09 December Saturday

സ്ഥിരം ക്ഷണിതാവ്‌

കെ ശ്രീകണ്‌ഠൻUpdated: Tuesday Aug 22, 2023

കോൺഗ്രസ്‌ പ്രവർത്തകസമിതി പട്ടിക പുറത്തുവന്നയുടനെ രമേശ്‌ ചെന്നിത്തല പുതുപ്പള്ളിയിൽനിന്ന്‌ മടങ്ങിയത്‌ മോഹഭംഗ മനസ്സുമായാണ്‌. കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും  ഹൃദയം തൊട്ടറിഞ്ഞ വേറെ ആരുണ്ടെന്ന്‌ മേനിനടിച്ച അദ്ദേഹത്തിനു മുന്നിൽ പ്രവർത്തകസമിതിയുടെ വാതിൽ ഒരിക്കൽക്കൂടി കൊട്ടിയടച്ചു. ഒരു കടമ നിർവഹിച്ചാൽ മറ്റൊന്ന്‌ നിർവഹിക്കാനുള്ള കരുത്ത്‌ പ്രതിഫലമായി ലഭിക്കുമെന്ന്‌ ചൊല്ലുണ്ട്‌. പക്ഷേ, ചെന്നിത്തലയുടെ കാര്യത്തിൽ മറിച്ചാണ്‌ അനുഭവം. പ്രവർത്തകസമിതിയിൽ സ്ഥിരാംഗത്വം പ്രതീക്ഷിച്ച അദ്ദേഹത്തെ 19 വർഷംമുമ്പ്‌ വഹിച്ചിരുന്ന സ്ഥിരം ക്ഷണിതാവ്‌ പദവിയിൽ ഒതുക്കുകയാണ്‌ ചെയ്‌തത്‌. ചെന്നിത്തലയ്‌ക്കു മുന്നിൽ വിലങ്ങുതടിയായത്‌ ശശി തരൂർ ആകാനിടയില്ല. സമുദായ സമവാക്യങ്ങളും മറ്റു ന്യായവാദങ്ങളും നിരത്തി നടത്തിയ കടുംവെട്ടിനു പിന്നിലെ കരങ്ങൾ ആരുടേതാണെന്ന്‌ വ്യക്തവുമാണ്‌.

തന്നെ തഴഞ്ഞതിനേക്കാൾ ചെന്നിത്തലയെ ചൊടിപ്പിക്കുന്നത്‌ ശശി തരൂരിന്‌ ലഭിച്ച പരിഗണനയാണ്‌. താരതമ്യേന ജൂനിയറായ തരൂർ പ്രവർത്തക സമിതി അംഗമായി മുന്നിലുള്ളപ്പോൾ സ്ഥിരം ക്ഷണിതാവിനെ പ്രവർത്തകർ എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്ന്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ അറിയാം. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകി ദേശീയ തലത്തിലേക്ക്‌ ഉയർത്തുമെന്ന്‌ പറയുമ്പോഴും രാഷ്‌ട്രീയ വനവാസത്തിന്റെ സൂചനയായാണ്‌ ചെന്നിത്തലയുടെ അടുപ്പക്കാർ ചൂണ്ടിക്കാട്ടുന്നത്‌. ചെന്നിത്തല അപ്രസക്തനാകുന്നതോടെ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിലും അത്‌ പ്രതിഫലിക്കും. സംസ്ഥാന നേതൃത്വം കൈപ്പിടിയിലൊതുക്കാനുള്ള കെ സി വേണുഗോപാലിന്റെ നീക്കം കൂടുതൽ എളുപ്പമായിരിക്കുകയാണ്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവരിലൂടെ തന്റെ സ്വാധീനം കടുപ്പിക്കാനും കഴിയും.

പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25ൽ നിന്ന്‌ 39 ആയി ഉയർത്തിയിട്ടും കേരളത്തിനുള്ള പ്രാതിനിധ്യം മൂന്നിൽത്തന്നെ നിലനിർത്തി.  ഉമ്മൻചാണ്ടിയുടെ ഒഴിവിൽ മുല്ലപ്പള്ളി രാമചന്ദ്രനോ വി എം സുധീരനോ എം എം ഹസ്സനോ പരിഗണിക്കപ്പെടുമെന്ന്‌ സൂചനയുണ്ടായിരുന്നതാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടഞ്ഞുനിന്ന സുധീരനെ മെരുക്കാൻ എഐസിസി നേതൃത്വം ദേശീയ പദവി വാഗ്‌ദാനം ചെയ്‌തിരുന്നതുമാണ്‌. എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ അടക്കമുള്ളവർ സുധീരനെ കണ്ട്‌ അനുനയിപ്പിച്ച ശേഷമാണ്‌ അദ്ദേഹം പ്രചാരണരംഗത്ത്‌ സജീവമായത്‌. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റിയ വേളയിൽ മുല്ലപ്പള്ളി രാമചന്ദ്രനും ദേശീയതലത്തിൽ പരിഗണന നൽകുമെന്ന്‌ സൂചനയുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ സമുദായം ചൂണ്ടിക്കാട്ടിയാണ്‌ മുല്ലപ്പള്ളിയെയും സുധീരനെയും തഴഞ്ഞത്‌. ഇതെല്ലാം കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ അവസാന വാക്ക്‌ കെ സി വേണുഗോപാലിന്റേതാണെന്ന്‌ അടിവരയിടുന്നതാണ്‌.


 

ആറുമാസത്തെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ്‌ പ്രവർത്തകസമിതി അംഗങ്ങളെ തീരുമാനിച്ചത്‌. രമേശ്‌ ചെന്നിത്തല ഇതിനകം പലവട്ടം ഡൽഹിയിലെത്തി രാഹുൽ ഗാന്ധി അടക്കമുള്ളവരെ കണ്ട്‌ അവകാശവാദം ഉന്നയിച്ചിരുന്നതാണ്‌. പ്രതിപക്ഷ നേതൃപദവിയിൽനിന്ന്‌ ഒഴിവാക്കിയ സാഹചര്യവും പ്രവർത്തന പാരമ്പര്യവും മറ്റും പലതവണ വിശദീകരിച്ചെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വരയായി. അതേസമയം സജീവ രാഷ്‌ട്രീയത്തോട്‌ വിടപറഞ്ഞ്‌ വിശ്രമ ജീവിതം നയിക്കുന്ന എ കെ ആന്റണിയെ പ്രവർത്തക സമിതിയിൽ നിലനിർത്തുകയും ചെയ്‌തു. തന്നെ പരിഗണിക്കരുതെന്ന്‌ ആന്റണി പറഞ്ഞിട്ടും സോണിയ ഗാന്ധി മുൻകൈ എടുത്താണ്‌ ഉൾപ്പെടുത്തിയതത്രേ. വിശ്രമം മതിയാക്കി ആന്റണി കളത്തിലിറങ്ങുമോയെന്നാണ്‌ ഇനി അറിയേണ്ടത്‌. കെപിസിസി പ്രസിഡന്റ്‌ ആയിരിക്കെ എൻഎസ്‌എസ്‌ ആവശ്യപ്പെട്ടാണ്‌ രമേശ്‌ ചെന്നിത്തലയെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയാക്കിയത്‌. ‘താക്കോൽ സ്ഥാനം’ നൽകണമെന്നായിരുന്നു അന്ന്‌ ജി സുകുമാരൻ നായർ ആവശ്യപ്പെട്ടത്‌. എന്നാൽ, പ്രവർത്തകസമിതിയിലേക്ക്‌ ചെന്നിത്തലയ്‌ക്കുവേണ്ടി വാദിക്കാൻ ആരും ഉണ്ടായിരുന്നതായി സൂചനയില്ല. ഉറ്റ അനുയായിയായ എം എം ഹസ്സന്റെ പേര്‌ പോലും സൂചിപ്പിക്കാൻ എ കെ ആന്റണി തയ്യാറായില്ല. തന്നെ അവഹേളിച്ചതിൽ കടുത്ത അതൃപ്‌തിയുണ്ടെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ശേഷമേ പരസ്യപ്രതികരണത്തിന്‌ രമേശ്‌ ചെന്നിത്തല തയ്യാറാകുകയുള്ളൂ. അതിനു മുമ്പ്‌ അനുനയ ശ്രമങ്ങളും തുടങ്ങാനിടയുണ്ട്‌. അടുക്കളയിൽ പറഞ്ഞുതീർക്കാനുള്ള പ്രശ്‌നങ്ങളേയുള്ളൂവെന്നാണ്‌ കെ സി വേണുഗോപാലിന്റെ അവകാശവാദം. സാമുദായിക പരിഗണനയും മറ്റും കണക്കിലെടുത്താണ്‌ പ്രവർത്തകസമിതി അംഗങ്ങളെ നിശ്ചയിച്ചതെന്ന അദ്ദേഹത്തിന്റെ നിലപാട്‌ കണക്കിലെടുത്താൽ ചെന്നിത്തലയ്‌ക്കു മുന്നിൽ തൽക്കാലം പ്രവർത്തകസമിതിയുടെ വാതിൽ തുറക്കാനിടയില്ല.

ഹൈക്കമാൻഡിന്റെ പ്രീതിയും അപ്രീതിയും
കോൺഗ്രസ്‌ നേതൃത്വത്തിന്റെ കടുത്ത അപ്രതീക്ക്‌ പാത്രമായിരുന്ന ശശി തരൂർ എങ്ങനെ പ്രവർത്തകസമിതിയിൽ കയറിക്കൂടിയെന്നതാണ്‌ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്‌. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക്‌ ഹൈക്കമാൻഡ്‌ നിർദേശിച്ച മല്ലികാർജുൻ ഖാർഗയ്‌ക്കെതിരെ മത്സരിച്ചതോടെ തരൂരിനെ കോൺഗ്രസ്‌ നേതൃത്വം എഴുതിത്തള്ളിയതാണ്‌. കേരളത്തിൽ സമാന്തര പര്യടനവും മറ്റും നടത്തി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്‌തിരുന്നു. കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ സോണിയ ഗാന്ധിക്ക്‌ കാര്യകാരണ സഹിതം കത്തെഴുതിയ ജി 23 സംഘത്തിലും തരൂർ പ്രധാനിയായിരുന്നു. കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ നിരവധി പ്രസ്‌താവനകളും അദ്ദേഹം നടത്തി. ഒരു ഘട്ടത്തിൽ ബിജെപിയിലേക്ക്‌ ചായുന്നതിന്റെ സൂചനയും പുറത്തുവന്നു. കേരളത്തിലെ നേതൃത്വം ശശി തരൂരിനെ പൂർണമായി അവഗണിച്ചാണ്‌ മുന്നോട്ടു പോയത്‌. ദേശീയ‐ സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ തരൂർ ഹൈക്കമാൻഡിന്റെ പ്രീതി ഇത്രവേഗം എങ്ങനെ പിടിച്ചുപറ്റി എന്നതാണ്‌ ഉയരുന്ന ചോദ്യം. പ്രവർത്തകസമിതിയിൽ വിയോജിപ്പുള്ളവരെയും ഉൾപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ്‌ തരൂരിന്‌ തുണയായതത്രേ. തരൂർ പ്രവർത്തകസമിതി അംഗമായതിൽ ചെന്നിത്തല പരസ്യമായി എതിർപ്പ്‌ പ്രകടിപ്പിക്കാനുള്ള സാധ്യത വിരളമാണ്‌. പക്ഷേ, തരൂരിന്റെ വരവോടെ തന്റെ വഴി അടഞ്ഞുവെന്ന്‌ ചെന്നിത്തല ഉറപ്പിക്കുന്നു. തരൂർ ഉയർത്തുന്ന വെല്ലുവിളി ചെന്നിത്തലയ്‌ക്ക്‌ മാത്രമല്ല, കെ സി വേണുഗോപാലിനും നിസ്സാരവൽക്കരിക്കാൻ കഴിയില്ല. രാഹുലിന്റെയും പ്രിയങ്കയുടെയും പ്രീതി ഭാവിയിലും ഇതേ തീവ്രതയിൽ നിലനിർത്താനാകുമോ എന്നതാണ്‌ വേണുഗോപാലിന്റെ മുന്നിലുള്ള പ്രശ്‌നം. ഒന്നുപിഴച്ചാൽ കാര്യങ്ങൾ കൈവിടും. അവിടെയാണ്‌ തരൂരിന് ഇടം ഒരുങ്ങുന്നത്‌. കേരളത്തിലാകട്ടെ നേരത്തേ തരൂരും എം കെ രാഘവനും മറ്റും ചേർന്ന്‌ രൂപം നൽകിയ പക്ഷം കൂടുതൽ ശക്തിപ്രാപിക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top