20 April Saturday

കോൺഗ്രസിന്‌ തകരാതെ വയ്യ - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Friday Oct 1, 2021

ഏഴുവർഷംമുമ്പ് ജനങ്ങൾ അധികാരത്തിൽനിന്ന് പുറത്താക്കിയ കോൺഗ്രസ് പ്രതിസന്ധികളിൽനിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ചിത്രമാണ് അഖിലേന്ത്യാ തലത്തിൽ കാണുന്നത്. ഒരു കുരുക്ക് അഴിക്കാൻ ശ്രമിക്കുമ്പോൾ അതിലും വലുത്‌ രൂപപ്പെടുന്നു. അണികളെ മാത്രമല്ല, നേതാക്കളെയും ഉന്നത സ്ഥാനങ്ങൾ വഹിച്ചവരെപ്പോലും പിടിച്ചുനിർത്താൻ നേതൃത്വം പാടുപെടുന്നു. കോൺഗ്രസിന് അധികാരമുള്ള പഞ്ചാബിലും രാജസ്ഥാനിലും തമ്മിലടി രൂക്ഷമാണ്. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനേ കഴിയൂ എന്ന് അഹങ്കരിച്ചിരുന്ന പാർടിയുടെ തകർച്ച ആരിലും സഹതാപമുണർത്തും.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് നാലോ അഞ്ചോ മാസംമാത്രം അവശേഷിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മാറ്റിയത്. ഇതുസംബന്ധിച്ച് ആരാണ് തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ലെന്നും കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞത് പ്രതിസന്ധിയുടെ സങ്കീർണത വ്യക്തമാക്കുന്നു. പ്രശ്നം വഷളാകുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രവർത്തകസമിതി യോഗം വിളിക്കണമെന്ന് മറ്റൊരു മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകസമിതിയോ പഞ്ചാബ് പിസിസിയോ ചേർന്ന് ഇതൊന്നും ചർച്ച ചെയ്തിട്ടില്ല. സിഖ് സമുദായത്തിലെ ദളിത് വിഭാഗത്തിൽനിന്ന് ഒരാളെ പ്രതിഷ്ഠിച്ചാൽ വോട്ടെടുപ്പിലുണ്ടാകാവുന്ന ജനരോഷത്തിൽനിന്ന് രക്ഷപ്പെടാനാകുമെന്ന് തീരുമാനമെടുത്തവർ കണക്കുകൂട്ടിയിട്ടുണ്ടാകും. എന്നാൽ, വെളുക്കാൻ തേച്ചത് പാണ്ടായി. മുഖ്യമന്ത്രിപദം കാംക്ഷിച്ച് അമരീന്ദറിനെ പുറത്താക്കാൻ കരുക്കൾ നീക്കിയ പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു രാജിവച്ചു. അമരീന്ദർ ബിജെപിയിലേക്കും സിദ്ദു മറ്റൊരു പാർടിയിലേക്കും പോകുമെന്നാണ് വാർത്തകൾ. രണ്ടും ഒരുമിച്ച് സംഭവിച്ചാൽ അത്ഭുതമില്ല. കോൺഗ്രസ് നേതാക്കൾക്കോ ആ പാർടി മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നവർക്കോ ഇരുട്ടിവെളുക്കുമ്പോൾ ബിജെപിയിൽ പോകാൻ ഒരു മടിയുമില്ല. പിന്നെ സാധാരണ കോൺഗ്രസുകാരുടെ കാര്യം പറയാനുണ്ടോ.

ബിജെപിയുടെ ഹിന്ദുത്വ വർഗീയ ആശയങ്ങളോട് പോരാടാൻ കോൺഗ്രസ് ഒരിക്കലും തയ്യാറായിട്ടില്ല. വർഗീയതയോട് പോരാടുന്നതിന് പകരം മൃദുഹിന്ദുത്വപാത തെരഞ്ഞെടുത്ത് ജനങ്ങളെ കൂടെനിർത്താൻ ശ്രമിക്കുകയെന്ന വിഡ്ഢിത്തമാണ് അവർ ചെയ്തുവരുന്നത്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും ജനവിരുദ്ധ സാമ്പത്തികനയങ്ങളും കൊടിയ അഴിമതിയുമാണ് ബിജെപിക്ക് വളരാനും അധികാരം പിടിക്കാനും സഹായമായതെന്ന കാര്യത്തിൽ തർക്കമില്ല.

ബിജെപിയുടെ ആശയങ്ങളെ എതിർക്കാതെ എങ്ങനെയാണ് ബിജെപിക്ക് ബദലാകുക. വർഗീയതയോട് സമരസപ്പെട്ടു പോകുന്ന നയമാണ് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് അപ്പാടെ ബിജെപിയിലേക്ക് ഒഴുകാൻ കാരണമായത്. ത്രിപുരയാണ് ഒടുവിലത്തെ ഉദാഹരണം. 2013ൽ 44.65 ശതമാനം വോട്ട് കോൺഗ്രസിനും സഖ്യകക്ഷിക്കും കിട്ടിയ സ്ഥാനത്ത് 2018ൽ അത് 1.78 ശതമാനമായി കുറഞ്ഞു. എംഎൽഎമാരും നേതാക്കളുമടക്കം ബിജെപിയിലേക്ക് പോയി. 


 

കോൺഗ്രസിന് അധികാരം അവശേഷിക്കുന്ന രാജസ്ഥാനിലും പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. മുഖ്യമന്ത്രിയാക്കാത്തതിനെ തുടർന്ന് പിണങ്ങിപ്പോയ സച്ചിൻ പൈലറ്റിനെ ബിജെപിയുടെ വാതിൽക്കൽ നിന്നാണ് പിടിച്ചുകൊണ്ടുവന്നത്. അതിനുശേഷവും രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് രണ്ടായി നിൽക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് വഴങ്ങാത്ത സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് എവിടെപ്പോകുമെന്ന് പ്രവചിക്കുക വയ്യ.

ഇന്ദിര ഗാന്ധിയുടെ കാലംതൊട്ട് കോൺഗ്രസിൽ ജനാധിപത്യത്തിന് പകരം കുടുംബാധിപത്യമാണ്. ജനാധിപത്യം, മതനിരപേക്ഷത, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങൾ ഉയർത്തിയ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കോൺഗ്രസ്, സ്വാതന്ത്ര്യലബ്ധിയോടെ സംഘടനയിലെ ജനാധിപത്യം ഉപേക്ഷിക്കുന്നതാണ് നാം കണ്ടത്. ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ചവിട്ടിമെതിച്ച അടിയന്തരാസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയി എന്ന് അവർ ഒരിക്കലും പറഞ്ഞിട്ടില്ല. കോൺഗ്രസിന് ദേശീയനേതൃത്വംതന്നെ ഇല്ലാത്ത സ്ഥിതിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി പ്രസിഡന്റ്‌ സ്ഥാനം ഉപേക്ഷിച്ചപ്പോൾ സോണിയ ഗാന്ധി വീണ്ടും സ്ഥാനം ഏറ്റെടുത്തു. താൽക്കാലിക പ്രസിഡന്റായി അവർ തുടരുമ്പോൾ മകൻ രാഹുൽ ഗാന്ധി കാര്യങ്ങൾ തീരുമാനിക്കുന്നു. അതിനിടെ ഗുലാം നബി ആസാദ്, കപിൽ സിബൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി മാറിനിൽക്കുന്നു. ജനാധിപത്യപരമായി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന അവരുടെ ആവശ്യം സോണിയയോ രാഹുലോ ചെവിക്കൊണ്ടിട്ടില്ല.

പാർടിക്കകത്തെ ജനാധിപത്യത്തിന്റെ കാര്യം ഇതാണെങ്കിൽ, ദേശീയ പ്രശ്നങ്ങളിലൊന്നും ബിജെപിയുടേതിന് ബദലായ നയങ്ങൾ മുന്നോട്ടുവയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പല പ്രശ്നത്തിലും കോൺഗ്രസിന് ഒരു നയവുമില്ല എന്നതാണ് വസ്തുത. അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിടാൻ പ്രധാനമന്ത്രി പോയപ്പോൾ ഉയർന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചവർക്ക് അറിയാം, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന്. പ്രിയങ്ക ഗാന്ധിയടക്കം സംഘപരിവാർ അജൻഡയെ പിന്തുണയ്ക്കുന്നതാണ് അന്ന് രാജ്യം കണ്ടത്. മതനിരപേക്ഷതയോട് പ്രതിബദ്ധതയുള്ളവരെന്ന് കരുതുന്ന നേതാക്കൾ നിശ്ശബ്ദരാകുകയും ചെയ്തു. സാമ്പത്തികനയത്തിന്റെ കാര്യത്തിലാണെങ്കിൽ ബിജെപിയുമായി കോൺഗ്രസിന് ഒരു തർക്കവുമില്ല. പൊതുമേഖലയുടെ വിൽപ്പനയും ഇന്ധനത്തിന് വില നിയന്ത്രണം നീക്കലുമെല്ലാം കോൺഗ്രസിന്റെ നയങ്ങളാണ്. ബിജെപി അതുമായി തീവ്രമായി മുമ്പോട്ടുപോകുമ്പോൾ എങ്ങനെയാണ് കോൺഗ്രസിന് വിയോജിക്കാൻ കഴിയുക?

വൻകിട ഭൂവുടമകളുടെയും കോർപറേറ്റുകളുടെയും പിന്തുണയോടെയായിരുന്നു കോൺഗ്രസ് അടുത്തകാലംവരെ പിടിച്ചുനിന്നത്. എന്നാൽ, ബിജെപിയുടെ ഉയർച്ചയോടെ ആ സ്ഥാനം പോയി. കോർപറേറ്റുകളുടെയും ഭൂപ്രമാണിമാരുടെയും ഒന്നാം പാർടി ഇപ്പോൾ ബിജെപിയാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് നിലനിൽപ്പില്ല. കോർപറേറ്റുകളും ബിജെപിയും തമ്മിലെ ഗാഢ ബന്ധത്തിന്റെ രസതന്ത്രം നോക്കുമ്പോൾ തിരിച്ചുവരവിന് അവസരമില്ല. പിന്നെ എന്താണ് വഴിയെന്ന് ചോദിച്ചാൽ, ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ജനാധിപത്യം, മതനിരപേക്ഷത, തുല്യത മുതലായ മൂല്യങ്ങളിലേക്കും പൊതുമേഖലയെ നിർണായ ഉയരത്തിൽ എത്തിക്കുകയെന്ന നെഹ്റുവിന്റെ നയങ്ങളിലേക്കും മടങ്ങാൻ കോൺഗ്രസിന് കഴിയണമെന്നാണ്‌ ഉത്തരം. അതിനുള്ള ഒരു ലക്ഷണവും എവിടെനിന്നും കാണുന്നില്ല.

കേരളത്തിൽ കോൺഗ്രസിലെ തമ്മിലടി ആ പാർടിയിൽ അണിനിരന്നവരെ വല്ലാതെ വേദനിപ്പിക്കുന്നതും നിരാശരാക്കുന്നതുമാണ്‌. തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതും മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി, കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയതുമാണ് സ്ഥിതി വഷളാക്കിയത്. വി എം സുധീരനെപ്പോലുള്ളവർ മനംമടുത്ത് മാറിനിൽക്കാൻ തീരുമാനിച്ചു. പി സി ചാക്കോയെപ്പോലുള്ള നേതാക്കൾ പാർടി വിട്ടു. പലരും വിടാൻ തയ്യാറായി നിൽക്കുന്നു. പ്രമുഖരായ പലരും ഇടതുപക്ഷത്തേക്ക് വരുന്നു.

ഒരു തട്ടിപ്പുകാരനുമായി കെപിസിസി പ്രസിഡന്റിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്‌. അതിന് കെപിസിസി പ്രസിഡന്റ് നൽകിയ വിശദീകരണം സംശയം ബലപ്പെടുത്തുന്നേയുള്ളൂ.

ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ കെപിസിസി പ്രസിഡന്റാക്കിയതിനെക്കുറിച്ച് സിപിഐ എം ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കാരണം, ഇത്തരം നടപടികൾ കേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തെ തന്നെ കളങ്കപ്പെടുത്തും. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായി ചില കോൺഗ്രസ് നേതാക്കൾ അതിനെ വ്യാഖ്യാനിച്ചു. എന്നാൽ, അടുത്ത ദിവസം പുറത്തുവന്ന വാർത്തകൾ സിപിഐ എമ്മിന്റെ വിമർശം ശരിയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിനകത്തും ഇതേ അഭിപ്രായമുള്ളവരാണ് അധികവും. ഒരു തട്ടിപ്പുകാരനുമായി കെപിസിസി പ്രസിഡന്റിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്‌. അതിന് കെപിസിസി പ്രസിഡന്റ് നൽകിയ വിശദീകരണം സംശയം ബലപ്പെടുത്തുന്നേയുള്ളൂ. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനെപ്പോലുള്ളവർ ഇതിനെതിരെ പ്രതികരിച്ചു എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ചിലർ ഹൈക്കമാഡിനെ കുറ്റപ്പെടുത്തുന്നു. മറ്റു ചിലർ ഹൈക്കമാൻഡ്‌ നിയമിച്ച നേതാക്കളെ പഴിക്കുന്നു. മുമ്പൊക്കെ സംസ്ഥാനങ്ങളിൽ തർക്കം രൂക്ഷമായാൽ ഡൽഹിയിലേക്ക് പറന്ന് ഒത്തുതീർപ്പു ഫോർമുലയുമായി തിരിച്ചുവരുന്ന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോൾ ഹൈക്കമാൻഡ്‌തന്നെയില്ല. അതുകൊണ്ട് ഡൽഹിയിലേക്ക് നോക്കിയിട്ട് കാര്യമില്ല. ഒരു കാര്യം നാം കാണാതിരുന്നുകൂടാ. സുധാകരൻ, വി ഡി സതീശൻ ടീമിനെ എതിർക്കുന്നവരും കോൺഗ്രസിന്റെ സാമ്പത്തികനയങ്ങളോടോ മൃദുഹിന്ദുത്വ സമീപനത്തോടോ ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. തങ്ങളെ അവഗണിച്ചു, തങ്ങളുടെ ആളുകളെ വേണ്ട രീതിയിൽ പരിഗണിച്ചില്ല, തങ്ങളോട് ചർച്ച ചെയ്തില്ല എന്നൊക്കെയുള്ള പരാതികളേ ഉമ്മൻചാണ്ടിക്കായാലും രമേശ് ചെന്നിത്തലയ്‌ക്കായാലും മുല്ലപ്പള്ളിക്കായാലും ഉള്ളൂ. സംഘടനയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നോ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്നോ വിമതസ്വരം ഉയർത്തുന്നവർ പറയുന്നില്ല.

കേരള രൂപീകരണംതൊട്ട് ഇടതുപക്ഷവിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർടിയാണ് കോൺഗ്രസ്. രാഷ്ട്രീയനേട്ടത്തിന് വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും കാലാകാലങ്ങളിൽ കോൺഗ്രസ് ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവിടെ ഭൂരിപക്ഷ വർഗീയതയ്‌ക്കും ന്യൂനപക്ഷ വർഗീയതയ്‌ക്കും വളമായത്. അതുകൊണ്ടുതന്നെ ഇടതുപക്ഷവിരുദ്ധ മുന്നണിയെയും അവരുടെ പ്രതിലോമ രാഷ്ട്രീയത്തെയും ദുർബലമാക്കാനുള്ള ഒരു അവസരവും സിപിഐ എം പാഴാക്കില്ല. കോൺഗ്രസിന്റെ നയങ്ങളിൽ മനംമടുത്ത് ഇടതുപക്ഷത്തേക്ക് വരുന്നവരെ പാർടി സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസിൽനിന്ന് മാത്രമല്ല, ബിജെപി ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയപാർടികളിൽനിന്നും ധാരാളം പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറാകുന്നുണ്ട്. എല്ലാ ജില്ലയിലും ഈ മാറ്റം കാണാൻ കഴിയും. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top