19 April Friday

നായക്കുട്ടി വലിക്കുന്ന കാളവണ്ടികൾ

അനിൽകുമാർ എ വിUpdated: Wednesday Sep 22, 2021

രക്ഷാബന്ധൻ ദിനത്തിൽ മൂർഖന് രാഖി കെട്ടുന്നതിനിടെ കടിയേറ്റ് യുവാവ്‌ മരിച്ചത്‌ ബിഹാറിലെ സരണിലായിരുന്നു. ആ സംഭവത്തെ മാധ്യമങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും ബന്ധിപ്പിച്ച്‌ നവമാധ്യമങ്ങളിൽ വന്ന പരാമർശം ഫലിതത്തിനപ്പുറമാണ്‌. ചില ജീവികളുടെ പ്രകൃതം ഒരിക്കലും മാറില്ല. ചില മനുഷ്യരും അങ്ങനെയാണ്. അടുപ്പം നടിക്കും. ജനാധിപത്യത്തെയും രാജ്യസ്നേഹത്തെയും മുൻനിർത്തി ഒച്ചവയ്‌ക്കും. പക്ഷേ, അവസരം കിട്ടുമ്പോൾ തിരിഞ്ഞുകൊത്തും.

കോൺഗ്രസിന്‌ കൃത്രിമ ശ്വാസോച്ഛാസം നൽകുക, മുഖപത്രമെന്ന നിലയിൽ മലയാള മനോരമയുടെ ഉത്തരവാദിത്തമാണ്. സതീശൻ ചെന്നിത്തലയോട്‌ സംസാരിച്ചു, ഉമ്മൻചാണ്ടിയെ ഉടൻ കാണും. അകൽച്ച തീർക്കാൻ പ്രതിപക്ഷ നേതാവ്‌ മുൻകൈയെടുത്തു എന്നൊക്കെയുള്ള പ്രയോഗങ്ങൾ ചുഴറ്റിയതിന്റെ പിന്നാലെയാണ്‌, നാലണ അംഗമായ തന്നെ കേട്ടില്ലെങ്കിലും ഉമ്മൻചാണ്ടിയോടെങ്കിലും ആലോചിക്കണമായിരുന്നെന്ന് ചെന്നിത്തല പൊട്ടിത്തെറിച്ചത്. അടിമുടി പൊളിക്കും, പുതുപ്പള്ളി, ഹരിപ്പാട്‌ വഴി സതീശന്റെ ഡേ ഔട്ട്‌, യുഡിഎഫ്‌ ആകെ മാറുന്നു, കൈകോർത്തു, കോൺഗ്രസിൽ ഐക്യനീക്കം തകൃതി; ഇന്നു വീണ്ടും ചർച്ച, സെപ്‌തംബർ പത്തിന്റെ പ്രധാന വാർത്ത ‘കോൺഗ്രസിന്‌ പുതിയ കൈരേഖ’യെന്നാണ്‌. ‘തിരിച്ചറിവുകളുടെ മാർഗരേഖ’ എന്ന മുഖപ്രസംഗ (സെപ്‌തംബർ 11)ത്തിൽ കേരളത്തിലെ കോൺഗ്രസ്‌ മാറ്റങ്ങളിലേക്ക്‌ പദമൂന്നുമ്പോൾ എന്നാണ്‌ മനോരമയുടെ ആരവം. ജനറൽ സെക്രട്ടറിമാരടക്കം കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിക്കുമ്പോൾ മനോരമയ്‌ക്ക്‌ ദഹിക്കുന്നേയില്ലെന്ന്‌ കാണാം.

അവ്യക്തതയുടെ പദ്ധതി (ഡിസൈൻ ഓഫ്‌ കൺഫ്യൂഷൻ)അസൂയാവഹമായ നിലയിലാണ്‌ മനോരമയടക്കമുള്ള ‘ജനാധിപത്യത്തിന്റെ നാവുകൾ’ നടപ്പാക്കുന്നത്‌. ‘നോക്കുകൂലിയായി 10 ലക്ഷം, ഐഎസ്‌ആർഒ കാർഗോ വാഹനം തടഞ്ഞു’ എന്ന വാർത്തയാണ്‌ സമീപകാല ഉദാഹരണം. മാധ്യമങ്ങളുടെ സ്വഭാവംവച്ച്‌ സിപിഐ എമ്മോ, വർഗബഹുജന സംഘടനകളോ പ്രതിഭാഗത്തുണ്ടെങ്കിൽ അതാകും പ്രധാന വാർത്ത. നോക്കുകൂലി ചോദിച്ചത്‌ ആരെന്ന് വാർത്തയിലില്ല. സിപിഐ എമ്മുമായി വിദൂര ബന്ധമുള്ളവരല്ല, ആണെങ്കിൽ ഊക്ക്‌ കൂടുമായിരുന്നു. പ്രദേശവാസികളെ അവഗണിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വികാരിയുടെ നേതൃത്വത്തിൽ ലത്തീൻ സഭാ നിയന്ത്രണത്തിലുള്ള ലേബർ സൊസൈറ്റിയാണ് തടഞ്ഞത്. എന്നിട്ടും ‘വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു' എന്ന് കണ്ടില്ല.

‘ശരീരം തളർന്നവർക്ക്‌ പ്രതികരിക്കാനാകില്ല’‐ ഇന്ത്യൻ ജനതയെ പരിഹസിച്ച്‌ ഒരു അമേരിക്കൻ പത്രത്തിൽ വന്ന ശീർഷകം മാധ്യമങ്ങൾക്കും ബാധകമാണ്‌. പാചകവാതകവില വർധനയ്‌ക്കെതിരെ എവിടെയാണ് മാധ്യമ പ്രതിഷേധം. രാജ്യം കണ്ടതിൽവച്ച് ഏറ്റവും വലിയ അഴിമതിയും കൊള്ളയും കോർപറേറ്റ്‌ സേവയും തുടർന്ന്‌ മോദി ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്‌. സമാനതകളില്ലാത്ത നിശ്ശബ്ദതയാണ് മാധ്യമങ്ങൾ ഉപദേശിക്കുന്നത്‌. ഔദ്യോഗിക കണക്കനുസരിച്ച് 17 കോടി പാചകവാതക കണക്‌ഷനുണ്ട്‌. ഒറ്റരാത്രി 49 രൂപ കൂട്ടിയപ്പോൾ 9836 കോടി കവർന്നു. ഇത്രയും പരിഹാസ്യമായ പ്രതികരണശേഷിയില്ലാത്ത ജനത മാധ്യമ സൃഷ്ടികൂടിയാണ്‌.

തമിഴ്നാട്ടിൽ ആന്റിജൻ പരിശോധന നിർത്തുന്നത് മികച്ച തീരുമാനം; കേരളത്തിലായാൽ ആശങ്കയെന്നതാണ്‌ മനോരമയുടെ വിധിതീർപ്പ്‌. ഇന്ത്യയിലെ കോവിഡ് കണക്കുകൾ കൗതുകകരമാണ്‌. മാധ്യമങ്ങളുടെ കണ്ണിൽ കേരളത്തിൽ വരാനേ വൈറസിന്‌ ധൈര്യമുള്ളൂ. ദിവസം 17 രോഗികൾ മാത്രമുള്ള ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക് പോയി കോവിഡ് വന്ന് മരിച്ച 2097 സർക്കാർ ജീവനക്കാരുടെ നഷ്ടപരിഹാര വിതരണത്തിന്‌ ഉത്തരവിറങ്ങിയിട്ടുണ്ട്. യുപിയിൽ ദിവസം അഞ്ചു ലക്ഷത്തിനു മുകളിൽ ടെസ്റ്റ് നടത്തിയാൽ പത്തിൽ കുറവ്‌ പോസിറ്റീവ് കേസാണ്‌. ഗുജറാത്തിലെ 54 മുനിസിപ്പാലിറ്റിയിലുണ്ടായ അധികമരണം സംസ്ഥാനത്തെ ആകെ ഔദ്യോഗിക കോവിഡ്‌ മരണത്തേക്കാൾ കൂടുതലെന്ന്‌ അമേരിക്കൻ പഠനം. 2021 ഏപ്രിലിലേത്‌ പ്രതീക്ഷിച്ചതിനേക്കാൾ 480 ശതമാനം അധിക മരണമാണ്‌. ലോകത്ത്‌ ഇതുവരെ ഒരു മാസം രേഖപ്പെടുത്തിയ നിരക്കിനേക്കാൾ കൂടുതൽ. 2020 ഏപ്രിലിൽ ഇക്വഡോറിൽ 411 ശതമാനവും 2021 ഏപ്രിലിൽ പെറുവിൽ 345 ശതമാനവുമായിരുന്നു അധിക മരണനിരക്ക്‌. ഹാർവാഡ് ടിസി ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഹാർവാഡ് മെഡിക്കൽ സ്കൂൾ, കലിഫോർണിയ സർവകലാശാല എന്നിവയിലെ ഗവേഷകരടങ്ങിയ സംഘം, മരണസംഖ്യയിൽ 4.8 ഇരട്ടി വർധനയ്‌ക്ക്‌ യുക്തിസഹമായ മറ്റു വിശദീകരണമില്ലെന്നും വ്യക്തമാക്കി.

യുപിയിലെയും ഗുജറാത്തിലെയും ഇന്ദ്രജാലം കണ്ടുപഠിക്കണമെന്നാണ്‌ ചില പത്രങ്ങളുടെ ശാഠ്യം. കേരളത്തിൽ രണ്ട് തെരഞ്ഞെടുപ്പിൽ ഒരു കോവിഡ് മരണംപോലും ഉണ്ടായില്ല. നിയമസഭാ വോട്ടെണ്ണലിലെ വിജയാഹ്ലാദംതൊട്ട് സത്യപ്രതിജ്ഞവരെ സർക്കാർ നിയന്ത്രിച്ചു. തുടർന്ന് ലോക്ഡൗണിലേക്ക്. കർശന നിയന്ത്രണം. 29 ശതമാനം ടിപിആർ പത്തിലെത്തിച്ചു. നിയന്ത്രണങ്ങളിൽ ഇളവ്‌. അവ പോരാഎന്നായി മാധ്യമങ്ങളും ചില കോൺഗ്രസ്‌ ആരോഗ്യവിദഗ്‌ധരും. കേന്ദ്ര വിദഗ്ധ സംഘത്തിന്റെയും മന്ത്രിയുടെയും പരിശോധന. സർക്കാർ മുൻകൈയിൽ തൃപ്തി. ജനങ്ങളുടെ അശ്രദ്ധയും അലംഭാവവും തുടർന്നു. പിഴ ഈടാക്കിയെങ്കിലും അലംഭാവം ഒഴിവാക്കാൻ ശ്രമം.‘പെറ്റി' സർക്കാർ എന്ന പരിഹാസം.

ഇടതുപക്ഷ വിരുദ്ധമായ സംസ്ഥാന വാർത്തകൾ സ്‌റ്റോക്ക്‌ തീർന്നപ്പോൾ സാർവദേശീയ റിപ്പോർട്ട്‌ ചാടിപ്പിടിച്ചു. ഉക്രയ്‌നിലെ ഒഡേസ പട്ടണത്തിൽ കണ്ട അസ്ഥികൂടങ്ങൾ സ്റ്റാലിൻ കൊന്നുതള്ളിയവരുടേതാണെന്ന വാർത്ത മലയാള മാധ്യമങ്ങളും ആഘോഷമാക്കി. ആഗസ്‌ത്‌ 28ന്റെ മാതൃഭൂമി കാണുക. സോവിയറ്റ് പട്ടാളം കൊന്ന പതിനായിരക്കണക്കിന് പോളിഷ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കാത്തീൻ വനമേഖലയിൽ കണ്ടതായി 1943ൽ നാസി നേതൃത്വം വിളിച്ചുകൂവിയിരുന്നെങ്കിലും അത് നുണപ്രചാരണത്തിന്റെ ഭാഗമായിരുന്നു. റെഡ്ക്രോസ്‌ നേതൃത്വത്തിൽ അന്താരാഷ്ട്രസംഘം അന്വേഷിക്കണമെന്ന്‌ സോവിയറ്റ് യൂണിയൻ ആവശ്യപ്പെടുകയുണ്ടായി. 1944ലെ ബർഡെങ്കോ കമീഷൻ റിപ്പോർട്‌, ഫാസിസ്റ്റ് ജർമനിയാണ് കൂട്ടക്കൊലകൾക്ക്‌ ഉത്തരവാദിയെന്ന്‌ കണ്ടെത്തി. രണ്ടാം ലോകയുദ്ധക്കാലത്ത് നാസികൾ കൊന്നുതള്ളിയ ജൂതരുടെ അസ്ഥിപഞ്‌ജരങ്ങൾ ചൂണ്ടി വീണ്ടും സ്റ്റാലിനും കമ്യൂണിസ്റ്റുകാർക്കുമെതിരെ നുണകൾ വർഷിച്ചു. സ്റ്റാലിന്റെ സംഭാവനകളെയെന്നപോലെ തെറ്റുകളും വിമർശിക്കാം. എന്നാൽ, ഹിറ്റ്‌ലറുമായി സമീകരിക്കാനുള്ള ശ്രമങ്ങൾക്കു പിറകിൽ സാമ്രാജ്യത്വ ഏജൻസികളും മാധ്യമങ്ങളുമാണ്‌. അതിൽ മലയാള പത്രങ്ങളും സംഭാവന നൽകി. സോവിയറ്റ്‌ തകർച്ചയ്‌ക്കുശേഷം ഉക്രയ്‌നെ വംശീയവാദമുയർത്തി അമേരിക്കൻ മൂലധനത്തിന്റെ കോളനിയാക്കുകയാണ് ചെയ്തത്. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിൽ കാർഷിക വ്യാവസായിക വളർച്ചയിൽ ഏറെ മുന്നിട്ടുനിന്നിരുന്നു ഉക്രയ്‌ൻ. റഷ്യൻ വിപ്ലവത്തിന്റെ ഇതിഹാസകേന്ദ്രമായി വിശേഷിപ്പിക്കുന്ന ഒഡേസ പടവുകളും പൊതംകിൻ കപ്പലിലെ കലാപവുമെല്ലാം ദക്ഷിണ ഉക്രയ്‌ന്റെ ചരിത്രത്തെ ജ്വലിപ്പിച്ചുനിർത്തുന്ന സ്മരണകളാണ്. അതിനാലാണ്‌ ലോകത്തിലെ ഒന്നാംനിര കപ്പൽശാല ഒഡേസയിൽ സ്ഥാപിച്ചത്.വർഷം 1400- കപ്പൽ എൻജിൻ നിർമിക്കുകയും 17 രാജ്യത്തിലേക്ക് കയറ്റുമതി നടത്തുകയും ചെയ്‌ത അതിലെ 80 ശതമാനം ഓഹരികൾ വിദേശ കുത്തകകൾക്കും ബാക്കി സ്വദേശി മുതലാളിമാർക്കും കൈമാറിയതോടെ തൊഴിലാളികൾ വഴിയാധാരമാകുകയും ചെയ്‌തു. രണ്ടരപ്പതിറ്റാണ്ടത്തെ മുതലാളിത്തഭരണം ഉക്രയ്‌നെ കാർഷിക‐വ്യാവസായിക തകർച്ചയിലേക്കും പട്ടിണിമരണങ്ങളിലേക്കും തള്ളിയിട്ടു.

ദാരിദ്ര്യവും കുടിയേറ്റവും ജനസംഖ്യ ചുരുക്കി. 1991-ൽ 5.21 കോടി ജനങ്ങളുണ്ടായിരുന്നത്‌ നാലു കോടിയായി. കൂട്ടുകൃഷി സംരംഭങ്ങൾ അഗ്രിബിസിനസുകാർ പിടിച്ചടക്കിയതോടെ ക്ഷാമവും രൂക്ഷം. ദുരിതം അനുഭവിക്കുന്ന ജനത, സ്റ്റാലിൻ കാലഘട്ടം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് പല സർവേയും അടിവരയിടുന്നത്. റഷ്യയിലെ ഔദ്യോഗിക മാധ്യമം പറയുന്നു ആ രാജ്യത്തെ ജനങ്ങളിൽ ഭൂരിപക്ഷവും സോവിയറ്റ് കാലഘട്ടത്തെയാണ്‌ ഇഷ്ടപ്പെടുന്നതെന്നാണ്‌. ഹിറ്റ്‌ലർ നടത്തിയ ജൂതഹത്യയുടെ അസ്ഥികൂടങ്ങൾ ചൂണ്ടി സ്റ്റാലിനും കമ്യൂണിസ്റ്റുകാർക്കുംനേരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ ഫാസിസത്തെ വെള്ളപൂശുകയാണ്.
‘‘തങ്ങളാണ്‌ എല്ലാം മുന്നോട്ടുകൊണ്ട്‌ പോകുന്നതെന്നുള്ളത്‌ മാധ്യമങ്ങളുടെ ധിക്കാരമാണ്‌. ഒഡിഷക്കാർക്കിടയിൽ ഒരു ചൊല്ലുണ്ട്‌. കാളവണ്ടി പോകുമ്പോൾ ചുവടെ ഒരു നായ്‌ക്കുട്ടിയും നടക്കും. അതിന്റെ വിചാരം താനാണ്‌ കാളവണ്ടി മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ്‌. അത്തരമൊരു തെറ്റിദ്ധാരണ മാധ്യമ പ്രവർത്തകർക്കുമുണ്ട്‌’’ എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്റെ പ്രയോഗം മറക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top