25 March Saturday

ജനപക്ഷനയങ്ങൾക്കായി വീറുറ്റ പോരാട്ടങ്ങളിലേക്ക്‌ - ഡോ. കെ ഹേമലത എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


സിഐടിയുവിന്റെ 17–-ാമത് ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ സിലിക്കൺ സിറ്റിയായ ബംഗളൂരു ഒരുങ്ങി. രണ്ടാംതവണയാണ് ബംഗളൂരു ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്. 2007 ജനുവരി 17 മുതൽ 21 വരെ 12–--ാമത് സമ്മേളനമാണ്‌ നഗരത്തിൽ മുമ്പ്‌ നടന്നത്‌. ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിലെ ഗായത്രി വിഹാറിലെ സമ്മേളന നഗറിന്‌ സിഐടിയു  മുൻ ദേശീയ വൈസ് പ്രസിഡന്റും പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷൈമൽ ചക്രവർത്തിയുടെ പേരാണ്‌ നൽകിയിരിക്കുന്നത്. രഞ്ജന നിരുല–- - രഘുനാഥ് സിങ്‌ മഞ്ച് എന്നാണ് വേദിയുടെ പേര്. രഞ്ജന നിരുള സിഐടിയുവിന്റെ ആദ്യ വനിതാ ട്രഷററും രഘുനാഥ് സിങ്‌ ദേശീയ വൈസ് പ്രസിഡന്റും പഞ്ചാബ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. മൂന്ന് നേതാക്കളും കോവിഡ്‌ ബാധിച്ചതാണ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌.

പതിനാറാമത് സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച്, ദേശീയ സമ്മേളനത്തിനുള്ള മൊത്തം പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ ധാരണയായിരുന്നു. അപ്രകാരം 2021 ലെ വാർഷിക റിട്ടേണിനൊപ്പം അടച്ച അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം 1500 ആണ്‌. സഹോദര തൊഴിലാളി യൂണിയൻ, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രതിനിധികളെയും സഹോദരപ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻ ജനറൽ സെക്രട്ടറി പാംബിസ് ക്രിത്‌സിസും പങ്കെടുക്കും. 2022 സെപ്തംബറിൽ ആരംഭിച്ച യൂണിയൻ, ജില്ല,  സംസ്ഥാന  യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും  അഖിലേന്ത്യാ ഫെഡറേഷന്റെയും സമ്മേളനങ്ങളുടെ പരിസമാപ്തിയാണ് 17–--ാമത് ദേശീയ സമ്മേളനം. ബിഹാർ, ഗുജറാത്ത്‌, പഞ്ചാബ്‌, രാജസ്ഥാൻ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാന സമ്മേളനങ്ങളും നടന്നിട്ടുണ്ട്. വിവിധ തലങ്ങളിൽ സിഐടിയുവിന്റെയും അനുബന്ധ യൂണിയൻ/ ഫെഡറേഷൻ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട നടന്ന റാലികളിലും ജാഥകളിലും ലക്ഷക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

പതിനാറാം സമ്മേളനത്തിനുശേഷമുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തെ തൊഴിലാളികൾക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കുംനേരെ വലിയതോതിലുള്ള കടന്നാക്രമണങ്ങളാണ്‌ ഉണ്ടായത്‌. കോവിഡ് മഹാമാരി കഴിഞ്ഞ വർഷങ്ങളിൽ അഭൂതപൂർവമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം ഭരിക്കുന്ന കോർപറേറ്റ്–- വർഗീയ അവിശുദ്ധ കൂട്ടുകെട്ട് നവലിബറൽ നയങ്ങൾ നടപ്പാക്കാനുള്ള മറയായി കോവിഡ്‌ മഹാമാരിയെ ഉപയോഗിച്ചു. അതേസമയം, ദുരിതത്തിലായ കുടിയേറ്റത്തൊഴിലാളികളോടും കാർഷിക നിയമങ്ങൾക്കെതിരെ വീരോചിതമായി പോരാടിയ കർഷകരോടും തൊഴിലാളിവർഗത്തിന്റെ അസാധാരണമായ ഐക്യദാർഢ്യത്തിനും ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. ഇക്കാലത്താണ്‌ തൊഴിലാളി–- കർഷക ഐക്യത്തിന്റെ വിത്തുകൾ മുളച്ചുതുടങ്ങിയത്. ഭരണവർഗങ്ങളുടെ കടന്നാക്രമണങ്ങളോട് തൊഴിലാളിവർഗം തീവ്രതയോടെ പ്രതികരിച്ചു. വിവിധ മേഖലകളിൽ എണ്ണമറ്റ പണിമുടക്കുകൾക്കും സമരങ്ങൾക്കുംപുറമെ, ദേശീയാടിസ്ഥാനത്തിൽ രണ്ടു തവണ തൊഴിലാളികളുടെ യോജിച്ച പണിമുടക്കും ഒരു തവണ ദ്വിദിന പണിമുടക്കും നടത്തി. കാർഷികനിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതരായി. രണ്ടര വർഷംമുമ്പ് പാർലമെന്റ്‌ പാസാക്കിയ ലേബർ കോഡുകൾ നടപ്പാക്കാൻ കഴിഞ്ഞില്ല. സ്വകാര്യവൽക്കരണ നീക്കങ്ങൾ മന്ദഗതിയിലാക്കാനും കേന്ദ്രസർക്കാർ നിർബന്ധിതമായി.


 

ഈ അനുഭവങ്ങളെല്ലാം ദേശീയ സമ്മേളനത്തിൽ ചർച്ച ചെയ്യും. വിജയങ്ങളിൽനിന്നും പോരായ്മകളിൽനിന്നും ശരിയായ പാഠങ്ങൾ ഉൾക്കൊണ്ട്‌ വർഗഐക്യം ശക്തിപ്പെടുത്താനും തൊഴിലാളികൾക്കും രാജ്യത്തെ ജനങ്ങൾക്കും അനുകൂലമായി നയങ്ങളിൽ മാറ്റംവരുത്തുന്നതിനുമുള്ള ശക്തമായ സമരങ്ങൾക്കും രൂപംനൽകാൻ ഗൗരവമായ ശ്രമങ്ങൾ ഉണ്ടാകും.

സംസ്ഥാന/ഫെഡറേഷൻ തലത്തിൽ നടന്ന എല്ലാ സമ്മേളനങ്ങളെയുംപോലെ ദേശീയ സമ്മേളനവും സിഐടിയുവും അഖിലേന്ത്യാ കിസാൻസഭയും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും ആഹ്വാനംചെയ്‌ത ഏപ്രിൽ അഞ്ചിന്റെ മസ്‌ദൂർ കിസാൻ സംഘർഷ റാലി വിജയിപ്പിക്കുന്നതിനുള്ള വിപുലുമായ പ്രചാരണത്തിനും ജനങ്ങളെ അണിനിരത്തുന്നതിനുമുള്ള പരിപാടികൾക്ക്‌ രൂപംനൽകും. കൂടാതെ, സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30നു നടക്കാനിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത ദേശീയ കൺവൻഷന്റെ ആഹ്വാനങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഊന്നിപ്പറയും. സമ്മേളനത്തിന്റെ മുദ്രാവാക്യം സൂചിപ്പിക്കുന്നതുപോലെ ‘ജനപക്ഷ നയങ്ങൾക്കായി ഒന്നിക്കുക, പോരാടുക’ എന്നതായിരിക്കും രാജ്യത്തെ തൊഴിലാളിവർഗത്തോടുള്ള സമ്മേളനത്തിന്റെ പ്രധാന ആഹ്വാനം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സിഐടിയു സമ്മേളനങ്ങളിലെ പതിവ് നടപടിക്രമംപോലെ തൊഴിൽ ബന്ധങ്ങളുടെ രൂപമാറ്റം, വർഗീയത, ആധുനിക ഉൽപ്പാദന വ്യവസായങ്ങളിലെ സംഘാടനം, കുടിയേറ്റത്തൊഴിലാളികൾ എന്നീ നാല് പ്രധാന വിഷയത്തിൽ നാല് കമീഷനുകളായി ഒരു ദിവസം ആഴത്തിലുള്ള ചർച്ചകൾ നടക്കും. -സമ്മേളന ചർച്ചകളിൽ പ്രതിനിധികളുടെ ഫലപ്രദമായ പങ്കാളിത്തം സാധ്യമാക്കുന്നതിനായി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ രണ്ട് ഭാഗങ്ങൾ, അധ്യക്ഷപ്രസംഗം, കമീഷന്റെ കരടുരേഖകൾ തുടങ്ങി സമ്മേളനത്തിന്റെ എല്ലാ രേഖയും പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനംചെയ്‌ത്‌ പ്രതിനിധികൾക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റികൾക്ക് മുൻകൂട്ടി നൽകിയിട്ടുണ്ട്‌.


 

ജനുവരി 19-ന് ഉച്ചയ്‌ക്കുശേഷം ക്യൂബൻ വിപ്ലവ നായകൻ ചെ ഗുവേരയുടെ മകൾ അലെയ്ഡ ഗുവേരയ്‌ക്ക്‌ സ്വീകരണം നൽകും. തുടർന്ന്‌ അവർ പ്രതിനിധികളെ അഭിസംബോധന ചെയ്യും. പ്രശസ്ത അഭിഭാഷകൻ കെ സുബ്ബറാവു ഓണററി പ്രസിഡന്റായി 2022 ജൂലൈ അഞ്ചിനാണ്‌ സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചത്.

കോവിഡ്‌ മഹാമാരി മൂലമുള്ള ബുദ്ധിമുട്ടുകൾക്കും വരുമാനനഷ്ടം മുതലായവ ദുരിതങ്ങൾക്കുമിടയിലും കർണാടകയിലെ തൊഴിലാളിവർഗത്തിൽനിന്നുള്ള പ്രതികരണം പ്രോത്സാഹജനകമാണ്. അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണത്തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, പഞ്ചായത്ത് തൊഴിലാളികൾ, ആധുനിക–- സ്വകാര്യ വ്യവസായങ്ങളിലെയും ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികളും സമ്മേളനച്ചെലവിലേക്ക്‌ ഉദാരമായി സംഭാവന ചെയ്‌തു. സമ്മേളനത്തിന്റെ സന്ദേശവും അത് ചർച്ച ചെയ്യുന്ന വിഷയങ്ങളും പ്രചരിപ്പിച്ച് സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മേഖലകളിൽ ജാഥ നടത്തി. രക്തസാക്ഷി കേന്ദ്രങ്ങളിൽനിന്നുള്ള ദീപശിഖകൾ വഹിച്ചുള്ള ജാഥകൾ ജനുവരി 18നു രാവിലെ സമ്മേളന നഗറിൽ സംഗമിച്ച്‌ ദീപശിഖ തെളിക്കും. സമ്മേളനം ആരംഭിക്കുംമുമ്പ് റെഡ് വളന്റിയർമാരുടെ മാർച്ച് പാസ്റ്റും നടക്കും. ഇതിനകം വിവിധ കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ഐക്യത്തിന്റെയും സാമുദായിക സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ബഹുഭാഷാ കാവ്യാലാപനവും മറ്റ് സാംസ്കാരിക പരിപാടികളും സ്വാഗതസംഘം ഒരുക്കിയിട്ടുണ്ട്. സമാപനത്തോടനുബന്ധിച്ച്‌ വൻ റാലിയും സംഘടിപ്പിക്കും.

നവലിബറലിസത്തിനും ആർഎസ്എസും അതിന്റെ നിയന്ത്രണത്തിലുള്ള സംഘടനകളും നടത്തുന്ന വർഗീയ വിഭജന കുതന്ത്രങ്ങൾക്കുമെതിരെയും ബദൽ ജനപക്ഷ നയങ്ങൾക്കുവേണ്ടിയും നമ്മുടെ രാജ്യത്തെ മുഴുവൻ തൊഴിലാളിവർഗത്തെയും സമരാത്മകവും ബൃഹത്തായതുമായ പ്രവർത്തനങ്ങളിലേക്ക്‌ ഉത്തേജിപ്പിക്കുന്ന തീരുമാനങ്ങൾ സിഐടിയു ദേശീയസമ്മേളനം ഏറ്റെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top