29 March Friday

ട്രേഡ് യൂണിയനുകൾ വികസനവിരുദ്ധരല്ല - എളമരം കരീം
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2022

കേരളത്തിൽ ഒരുപറ്റം മാധ്യമങ്ങൾ തൊഴിലാളി സംഘടനകളെ അധിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. സത്യവുമായി പുലബന്ധംപോലും ഇല്ലാത്ത ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നത്. പൊതുപണിമുടക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാ ട്രേഡ് യൂണിയനുകളും (ബിഎംഎസ് ഒഴികെ) ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും മാധ്യമവേട്ട സിഐടിയുവിനെതിരെ  മാത്രമാണ്. സിഐടിയുവിന്റെ വളർച്ചയിലുള്ള പരിഭ്രാന്തിയാണ് ഇവരെ പ്രകോപിതരാക്കുന്നത്. വികസനത്തിന് തടസ്സംനിൽക്കുന്നത് ട്രേഡ് യൂണിയനുകളാണെന്നും അവരെ അടിച്ചുതകർക്കണമെന്നും ബിജെപി നേതാവിന്റെ പ്രസംഗവും കേട്ടു. സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന എല്ലാ വികസനപദ്ധതികളെയും യുഡിഎഫിനോടൊപ്പം ചേർന്ന് തുരങ്കംവയ്‌ക്കുന്ന പാർടിയാണ് ബിജെപി. കെ–-റെയിൽ പദ്ധതിയെ അക്രമാസക്തമായി എതിർക്കുന്നു. കേന്ദ്രമന്ത്രി ജനങ്ങൾക്കിടയിൽ കുപ്രചാരണം നടത്തുന്നു. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട റെയിൽവേ വികസനപദ്ധതികൾ, എയിംസ്, വ്യവസായപദ്ധതികൾ തുടങ്ങിയവയെല്ലാം നിഷേധിക്കുന്ന കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപി നേതാവിന്റെ ജൽപ്പനം പരിഹാസ്യമാണ്.

സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള സൃഷ്ടിക്കായുള്ള നയങ്ങളെ സിഐടിയു എതിർക്കുന്നു എന്നമട്ടിലുള്ള പ്രചാരണവും ചില മാധ്യമങ്ങൾ ഉയർത്തുന്നു.  കാർഷിക-വ്യവസായ- സേവനമേഖലകളിലെ വകസനത്തിന് സർവത്മനാപിന്തുണ നൽകുന്ന പ്രസ്ഥാനമാണ് സിഐടിയു. ഉൽപ്പാദനമേഖലയിലെ പിന്നോക്കാവസ്ഥയ്‌ക്ക് പരിഹാരം കാണാൻ കൂടുതൽ വ്യവസായനിക്ഷേപം വരണം. കേന്ദ്രനിക്ഷേപം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തിനനുയോജ്യമായ സ്വകാര്യനിക്ഷേപം ആകർഷിക്കേണ്ടിവരും. ആ ദിശയിലുള്ള  സർക്കാർ നിലപാടുകളെ സിഐടിയു സ്വാഗതം ചെയ്യുന്നു.

വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേർത്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിൽ എല്ലാ ട്രേഡ് യൂണിയനുകളും പ്രായോഗികവും സഹകരണാത്മകവുമായ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാടിലേക്ക് എല്ലാവരെയും എത്തിക്കുന്നതിൽ സിഐടിയു നല്ല പരിശ്രമം നടത്തിയിട്ടുണ്ട്-. "ജോലി ചെയ്യാതെ കൂലി വാങ്ങൽ’ ഉൾപ്പെടെയുള്ള  പ്രവണതകൾക്കെതിരെ എല്ലാ ട്രേഡ് യൂണിയനുകളും ഒന്നിച്ചണിനിരന്നിട്ടുണ്ട്. ബിപിസിഎല്ലിന്റെ കൊച്ചിൻ റിഫൈനറി ക്യാമ്പസിൽ കാൽലക്ഷം കോടി രൂപയുടെ വികസനപദ്ധതികൾ നിശ്ചിത സമയത്തിനുമുമ്പ് പൂർത്തീകരിക്കാൻ ട്രേഡ് യൂണിയനുകൾ നൽകിയ പിന്തുണയും സഹകരണവും മാനേജ്മെന്റ്‌ പ്രകീർത്തിച്ചതാണ്. വൻകിട നിർമാണപ്രവർത്തനങ്ങൾ 24 മണിക്കൂറും നടത്തത്തക്കനിലയിൽ ക്രമീകരിക്കുന്നതിനെയും തൊഴിലാളി സംഘടനകൾ അനുകൂലിച്ചിട്ടുണ്ട്. സംസ്ഥാന പൊതുമേഖലയുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.


 

സംസ്ഥാനത്ത് സംഘടിത–--അസംഘടിത -പരമ്പരാഗതമേഖലകളിൽ 2026നു ശേഷം ദീർഘമേറിയ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. തോട്ടം, കയർ, മത്സ്യബന്ധനം, ട്രാൻസ്പോർട്ട്, നിർമാണം തുടങ്ങിയ മേഖലകളെല്ലാം സമാധാനപരമാണ്. വ്യവസായമേഖലകളിൽ കേന്ദ്രത്തിന്റെ ഉദാരവൽക്കരണനയങ്ങൾ സൃഷ്ടിച്ച  പ്രശ്നങ്ങളുണ്ട്. അവയ്‌ക്കെതിരായ പ്രചാരണവും പൊതുപ്രക്ഷോഭങ്ങളും ട്രേഡ് യൂണിയനുകൾ നടത്താറുണ്ട്. എന്നാൽ, ഈ മേഖലകളിലൊന്നും നീണ്ടുനിൽക്കുന്ന ഒരു സമരവും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. സംഘടിതമേഖലയിൽ വേതന കരാറുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് ഉയരാറുള്ളത്. ഏഴു വർഷത്തിനുള്ളിൽ അത്തരം തർക്കങ്ങൾ ദീർഘിച്ച പണിമുടക്ക് സമരത്തിലേക്കു പോയ ഒരനുഭവം പോലുമില്ല. ഇതൊന്നും മനസ്സിലാക്കാതെയും  കണക്കിലെടുക്കാതെയുമാണ് ഒറ്റപ്പെട്ട  സംഭവങ്ങൾ ഊതിവീർപ്പിച്ച് ‘നിറംപിടിപ്പിച്ച നുണകൾ' പ്രചരിപ്പിക്കുന്നത്.

ദുരന്തങ്ങൾ നേരിട്ട കാലത്ത് ആത്മാർഥമായി ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് തൊഴിലാളികൾ. 2018ലെ മഹാപ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ സേവനത്തെ സർവരും പ്രശംസിച്ചു. അവരെ "കേരളത്തിന്റെ സൈന്യം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തകർന്ന വൈദ്യുതിബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ച വൈദ്യുതി ജീവനക്കാരും പ്രശംസ പിടിച്ചുപറ്റി. പുനരധിവാസ പ്രവർത്തനങ്ങളിൽ തൊഴിലാളികളും  സർക്കാർ-–-അർധസർക്കാർ ജീവനക്കാരും നല്ല പങ്കുവഹിച്ചു.  

ദ്വിദിന ദേശീയ പണിമുടക്ക് കേന്ദ്ര സർക്കാരിന്റെ വിനാശകരമായ നയങ്ങൾക്കെതിരായിരുന്നു. നവ-ഉദാരവൽക്കരണ നയങ്ങൾ ജനങ്ങളെയും രാജ്യത്തെയും തകർക്കുന്നതാണ്. കോവിഡ് കാലത്ത് ജനങ്ങൾ തീരാദുരിതത്തിലമർന്നപ്പോൾ രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം 102ൽ നിന്ന് 142 ആയി ഉയരുകയായിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾക്ക് വാക്സിൻ ഉൽപ്പാദിപ്പിച്ച് വലിയ വിലയ്‌ക്ക് വിൽക്കാൻ കേന്ദ്രം കൂട്ടുനിന്നു.  ദേശീയ ആസ്തികൾ സ്വകാര്യവൽക്കരിക്കുന്നു. കാർഷികമേഖലയെ കുത്തകകൾക്ക് അടിയറവയ്‌ക്കാനുള്ള നീക്കം നടത്തി. വൈദ്യുതിനിയമം ഭേദഗതി ചെയ്യുന്നു. തൊഴിൽനിയമ ഭേദഗതികളിലൂടെ തൊഴിലാളികളുടെ അവകാശങ്ങളെല്ലാം ഹനിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി.  ദാരിദ്ര്യം വർധിച്ചു. ഈ ദുരന്തത്തിലേക്ക് നയിച്ച ഉദാരവൽക്കരണ നയങ്ങൾക്കെതിരെ "രാജ്യത്തെ രക്ഷിക്കുക- ജനങ്ങളെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്  രണ്ടു ദിവസത്തെ പണിമുടക്ക് സംഘടിപ്പിച്ചത്. മൂന്നു മാസംമുമ്പ് ആഹ്വാനംചെയ്ത്, രാജ്യത്താകെ പ്രചാരണം നടത്തിയശേഷം നടക്കുന്ന പണിമുടക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.  സംഘടനകളുമായി  കൂടിയാലോചനയ്‌ക്കുപോലും സന്നദ്ധരായില്ല.   ഈ ഫാസിസ്റ്റ് നിലപാടിനെ ഒരു വാക്കിൽപ്പോലും വിമർശിക്കാൻ കുത്തകമാധ്യമങ്ങൾക്ക് മനസ്സില്ല.

പൊതുമേഖലാ വ്യവസായങ്ങളുടെ ഓഹരികൾ വിൽക്കുന്നതിനെ തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർക്കുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന ഓഹരിവിൽപ്പന ലക്ഷ്യം പൂർത്തീകരിക്കാനാകുന്നില്ല. തുടർന്നാണ് ദേശീയ ആസ്തികൾ  ദീർഘകാല പാട്ടത്തിനു നൽകുന്ന "മോണിറ്റൈസേഷൻ’ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഇതിനെതിരായും ശക്തമായ പ്രതിരോധം രൂപംകൊണ്ടു. ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിനെ ജീവനക്കാർ  എതിർക്കുന്നു. പണിമുടക്ക് നിരോധന നിയമം കൊണ്ടുവന്നിട്ടും തൊഴിലാളികളുടെ പ്രതിരോധം ശക്തിപ്പെടുകയാണ്. യുപി, കശ്മീർ, പുതുച്ചേരി സംസ്ഥാനങ്ങളിലെ വൈദ്യുതി സ്വകാര്യവൽക്കരണ തീരുമാനങ്ങൾ  സംഘടിതമായ എതിർപ്പിനു മുന്നിൽ ഉപേക്ഷിക്കേണ്ടിവന്നു.

തൊഴിലാളികളെ എന്തിനുമേതിനും എതിർക്കുന്നത് പതിവാക്കിയ ഒരുകൂട്ടമാണ്‌ "വികസനം മുടക്കുന്നത് തൊഴിലാളികളാണ്’ എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. എന്താണ് വികസനം? രാജ്യത്തിന്റെ സമ്പത്ത് ഏതാനും കുത്തകമുതലാളിമാരുടെ പോക്കറ്റിലേക്കെത്തിക്കുന്നതാണോ വികസനം? മോദി 2014ൽ പ്രഖ്യാപിച്ച വർഷംതോറും രണ്ടു കോടി പുതിയ തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനമെവിടെ? കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ രാജ്യത്ത്. ഇത് കോവിഡ് കാരണമല്ല. 2018 മുതലുള്ള അസ്ഥയാണ്. ‘മെയ്ക്ക് ഇൻ ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ', 'സ്റ്റാർട്ട് അപ് ഇന്ത്യ', മുദ്രാവാക്യങ്ങൾ ആവിയായി. നോട്ടുനിരോധനം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. ജിഎസ്ടി സംസ്ഥാനങ്ങളെ തകർത്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കി. ഈ ദുരന്തങ്ങളെയാണ് ‘വികസനം' എന്ന് മുദ്രകുത്തുന്നതെങ്കിൽ അതിനോട് ഇന്ത്യൻ ജനത എതിരാണ്. മനുഷ്യജീവിത വികസനമാണ് യഥാർഥ വികസനം. ജിഡിപി വളർച്ചയുടെ കണക്കുകളിലെ കസർത്ത് ജനങ്ങളുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തില്ല.

ഉൽപ്പാദനമേഖലയിലെ വളർച്ച മുരടിപ്പാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഉയർന്ന ജനസാന്ദ്രതയും ധാതുവിഭവങ്ങളുടെ അഭാവവും  കാലങ്ങളായുള്ള കേന്ദ്ര അവഗണനയും എല്ലാമാണ് ഇതിനു പ്രധാന കാരണം

ഈ പൊതുചിത്രത്തിൽനിന്ന് വ്യത്യസ്‌തമാണ് കേരളം. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർടി സർക്കാർ അടിത്തറയിട്ട കേരളവികസന മാതൃകയുടെ പടിപടിയായ പുരോഗതിയാണ് സംസ്ഥാനത്തെ അഭിമാനകരമായ അവസ്ഥയിൽ എത്തിച്ചത്. വിദ്യാഭ്യാസ-, ആരോഗ്യസംരക്ഷണ മേഖലകളിൽ നാം ലോക നിലവാരത്തിലാണ്. ദാരിദ്ര്യ നിർമാർജനം, പാർപ്പിടം തുടങ്ങിയ മേഖലകളിലും കേരളം മികച്ച നേട്ടം കൈവരിച്ചു.  ഇത് ഇടതുപക്ഷ ബദൽ നയങ്ങളുടെ നേട്ടങ്ങളാണ്. ഈ നയങ്ങൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാനത്തെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഉൽപ്പാദനമേഖലയിലെ വളർച്ച മുരടിപ്പാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഉയർന്ന ജനസാന്ദ്രതയും ധാതുവിഭവങ്ങളുടെ അഭാവവും  കാലങ്ങളായുള്ള കേന്ദ്ര അവഗണനയും എല്ലാമാണ് ഇതിനു പ്രധാന കാരണം. പുതിയ കാലത്തിനനുസൃതമായ വ്യവസായപദ്ധതികൾ സ്ഥാപിക്കാൻ  സർക്കാർ കിണഞ്ഞുശ്രമിക്കുകയാണ്. അതിന് പശ്ചാത്തല സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. ദേശീയപാത–-റെയിൽവേ–-ജലപാത വികസനം എന്നിവയെല്ലാം ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. കേരള ജനതയുടെ വളർച്ചയുടെ സ്വഭാവവും  ആവശ്യകതയും  ഗതാഗതമേഖലയിലെ ഇന്നത്തെ അവസ്ഥയും പരിഗണിച്ചാണ് ‘കെ-–-റെയിൽ' പദ്ധതി ആവിഷ്കരിച്ചത്.

പുതിയ വ്യവസായ പദ്ധതികൾക്കായി വ്യവസായ പാർക്കുകൾ സൃഷ്ടിക്കുന്നു. സ്വകാര്യവ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നു. പദ്ധതികൾക്ക് അതിവേഗം അനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നു. ഇതെല്ലാം സംസ്ഥാനത്തിന്റെ ഭാവിവികസനം ലക്ഷ്യംവച്ചാണ്. "പെൻഷൻ സർക്കാർ’ എന്ന വിമർശം മുമ്പ് നേരിട്ടിരുന്ന  എൽഡിഎഫ്‌ സർക്കാർ വൻകിട വികസനപദ്ധതികൾ ആവിഷ്കരിച്ചു മുന്നോട്ടുപോകുകയാണ്. പുതിയ വികസന പദ്ധതികളോട്  ഏതാനും മാധ്യമങ്ങളുടെ നിലപാടെന്താണ്? എൽഡിഎഫ് ഭരണത്തിൽ സ്വപ്നതുല്യമായ  പദ്ധതികൾ പൂർത്തീകരിച്ചാൽ തങ്ങളുടെ രാഷ്ട്രീയഭാവി ഇരുളടയുമെന്ന ഭീതിയിൽ ബിജെപിയും  യുഡിഎഫും ഒന്നിച്ച്, ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ  സംഘടനകളെയും ചേർത്തു നടത്തുന്ന ചില ‘സമരകോപ്രായങ്ങൾ' ജനങ്ങൾ തിരസ്കരിച്ചതാണ്. ചുരുക്കം ചില മാധ്യമങ്ങളാണ് ഈ ‘സമരാഭാസങ്ങൾക്ക്' ജീവൻ നൽകുന്നത്‌.

കേരളത്തെ മുന്നോട്ടുനയിക്കുന്ന എൽഡിഎഫ്‌ ഭരണത്തിനും  ഇടതുപക്ഷ രാഷ്ട്രീയത്തിനും   കരുത്തുനൽകുന്ന പ്രസ്ഥാനമാണ് തൊഴിലാളി വർഗസംഘടനകൾ. ചൂഷണവിമുക്തമായ ഒരുകാലം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകൾ സമ്പത്തുൽപ്പാദനത്തെയും വികസനത്തെയും പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യാധ്വാനം സൃഷ്ടിക്കുന്ന സമ്പത്ത് ഒരുപിടി സമ്പന്നരുടെ പോക്കറ്റുകളിലേക്ക് ഒഴുകുന്നതിനെയാണ് തൊഴിലാളിവർഗം എതിർക്കുന്നത്. അല്ലാതെ സമ്പത്തുൽപ്പാദന വികസനത്തെയല്ല. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള എല്ലാ വികസനത്തെയും തൊഴിലാളികളും  ട്രേഡ് യൂണിയനുകളും സർവാത്മനാസ്വാഗതം ചെയ്യും. കാലിക   യാഥാർഥ്യങ്ങളുമായി സദാ ഏറ്റുമുട്ടാൻ നിർബന്ധിതരാകുന്ന തൊഴിലാളികളുടെ സംഘടനകളും- ട്രേഡ് യൂണിയനുകളും- വിമർശങ്ങൾക്ക് അതീതമല്ല. വിമർശം സൃഷ്ടിപരമാകണം. നശീകരണലക്ഷ്യംവച്ചുള്ള ഒരു വിമർശത്തിനു മുമ്പിലും കീഴടങ്ങുന്നവരല്ല തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top