25 January Tuesday

ചൈനീസ്‌ സ്വപ്‌നം 2049

വി ബി പരമേശ്വരൻUpdated: Wednesday Nov 10, 2021

അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാണ്‌ ചൈന. അതുകൊണ്ടുതന്നെ ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ്‌ പാർടിയുടെ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും വാർത്താപ്രാധാന്യം ലഭിക്കുക സ്വാഭാവികം. നവംബർ എട്ടിന്‌ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ ആരംഭിച്ച കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ചൈനയുടെ (സിപിസി) 19–-ാമത്‌ സെൻട്രൽ കമ്മിറ്റിയുടെ ആറാമത്‌ പ്ലീനവും (യോഗം) ലോകമാധ്യമങ്ങൾക്ക്‌ വലിയ വാർത്തയാണ്‌. അടുത്തവർഷം ഒക്‌ടോബറിൽ നടക്കുന്ന 20–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായാണ്‌ ആറാം പ്ലീനം നടക്കുന്നത്‌. അഞ്ചു വർഷത്തിലൊരിക്കലാണ്‌ സിപിസിയുടെ പാർടി കോൺഗ്രസുകൾ ചേരാറുള്ളത്‌. രണ്ട്‌ പാർടി കോൺഗ്രസുകൾക്കിടയിൽ സെൻട്രൽകമ്മിറ്റിയുടെ ഏഴ്‌ പ്ലീനറി യോഗങ്ങളാണ്‌ ചേരാറുള്ളത്‌. 2017ൽ ചേർന്ന 19–-ാം പാർടി കോൺഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കമ്മിറ്റിയുടെ ആറാമത്തെ പ്ലീനമാണ്‌ ഇപ്പോൾ നടക്കുന്നത്‌. പൊതുവെ ആറാം പ്ലീനം പ്രത്യയശാസ്‌ത്രപരമായ വിഷയങ്ങളാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ബീജിങ്ങിൽ നടക്കുന്ന ഈ പ്ലീനറിയോഗത്തിന്‌ സിപിസിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യവും ഉണ്ട്‌. പാർടിയുടെ ചരിത്രത്തെയും ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും അവലോകനം ചെയ്യുന്ന പ്രമേയം ചർച്ചചെയ്യുന്ന പ്ലീനംകൂടിയാണ് ഇത്‌. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ചരിത്രത്തിൽ മൂന്നാമത്തെ തവണയാണ്‌ ഇത്തരമൊരു ചരിത്രപ്രമേയം അവതരിപ്പിക്കപ്പെടുന്നതും ചർച്ചയ്‌ക്ക്‌ വിധേയമാക്കുന്നതും.

ചൈനീസ്‌ വിപ്ലവത്തിന്‌ നാലുവർഷംമുമ്പ്‌ 1945ലാണ്‌  ‘സിപിസിയുടെ ചരിത്രത്തിലെ ചില വിഷയങ്ങളെക്കുറിച്ചുള്ള’ പ്രമേയം അവതരിപ്പിക്കപ്പെട്ടത്‌. വിപ്ലവ പ്രവർത്തനത്തിലെ അനുഭവങ്ങൾ, കുമിന്താങ്ങുകളുമായും അധിനിവേശ ജപ്പാൻസേനയുമായുള്ള പോരാട്ടത്തിലെ പാളിച്ചകളും അനുഭവങ്ങളും, പാർടിക്കകത്തെ വ്യതിയാനങ്ങൾ  എന്നിവ പരിശോധിക്കുന്നതായിരുന്നു ഈ പ്രമേയം. മൗ സെ ദൊങ്ങിന്റെ ചിന്തകൾ പാർടി ഔദ്യോഗിക ചരിത്രത്തിന്റെ ഭാഗമാക്കുന്ന ഈ പ്രമേയം മുഖ്യനേതാവായി മൗവിനെ പ്രഖ്യാപിക്കുകയും ചെയ്‌തു. തൊട്ടടുത്ത ദിവസം ചേർന്ന സിപിസിയുടെ ഏഴാം പാർടി കോൺഗ്രസ്‌ ഈ പ്രമേയത്തിന്‌ അംഗീകാരം നൽകി.

1949ൽ രൂപംകൊണ്ട ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ആദ്യത്തെ 30 വർഷത്തെ അനുഭവങ്ങളെ പരിശോധിക്കുന്നതായിരുന്നു 1981ലെ ‘സിപിസി ചരിത്രത്തിലെ ഏതാനും ചോദ്യങ്ങൾ’ എന്ന പ്രമേയം. ദെങ്‌ സിയാവോ പിങ്ങിന്റെ നേതൃത്വത്തിൽ പരിഷ്‌കരണവും തുറന്നുകൊടുക്കലും ആരംഭിച്ച 1978ന്‌ ശേഷം മൂന്നുവർഷം കഴിഞ്ഞായിരുന്നു ഈ പ്രമേയാവതരണം. മൗവിന്റെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക വിപ്ലവത്തിനുശേഷവും. സ്വാഭാവികമായും സാംസ്‌കാരികവിപ്ലവം സംബന്ധിച്ച്‌ സമഗ്രമായ വിലയിരുത്തൽ പ്ലീനറി യോഗത്തിൽ നടത്തുകയുണ്ടായി. ദെങ്‌ സിയാവോ പിങ്‌ മുഖ്യനേതാവായി. അദ്ദേഹത്തിന്റെ ചിന്തകളും പാർടിചരിത്രത്തിന്റെ ഭാഗമായി. 1982ൽ ചേർന്ന 12–-ാം പാർടി കോൺഗ്രസ്‌ ഈ പ്രമേയത്തിന്‌ അംഗീകാരവും നൽകി. ദെങ്ങിന്റെ കാലത്ത്‌ ആരംഭിച്ച പരിഷ്‌കരണവും തുറന്നുകൊടുക്കലുമാണ്‌ ഇന്നത്തെ ചൈനയുടെ മുന്നേറ്റത്തിന്‌ വഴിവച്ചതെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നത്‌. അതിനുശേഷം ജിയാങ് സെമിനും ഹു ജിന്താവോയും ചൈനയെയും സിപിസിയെയും നയിച്ചു. മുൻ നേട്ടങ്ങൾ കൈവിടാതെ രാജ്യത്തെ മുമ്പോട്ടു നയിക്കാൻ ഇവർക്കായി.

സിപിസിക്ക്‌  നൂറുവയസ്സ്‌ പൂർത്തിയായ വേളയിലാണ്‌ ‘പാർടിയുടെ ചരിത്രപരമായ അനുഭവങ്ങളും നേട്ടങ്ങളും’ സംബന്ധിച്ച പ്രമേയം ബീജിങ് പ്ലീനറിയിൽ അവതരിപ്പിച്ചത്‌. ആഗസ്‌ത്‌, ഒക്ടോബർ മാസങ്ങളിൽ ചേർന്ന പൊളിറ്റ്‌ബ്യൂറോ യോഗത്തിന്റെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചതിനുശേഷമാണ്‌ പാർടി ജനറൽ സെക്രട്ടറികൂടിയായ ഷി ജിൻപിങ്‌ സിപിസിയുടെ ചരിത്രപ്രമേയത്തിന്റെ കരട്‌ തിങ്കളാഴ്‌ച അവതരിപ്പിച്ചത്‌. മുൻകാലങ്ങളിൽ പാർടി വിജയിച്ചത്‌ എന്തുകൊണ്ടാണ്? ഏങ്ങനെയാണ്‌ ഈ വിജയം ഭാവിയിലും ആവർത്തിക്കാൻ കഴിയുക എന്നീ ചോദ്യങ്ങളാണ്‌ പ്രമേയം പ്രധാനമായും ഉന്നയിക്കുന്നത്‌. സിപിസിയുടെ നൂറാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ നടത്തിയ പ്രസംഗത്തിലും ഷി ഇതേ കാര്യം പരാമർശിച്ചിരുന്നു. എന്നാൽ, പുതിയ പ്രമേയം ഒരിക്കലും മുൻ പ്രമേയങ്ങളിലെ ഉള്ളടക്കത്തെയോ കണ്ടെത്തലുകളെയോ തള്ളിപ്പറയില്ലെന്ന്‌ ചൈനയുടെ ഔദ്യോഗിക മാധ്യമമായ ‘ഗ്ലോബൽ ടൈംസ്‌’ റിപ്പോർട്ട്‌ ചെയ്‌തു.

അടുത്ത വർഷങ്ങളിൽ ചൈനയെ നയിക്കുന്ന  മുഖ്യനേതാവ്‌ ഷിതന്നെയായിരിക്കും. ‘സിപിസിയുടെ മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌ ഷി ആയിരിക്കുമെന്ന്‌’ ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവതന്നെ റിപ്പോർട്ട്‌ ചെയ്‌തു. ഷി ജിൻപിങ്ങിന്റെ ചിന്തകളും സിപിസിയുടെ ചരിത്രത്തിന്റെ ഭാഗമാകും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും പ്രവർത്തിക്കാനുള്ള കഴിവുമാണ്‌ ഇതിന്‌ കാരണമെന്നും വാർത്താ ഏജൻസി കൂട്ടിച്ചേർത്തു. ഷി മുന്നോട്ടുവയ്‌ക്കുന്ന ‘ചൈനീസ്‌ സ്വപ്‌നം’, ‘ദേശീയ പുരുജ്ജീവനം’ എന്നിവകൊണ്ട്‌ യഥാർഥത്തിൽ ലക്ഷ്യമാക്കുന്നത്‌ ഒരു സോഷ്യലിസ്റ്റ്‌ സമൂഹമാണ്‌. ഇതിന്റെ ഭാഗമായാണ്‌ ദാരിദ്ര്യനിർമാർജനം പ്രധാന അജൻഡയായെടുത്ത്‌ പ്രവർത്തിച്ചതും ഈ വർഷം ലക്ഷ്യം നേടിയതും. 2035 ആകുമ്പോഴേക്കും സോഷ്യലിസ്റ്റ്‌ ആധുനികവൽക്കരണം യാഥാർഥ്യമാക്കുക, വിപ്ലവത്തിന്റെ  നൂറാം വാർഷികവേളയിൽ 2049ൽ മഹത്തായ ആധുനിക സോഷ്യലിസ്റ്റ്‌ രാഷ്ട്രമായി ചൈനയെ മാറ്റുക എന്നിവയാണ്‌ സിപിസി മുന്നോട്ടുവയ്‌ക്കുന്ന ബൃഹത്‌ ലക്ഷ്യങ്ങൾ. പരിഷ്‌കരണ അജൻഡ തുടരുമെങ്കിലും അത്‌ ചൈനീസ്‌ സവിശേഷതകളോടുകൂടിയുള്ള സോഷ്യലിസ്റ്റ്‌ പാതയിലേക്ക്‌ നയിക്കുന്നതായിരിക്കുമെന്ന്‌ ഷി ജിൻപിങ്‌ അസന്ദിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. ചൈനയ്‌ക്ക്‌ വഴികാട്ടി മാർക്‌സിസംതന്നെയായിരിക്കുമെന്നും സിപിസിയുടെ നൂറാം വാർഷികവേളയിൽ പറഞ്ഞ ഷി മുന്നോട്ടുള്ള പാതയിൽ സിപിസിക്ക്‌ വഴികാട്ടി മാർക്‌സിസം–- ലെനിനിസവും മാവോ ചിന്താഗതിയും ദെങ്‌ സിദ്ധാന്തവും ആയിരിക്കുമെന്നും വ്യക്തമാക്കി. അത്‌ ആവർത്തിച്ചുറപ്പിക്കുന്നതായിരിക്കും പുതിയ പ്രമേയവും പ്ലീനറി യോഗതീരുമാനങ്ങളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top