08 February Wednesday

കൊഴിഞ്ഞുപോക്കിന്റെ പെരുമഴ

കെ ശ്രീകണ്‌ഠൻUpdated: Wednesday Nov 23, 2022

കേരളത്തിലെ കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനെ പെരുമഴക്കാലത്തെ മഴത്തുള്ളിയോടാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉപമിച്ചത്‌. മുൻ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരൻ കോൺഗ്രസ്‌ വിട്ടതിനെയാണ്‌ വെറും മഴത്തുള്ളിയെന്ന മട്ടിൽ കെ സുധാകരൻ വ്യാഖ്യാനം ചമച്ചത്‌. സംഘപരിവാർ പ്രീണനത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സുധാകരൻ തോരാമഴയിലും കുലുങ്ങില്ല. മതനിരപേക്ഷ സ്വരം കോൺഗ്രസിൽനിന്ന്‌ ഉയരുന്നത്‌ തനിക്ക്‌ സഹിക്കില്ലെന്ന്‌ അടുത്തിടെ അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ തെളിയിച്ചതാണ്‌. ആർഎസ്‌എസിനോട്‌ ചങ്ങാത്തംകൂടിയവരുടെ പട്ടികയിൽ ജവാഹർലാൽ നെഹ്‌റുവിനെ വരെ നിരത്തിവച്ച്‌ കെപിസിസി പ്രസിഡന്റ്‌ ‘ഹോൾഡ്’ ചെയ്യുകയാണ്‌. അത്‌ ഒരുപക്ഷേ, ബിജെപിയിൽനിന്നുള്ള അനുകൂല പ്രതികരണത്തിനാകാമെന്ന വികാരം കോൺഗ്രസിൽ മാത്രമല്ല, യുഡിഎഫിലും ശക്തിപ്പെടുകയാണ്‌.

നെഹ്‌റുവിനെ വിമർശിച്ചും ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ സംരക്ഷണമെരുക്കിയെന്ന്‌ വീമ്പ്‌ പറഞ്ഞിട്ടും കെ സുധാകരനെതിരെ കോൺഗ്രസ്‌ നേതൃത്വം ‘കമാ’ന്ന്‌ ഒരക്ഷരം ഉരിയാടാത്തതിലാണ്‌  യുഡിഎഫിലെ കോൺഗ്രസ്‌ ഇതര കക്ഷികൾ പ്രത്യേകിച്ച്‌ മുസ്ലിംലീഗ്‌ അപകടം മണക്കുന്നത്‌. സുധാകരനോടുള്ള മമതയല്ല, മറിച്ച്‌ നേതൃത്വത്തിന്റെ ദൗർബല്യമാണ്‌ ഇവിടെ വെളിവാകുന്നത്‌. ഇതിനിടയിലാണ്‌ ശശി തരൂർ ഉയർത്തുന്ന വെല്ലുവിളി കെപിസിസിയെ ആശങ്കയിലാഴ്‌ത്തുന്നത്‌. തരൂരിനെ ഒരുകാരണവശാലും പൊറുപ്പിക്കില്ലെന്ന്‌ നേതാക്കൾ പുറമെ പറയുന്നുണ്ടെങ്കിലും കോൺഗ്രസ്‌ കലങ്ങിമറിയുകയാണ്‌. തരൂരിന്റെ ഉള്ളിലിരിപ്പ്‌ എന്താണെന്നുപോലും തിരിച്ചറിയാൻ കഴിയാതെ നേതൃത്വം കുഴങ്ങുകയാണ്‌. കേരളത്തിൽനിന്നുള്ള മറ്റൊരു കോൺഗ്രസ്‌ എംപിയായ എം കെ രാഘവനും തരൂരിന്റെ നീക്കങ്ങൾക്ക്‌ ഊർജംപകർന്ന്‌ ഒപ്പമുണ്ട്‌ എന്നതാണ്‌ ഒരുവിഭാഗം നേതാക്കളെ അലോസരപ്പെടുത്തുന്നത്‌.

ലീഗിനുള്ളിലെ നീറ്റൽ
കാഴ്‌ചക്കാരായി നിൽക്കാതെ കളത്തിലിറങ്ങി കളിക്കാനുള്ള മുസ്ലിംലീഗിന്റെ നീക്കത്തെ രാഷ്‌ട്രീയവൃത്തങ്ങൾ ശ്രദ്ധയോടെയാണ്‌ വീക്ഷിക്കുന്നത്‌. കെ സുധാകരന്റെ സംഘപരിവാർ പ്രീണന പ്രസ്‌താവനകൾ ഉള്ളിൽ നീറുകയാണെങ്കിലും അത്‌ പുറത്തുകാണിക്കാനുള്ള ധൈര്യം ലീഗിനില്ല. പക്ഷേ, സമുദായത്തെ വേദനിപ്പിച്ച്‌ മുന്നോട്ടുപോകാനാകില്ലെന്ന നിലപാട്‌ അവർ കോൺഗ്രസ്‌ നേതാക്കളെ ധരിപ്പിച്ചതായാണ്‌ സൂചന. സുധാകരനെ അവഗണിച്ചാലും മുന്നോട്ടുള്ള പാത ദുഷ്‌കരമാണെന്ന തിരിച്ചറിവാണ്‌ കടുത്ത നടപടികളിൽനിന്ന്‌ ലീഗിനെ പിന്തിരിപ്പിക്കുന്നത്‌.

എത്ര അരക്ഷിതാവസ്ഥയിൽ അകപ്പെട്ടാലും കെ സുധാകരനിൽനിന്ന്‌ ആർഎസ്‌എസ്‌ വിരുദ്ധ നിലപാട്‌ പ്രതീക്ഷിക്കരുതെന്ന ചിന്ത കോൺഗ്രസിലെയും ലീഗിലെയും വലിയൊരു വിഭാഗം നേതാക്കൾക്കുണ്ട്‌. രാഷ്‌ട്രീയ അനിശ്ചിതത്വം മുറുകുമ്പോഴും യുഡിഎഫിനെ തുറിച്ചുനോക്കുന്നത്‌ നിലനിൽപ്പ്‌ ഭീഷണിയാണ്‌. ഇങ്ങനെ എത്രനാൾ നിലനിൽക്കുമെന്നതാണ് ചോദ്യം.

കോൺഗ്രസ്‌ തലപ്പത്ത്‌ ഇപ്പോഴുള്ള നേതാക്കളെ മുന്നിൽ നിർത്തിയതുകൊണ്ട്‌ രാഷ്‌ട്രീയ സാഹചര്യം മാറ്റിയെടുക്കുക എന്നത്‌ അസാധ്യമാണെന്ന്‌ മുസ്ലിംലീഗ്‌ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്‌. കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവരിലൊന്നും അവർ പ്രതീക്ഷ പുലർത്തുന്നില്ല. ഇവിടെയാണ്‌ ശ്രദ്ധയോടെ  നീങ്ങാനുള്ള മുസ്ലിംലീഗ്‌ തീരുമാനത്തിന്റെ പ്രസക്തി. അത്‌ സൃഷ്ടിക്കുന്ന ചലനം യുഡിഎഫിനെത്തന്നെ പിടിച്ചുലയ്‌ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

കോൺഗ്രസും ലീഗും കഴിഞ്ഞാൽ ആളനക്കമുള്ള കക്ഷികൾ യുഡിഎഫിൽ വിരളമാണ്‌. പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്‌, അനൂപ്‌ ജേക്കബ്ബിന്റെ കേരള കോൺഗ്രസ്‌ എന്നിവയ്‌ക്ക്‌ കാര്യമായ പ്രസക്തിയില്ല. കൊല്ലം കേന്ദ്രമാക്കിയുള്ള ആർഎസ്‌പി സംസ്ഥാന സമ്മേളനമൊക്കെ നടത്തിയെങ്കിലും അതെല്ലാം ഒരുവിധത്തിലുള്ള ഒപ്പിക്കലായിരുന്നെന്ന്‌ അവർക്കും ബോധ്യമുള്ളതാണ്‌. ഈ നിലയ്‌ക്ക്‌ മുസ്ലിംലീഗ്‌ അറ്റകൈ പ്രയോഗിക്കുമോ എന്നതാണ്‌ കോൺഗ്രസ്‌ നേതാക്കളെ വേട്ടയാടുന്നത്‌. ഇതിനിടയിലാണ്‌ തരൂർ ഉൾപ്പെടെയുള്ളവർ കലക്കിമറിക്കുന്നത്‌.

തരൂരിന്റെ മനസ്സിലെന്ത്‌
ശശി തരൂരുമായി ബന്ധപ്പെട്ട്‌ പരസ്യവിവാദം കെ സുധാകരൻ വിലക്കിയെങ്കിലും തരൂർ ഉന്നംവയ്‌ക്കുന്നത്‌ എന്താണെന്നതിൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ എത്തുംപിടിയുമില്ല.  കേരളത്തിലെ കോൺഗ്രസിൽ തനിക്ക്‌ സ്വീകാര്യതയുണ്ടെന്ന്‌ വരുത്തുകയാണോ, അതല്ല അടിപടലം തകർത്തെറിഞ്ഞ്‌ മറ്റേതെങ്കിലും കക്ഷിയിൽ ചേക്കേറുകയാണോ ലക്ഷ്യം? കോൺഗ്രസിനെ തകർക്കാനുള്ള വിമതനീക്കമായാണ്‌ കെ സുധാകരനും വി ഡി സതീശനും മറ്റും ഹൈക്കമാൻഡിനെ ധരിപ്പിച്ചത്‌. ഇവർ മാത്രമല്ല, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ തരൂരിനെ ഉറ്റുനോക്കുകയാണ്‌. കരുത്തുതെളിയിച്ച്‌ കോൺഗ്രസ്‌ പ്രവർത്തകസമിതിയിൽ കയറിക്കൂടുകയാണ്‌ ഉദ്ദേശ്യമെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. എം കെ രാഘവനും കെ മുരളീധരനും ഏതാനും യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളും പരസ്യപിന്തുണയുമായി രംഗത്തുണ്ടെങ്കിലും തരൂരിനെ പൊറുപ്പിക്കില്ലെന്ന നിലപാടിലാണ്‌ നേതൃത്വം. അതേസമയം, തരൂരിനെ അനുകൂലിച്ച്‌ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസുകാർ ഉറഞ്ഞുതുള്ളുകയുമാണ്‌.

ശശി തരൂരിനോട്‌ മുമ്പ്‌ അനുഭാവം പുലർത്തിയിരുന്ന കെ സുധാകരനും വി ഡി സതീശനും തന്നെയാണ്‌ ഇപ്പോൾ നേരിടാൻ അരയും തലയും മുറുക്കുന്നത്‌. രമേശ്‌ ചെന്നിത്തലയും അവർക്കു പിന്തുണയുമായി രംഗത്തുണ്ട്‌. അതേസമയം, എ ഗ്രൂപ്പ്‌ നിശ്ശബ്ദരായി കാഴ്‌ചക്കാരുടെ റോളിലുമാണ്‌. പുകഴ്‌ത്താനും ഇകഴ്‌ത്താനും ഇല്ലെന്ന സന്ദേശമാണ്‌ എ ഗ്രൂപ്പ്‌ അണികൾക്ക്‌ നൽകിയിരിക്കുന്നത്‌. കലങ്ങിത്തെളിയട്ടെ എന്ന നിലപാടാണ്‌ അവർക്കുള്ളത്‌. അതേസമയം, മുമ്പ്‌ എ ഗ്രൂപ്പുകാരനായിരുന്നെങ്കിലും നിലവിൽ അകന്നുനിൽക്കുന്ന  എം കെ രാഘവൻ തരൂരിനൊപ്പവും. ചില സമുദായ സംഘടനകളും മുസ്ലിംലീഗും തരൂരിനെ വിശ്വാസത്തിലെടുത്തതാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്‌ അപ്രതീക്ഷിത തിരിച്ചടിയായി മാറിയത്‌.

കോൺഗ്രസ്‌ ഹൈക്കമാൻഡിനും സോണിയ ഗാന്ധിക്കും തരൂരിനോട്‌ തീരെ താൽപ്പര്യമില്ല. വിമത പ്രതിച്ഛായ നൽകി സംസ്ഥാന നേതൃത്വവും എതിർക്കുന്നു. ഈ കെണി തരൂർ എങ്ങനെ മുറിച്ചുകടക്കുമെന്നതാണ്‌ കൗതുകം പകരുന്നത്‌. തരൂരിന്റെ കളി ഇവിടെ വേണ്ട എന്ന്‌ ആവർത്തിക്കുമ്പോഴും അത്‌ സൃഷ്ടിക്കുന്ന ചലനം തകർച്ചയിലേക്ക്‌ നയിക്കുമെന്ന ഭയപ്പാടിലാണ്‌ കോൺഗ്രസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top