26 May Thursday

ദുരന്തനിവാരണ സാക്ഷരതയിലേക്ക് - റവന്യൂമന്ത്രി കെ രാജൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 14, 2021

 

ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുരന്തനിവാരണ സാക്ഷരതാ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും ചട്ടങ്ങളും, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ,  സർക്കാർ ഉത്തരവുകൾ,  ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവർത്തനങ്ങൾ, ദുരന്തത്തിന് ഇരയാകുന്നവർക്ക് ലഭിക്കുന്ന സഹായങ്ങൾ തുടങ്ങി വിവിധ വിഷയത്തിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ദുരന്തനിവാരണ സാക്ഷരത എന്നതുകൊണ്ട് റവന്യൂ വകുപ്പ് ഉദ്ദേശിക്കുന്നത്.

കേരളം തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളെയും അതുമൂലമുണ്ടാകുന്ന കെടുതികളെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം മനുഷ്യനിർമിതമായ ദുരന്തങ്ങളും സംഭവിക്കുന്നുണ്ട്. ഇന്ത്യയുടെ ആകെ തീരദേശത്തിന്റെ പത്ത് ശതമാനത്തോളം വരുന്ന 589.5 കി.മീ. ദൈർഘ്യമുള്ള തീരമേഖലയും തെക്കുവടക്ക് നിലകൊള്ളുന്ന പശ്ചിമഘട്ട മലനിരകളും ദുരന്തസാധ്യതയിൽ നമുക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ദുരന്ത വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ കേരളം മൾട്ടി ഹസാർഡ് സോണിലാണ് (ഒന്നിലേറെ ദുരന്തങ്ങൾക്കു സാധ്യതയുള്ള പ്രദേശം) ഉൾപ്പെട്ടുവരുന്നത്.

മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമുള്ള ദുരന്തസാഹചര്യങ്ങളാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്ര കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ഭൂപ്രകൃതിയിലും അന്തരീക്ഷത്തിലുംവരെ സ്വാധീനം ചെലുത്തിത്തുടങ്ങി. അതിതീവ്ര മഴയും അസഹ്യമായ ചൂടും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ചുഴലിക്കാറ്റുകളും കടലേറ്റവും ഒക്കെയായി കേരളത്തിന്റെ തീരമേഖലയും ഇടനാടും മലയോരവും ഒരുപോലെ ദുരിതങ്ങൾ പേറുകയാണ്.

കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ് എന്നാണ് കണക്ക്.  ഈ  വർഷംമാത്രം 85 മുങ്ങിമരണം സ്ഥിരീകരിച്ചിട്ടുണ്ട്.  പ്രളയംമൂലമുള്ള മറ്റ് ദുരന്തങ്ങളും നാശനഷ്ടങ്ങളും വർധിക്കുന്നതോടൊപ്പം പുതിയ കാലത്തെ മഹാമാരികളെയും  നേരിടേണ്ടി വരുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേരളത്തിൽ എത്തിക്കഴിഞ്ഞു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകളുടെ (സൈക്ലോൺ) എണ്ണം വർധിച്ചുവരുന്നു. 2021ൽ, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ജൂൺമുതൽ സെപ്തംബർവരെ 14 ന്യൂനമർദവും ഒക്ടോബർമുതൽ നവംബർവരെ ഒമ്പത്‌ ന്യൂനമർദവും ഉണ്ടായിട്ടുണ്ട്.  മൺസൂൺകാലത്തെ തീവ്രമഴയുടെ തോതിൽ വലിയ വർധനയാണുണ്ടായത്. 2018ലെ പ്രളയംമുതൽ പരിശോധിച്ചാൽ മുമ്പ്‌ ആറ്‌ മാസം പെയ്യേണ്ട മഴ ഇപ്പോൾ ഒരു മാസത്തിൽ താഴെയുള്ള കാലയളവിൽ പെയ്യുന്നു.  അറബിക്കടലിലാണ് ഇന്ന്‌ ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുകൂടുന്നതെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിന്റ നഗരങ്ങളും നദികളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ ആകാത്തവിധം ദുരന്തഭൂമികളായി മാറുന്നു. മണ്ണിടിച്ചിൽ വർധിച്ചു വരുന്നതിന്റെ കാരണം മൺഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്.  മനുഷ്യനിർമിത ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കിയേ മതിയാകൂ.  2008ൽ എൽഡിഎഫ്‌ ഗവൺമെന്റ് കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ശക്തമായി നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  2008നുശേഷം ഏറ്റവും ആവശ്യ സാഹചര്യങ്ങളിലൊഴികെ ഒരു തുണ്ട് ഭൂമിപോലും നികത്താൻ അനുവാദമില്ല. 

പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിക്കാനാകില്ലെങ്കിലും അതുവഴിയുണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കുന്നതിന് നമുക്ക് കഴിയും. ദുരന്തനിവാരണ പ്രവർത്തനങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ആവശ്യം ദുരന്തസാധ്യതകളെക്കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും പ്രകൃതിചൂഷണത്തിനെതിരെയുള്ള നിയമങ്ങളെക്കുറിച്ചുള്ള അറിവും ജനങ്ങളിൽ ഉണ്ടാക്കുകയാണ്. സന്നദ്ധ പ്രവർത്തകർ, എൻജിഒകൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സർവീസ് സംഘടനകൾ, ക്ലബ്ബുകൾ, വായനശാലകൾ, സ്റ്റുഡന്റ്‌ പൊലീസ് കാഡറ്റ്, നാഷണൽ സർവീസ് സ്‌കീം, റസിഡന്റ്‌സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഇതിന്റെ പ്രയോക്താക്കളാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. 

വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ദുരന്തനിവാരണവും അനുബന്ധ  വിഷയങ്ങളും  ഉൾപ്പെടുത്തുന്നതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യും.  സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾ, വിദ്യാർഥികൾ തുടങ്ങിയവർക്കായി നടത്തുന്ന ലീഗൽ ലിറ്ററസി ക്യാമ്പുകളിലും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമപാഠമെന്ന പ്രസിദ്ധീകരണത്തിലും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്കൂടി ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുമായി കൂടിയാലോചന നടത്തും. ദുരന്തനിവാരണ സാക്ഷരത്‌ക്ക് ആവശ്യമായ സിലബസും അതിനാവശ്യമായ പ്രസിദ്ധീകരണങ്ങളും തയ്യാറാക്കാൻ റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമായ ഐഎൽഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണശേഷി വർധിപ്പിക്കേണ്ടത് ദുരന്തങ്ങളെ കാര്യക്ഷമമായി നേരിടുന്നതിന് അത്യാവശ്യമാണെന്ന വസ്തുത മനസ്സിലാക്കിയാണ് സംസ്ഥാന സർക്കാർ ദുരന്തനിവാരണ സാക്ഷരതയെന്ന ആശയത്തെ അതീവ പ്രാധാന്യത്തോടെ സമീപിക്കുന്നത്. ഏതൊരു ദുരന്തമേഖലയിലും ആദ്യം എത്തുന്നതും ആദ്യ പ്രതികരണം നടത്തുന്നതും പൊതുജനങ്ങളാണെന്നിരിക്കെ അവരിൽ അവബോധം വർധിപ്പിക്കുകയെന്നത് അത്യന്തം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top