29 March Friday

നവകേരളസൃഷ്ടിക്ക് കരുത്തുപകരും

എളമരം കരീം 
Updated: Saturday Dec 17, 2022

സിഐടിയു സംസ്ഥാന സമ്മേളനം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട് ചേരുകയാണ്. കേരളത്തിലെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയാണ് സിഐടിയു. മുപ്പതു ലക്ഷം തൊഴിലാളികൾ അണിനിരന്ന ട്രേഡ് യൂണിയനുകൾ സിഐടിയുവിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നാൽപ്പത് ശതമാനത്തോളം സ്‌ത്രീ തൊഴിലാളികളാണ്. വീട്ട് ജോലിക്കാർ, വഴിയോരക്കച്ചവടക്കാർ, വ്യക്തിഗതമായ തൊഴിൽ ചെയ്യുന്നവർമുതൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ആധുനിക തൊഴിലാളികളും സിഐടിയുവിൽ അണിനിരന്നിട്ടുണ്ട്. ‘ഗിഗ്' വർക്കേഴ്സ്, സിഐടിയു നേതൃത്വത്തിൽ സംഘടിക്കാനാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ പ്രതീക്ഷയും പ്രത്യാശയുമാണ് സിഐടിയു.

സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തിൽ തൊഴിലാളിസംഘടന രൂപം കൊണ്ടിരുന്നു. ബീഡി, നെയ്‌ത്ത്‌, ഓട്ടുകമ്പനികൾ, കയർപിരി, പ്ലാന്റേഷൻ തുടങ്ങിയ മേഖലകളിലാണ് ആദ്യകാലത്ത് സംസ്ഥാനത്ത് ട്രേഡ് യൂണിയനുകൾ രൂപം കൊണ്ടത്. ദേശീയ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളിലും തൊഴിലാളി സംഘടനകൾ പങ്കുവഹിച്ചു. 1920ൽ എഐടിയുസി രൂപം കൊണ്ടതുമുതൽ തൊഴിലാളിപ്രക്ഷോഭങ്ങൾക്ക് പുതിയ ദിശാബോധവും കരുത്തും ആർജിക്കാൻ കഴിഞ്ഞു.

കൊളോണിയൽ കാലത്തുതന്നെ ഏതാനും തൊഴിൽനിയമങ്ങൾ നിലവിൽ വന്നിരുന്നു. സ്വാതന്ത്ര്യാനന്തരം തൊഴിലാളിക്ഷേമം മുൻനിർത്തി കുറെ തൊഴിൽനിയമങ്ങൾ രൂപംകൊണ്ടു. എന്നാൽ, തൊഴിലാളി സംഘടനകൾ കരുത്താർജിക്കാത്തതു കാരണം ഈ നിയമങ്ങളുടെയൊന്നും പരിരക്ഷ തൊഴിലാളികൾക്ക് ലഭ്യമായില്ല. നാടുവാഴിത്ത വ്യവസ്ഥയിൽ ആധുനിക തൊഴിലാളിവർഗം വളരെ സാവകാശത്തിലാണ് രൂപംകൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾ വളരാനാരംഭിച്ചു. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് പൊതുമേഖലയിൽ ഏതാനും വ്യവസായങ്ങൾ ആരംഭിച്ചു. ഇന്ത്യൻ റെയിൽവേ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ സ്ഥാപിതമായി. ആധുനിക തൊഴിലാളിവർഗം വളർച്ച പ്രാപിച്ചതോടെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വർഗസമരങ്ങളും ശക്തിപ്പെട്ടു.

1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ സർക്കാർ തൊഴിലാളികൾക്ക് സംഘടന രൂപീകരിക്കാനും  കൂട്ടായ വിലപേശൽ നടത്താനും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചു. തൊഴിൽസമരങ്ങളെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിച്ചിരുന്ന നയത്തിൽ മാറ്റം വരുത്തി. അതോടൊപ്പം കുടിയൊഴിപ്പിക്കൽ നിരോധനം ഉൾപ്പെടെ ജന്മി-–-കുടിയാൻ ബന്ധത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. തൊഴിലാളികൾക്ക് സംഘടിക്കാനും അവകാശങ്ങൾക്കായി ശബ്ദമുയർത്താനുമുള്ള അവസരം ലഭിച്ചു. ഈ സാഹചര്യം  തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തി.


 

1967ൽ സിപിഐ എം നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തൊഴിലാളിക്ഷേമം മുൻനിർത്തി ഒട്ടേറെ കാര്യങ്ങൾ നിർവഹിച്ചു. മിനിമം വേതന നിയമം നടപ്പാക്കാൻ ശക്തമായ നടപടി സ്വീകരിച്ചു. വിവിധ തൊഴിൽമേഖലകളിൽ വേതനം വർധിക്കാൻ ഇത് ഇടയാക്കി. സാവകാശത്തിൽ തൊഴിലാളികളുടെ ജീവിതനിലവാരം ഉയരാൻ തുടങ്ങി.

സർക്കാരിന്റെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസ പദ്ധതിയും സർക്കാർ നേതൃത്വത്തിലുള്ള  ആരോഗ്യസംരക്ഷണ സംവിധാനവും പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ സഹായകരമായി. 67ലെ സർക്കാരിന്റെ കാലത്തെ ഭൂപരിഷ്കരണ നിയമം ജന്മിത്തവ്യവസ്ഥയ്‌ക്ക് അറുതിവരുത്തുകയും പാവപ്പെട്ട കുടിയാന്മാർ ഭൂമിക്ക് ഉടമകളാകുകയും ചെയ്തു. ജന്മി-–- നാടുവാഴിത്ത കാലത്തെ പിന്തിരിപ്പൻ ജീവിതസാഹചര്യവും ജാതിമേധാവിത്വവും മാറി, ഒരു പുതിയ ജീവിത സാഹചര്യം അധ്വാനിക്കുന്നവർ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്ക് ലഭ്യമായി. സാവകാശം പുതിയ കേരള സൃഷ്ടിക്കുള്ള അസ്തിവാരം രൂപം കൊണ്ടു.

1967ലെ സർക്കാരിന്റെ കാലത്ത് ബീഡിത്തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥയെ "മാംഗളൂർ ഗണേഷ് ബീഡി കമ്പനി’ ഉൾപ്പെടെ ഏതാനും വൻകിട സ്വകാര്യ കമ്പനികൾ എതിർത്തു. അവർ കേരളത്തിലെ ഉൽപ്പാദനം നിർത്തിവച്ച് തൊഴിലാളികളെ പട്ടിണിയിലാക്കി. ഈ വെല്ലുവിളിക്ക് മുമ്പിൽ കീഴടങ്ങാതെ ബീഡിത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ "കേരള ദിനേശ് ബീഡി സഹകരണ സംഘം’ സ്ഥാപിച്ച് മുതലാളിത്ത ബദൽ വിജയകരമായി പരീക്ഷിച്ച നടപടി എക്കാലത്തും ഓർമിക്കത്തക്കതാണ്. പിന്നീട് കയർ, കൈത്തറി, മത്സ്യം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണ സംഘങ്ങളുണ്ടാക്കി. പരമ്പരാഗത മേഖലകളിലെ തൊഴിലും തൊഴിലാളിതാൽപ്പര്യവും സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാരുകൾ കൈക്കൊണ്ട നടപടികൾ എന്നും ഓർമിക്കത്തക്കതാണ്.

സ്വാതന്ത്ര്യാനന്തരം സംസ്ഥാനത്ത് ആധുനിക വ്യവസായങ്ങൾ സാവകാശത്തിൽ സ്ഥാപിക്കാനാരംഭിച്ചു. പൊതുമേഖലയിൽ എച്ച്എംടി, സ്വകാര്യ മേഖലയിൽ മാവൂർ ഗ്വാളിയാർ റയോൺസ്, പുനലൂർ പേപ്പർ മിൽ, ടെക്സ്റ്റൈൽ കമ്പനികൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയെല്ലാം സ്ഥാപിക്കപ്പെട്ടു. ഓട്ടു കമ്പനികളും ടിമ്പർ കമ്പനികളും സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ സ്ഥാപിതമായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് പ്രവർത്തനമാരംഭിച്ച എഫ്എസിടി പിന്നീട് ഒരു വൻകിട രാസവള ഉൽപ്പാദനശാലയായി വികസിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആധുനിക തൊഴിലാളിവർഗം വികസിച്ചത്. പരമ്പരാഗത തൊഴിലാളി സംഘടനകളോടൊപ്പം ആധുനിക വ്യവസായ തൊഴിലാളി സംഘടനകളും ശക്തിപ്പെട്ടു. റബർ, തേയില, കാപ്പി, ഏലം തോട്ടങ്ങളുടെ വികസനവും കൊച്ചി തുറമുഖം, ടയർ കമ്പനികൾ, ഇടത്തരം-–-ചെറുകിട വ്യവസായങ്ങൾ എന്നിവയുടെയെല്ലാം വളർച്ചയുണ്ടായി. ധാതുവിഭവങ്ങളുടെ അഭാവവും ഉയർന്ന ജനസാന്ദ്രതയും വൻകിട വ്യവസായങ്ങൾ കൂടുതൽ സ്ഥാപിക്കുന്നതിന് വിഘാതമായി.

1970ൽ സിഐടിയു രൂപം കൊണ്ടതോടെ സംസ്ഥാനത്തെ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങൾക്കും അവകാശസമരങ്ങൾക്കും വർധിച്ച ഊർജം ലഭ്യമായി. ആധുനിക വ്യവസായ തൊഴിലാളികൾ നടത്തിയ ഉജ്വലമായ സമരങ്ങൾ ഇടതുപക്ഷ രാഷ്‌ട്രീയത്തെയും ആവേശം കൊള്ളിച്ചു. നാട്ടിൻപുറങ്ങളിലെ കർഷകരും മറ്റ് ജനവിഭാഗങ്ങളും ജനാധിപത്യ-– -മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാകാൻ തുടങ്ങി. സംസ്ഥാനത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് നേടാൻ ഈ സാഹചര്യം അവസരം സൃഷ്ടിച്ചു. 1980, 1987, 1996, 2006, 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അധികാരത്തിൽ വരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രാപ്തമാക്കിയത് ഈ സാഹചര്യമാണ്.

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന ദിവസവേതനം- 836 രൂപ -കേരളത്തിലാണ്. ബിജെപി തുടർച്ചയായി ഭരിച്ച ഗുജറാത്തിൽ ഇത് കേവലം 236 രൂപ മാത്രമാണ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ തൊഴിലാളിക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി. മിനിമംവേതന നിയമപ്രകാരം 39 തൊഴിൽ മേഖലയിൽ മിനിമം വേതനം ഉറപ്പാക്കുന്ന നോട്ടിഫിക്കേഷനുകൾ ഇറക്കി. സംഘടിത പ്രക്ഷോഭങ്ങളിലൂടെ അസംഘടിത മേഖലയിലും തൊഴിലാളികൾ ആനുകൂല്യം നേടി. തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരം ഉയരാൻ ഈ സാഹചര്യം വഴിവച്ചു. റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന ദിവസവേതനം- 836 രൂപ -കേരളത്തിലാണ്. ബിജെപി തുടർച്ചയായി ഭരിച്ച ഗുജറാത്തിൽ ഇത് കേവലം 236 രൂപ മാത്രമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളിൽനിന്ന് തൊഴിൽ തേടിയെത്തുന്ന മുപ്പതുലക്ഷത്തോളം "അതിഥിത്തൊഴിലാളി’കൾക്ക് ജീവിതമാർഗം നൽകുന്ന സംസ്ഥാനമായി കേരളം മാറി. വേതന നിരക്കിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു വിവേചനവും "അതിഥിത്തൊഴിലാളികൾ" നേരിടുന്നില്ല എന്നതും കേരളത്തിന് അഭിമാനിക്കാവുന്നതാണ്.
തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സിഐടിയുവിന്റെ പ്രവർത്തനം സംസ്ഥാനത്തെ തൊഴിലാളികളിൽ ഗണ്യമായ വിഭാഗത്തെ രാഷ്ട്രീയ പ്രബുദ്ധരാക്കിയിട്ടുണ്ട്. മതനിരപേക്ഷ-–-ജനാധിപത്യ രാഷ്ട്രീയം വികസിപ്പിക്കുന്നതിലും തൊഴിലാളികൾ മികച്ച പങ്കുവഹിക്കുന്നു. അതോടൊപ്പം സംസ്ഥാനത്തിന്റെ വികസനമെന്ന ലക്ഷ്യം വ്യക്തതയോടെ മനസ്സിലാക്കാനും തൊഴിലാളിവർഗത്തിന് കഴിയുന്നുണ്ട്.

സംസ്ഥാനത്ത് ഇപ്പോൾ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാർ പൊതുമേഖലാ സംരക്ഷണം, തൊഴിലാളിക്ഷേമം, പ്രത്യേകിച്ച് പരമ്പരാഗത തൊഴിലാളികളുടെ പുനരുദ്ധാരണം, -ആധുനികവൽക്കരണം എന്നീ കാര്യങ്ങളിൽ കൈക്കൊള്ളുന്ന നയങ്ങളിൽ തൊഴിലാളികൾക്ക് വലിയ പ്രതീക്ഷയുണ്ട്. സിഐടിയു സംഘടനയും ട്രേഡ് യൂണിയനുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി രംഗത്തുവരുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്രത്തിൽ -ബിജെപി സർക്കാർ നടപ്പാക്കുന്ന നവ ഉദാരനയങ്ങൾക്കും തീവ്ര വർഗീയവൽക്കരണത്തിനും ബദലായ നയങ്ങളാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാനത്തെ തൊഴിലാളിവർഗം ഈ സർക്കാരിന് രക്ഷാകവചം തീർക്കാൻ മുന്നിൽ നിൽക്കുന്നത്. അധ്വാനിക്കുന്ന ജനതയുടെ താൽപ്പര്യങ്ങളും സംസ്ഥാനത്തെ ജനാധിപത്യ–- -മതനിരപേക്ഷ രാഷ്ട്രീയ സാഹചര്യവും സംരക്ഷിക്കാനുതകുന്ന നവകേരളം പടുത്തുയർത്താൻ സിഐടിയു 15–--ാം സംസ്ഥാന സമ്മേളനം കരുത്തു പകരുമെന്ന് ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top