06 June Tuesday

എൻ എസ് : സ്പന്ദിക്കുന്ന വിപ്ലവഹൃദയം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ അതുല്യസംഘാടകരിൽ ഒരാളായ സഖാവ് എൻ ശ്രീധരൻ ഓർമയായിട്ട് 38 വർഷമായി. കോൺഗ്രസ് നേതൃഭരണം ചിറ്റാറിൽ സൃഷ്ടിച്ച പൊലീസ്–- ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായ പോരാട്ടം നയിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിലാണ് 57–-ാം വയസ്സിൽ അദ്ദേഹം വേർപിരിഞ്ഞത്. സഖാവിന്റെ സ്മരണ പുതുക്കുന്നത് നാല് കാര്യത്താൽ ഏറ്റവും കാലികപ്രാധാന്യമുള്ളതാണ്.

ഒന്ന്) അനുസ്മരണം ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്. ഭൂതകാലവുമായുള്ള സംവാദത്തിലൂടെ വർത്തമാനകാലത്തെ സൂക്ഷ്മവും സമഗ്രവുമായി സജീവമാക്കുകയാണ് അത്. അതുപ്രകാരം എൻ എസിന്റെ സ്മരണ വർത്തമാനകാലത്തെ വിപ്ലവപ്രവർത്തനത്തിന് എരിവും വീര്യവും ആശയദൃഢതയും പ്രദാനം ചെയ്യുന്നതാണ്. ഒരു സാധാരണ മനുഷ്യനെ എങ്ങനെ ഒരു അസാധാരണ നേതാവാക്കി കമ്യൂണിസ്റ്റ് പ്രസ്ഥാനം മാറ്റുന്നുവെന്നത് എൻ എസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഒരു സാധാരണക്കാരൻ എങ്ങനെ അസാധാരണ നേതാവാകാം എന്നതും.

മധ്യതിരുവിതാംകൂറിലെ നാട്ടുംപുറത്തെ ഒരു കേവുവള്ളക്കാരന്റെ മകനായി പിറന്ന് നാവികത്തൊഴിലാളിയും ബീഡിത്തൊഴിലാളിയുമായി ജീവിതം തുടങ്ങിയ ഒരാൾ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ്‌ സെക്രട്ടറിയായി. പിന്നീട് സിപിഐ എമ്മിന്റെ ആലപ്പുഴ, കൊല്ലം  ജില്ലാ സെക്രട്ടറിയായി. പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് മരണം. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പുന്നപ്ര–- വയലാർ സമരവേളയിൽ വള്ളിക്കാവിലെ ബീഡിത്തൊഴിലാളി ഓഫീസിനു മുന്നിൽ "ദിവാൻ ഭരണം അറബിക്കടലിൽ' എന്ന ബോർഡ് വച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായത്.

ഒളിവിലും തെളിവിലും ദീർഘകാലം കഴിഞ്ഞ അദ്ദേഹം കൊടിയ മർദനങ്ങളും എണ്ണമറ്റ ത്യാഗങ്ങളും അനുഭവിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ നിരോധനകാലത്തടക്കമുള്ള പ്രവർത്തനത്തിന്റെ ഫലമായി ക്രൂരമായ പൊലീസ് ലോക്കപ്പ് മർദനങ്ങൾക്ക് ഇരയായി. കായംകുളം പൊലീസ് ലോക്കപ്പിൽ ബോധംകെടുവോളം മർദിച്ച് തടവിലാക്കിയപ്പോൾ അതിനെതിരെ എ കെ ജി പാർലമെന്റിൽ ഒച്ചപ്പാടുണ്ടാക്കി. അതേത്തുടർന്ന് ജനം ഇളകി പൊലീസ് സ്റ്റേഷൻ വളഞ്ഞപ്പോഴാണ് എൻ എസിനെ പൊലീസ് വിട്ടയച്ചത്. അന്നത്തെ കാലത്ത് കമ്യൂണിസ്റ്റുകാർക്കേറ്റ പൊലീസ് മർദനം ഒരു കൊമ്പനാനയ്‌ക്കായിരുന്നെങ്കിൽ അത് എന്നേ ചത്തേനെ എന്ന്‌ തോപ്പിൽ ഭാസി പറഞ്ഞത്‌ എൻ എസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബാധകമാണ്.

ഏത് ദുരിത–- പീഡന കാലങ്ങളിലും ചെങ്കൊടി ഉയരെപ്പാറിക്കാനുള്ള നിശ്ചയദാർഢ്യം സഖാവിനുണ്ടായിരുന്നു. എൻ എസിന്റെ ഈ പ്രവർത്തന പാരമ്പര്യവും അദ്ദേഹത്തിന്റെ സ്‌മരണയും,  ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ വർഗീയ– -ഫാസിസ്റ്റ് ശക്തികൾ പരിശ്രമിക്കുന്ന ഈ കാലത്ത്, ആ വിപത്ത് വിസ്മരിച്ച് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ ബിജെപിയുമായി ചങ്ങാത്തംകൂടി യുഡിഎഫ് അരാജകസമരം നടത്തുന്ന ഈ കാലത്ത്‌ എൽഡിഎഫ് സർക്കാരിന് ശക്തിപകരും.

ഇ എം എസിനോടൊപ്പം എൻ എസ്‌

ഇ എം എസിനോടൊപ്പം എൻ എസ്‌


 

രണ്ട്) എങ്ങനെ ഒരു നല്ല കമ്യൂണിസ്റ്റാകാം എന്നതിന് ചൂണ്ടിക്കാണിക്കാനുള്ള അനേകം പേരുകളിൽ പ്രധാനപ്പെട്ട ഒന്നാണ് എൻ എസിന്റേത്. നല്ല കമ്യൂണിസ്റ്റാകാൻ വേണ്ട പ്രധാന ഗുണങ്ങളിൽ സത്യസന്ധതയും മര്യാദയുമുള്ള പ്രവർത്തനം, സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കുവേണ്ടിയും സോഷ്യലിസ്റ്റ് ആശയത്തിനുവേണ്ടിയുമുള്ള പോരാട്ടം, രാഷ്ട്രീയത്തെ സംബന്ധിച്ച ജ്ഞാനം വളർത്തൽ എന്നിവ ഉൾപ്പെടുന്നു.  ഈ കാര്യങ്ങൾ നിർവഹിച്ച് ജനങ്ങളുടെ സ്നേഹവും ആദരവും ആർജിക്കാൻ കഴിഞ്ഞതുകൊണ്ടാണ് എൻ ശ്രീധരൻ എന്ന കമ്യൂണിസ്റ്റ് എൻ എസ് എന്ന രണ്ടക്ഷരത്തിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്.പഞ്ചായത്ത് പ്രസിഡന്റോ എംഎൽഎയോ മന്ത്രിയോ ഒന്നും അദ്ദേഹം ആയിട്ടില്ലായിരുന്നു. പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര പ്രവർത്തനവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെടാതിരിക്കലാണ് കമ്യൂണിസ്റ്റ് ബോധമെന്നും സ്വന്തം പാർടി ജീവിതശൈലിയിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. ഇത് ഇപ്പോഴും പ്രസക്തമാണ്.

അഴിമതിരഹിത പൊതുപ്രവർത്തനം, സദാചാരനിഷ്ഠ, പ്രസ്ഥാനത്തെ താറടിക്കുന്നതിനെതിരായ നെഞ്ചുറപ്പോടെയുള്ള പ്രവർത്തനം- എന്നിവയിൽ ശ്രദ്ധയൂന്നിയിരുന്നു. സ്വന്തം പ്രസ്ഥാനത്തെ ദുഷിപ്പിക്കുന്ന പ്രവണതകൾക്കുനേരെ കണ്ണടച്ചില്ല. തെറ്റ് ചെയ്യുന്നവരെ തിരുത്തി നല്ല കേഡർമാരാക്കാൻ അവസരം നൽകുന്നതിന് ശ്രദ്ധിച്ചു. കേഡർമാരെ നഷ്ടപ്പെടുത്താതിരിക്കാൻ ജാഗ്രത കാട്ടി. ഇതിനൊപ്പം ശത്രുചേരി കമ്യൂണിസ്റ്റ്‌ നേതാക്കളെയും ഭരണാധികാരികളെയും താറടിക്കാൻ നടത്തുന്ന ദുഷ്ചെയ്തികളെ ചെറുക്കുന്നതിൽ തന്റേടം കാട്ടി. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്ന കെ സി ജോർജിനെ അരിക്കള്ളനെന്ന് ആക്ഷേപിച്ച് വിമോചനസമരശക്തികൾ കുപ്രചാരണം നടത്തി. സന്യാസിതുല്യനായ ജോർജിനെ അധിക്ഷേപിക്കുന്നതിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ എൻ എസ് ഉൾപ്പെടെയുള്ള നേതാക്കൾ ലേഖനങ്ങളെഴുതിയും പ്രസംഗിച്ചും പ്രകടനം സംഘടിപ്പിച്ചും മുന്നിട്ടിറങ്ങി. കമ്യൂണിസ്റ്റ് നേതൃഭരണത്തിന് കേരളചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതോടെ പിണറായി സർക്കാരിനെയും സിപിഐ എമ്മിനെയും കരിതേയ്ക്കാൻ കൊണ്ടുപിടിച്ച പ്രചാരണങ്ങൾ ശത്രുപക്ഷം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനെ തുറന്നുകാട്ടാൻ എൻ എസ് ഉൾപ്പെടെയുള്ള നേതാക്കൾ മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനമാതൃക ഊർജം പകരുന്നതാണ്.

മൂന്ന്) ആശയരംഗത്ത് ശത്രുവർഗം പുലർത്തുന്ന ആധിപത്യം തകർക്കാൻ ഇടതുപക്ഷ ബദൽമാധ്യമങ്ങളുടെ പ്രചാരവും കരുത്തും വർധിപ്പിക്കേണ്ടതിന്റെ അനിവാര്യ ആവശ്യം പ്രവർത്തനപരിപാടികളിലൂടെ അടയാളപ്പെടുത്തിയ നേതാവായിരുന്നു എൻ എസ്.  ഇക്കാര്യത്തിൽ കേരളത്തിലെ എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും ശ്രദ്ധാപൂർവം പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ പാത പിന്തുടർന്നാണ് പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെ ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കാൻ മാതൃകാപരമായ സംഘടനാപ്രവർത്തനത്തിന് എൻ എസ് നേതൃത്വം നൽകിയത്. ദേശാഭിമാനിയുടെയും പാർടിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും പ്രചാരം ഇനിയും വർധിപ്പിക്കാനും കൈരളി ചാനലിന്റെ സ്വീകാര്യത ഉയർത്താനും ശ്രദ്ധാപൂർവമായ ചുവടുവയ്പ് തുടരണം.

നാല്) കമ്യൂണിസംകൊണ്ട് നാടിനെന്ത് ഗുണം എന്ന നിഷേധാത്മക ചോദ്യത്തിനുള്ള യുക്തിസഹമായ ഉത്തരമാണ് എൻ എസ് ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സഖാക്കളുടെ ത്യാഗപൂർവമായ പ്രവർത്തനങ്ങളുടെ ഫലമായി സാധിച്ച സാമൂഹ്യപരിണാമം. എൻ എസ് അടക്കമുള്ള നേതാക്കൾ നയിച്ച കമ്യൂണിസ്റ്റ് പാർടിയുടെ കായംകുളം ഡിവിഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മധ്യേയാണ് 1949ൽ ശൂരനാട് കലാപം ഉണ്ടായത്. ആ കലാപത്തിനുമുമ്പ് കാളയ്ക്ക് പകരം നുകത്തിൽ കർഷകത്തൊഴിലാളിയെ കെട്ടി തെന്നല ജൻമി നിലം ഉഴുവിച്ചു. എന്നാൽ, ശൂരനാട് കലാപത്തിനുശേഷം ഈ സംസ്ഥാനത്തെ ഒരു ജൻമിക്കും അത്തരം ക്രൂരത ചെയ്യാൻ കഴിയാതെ വന്നു. ‘പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും’ എന്ന് കുട്ടനാട്ടെ ജൻമിമാർ ശഠിച്ചപ്പോൾ ‘പാളേൽ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്ന് വിളിക്കില്ല’ എന്ന് കർഷകത്തൊഴിലാളികളെക്കൊണ്ട് ഉറക്കെ വിളിപ്പിച്ചു. ഈ വിപ്ലവമുന്നേറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു മിച്ചഭൂമി പിടിച്ചെടുക്കൽ സമരം നടന്നത്. അതിനുവേണ്ടി ആലപ്പുഴയിൽ നടത്തിയ അറവുകാട് സമരപ്രഖ്യാപനസമരത്തിന്റെയും പ്രധാന സംഘാടകരിൽ പ്രമുഖനായിരുന്നു എൻ എസ്.

ഇങ്ങനെ കേരളത്തെ ആത്മാഭിമാനമുള്ള മനുഷ്യരുടേതാക്കി  മാറ്റിത്തീർത്തതിൽ പങ്കുള്ള നേതാക്കളിലൊരാളാണ് എൻ എസ്. ഈ സംസ്ഥാനത്ത് ചെങ്കൊടി ഭരണം തുടർച്ചയായി ഉണ്ടാകണമെന്നതായിരുന്നു ഇവരുടെയെല്ലാം സ്വപ്നം. അത് സാക്ഷാൽക്കരിക്കാൻ ഇന്നത്തെ കാലത്ത് കഴിഞ്ഞിരിക്കുന്നു. എന്നാൽ, തുടർഭരണത്തെ ശ്വാസം മുട്ടിച്ചില്ലാതാക്കാൻ കേന്ദ്രസർക്കാരും വിരുദ്ധ രാഷ്ട്രീയക്കാരും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. ഇതിനെ പരാജയപ്പെടുത്താനും എൽഡിഎഫ് സർക്കാരിനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താനും എൻ എസ് സ്മരണ കരുത്തുപകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top