20 April Saturday

അവകാശപ്പോരാട്ടത്തിലേക്ക്‌ - കെ പി സഹദേവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ചരിത്രത്തിന്റെ ഭാഗമായ കൊട്ടാരങ്ങൾമുതൽ നിലവിലെ കെട്ടിടങ്ങൾ, ജലസേചന പദ്ധതികൾ, കനാലുകൾ, പാലങ്ങൾ, റെയിൽവേ, വിമാനത്താവളങ്ങൾ തുടങ്ങിയവയെല്ലാം നിർമിച്ച്‌ രാജ്യവികസനത്തിൽ വലിയ പങ്കുവഹിക്കുന്നവരാണ് നിർമാണത്തൊഴിലാളികൾ. അസംഘടിതരും നിയമപരമായി ഒരു പരിരക്ഷയും ലഭിക്കാത്തവരുമായ അഞ്ചു കോടിയിലേറെപ്പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നതായി കണക്കാക്കുന്നു. നാടിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിൽ പൂർണമായും പങ്കുവഹിക്കുന്ന ഈ  തൊഴിലാളികളെ  ഗൗരവമായി പരിഗണിക്കാൻ രാജ്യം ഭരിച്ച ഒരു സർക്കാരും തയ്യാറായിട്ടില്ല. തന്റെ അധ്വാനം പൂർണമായും രാജ്യത്തിനു സമർപ്പിക്കുന്ന തൊഴിലാളി അവസാന നാളുകളിൽ പരാശ്രയം തേടേണ്ട അവസ്ഥ നിൽക്കുന്നു.

നമ്മുടെ സംസ്ഥാനത്തെ ഈ വിഭാഗം തൊഴിലാളികൾ സംഘടിതരായിട്ട് 40 വർഷത്തിലേറെയായി. കേരളത്തിൽ തൊഴിലാളികൾ സംഘടിച്ചതിനുശേഷം വളരെ കഴിഞ്ഞാണ് മറ്റു സംസ്ഥാനങ്ങളിൽ  സംഘടിക്കപ്പെട്ടത്. ഈ മേഖലയിൽ ഒരു പ്രത്യേക ക്ഷേമനിധിയെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. അതിനുവേണ്ടി പ്രക്ഷോഭം ആരംഭിച്ചു. അതിന്റെ ഫലമായി കേരളത്തിൽ 1989ൽ ഒരു ക്ഷേമനിധി കൊണ്ടുവന്നു. ദേശീയതലത്തിലും ക്ഷേമനിധിക്ക് രൂപംകൊടുത്തു. 1996-ൽ പാർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ച് പാസാക്കുകയുണ്ടായി.

കേരളത്തെ മാറ്റിനിർത്തിയാൽ പല സംസ്ഥാനത്തും നിർമാണത്തൊഴിലാളികളുടെ സ്ഥിതി വളരെ പരിതാപകരമാണ്. അവർക്ക് നിസ്സാരമായ കൂലിയാണ് ലഭിച്ചുവരുന്നത്. മറ്റുള്ളവർക്ക്‌ വീടുണ്ടാക്കിക്കൊടുക്കുന്ന പാവങ്ങളായ ഈ തൊഴിലാളികൾക്ക് താമസിക്കാൻ ഒരു കൂര പോലുമില്ലാത്ത അവസ്ഥ നിലനിൽക്കുന്നു. വൻകിട നിർമാണം നടന്ന സ്ഥലത്തുപോലും താമസിക്കാനോ, പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനോ സൗകര്യം ഒരുക്കിക്കൊടുക്കുന്നില്ല. അടിമകളെപ്പോലെ ജോലി ചെയ്യാൻ അവർ നിർബന്ധിതരാകുന്നു.

സിമന്റ്, സ്റ്റീൽ, മരം, മണൽ, കരിങ്കല്ല്, ഇഷ്ടിക തുടങ്ങിയ ഇരുനൂറ്റമ്പതോളം നിർമാണവസ്തുക്കൾ ഈ വ്യവസായവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. ഇതിൽ ഓരോന്നിലും ഉണ്ടാകുന്ന വിലക്കയറ്റം അതിന്റെ എല്ലാ അനുബന്ധ പ്രവർത്തനത്തെയും ബാധിക്കുന്നതാണ്. നിർമാണപ്രവൃത്തികൾക്ക് ഒഴിവാക്കാൻ കഴിയാത്തതാണ് കരിങ്കല്ലും മണലും. പ്രകൃതിയിൽനിന്ന് നേരിട്ടു സംഭരിക്കുന്ന ഈ വിഭവങ്ങൾക്കു പകരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന മറ്റൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കരിങ്കൽ ഉൽപ്പന്നങ്ങൾക്കും  പ്രകൃതിദത്ത മണലിനും വലിയ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. 


 

ഒട്ടേറെ പ്രക്ഷോഭത്തിനും സമ്മർദങ്ങൾക്കും ഒടുവിലാണ് 2001-ൽ കേരളാ നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണ നിയമവും പാസാക്കിയത്.  ഈ നിയമം വഴിയാണ് കേരളത്തിലെ എല്ലാ നദിയിലെയും പോഷക നദികളിലെയും മണൽ വാരൽ തടയുന്നത്. കേരളത്തിൽ നിർമാണ ജോലിക്കാവശ്യമായ മണൽ ന്യായമായ വിലയ്‌ക്ക് ലഭ്യമാക്കുന്ന നടപടികളാണ് ആവശ്യമായിട്ടുള്ളത്.

അനധികൃത മണൽ കൊള്ളക്കാരെ നദികളിൽനിന്നും നദീതീരങ്ങളിൽനിന്നും നിഷ്കാസനം ചെയ്യണം. അംഗീകൃത കടവുകളിൽ നിയമാനുസൃതം സ്വീകരിക്കുന്ന മണൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യാഡുകളിൽക്കൂടി വിതരണം ചെയ്യണം.  കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അതിരൂക്ഷമായ ക്ഷാമം നേരിടുകയാണ്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ കോടതിയുടെ ഇടപെടലും അഞ്ച് ഹെക്ടറിലേറെ ഭൂവിസ്തൃതിയില്ലാത്ത സ്ഥലങ്ങളിൽ ഖനനം നടത്താൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് വേണമെന്നതും ക്വാറികളുടെ പ്രവർത്തനം സാധ്യമല്ലാതാക്കി.  ഓട്ടു കമ്പനികളും നാടൻ ഇഷ്ടിക കമ്പനികളും  അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഈ വ്യവസായത്തിനാവശ്യമായ കളിമണ്ണ് ലഭ്യമല്ല എന്നതാണ് പ്രധാന കാരണം.

നിർമാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിയും  കൂലിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുപോലെ തന്നെ ഈ വിഭാഗം തൊഴിലാളികളെ പൂർണ അർഥത്തിൽ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആനുകൂല്യങ്ങൾ നേടിയെടുക്കാനുംവേണ്ടിയുള്ള പോരാട്ടങ്ങൾക്ക്‌ തിങ്കളും ചൊവ്വയും  പാലക്കാട്ട്‌ ചേരുന്ന കേരള സ്‌റ്റേറ്റ്‌ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ  (സിഐടിയു) സംസ്ഥാന സമ്മേളനം രൂപംനൽകും.

(കേരള സ്‌റ്റേറ്റ്‌ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ - (സിഐടിയു) പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top