29 March Friday

കനല്‍പോലെ ഒരു കാലം

ഫാ. ബോബി ജോസ് കട്ടികാട്Updated: Friday Dec 24, 2021

അവനവൻ സൃഷ്ടിച്ചെടുത്ത ഇടങ്ങളിൽനിന്ന് പുറത്ത് കടക്കാനാണ് ഏതൊരു ക്രിസ്മസ് കാലവും ആത്യന്തികമായി ഭൂമിയെ ക്ഷണിക്കുന്നത്. മാനവചരിത്രത്തെ പ്രത്യാശയുടെ കണ്ണട വച്ച് വായിക്കാൻ ശ്രദ്ധിക്കുന്ന, Humankind a Hopeful History എന്ന പുസ്തകത്തിന്റെ ഒടുവിലത്തെ അധ്യായം ഇങ്ങനെയാണ് ശീർഷകം ചെയ്തിരിക്കുന്നത്: When the soldiers came out of the trenches. ക്രിസ്മസ് കാലങ്ങളിൽ ലോകം അഭിമുഖീകരിച്ച ചില ഹൃദ്യമായ ഓർമകളാണ് അതിൽ പരാമർശിക്കപ്പെടുന്നത്. അതിലൊന്ന് 1914ലെ ക്രിസ്മസ് രാവാണ്. ഇതിനകം പത്തു ലക്ഷം പട്ടാളക്കാർ കൊല്ലപ്പെട്ട യുദ്ധത്തിന്റെ അതീവകാരുണ്യമുള്ള ഇടവേളയായിരുന്നു ആ രാത്രി. ജർമൻ–- -ബ്രിട്ടീഷ് സൈനികർ മുഖാമുഖം പോരാടിക്കൊണ്ടിരുന്ന ഒരു അതിരിൽ ഒരു വശത്തുനിന്ന് നിനച്ചിരിക്കാത്ത നേരത്ത് കാരൾ ഗീതങ്ങൾ മുഴങ്ങുകയാണ്. അതിന്റെ കോറസ്‌  ഇനി മറുവശത്തുനിന്ന് ഉയരും. കിടങ്ങുകളിൽനിന്ന് മനുഷ്യർ പുറത്തേക്ക് വന്ന് ഗാഢാലിംഗനത്തിന്റെ ചൂടറിയും. ആ രാത്രിക്കുശേഷം വീണ്ടും അവർ പോരാടുന്ന പടയാളികളായി മാറും. എന്നാലും  അസ്വസ്ഥമെങ്കിലും  ദീപ്തമായ ആ ഒരു ഇടവേള പ്രത്യാശയുടെ അടയാളപ്പലകയായി നിലനിൽക്കും.

തീരെ പഴക്കമില്ലാത്ത ഒരു സ്മൃതിയും അയാൾ അടയാളപ്പെടുത്തുന്നുണ്ട്. 2006 ഡിസംബറിലാണ് അതിന്റെ ആരംഭം. കൊളംബിയയാണ് പശ്ചാത്തലം. അരനൂറ്റാണ്ടായി പൊതുസമൂഹത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ഒളിപ്പോരാട്ടത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ കാലത്തെ ചെറുപ്പക്കാരുടെ തുടർച്ചയുണ്ട്. സൈനികർക്ക് അപ്രാപ്യമായ കൊടുംവനങ്ങളിലാണ് അവരുടെ പാർപ്പ്. ദേശത്തെ ഒരു പരസ്യക്കമ്പനിയിലേക്ക് ഭരണകൂടത്തിന്റെ ഒരാവശ്യം എത്തുകയാണ്. ഒളിപ്പോരാളികളെ ദേശത്തേക്ക്‌ മടങ്ങാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് നിർദേശിക്കാനായിരുന്നു അത്.

ക്രിസ്മസിന്റെ സ്വാഭാവികമായ ചില സുകൃതങ്ങളുടെയും സൗഹൃദങ്ങളുടെയും കാറ്റിനെ ഗുണപരമായി ഉപയോഗപ്പെടുത്താനായിരുന്നു കമ്പനി തീരുമാനിച്ചത്. ഒമ്പത് ഇടത്തായി എവിടെനിന്നും കാണാവുന്ന വിധത്തിൽ ഉയരമുള്ള ക്രിസ്മസ് മരങ്ങൾ രൂപപ്പെടുത്തുകയായിരുന്നു ആദ്യചുവട്. രണ്ടായിരത്തോളം വിളക്കുകൾ അവ ഓരോന്നിലും തെളിഞ്ഞുകത്തി. ഓരോ മരത്തിലും ഇങ്ങനെ ഒരു ദൂത് പതിപ്പിച്ചിരുന്നു. ക്രിസ്മസിന് കാട്ടിലേക്കെത്താൻ കഴിയുമെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനും നേരമായി. എല്ലാം സാധ്യമാകുന്ന ഒരു കാലമാണത്. മുന്നൂറിലധികം പേരാണ് ആ വിളംബരത്തിൽ അടക്കം ചെയ്തിരിക്കുന്ന ഹൃദ്യതയെ തിരിച്ചറിഞ്ഞ് മടക്കയാത്രയ്ക്ക് തയ്യാറായത്.

വനങ്ങളെ കുറുകെ കടക്കാത്തവരുമുണ്ടായിരുന്നു. നദിയോരങ്ങളിൽ പാർത്തിരുന്നവർ വലിയൊരു ഗണം ഉണ്ടായിരുന്നു. അടുത്ത ക്രിസ്മസിനുള്ളിൽ ദീപങ്ങൾ കരുതിവച്ച അലങ്കാരപ്പന്തുകൾ അലകളിലൂടെ അവരെത്തേടിയെത്തി. പകയിൽപ്പെട്ടുപോയ ആ മനുഷ്യരുടെ ഉറ്റവർ അവർക്ക് കൈമാറാൻ ആഗ്രഹിച്ച ഉപഹാരങ്ങളും കുറിമാനങ്ങളും അതിനോടൊപ്പം ഉണ്ടായിരുന്നു. വലിയ ഉള്ളലിവിന് കാരണമായി മാറി ആ ചെറിയ പ്രകാശഗോളങ്ങൾ.

കാര്യങ്ങൾ തുടരുകയാണ്. അടുത്തവർഷം ഓപ്പറേഷൻ ബത്‌ലഹേം ആണ്. ഇതിനകം അതിന്റെ സംഘാടകർ മനസ്സിലാക്കിയ ഒരു കാര്യം മടങ്ങിവരാൻ ആഗ്രഹമുണ്ടായിരുന്നിട്ടും വഴിയറിയാതെ കാട്ടിൽ കുരുങ്ങുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്ത അനവധി പോരാളികൾ ഉണ്ടെന്നുള്ളതാണ്. അവർക്ക് വഴികാട്ടാനാകുന്ന വൈദ്യുതദീപങ്ങൾ ലൈറ്റ് ഹൗസിലെന്നപോലെ വെളിച്ചത്തിന്റെ കീറുകൾ അവരുടെ കാൽച്ചുവടുകളെത്തേടി വന്നു. നക്ഷത്രം കാട്ടിയ വഴികളിലെ ജ്ഞാനികളെപ്പോലെ ആകാശത്തിലേക്ക് ഉറ്റുനോക്കി നടന്നു. ഇനിയുമുണ്ട് ക്രിസ്മസുകൾ. തുറുപ്പുചീട്ട് വരാനിരിക്കുന്നതേയുള്ളൂ. പോരാളികളുടെ അമ്മമാരെ കണ്ടെത്തുകയെന്ന ശ്രമകരമായ ചുവടായിരുന്നു അത്. തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ശേഖരിച്ച് ഇപ്പോൾ വല്ലാതെ മുതിർന്നുപോയ മക്കൾക്ക് എത്തിച്ചുകൊടുക്കുക, അതിന്റെ ചുവട്ടിൽ ഏതാണ്ട് ഇങ്ങനെ അർഥംവരുന്ന ഒരു വരി കുറിച്ചിട്ടു: ഒരു ഒളിപ്പോരാളി ആകുന്നതിനുമുമ്പ് ഒരിക്കൽ നീ എന്റെ കുഞ്ഞായിരുന്നു. ഓരോരോ ക്രിസ്മസിലൂടെ മെല്ലെ മെല്ലെ വെറുപ്പും പകയും അകൽച്ചയും പിണങ്ങിപ്പോകുകയാണ്. പകരം കരുണയുടെയും അനുഭാവത്തിന്റെയും പാരസ്പര്യത്തിന്റെയും നവാതിഥികൾ വിരുന്നു വന്നു.  ഇത്തരം ഒരു ഭാവനയ്ക്ക് പ്രേരണയായ കൊളംബിയയുടെ  പ്രസിഡന്റിന് സമാധാനത്തിനുള്ള നൊബേൽ കൈമാറിയാണ് ലോകം അതിന്റെ മതിപ്പ് കാട്ടിയത്.

അവനവൻ തീർത്ത ഒളിയിടങ്ങളിൽനിന്ന് പുറത്തുവരൂ എന്നാണ് ഓരോ പിറവിത്തിരുനാളും മന്ത്രിക്കുന്നത്. അത്തരം സൂചനകൾക്ക് മനുഷ്യകഥയോളം പഴക്കമുണ്ട്. ആദം നീ എവിടെ എന്ന ആ പുരാതന ചോദ്യത്തിന്റെ മുഴക്കമാണത്. ഒരു യഹൂദ പാരമ്പര്യമനുസരിച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ  അവന്‌ ഏതൊരു  മരത്തേക്കാളും കിളിരമുണ്ടായിരുന്നു. തെറ്റ് ചെയ്‌തെന്ന തോന്നലിൽനിന്ന് അയാളിങ്ങനെ ചുരുങ്ങിച്ചുരുങ്ങി ഒരു കുറ്റിക്കാട്ടിൽ ഒളിക്കുന്ന വിധത്തിൽ കുറിയവനായി ഭവിച്ചു എന്നാണ്! എന്തൊക്കെ കിടങ്ങുകളിലാണ് ഓരോരുത്തരും പെട്ടുപോകുന്നത്. പാലങ്ങൾ സൃഷ്ടിക്കപ്പെടേണ്ട ഭൂമിയിൽ പുതിയ പുതിയ കിടങ്ങുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭയത്തിൽനിന്നാണ് അവയുടെ നിർമിതി.

അവന് വഴിയൊരുക്കാൻ വന്ന ഒരാളുടെ ഭാഷ ഒറ്റനോട്ടത്തിൽ പരുഷമായിരുന്നു: അണലിസന്തതികളേ, ആസന്നമാകുന്ന അഗ്നിയിൽനിന്ന് ഓടിയകലാൻ ആരാണ് നിങ്ങളെ പ്രേരിപ്പിച്ചത്? വേദപുസ്തകം വച്ചുനീട്ടുന്ന സ്നേഹത്തിന്റെ അഞ്ജനം മിഴികളിലെഴുതി അത് പുനർവായിക്കുമ്പോൾ ഇങ്ങനെയൊരു ചിത്രം തെളിയുന്നു. അയാൾ കണ്ടിട്ടുണ്ട്, നിനച്ചിരിക്കാത്ത നേരത്ത് മരുഭൂമിയിൽ തീയാളുന്നത്, കരിയിലകൾ കാറ്റിനേക്കാൾ വേഗത്തിൽ കത്തിയാളുമ്പോൾ മണൽത്തട്ടിനു താഴെ പാർക്കുന്ന ഉരഗങ്ങളുണ്ട്. ചൂടേൽക്കുമ്പോൾ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ ഒരു കറുത്ത പുഴപോലെ അവ സംഘമായി ഒഴുകി രക്ഷപ്പെടുന്നു. ഭൂമിക്കുമീതെ ഒരു സ്നേഹത്തിന്റെ ചൂട് അനുഭവപ്പെടുമ്പോൾ ഒളിയിടങ്ങളുടെ സ്വാസ്ഥ്യം ഉപേക്ഷിച്ച് ഏതൊരാൾക്കും പുറത്ത് കടന്നേ പറ്റൂ. ആ തീയെക്കുറിച്ചാണ് ഞാൻ ഭൂമിയിൽ തീയിടാൻ വന്നവനെന്ന് സ്വയം വിശേഷിപ്പിക്കുമ്പോൾ യേശു വ്യഞ്ജിപ്പിക്കുന്നത്.

നോക്കൂ, ഈ തണുത്ത ധനുവിലും പേരിടാനാകാത്ത ഒരു ചൂടിൽ ഭൂമിയുടെ ഉള്ളം തപിക്കുന്നത്. ക്രിസ്മസ് സ്നേഹവും സൗഹൃദവും അല്ലാതെ മറ്റെന്തിന്റെ മറുപദമാണ്.

(കപ്പൂച്ചിൻ സന്യാസസഭയിലെ വൈദികനും എഴുത്തുകാരനും പ്രഭാഷകനുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top