15 December Monday

സമരമുഖങ്ങളിലെ പെൺധീരത, സ്‌ത്രീസമൂഹത്തിനായി സമരതീക്ഷ്‌ണണമായ ചിന്തകൾ

പി കെ ശ്രീമതി (ജനാധിപത്യ മഹിളാ അസോസിയേഷൻ 
അഖിലേന്ത്യാ പ്രസിഡന്റ്)Updated: Thursday Aug 31, 2023


പൊതുരംഗത്ത്‌ ധീരയായ നേതാവിന്റെ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ്‌ പ്രിയ സഖാവ്‌ സരോജിനി ബാലാനന്ദൻ വിടവാങ്ങുന്നത്‌.  മഹിളാ പ്രസ്ഥാനത്തിന്റെയും   സ്‌ത്രീവിമോചന പോരാട്ടങ്ങളുടെയും നേതൃസ്ഥാനം വഹിച്ച പോരാളി,  സ്‌ത്രീസമൂഹത്തിനായി സമരതീക്ഷ്‌ണണമായ ചിന്തകൾ എന്നും ഉള്ളിൽ കാത്തുവച്ചു. വനിതാ സംവരണമില്ലാത്ത കാലത്താണ്‌ അവർ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. കളമശേരിപോലുള്ള വ്യവസായപ്രദേശത്ത്‌ പഞ്ചായത്തിന്റെ  ഭരണത്തിന്‌ ചുക്കാൻ പിടിക്കാൻ നിയുക്തയായപ്പോൾ സംശയദൃഷ്ടിയോടെ നോക്കിയവർക്കുള്ള മറുപടിയാണ്‌ തുടർന്ന്‌ കണ്ടത്‌.  ടൗൺ ഹാൾ ഉൾപ്പെടെ നിരവധി വികസന ക്ഷേമപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.   ഊർജസ്വലമായ ഭരണ നേതൃത്വത്തിലൂടെ സ്‌ത്രീകൾക്കും ഇത്തരം പദവികളിൽ തിളങ്ങാനാകുമെന്ന്‌ തെളിയിച്ചു.

1983 മുതൽ 97വരെ ദീർഘകാലം ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ടി ദേവിയായിരുന്നു സെക്രട്ടറി.  അക്കാലത്ത്‌ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എനിക്ക്‌ രണ്ടുപേരുമായും അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞു. രാഷ്‌ട്രീയത്തിനുമപ്പുറം ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ.

1985ല്‍ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റായിരുന്ന സരോജിനി ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

1985ല്‍ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റായിരുന്ന സരോജിനി ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു


 

കോൺഗ്രസ്‌ ഭരണകാലത്ത്‌ വിലക്കയറ്റത്തിനെതിര നടന്ന സമരങ്ങളിൽ കൊടിയ പൊലീസ്‌ മർദനം ഏറ്റുവാങ്ങേണ്ടി വന്നു. ഇടുക്കിയിലെ തങ്കമണി പീഡനക്കേസിൽ നീതിക്കുവേണ്ടിയുള്ള സമരങ്ങൾ മുന്നിൽനിന്ന്‌ നയിച്ചു.  എറണാകുളത്തെ തൊഴിലാളി പ്രക്ഷോഭങ്ങളിലും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിലും സ്‌ത്രീകളുടെ അവകാശപോരാട്ടങ്ങളിലും കത്തിജ്വലിച്ചുനിന്ന സരോജിനിയെന്ന നേതാവിന്റെ ചിത്രം ഇന്നും മനസിലുണ്ട്‌. മഹിളാ അസാേസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായും സിപിഐ  എം സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചപ്പോൾ പൊതുപ്രവർത്തനരംഗത്തെ കൂടുതൽ വിശാലമാക്കാനാണ്‌ ശ്രമിച്ചത്‌. 

ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതുവരെയും പൊതുരംഗത്ത്‌ സജീവമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാൽ വിശ്രമിക്കുമ്പോൾ കാണാൻ ചെന്നപ്പോഴും പഴയ സ്‌നേഹ–- സൗഹൃദം പങ്കുവച്ചു. സ്വപ്രയത്നംകൊണ്ട്‌ ജനകീയ നേതാവായി ഉയർന്നുവന്ന സരോജിനി ബാലാനന്ദൻ എക്കാലവും ഞങ്ങൾക്ക്‌ ഊർജമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top