24 April Wednesday

അതിരപ്പിള്ളിയും ആരാധനാലയവും - കെ ശ്രീകണ്‌ഠൻ എഴുതുന്നു

കെ ശ്രീകണ്‌ഠൻUpdated: Saturday Jun 13, 2020

ചിലർ പതുങ്ങിയിരുന്ന്‌ ഉരുട്ടിക്കയറ്റിയ രണ്ടു വിഷയമാണ്‌ പരിസ്ഥിതിയും വിശ്വാസവും.  പാറപ്പുറത്തുപോലും വികാരത്തിന്‌ തീപടർത്തുമെന്നതാകുമ്പോൾ ആളിപ്പടരുമെന്നു തന്നെയാണ്‌ കരുതിയത്‌. സർക്കാരിനെതിരെ തുടർച്ചയായി വിവാദമുന തേച്ചുമിനുക്കുന്നവർക്ക്‌ കണക്കുകൂട്ടലുകൾ പിഴച്ചുവെന്നതാണ്‌ യാഥാർഥ്യം. അതിരപ്പിള്ളിയും ആരാധനാലയം തുറക്കലും പ്രതീക്ഷിച്ചപോലെ ഏശിയില്ല. ഇല്ലത്തുനിന്ന്‌  ഇറങ്ങിയെങ്കിലും അമ്മാത്ത്‌ എത്തിയില്ല.

ആചാരസംരക്ഷണം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട്‌ ഉയർന്ന മുറവിളിയുടെ ഹാങ്‌ ഓവറിലാണ്‌ ചിലരെല്ലാമെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞു. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിശ്വാസികൾക്ക്‌ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്‌ കേന്ദ്ര സർക്കാരാണ്‌. വളരെ അവധാനതയോടെയാണ്‌ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്‌. മതമേലധ്യക്ഷന്മാർ, പുരോഹിതർ, സാമുദായിക നേതാക്കൾ എന്നിവരുമായി ആശയവിനിമയം നടത്തി അവരുടെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ്‌ സർക്കാർ മുന്നോട്ടുപോയത്‌. ക്ഷേത്രങ്ങളും മറ്റും തുറക്കുമെന്ന്‌ വന്നപ്പോൾ, സർക്കാർ നടപടി തങ്ങൾ പറഞ്ഞിട്ടാണെന്നു വരുത്താൻ ചിലരൊക്കെ ഒരുമ്പെട്ടിറങ്ങുകയും ചെയ്‌തു. ക്ഷേത്രങ്ങളും മറ്റും തുറക്കണമെന്ന്‌ മുറവിളി കൂട്ടിയവരിൽ കേന്ദ്ര മന്ത്രി മുതൽ ചില കക്ഷികളുടെ തൊഴിലും കൂലിയുമില്ലാത്ത സംസ്ഥാന അധ്യക്ഷന്മാർ വരെയുണ്ടായിരുന്നു. സർക്കാർ അതൊന്നും ഗൗനിച്ചില്ല. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം മാനിച്ചും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്തും തീരുമാനമെടുത്തു. ആരാധനാലയങ്ങൾ തുറക്കേണ്ട എന്നാണ്‌ സർക്കാർ തീരുമാനിച്ചതെങ്കിൽ എന്താകുമായിരുന്നു പുകില്‌. കേന്ദ്രം നിർദേശിച്ചിട്ടും വിശ്വാസികളുടെ വികാരം മാനിക്കാത്ത സർക്കാരെന്നു പറഞ്ഞ്‌ വിശ്വാസികളെ ഇളക്കിവിട്ടേനെ.


 

ക്ഷേത്രങ്ങളും മറ്റും തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇത്ര അവധാനതയോടെ തീരുമാനമെടുക്കുമെന്ന്‌ വിശ്വാസത്തിന്റെ അട്ടിപ്പേറുകാർ നിനച്ചില്ല. തുറന്നില്ലെങ്കിൽ ആചാരസംരക്ഷകരെ ഇളക്കിവിടാമെന്നാണ് കരുതിയത്‌. ചില കോണുകളിൽ ഇതിനുള്ള ഏകോപനങ്ങളും നടന്നു. ക്ഷേത്രകവാടം വിശ്വാസികൾക്കു മുമ്പിൽ അടച്ചിടണമെന്ന്‌ വാദിച്ചവരുടെ മുഖത്തുനിന്ന്‌ അത്‌ വായിച്ചെടുക്കാൻ കഴിയും. ക്ഷേത്രങ്ങൾ തുറന്നില്ലെങ്കിൽ അതിന്റെ പേരിൽ പ്രക്ഷോഭം. തുറക്കാൻ തീരുമാനിച്ചപ്പോൾ അതായി കുറ്റം. വിദേശ മദ്യഷാപ്പ്‌ തുറക്കാമെങ്കിൽ ക്ഷേത്രങ്ങൾ തുറന്നൂകൂടേ എന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ഒരേ സ്വരത്തിൽ ചോദിച്ചത്‌. തുറന്നപ്പോൾ കേന്ദ്ര മന്ത്രി മലക്കംമറിഞ്ഞു. വീറുംവാശിയും കുത്തിനിറച്ച്‌ വാദിച്ച ചെന്നിത്തലയാകട്ടെ  വി മുരളീധരനെ തള്ളാനും കൊള്ളാനും മെനക്കെട്ടില്ല. സർക്കാരിനെതിരെ കത്തുന്നെങ്കിൽ കത്തട്ടെ എന്നു കരുതിയിരിക്കണം. അതേസമയം, ഹിന്ദു ഐക്യവേദിയുടെയും ബിജെപിയുടെയും വാദം ഏറ്റുപിടിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങി. എൻഎസ്‌എസ്‌, പന്തളം കൊട്ടാരം, ബ്രാഹ്മണസഭ ഇങ്ങനെ ആചാരസംരക്ഷകർ ഓരോരുത്തരായി വരികയായിരുന്നു. അണിയറയിൽ ആരൊക്കെയെന്ന കാര്യത്തിൽ ഒരു ആശയക്കുഴപ്പത്തിനും സ്ഥാനമില്ല.

ആരാധനാലയം പ്രതീക്ഷിച്ചപോലെ ഏശിയില്ലെന്നു കണ്ടപ്പോഴാണ്‌ അതിരപ്പിള്ളിയുടെ പേരിൽ അടുത്ത വിവാദത്തിന്‌ തിരികൊളുത്തിയത്‌. എത്ര ദുരുദ്ദേശ്യത്തോടെയായിരുന്നു ചർച്ച. അതിരപ്പിള്ളിക്ക്‌ പച്ചക്കൊടിയെന്ന്‌ മാതൃഭൂമിയിൽ വാർത്ത. മണിക്കൂറുകൾക്കുള്ളിൽ കോവിഡിന്റെ മറവിൽ അടുത്ത കൊള്ളയെന്ന പതിവുശൈലി പ്രയോഗവുമായി  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ചില കപട പരിസ്ഥിതിപ്രേമക്കാർ അവിടെയും ഇവിടെയുംനിന്ന്‌ ബഹളമുണ്ടാക്കാനും തുടങ്ങി. എതിർപ്പുകളെ അവഗണിച്ച്‌ അതിരപ്പിള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നൂവെന്നായി പ്രചാരണം അഴിച്ചുവിട്ടത്‌. കെപിസിസി പ്രസിഡന്റ്‌, ബിജെപി പ്രസിഡന്റ്‌ എന്നിവർക്കു പുറമെ മറ്റു ചിലരും ഉറഞ്ഞുതുള്ളി. തലയിൽ മുണ്ടിട്ട്‌ ചിലർ വിവാദത്തിന്‌ ചൂട്‌ പകർന്നപ്പോൾ ജനങ്ങളിൽ പരിഭ്രാന്തി പരത്താനായിരുന്നു ശ്രമം.


 

യഥാർഥത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ ഒരു പരിശോധനയ്‌ക്കുപോലും തുനിയാതെയാണ്‌ ചിലരെല്ലാം വികാരംകൊണ്ടത്‌. അതിരപ്പിള്ളി പദ്ധതി ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്ന്‌ സംസ്ഥാന സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചതാണ്‌. പക്ഷേ, കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും മുമ്പിൽ പദ്ധതി ഇപ്പോഴുമുണ്ട്‌. കാലാവധി തീരുന്ന മുറയ്‌ക്ക്‌ അത്‌ പുതുക്കുന്നതിന്‌ കാലാകാലങ്ങളായി വൈദ്യുതി ബോർഡ്‌ നടപടി എടുത്തുവരാറുണ്ട്‌. അതിന്‌ അപേക്ഷ നൽകാനായി വൈദ്യുതി ബോർഡിന്‌ സർക്കാർ നിരാക്ഷേപ പത്രം നൽകിയതേയുള്ളൂ. അല്ലാതെ ചാടിപ്പിടിച്ച്‌ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനൊന്നും തീരുമാനമെടുത്തില്ല. ഇക്കാര്യം അറിയാതെയല്ല, അറിഞ്ഞുകൊണ്ടു തന്നെയാണ്‌ വിവാദമരങ്ങൾ പെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top