05 December Tuesday

അഭിനവ പീലാത്തോസുമാർ

കെ ശ്രീകണ്‌ഠൻUpdated: Saturday Sep 16, 2023

കോൺഗ്രസിലെ ഗ്രൂപ്പ്‌ സംഘർഷത്തിന്റെമാത്രം ഉൽപ്പന്നമാണ്‌ സോളാർ വിവാദവും അതിനെത്തുടർന്ന്‌ ഉയർന്ന ലൈംഗികാതിക്രമ പരാതിയും എന്നു പറയാൻ കഴിയില്ല. രാഷ്‌ട്രീയമായി കോളിളക്കം സൃഷ്‌ടിച്ച പാമോയിൽ അഴിമതിക്കേസ്‌ ഉൾപ്പെടെ വ്യക്തിയധിഷ്‌ഠിതമായിരുന്നെങ്കിലും അവയ്‌ക്ക്‌ കോൺഗ്രസിലെ ഗ്രൂപ്പ്‌ വടംവലിയുടെ പശ്ചാത്തലമുണ്ടായിരുന്നു. അധികാരം പിടിച്ചടക്കാൻ നടത്തിയ കരുനീക്കങ്ങളും കുതന്ത്രങ്ങളും പല കേസുകളുടെയും നാൾവഴിയിൽ വായിച്ചെടുക്കാം. ഈ വിവാദങ്ങൾക്ക്‌ പലപ്പോഴും എരിവും പുളിയും പകർന്നത്‌ സ്വപക്ഷത്തുനിന്നുതന്നെ തൊടുത്തുവിട്ട ആയുധങ്ങളുമാണ്‌. ഇതിന്റെ തനിയാവർത്തനമാണ്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ലൈംഗിക പീഡന ആരോപണം. സിബിഐയുടെ റിപ്പോർട്ടും അതിനു പിന്നാലെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളും കോൺഗ്രസിനെ കത്രികപ്പൂട്ടിൽപ്പെടുത്തിയിരിക്കുകയാണെന്നതാണ്‌ വസ്‌തുത. മുൻ ആഭ്യന്തരമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, രമേശ്‌ ചെന്നിത്തല എന്നിവർക്കു നേരെയാണ്‌ പ്രധാനമായും സംശയമുന നീളുന്നതെങ്കിലും അവർക്കു പിന്നിൽ ചരടുവലിച്ചവരുടെ ശ്രേണിയിൽ ആരെല്ലാമെന്ന ചോദ്യവും ഉയരുകയാണ്‌. ഇതിനിടയിലാണ്‌ സിബിഐ റിപ്പോർട്ടിൽ തുടരന്വേഷണമെന്ന ആവശ്യം പ്രതിപക്ഷത്തിന്‌ വെല്ലുവിളിയായി മാറിയത്‌.

സോളാർ കേസിനും വിവാദത്തിനും പ്രധാനമായും രണ്ട്‌ ഘട്ടമാണുള്ളത്‌. ഒന്ന്‌ അഴിമതി. രണ്ടാമത്തേത്‌ ലൈംഗിക പീഡനം. പരാതിക്കാരി ഉൾപ്പെട്ട സംഘം ആസൂത്രണംചെയ്‌ത സൗരോർജ പദ്ധതിയുടെ മറവിൽ കോടികളാണ്‌ തട്ടിയത്‌. ലക്ഷങ്ങൾ കൈമാറിയത്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണെന്ന കോൺഗ്രസ്‌ നേതാക്കളുടെ മൊഴികൾ തന്നെയുണ്ട്‌.  ഇതിനു സമാന്തരമായാണ്‌ ലൈംഗികചൂഷണം അരങ്ങേറിയത്‌. ഒരു വശത്ത്‌ കോഴ ഇടപാടും മറുപുറത്ത്‌ മന്ത്രിമാരുടെയും മറ്റും അവിഹിത സഞ്ചാരപഥങ്ങളും. വിവാദത്തിന്‌ ചൂട്‌ പകർന്നതിൽ ഏറിയപങ്കും രണ്ടാം പാദത്തിലായത്‌ സ്വാഭാവികം.

2013 ജൂൺ മൂന്നിന്‌ വഞ്ചനാ കേസിലെ ആദ്യ അറസ്റ്റോടെയാണ്‌ സോളാർ വിവാദം കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രത്തിലേക്ക്‌ കടന്നുവരുന്നത്‌. അതുമുതലുള്ള നിർണായക ഘട്ടങ്ങളിലെല്ലാം ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരൻ തിരുവഞ്ചൂർതന്നെയാണ്‌. പ്രമാദമായ ഒരു കേസിൽ ആഭ്യന്തരമന്ത്രി അറിയാതെ നടപടികൾ മുന്നോട്ടുപോകുമെന്ന്‌ വിശ്വസിക്കാൻ കേരളീയ സമൂഹം തയ്യാറാകുമോ? ‘നമ്മളാരെന്ന്‌ ജനങ്ങൾക്കറിയില്ലേ’ എന്ന ഭാവത്തിൽ നിസ്സാരവൽക്കരിച്ച്‌ എത്രകാലം പിടിച്ചുനിൽക്കാൻ തിരുവഞ്ചൂരിന്‌ കഴിയും.

പാമോയിൽ കേസിലെ വിധിയും 
തിരുവഞ്ചൂരിന്റെ വരവും
2012 ഏപ്രിൽ 13 മുതൽ 2014 ജനുവരിവരെയാണ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്നത്‌. പാമോയിൽ ഇറക്കുമതി അഴിമതിക്കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയാണ്‌ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ ഇടയാക്കിയത്‌. രാഷ്ട്രീയ അസ്വാസ്ഥ്യത്തിനിടയിലുള്ള അധികാരക്കൈമാറ്റമായിരുന്നില്ല അത്‌. ഏറെ വിശ്വസ്‌തനും ഉറ്റ അനുയായിയുമായ തിരുവഞ്ചൂരിന്റെ കൈകളിൽ ആഭ്യന്തരവകുപ്പ് ഭദ്രമായിരിക്കുമെന്ന്‌ ഉമ്മൻചാണ്ടി വിശ്വസിച്ചു. നിനച്ചിരിക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനത്ത്‌ എത്തിയ തിരുവഞ്ചൂർ അടുത്ത പടിയിലേക്ക്‌ കയറാൻ കൊതിച്ചതിൽ തെറ്റില്ലെങ്കിലും അതിന്‌ തെരഞ്ഞെടുത്ത വഴിയെക്കുറിച്ചാണ്‌ കോൺഗ്രസുകാർതന്നെ ഇപ്പോൾ സംശയിക്കുന്നത്‌.

1992ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പുരിൽനിന്ന്‌ പാമോയിൽ ഇറക്കുമതി ചെയ്തതിലെ അഴിമതിയാണ്‌ പാമോയിൽ കേസിന്‌ ആധാരം. കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. എ, ഐ ഗ്രൂപ്പ്‌ പോര്‌ മൂർധന്യത്തിലെത്തിയതിനെ തുടർന്ന്‌ 93ൽ ഉമ്മൻചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ചു. അന്ന്‌ നിയമസഭയുടെ പബ്ലിക് അണ്ടർ ടേക്കിങ്‌സ്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന എം എം ഹസ്സനാണ്‌ പാമോയിൽ ഇറക്കുമതിയിൽ അഴിമതി നടന്നതായി റിപ്പോർട്ട്‌ നൽകിയത്‌. മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ്‌ പാമോയിൽ ഇറക്കുമതിക്ക്‌ അനുമതി നൽകിയതെന്നും ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അംഗീകാരം നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയതോടെ അദ്ദേഹവും വിജിലൻസ്‌ കേസിൽ പ്രതിയായി. കുറ്റവിമുക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിരസിച്ചു. 2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാമോയിൽ കേസ്‌ പിൻവലിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി ഇറങ്ങണമെന്ന്‌ ആഗ്രഹിച്ചവർ കോൺഗ്രസിലും യുഡിഎഫിലും ഉണ്ടായിരുന്നെങ്കിലും വിജിലൻസ്‌ ഉൾപ്പെടുന്ന ആഭ്യന്തരവകുപ്പ്‌ ഒഴിഞ്ഞ്‌ അദ്ദേഹം പിടിച്ചുനിന്നു.

2012 ഏപ്രിൽ മുതൽ 14 ജനുവരി വരെയുള്ള കാലയളവിലാണ്‌ സോളാർ കേസ്‌ കത്തിപ്പടർന്നത്‌. യുഎൻ അവാർഡ്‌ വാങ്ങാൻ ഉമ്മൻചാണ്ടി വിദേശത്തായിരുന്നപ്പോഴാണ്‌ അദ്ദേഹത്തിന്റെ പിഎ ടെനി ജോപ്പൻ അടക്കമുള്ളവർ അറസ്റ്റിലായത്‌. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെയെന്ന ഉമ്മൻചാണ്ടിയുടെ നിലപാട്‌ ആയിരുന്നോ തിരുവഞ്ചൂരിനും എന്നത്‌ കൗതുകം പകരുന്ന ചോദ്യമാണ്‌. തന്റെ പിഎ അടക്കം അറസ്റ്റിലായാൽപ്പിന്നെ മുഖ്യമന്ത്രിക്ക്‌ പിടിച്ചുനിൽക്കാനാകാതെ രാജിയിലേക്ക്‌ കടന്നാൽ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി. തിരുവഞ്ചൂരിന്റെ സ്വപ്‌നം പൂവണിയാതെ പോയത്‌ ഇന്നും ദുരൂഹമാണ്‌.

താക്കോൽ ചെന്നിത്തലയ്‌ക്ക്‌
2014 ജനുവരിയിലാണ്‌ തിരുവഞ്ചൂരിന്റെ പിൻഗാമിയായി രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്‌. താക്കോൽസ്ഥാനം വേണമെന്ന എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ കടുംപിടിത്തത്തിനൊടുവിലാണ്‌ ചെന്നിത്തലയുടെ രംഗപ്രവേശം. സോളാർ കേസ്‌ അന്വേഷണത്തിനായി ജസ്റ്റിസ്‌ എൻ ശിവരാജനെ അന്വേഷണ കമീഷനായി ഇതിനകം നിയമിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഒരു പകലും രാത്രിയും അടക്കം 30 മണിക്കൂറിലേറെയാണ്‌ ഉമ്മൻചാണ്ടി കമീഷനു മുന്നിൽ വിചാരണ നേരിട്ടത്‌. യുഡിഎഫ്‌ സർക്കാർ നിശ്ചയിച്ച കമീഷൻ, പരിശോധനാ വിഷയങ്ങൾ തീരുമാനിച്ചതും ആ സർക്കാർ. അതിൽ അന്നത്തെ പ്രതിപക്ഷത്തിന്‌ എന്ത്‌ റോളാണ്‌ ഉണ്ടായിരുന്നത്‌. കമീഷന്റെ നടപടികളിൽ ഏറെ ലജ്ജാവഹമായ ഒന്നാണ്‌ കോയമ്പത്തൂരിലേക്ക്‌ സിഡി തിരഞ്ഞു പോയ ദൃശ്യം. ഉമ്മൻചാണ്ടിയും പരാതിക്കാരിയുമൊത്തുള്ള ദൃശ്യങ്ങൾ തേടി നടത്തിയ ആ യാത്ര ആരുടെ തിരക്കഥയാണ്‌. അധികാരത്തിനുവേണ്ടി തയ്യാറാക്കിയ ഈ തിരക്കഥയ്‌ക്ക്‌ പിന്നിലാരൊക്കെയാണെന്ന്‌ വെളിച്ചത്തുവന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥ എത്ര പരിതാപകരമായിരിക്കും.

1964ൽ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ വാഹനത്തിൽ അദ്ദേഹത്തിനൊപ്പം ഒരു വനിത കൂടിയുണ്ടായിരുന്നുവെന്ന ആരോപണമാണ്‌ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന്‌ ഇറക്കിയത്‌. കോൺഗ്രസുകാരനായ ചാക്കോയ്‌ക്കെതിരെ അവർതന്നെ രംഗത്തുവന്നു. ഐഎസ്‌ആർഒ കേസ്‌ 1995ൽ കെ കരുണാകരനെ വീഴ്‌ത്താൻ ആയുധമാക്കി. കരുണാകരനെതിരായ നീക്കങ്ങളുടെ വാർറൂം എംഎൽഎ ക്വാർട്ടേഴ്‌സ്‌ മെയിൻ ബ്ലോക്കിലെ ഉമ്മൻചാണ്ടിയുടെ മുറിയായിരുന്നു. ചുക്കാൻ ഡൽഹിയിൽ എ കെ ആന്റണിയുടെ കരങ്ങളിലും. ആര്‌ ആരെ വേട്ടയാടി എന്ന ചോദ്യത്തിന്‌ ഇതെല്ലാം കൂട്ടിവായിച്ചാൽ ഉത്തരം ലഭിക്കും. പീലാത്തോസിനെപ്പോലെ കൈ കഴുകാൻ എ കെ ആന്റണിമുതൽ ചെന്നിത്തലവരെ മത്സരിച്ചേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top