്ചത്. മെമ്പർഷിപ്പോ സാധുവായ ഭരണഘടനയോ ലക്ഷ്യവും മാർഗവും വ്യക്തമാക്കുന്ന പരിപാടിയോ  കേന്ദ്രീകൃതനേതൃത്വമോ  ഇല്ലാത്ത രാഷ്ട്രീയ പാർടി എങ്ങനെയാണ് കേഡർ സ്വഭാവത്തിലേക്ക് മാറുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.  ഓരോ രാഷ്ട്രീയ കക്ഷിക്കും  നയങ്ങളും പരിപാടികളും ഉണ്ടാകണം.  അത് ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യം നിറവേറ്റുന്നതിന് പരിശീലനം നൽകി പാർടി അംഗങ്ങളെ നിയോഗിക്കാം.  ഈ ദൗത്യം ഏറ്റെടുക്കുന്നവരാണ് കേഡർമാർ എന്ന് സാമാന്യമായി പറയാം. 


 

സെമി കേഡർ സംബന്ധിച്ച് മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയിൽ സിപിഐ എമ്മും വരുന്നുണ്ട്. അതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.  മാർക്സിസം–ലെനിനിസം എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന തൊഴിലാളി വർഗത്തിന്റെ മുന്നണിപ്പോരാളിയാണ് സിപിഐ എം.  ഈ ലക്ഷ്യം വിശദീകരിക്കുന്ന പരിപാടി പാർടി അംഗീകരിച്ചിട്ടുണ്ട്. അതാണ് പാർടിയുടെ തന്ത്രം. 

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബഹുജന വിപ്ലവപാർടിയാണ് സിപിഐ എം. അടിമുടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ് പാർടി സംഘടന കെട്ടിപ്പടുത്തിട്ടുള്ളതും പ്രവർത്തിക്കുന്നതും. ഉൾപാർടി ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയിലാണ് കേന്ദ്രീകൃതനേതൃത്വം പ്രവർത്തിക്കുന്നത്.  കേന്ദ്രീകൃതമെന്ന് പറയുമ്പോൾ മേൽകമ്മിറ്റികൾക്ക് വഴങ്ങി കീഴ് കമ്മിറ്റികൾ പ്രവർത്തിക്കണം.  തീരുമാനങ്ങൾ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാകണം. ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ ന്യൂനപക്ഷം ബാധ്യസ്ഥമാണ്.  ഉപരികമ്മിറ്റിയുടെ തീരുമാനങ്ങൾ കീഴ്‌കമ്മിറ്റികൾ നടപ്പാക്കണം. വ്യക്തികൾ കൂട്ടായ നേതൃത്വത്തിന് വഴങ്ങി പ്രവർത്തിക്കണം.  എന്നാൽ, ഓരോ അംഗത്വത്തിനും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടാകും. 

ആവർത്തിക്കട്ടെ, ഏറ്റവും പ്രധാനം ജനാധിപത്യമാണ്.  ഏറ്റവും അടിത്തട്ടിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിമുതൽ ഏറ്റവും ഉയർന്ന തലത്തിലുള്ള കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയുംവരെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാകണം.  പാർടി അംഗങ്ങൾക്ക് ഉത്തരവാദിത്വമെന്നപോലെ അവകാശങ്ങളുമുണ്ട്.  പാർടി ഭരണഘടന അതെല്ലാം വ്യക്തമായി പറയുന്നു.  ഘടകങ്ങളെ തെരഞ്ഞെടുക്കാനുള്ളതുപോലെ ഘടകങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാനും ഓരോ അംഗത്വത്തിനും അവകാശമുണ്ട്. പാർടിയുടെ സംഘടന, നയങ്ങൾ, പ്രവർത്തനം എന്നിവ സംബന്ധിച്ച് സ്വന്തം ഘടകത്തിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഓരോ അംഗത്തിനും അവകാശമുണ്ട്. തിരുവായ്ക്ക് എതിർവായില്ലാത്ത സ്ഥിതി ഈ പാർടിയിൽ ഇല്ലെന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്.  ഇപ്പോൾ എല്ലാ സംസ്ഥാനത്തും പാർടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.  കേരളത്തിൽ ബ്രാഞ്ച് മുതൽ ലോക്കൽവരെയുള്ള സമ്മേളനങ്ങൾ പൂർത്തിയായി.  ഏരിയ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.  അതു കഴിഞ്ഞാൽ ജില്ലാ സമ്മേളനങ്ങൾ. മാർച്ച് ആദ്യവാരം സംസ്ഥാന സമ്മേളനം.  ഏപ്രിലിൽ കണ്ണൂരിൽ പാർടി കോൺഗ്രസ്. ഈ രീതിയിലുള്ള ജനാധിപത്യ പ്രക്രിയ കോൺഗ്രസിനോ മറ്റേതെങ്കിലും ബൂർഷ്വാ പാർടികൾക്കോ സങ്കൽപ്പിക്കാൻ കഴിയുമോ. 

കേരളത്തിലെ കോൺഗ്രസ് ആദ്യം ചെയ്യേണ്ടത് ഇടതുപക്ഷ സർക്കാരിനോടുള്ള അന്ധമായ എതിർപ്പും അക്രമസമരങ്ങളും ഉപേക്ഷിക്കുകയാണ്. മതനിരപേക്ഷ കക്ഷിയാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിൽ മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിച്ച് ബിജെപിയുടെ ഫാസിസ്റ്റ് രീതികളെ എതിർക്കാൻ തയ്യാറാകണം.  ഇത് അവരുടെ ദേശീയ നേതൃത്വത്തിനും ബാധകമാണ്. സിപിഐ എമ്മിനോടുള്ള വിരോധം മൂത്ത് കേരളത്തിലെ വികസന പദ്ധതികളെ തുരങ്കംവയ്ക്കുന്ന നിലപാടിൽ കോൺഗ്രസ് എത്തിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന എന്തിനെയും എതിർക്കുകയെന്ന നയമാണ്  സ്വീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം–കാസർകോട് സിൽവർ ലൈനിനെതിരെ ബിജെപിയോടൊപ്പം ചേർന്ന് എതിർക്കുന്ന നിലപാട് കേരളത്തിന്റെ ഭാവിവികസനം ഓർത്ത് തിരുത്താൻ തയ്യാറാകണം.  കിഫ്ബിയോടുള്ള ഇവരുടെ എതിർപ്പും സംസ്ഥാന താൽപ്പര്യം മറന്നാണ്.  ഈ സമീപനം മാറ്റുന്നില്ലെങ്കിൽ ഭാവിതലമുറയോട് അവർ സമാധാനം പറയേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top