11 December Monday

കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നത്‌ ആര് - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

സാമൂഹ്യ പുരോഗതിക്കായി വ്യത്യസ്ത തരത്തിൽ ഇടപെടുന്ന ഒന്നായി രാഷ്ട്രീയം മാറുമ്പോഴാണ് ജനാധിപത്യപരമായ സംവാദങ്ങൾ ഉയർന്നുവരുന്നത്. ഇത്തരം സംവാദങ്ങളിലൂടെ ജനജീവിതത്തെ സ്പർശിക്കുന്നതും സമൂഹത്തെ മുന്നോട്ടുനയിക്കുന്നതുമായ ഒരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ രൂപപ്പെടുകയുണ്ടായി. ഇത് ജനകീയ രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത് രൂപപ്പെടുത്തുന്നതിന് സുപ്രധാന ഘടകമായിത്തീർന്നു.

കേരളീയ സമൂഹത്തെ ആധുനികവൽക്കരിക്കുന്നതിന് അടിസ്ഥാനമിട്ടത് നവോത്ഥാന ചിന്തകളാണ്. നവോത്ഥാനം മുന്നോട്ടുവച്ച ആശയഗതികളെ പരിഗണിച്ചുകൊണ്ടാണ് ദേശീയ പ്രസ്ഥാനവും പ്രവർത്തിച്ചത്. ഇതിന്റെ വികാസത്തിന്റെ ഫലമായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയും രൂപപ്പെട്ടു. സമത്വം സ്ഥാപിക്കുന്നതിനും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുമുള്ള ചർച്ചകളുടെയും സംവാദങ്ങളുടെയും മണ്ണായി കേരളം മാറി.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്ന സവിശേഷത അവ കീഴാള വിഭാഗത്തിൽനിന്ന് ആരംഭിച്ച് മറ്റു വിഭാഗങ്ങളിലേക്ക് പടർന്നു കയറുകയാണുണ്ടായത് എന്നതാണ്. അതിനെ വർഗപരമായ വീക്ഷണത്തിലൂടെ വികസിപ്പിച്ച കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടൽ ജനകീയ രാഷ്ട്രീയത്തിന്റെ അടിത്തറ കേരളത്തിൽ രൂപപ്പെടുത്തി. ഇത് അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപ്പര്യങ്ങളെ പരിഗണിക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്ന സാഹചര്യം സൃഷ്ടിച്ചു. ഇടതുപക്ഷ മനസ്സ് കേരളത്തിൽ രൂപീകരിക്കപ്പെടുന്നത് ഈ രാഷ്ട്രീയ ചലനങ്ങളിൽനിന്നാണ്. ഒരുകാലത്ത് നവോത്ഥാനത്തിന്റെ കൊടിക്കൂറ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വർത്തമാനകാലത്ത് അത് കൈയൊഴിഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ കേരളീയസമൂഹം തള്ളിക്കളഞ്ഞ പിന്തിരിപ്പൻ ആശയങ്ങളെപ്പോലും കൂട്ടുപിടിക്കുകയാണ്. ശാസ്ത്ര ചിന്തകൾക്കും  മതനിരപേക്ഷ ആശയങ്ങൾക്കും പോറലേൽപ്പിക്കുന്നവിധം ഇത് മാറുകയാണ്.

കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉയർന്നുവന്ന കേസാണ് ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ സജീവമാകുകയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനംതന്നെ രാജിവയ്‌ക്കേണ്ട സ്ഥിതിയുമുണ്ടായി. ഈ കേസ് സജീവമാക്കി നിർത്തുന്നതിന് കോൺഗ്രസിലെ തന്നെ ഒരുവിഭാഗം നേതൃത്വം നൽകിയെന്ന കാര്യവും പുറത്തുവന്നു.

രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ മാത്രമല്ല, വ്യക്തിപരമായ അധികാര താൽപ്പര്യത്തിനുവേണ്ടി കുതന്ത്രങ്ങളും ചതിപ്രയോഗങ്ങളും ആവിഷ്കരിക്കുന്ന നിലയിലേക്ക് അവ വളർത്തിക്കൊണ്ടുവരികയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് രാഷ്ട്രീയ പ്രസ്ഥാനത്തെ വികസിപ്പിക്കുന്നതിനു പകരം ഇത്തരം വേലകളുടെ ഇടമായി രാഷ്ട്രീയത്തെ മാറ്റാനുള്ള രീതി ഉയർത്തിക്കൊണ്ടുവരികയാണ്. കേരള രാഷ്ട്രീയത്തിൽ അടുത്തകാലത്തായി സജീവമായ ചാരക്കേസും സോളാർ കേസും ഉൾപ്പെടെ ഇതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉയർന്നുവന്ന കേസാണ് ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ സജീവമാകുകയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനംതന്നെ രാജിവയ്‌ക്കേണ്ട സ്ഥിതിയുമുണ്ടായി. ഈ കേസ് സജീവമാക്കി നിർത്തുന്നതിന് കോൺഗ്രസിലെ തന്നെ ഒരുവിഭാഗം നേതൃത്വം നൽകിയെന്ന കാര്യവും പുറത്തുവന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് അന്ന് കരുണാകരൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

സോളാർ കേസിനെ സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും സമാന രീതിയിലുള്ളതാണ്. ഇതിൽനിന്ന് തല രക്ഷപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവയ്‌ക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നത്. സോളാർ തട്ടിപ്പുമായി മുഖ്യമന്ത്രി ഓഫീസിന് പങ്കുണ്ടെന്നു പ്രഖ്യാപിച്ചത് കെപിസിസി അംഗമായിരുന്ന മല്ലേലി ശ്രീധരൻ നായരായിരുന്നു. ഈ തട്ടിപ്പിനെ സംബന്ധിച്ച് യുഡിഎഫ് ഭരണത്തിൽ പൊലീസ് അന്വേഷിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പല ഉന്നതരും പ്രതിയാകുകയും  അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. ഒരു സംരംഭകയായി വന്നവരെ വഞ്ചിച്ചെന്ന പ്രശ്നവും ഇതിന്റെ ഭാഗമായി ഉയർന്നുവന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമെന്നനിലയിൽ എൽഡിഎഫ് വലിയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്നത്. അല്ലാതെ ഇത് എൽഡിഎഫ് നടത്തിയ ഏതെങ്കിലും രാഷ്ട്രീയ ഗൂഢാലോചന ആയിരുന്നില്ല.

പ്രക്ഷോഭങ്ങളെത്തുടർന്ന്  യുഡിഎഫ് സർക്കാർ  ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. യുഡിഎഫ് നിയോഗിച്ച അന്വേഷണ കമീഷൻ  ഇക്കാര്യത്തിൽ യുഡിഎഫിന്റെ നേതാക്കൾക്ക്‌ ഉൾപ്പെടെ പങ്കുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. യുഡിഎഫ് നിയോഗിച്ച കമീഷൻ സമർപ്പിച്ച റിപ്പോർട്ട് നിയമാനുസൃതമായ നടപടിയെന്നനിലയിൽ എൽഡിഎഫ്‌ മന്ത്രിസഭ പരിശോധിച്ച് നിയമസഭയുടെ മേശപ്പുറത്തുവച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗികപീഡന പരാതികൾ സിബിഐക്ക് നൽകണമെന്ന് ഇര തന്നെ ആവശ്യപ്പെട്ടപ്പോൾ ആ ആവശ്യവും എൽഡിഎഫ് അംഗീകരിച്ചു.


 

ഇക്കഴിഞ്ഞ  നിയമസഭാ സമ്മേളനത്തിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെ അടിയന്തരപ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചു. അത് ചർച്ചയ്‌ക്കെടുത്തതോടെ വലതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്ന ചതികളുടെ പരമ്പര തന്നെയാണ് വീണ്ടും പുറത്തുവന്നത്. അന്നത്തെ മുഖ്യമന്ത്രി അറിയാതെയാണ് അദ്ദേഹത്തിന്റെ ഓഫീസിൽ ഉള്ളവരെ അറസ്റ്റുചെയ്തതെന്ന കാര്യം വ്യക്തമാക്കപ്പെട്ടു. അന്നത്തെ രണ്ട് ആഭ്യന്തര മന്ത്രിമാർക്ക് മുഖ്യമന്ത്രിയാകാനുള്ള പരിശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന കാര്യവും ഇതോടൊപ്പം ഉയർന്നുവന്നു. ഇങ്ങനെ സ്വന്തം പാർടിയിൽപ്പെട്ടവരെ തന്നെ കുടുക്കുന്നതിന് തന്ത്രങ്ങൾ മെനയുന്ന യുഡിഎഫിന്റെ രാഷ്ട്രീയം ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെട്ടു. ഇതിന്റെ ഗൂഢാലോചനകളെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തിൽ ഇപ്പോൾ കോൺഗ്രസ് തന്നെ രണ്ടു തട്ടിൽ കിടക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.

സ്വന്തം രാഷ്ട്രീയ പാർടിക്കാരെ മാത്രമല്ല, രാഷ്ട്രീയ ഭിന്നതയുള്ളവരെയും ഇത്തരത്തിൽ കാണുന്ന രീതി വലതുപക്ഷ ശക്തികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നവിധം ഇടപെട്ട വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ലാവ്ലിൻ കേസിൽ ഉൾപ്പെടുത്താൻ നടത്തിയ ശ്രമവും ഇതിന്റെ ഭാഗമാണ്. യുഡിഎഫ് ഭരിക്കുന്ന ഘട്ടത്തിലെ വിജിലൻസിന്റെ അന്വേഷണത്തിൽ കുറ്റവാളിയല്ലെന്ന് കണ്ടെത്തിയിട്ടും സിബിഐ അന്വേഷണത്തിന് വിടാൻ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനിച്ചതും ഇതിന്റെ തുടർച്ച തന്നെയാണ്.

വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവയ്‌ക്കുന്ന തെറ്റായ രാഷ്ട്രീയ സംസ്കാരത്തെ വലതുപക്ഷ മാധ്യമങ്ങളും കൈയ്യയച്ച്‌ പിന്തുണയ്ക്കുകയാണ്. കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മാധ്യമസംസ്കാരം ഇതിന് അടിസ്ഥാനമായിത്തീരുന്നു. സോളാർ തട്ടിപ്പ് പ്രശ്നം ഇന്നു കാണുന്ന രീതിയിൽ വളർത്തിയെടുക്കുന്നതിന് ഒരു മാധ്യമ സ്ഥാപനംതന്നെ ഇടപെട്ടുവെന്ന വാർത്ത ഇതിലേക്കാണ് വെളിച്ചം വീശുന്നത്. റേറ്റിങ്ങിന്റെയും പരസ്പര മത്സരത്തിന്റെയും രാഷ്ട്രീയ താൽപ്പര്യങ്ങളുടെയും ഭാഗമായി എന്തും പറയുകയും കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്യുന്നവിധത്തിലേക്ക് വലതുപക്ഷ മാധ്യമങ്ങൾ മാറിയിരിക്കുന്നു. കമല ഇന്റർ നാഷണൽ, ആർഭാടകരമായ വീട്, ടെക്‌നിക്കാലിയ, വരദാചാരിയുടെ തല അങ്ങനെ എന്തെല്ലാം കഥകളാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. അത്തരം പരമ്പരകൾ ഇപ്പോഴും തുടരുകയാണ്.

കള്ളക്കഥകൾ പ്രചരിപ്പിക്കുകയും കേരളവും രാജ്യവും നേരിടുന്ന യഥാർഥ പ്രശ്നം വിസ്മൃതിയിലാക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. കേരളം നേരിടുന്ന നിരവധി പ്രശ്നങ്ങളെ ഇവർ പരിഗണിക്കുന്നേയില്ല. കേന്ദ്രം സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയും ഇവർക്ക് വിഷയമല്ല. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തെറ്റായ രീതികൾ  ഇവരുടെ അന്വേഷണത്തിൽ വരുന്നതേയില്ല. പകരം ജനകീയ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനത്തെയും നേതൃത്വത്തെയും കള്ളക്കഥകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ  സംശയം സൃഷ്ടിച്ച് കോർപറേറ്റ്–- ഹിന്ദുത്വ താൽപ്പര്യത്തെ ഇവർ സംരക്ഷിക്കുകയാണ്. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയവും വലതുപക്ഷ മാധ്യമവും തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി എന്തും ചെയ്യുമെന്ന നിലയിൽ എത്തിയിരിക്കുകയാണ്.

‘‘തക്ക ലാഭമുണ്ടെങ്കിൽ മൂലധനം ധീരമായി പെരുമാറും. 10 ശതമാനം ലാഭത്തിന് മൂലധനം എവിടെയും വ്യാപിക്കും. 20 ശതമാനം ലാഭം ആർത്തി വളർത്തും.

മൂലധനത്തിൽ മാർക്സ് ഉദ്ധരിക്കുന്ന മുതലാളിത്തത്തെക്കുറിച്ചുള്ള ടി ജെ ഡണ്ണിങ്ങിന്റെ  ഉദ്ധരണി ഇവിടെ പ്രസക്തമായിത്തീരുകയാണ്. ‘‘തക്ക ലാഭമുണ്ടെങ്കിൽ മൂലധനം ധീരമായി പെരുമാറും. 10 ശതമാനം ലാഭത്തിന് മൂലധനം എവിടെയും വ്യാപിക്കും. 20 ശതമാനം ലാഭം ആർത്തി വളർത്തും. 50 ശതമാനം ലാഭം സാഹസികതയ്ക്കും സന്നദ്ധമാകും. 100 ശതമാനം ലാഭം എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിമെതിക്കാൻ തയ്യാറാകും. 300 ശതമാനം ലാഭത്തിന് മൂലധനം ചെയ്യാത്ത പാതകമില്ല. അത് നേരിടാനറയ്ക്കുന്ന ആപത്തില്ല; ഉടമയെ തൂക്കിലേറ്റുന്ന കടുംകൈയ്ക്ക് പോലും അതു മുതിരുന്നു. കുഴപ്പവും  കലാപവും ലാഭം വർധിപ്പിക്കുമെങ്കിൽ മൂലധനം രണ്ടിനെയും പ്രോത്സാഹിപ്പിക്കും''.

തങ്ങളുടെ നേട്ടത്തിനുവേണ്ടി എന്തും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയ സംസ്കാരത്തെയും വലതുപക്ഷ മാധ്യമ സംസ്കാരത്തെയും തുറന്നുകാട്ടുകയെന്നത് പ്രധാനമാണ്. അതിലൂടെ മാത്രമേ കേരളം വികസിപ്പിച്ചെടുത്ത ജനകീയ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ. ശരിയായ രാഷ്ട്രീയ സംസ്കാരത്തിന്റെ അഭാവം അരാഷ്ട്രീയ വാദത്തിനും വർഗീയതയ്ക്കും വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്. ദീർഘകാലത്തെ നിരവധിപേരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ വികസിച്ചുവന്ന നമ്മുടെ ജനകീയ രാഷ്ട്രീയ സംസ്കാരത്തെ മലീമസമാക്കുന്ന വലതുപക്ഷ ശക്തികളുടെ സമീപനങ്ങൾക്കെതിരെ നാടിനെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top