26 April Friday

ചിന്തൻ ശിബിറിലെ മായക്കാഴ്‌ചകൾ

കെ ശ്രീകണ്‌ഠൻUpdated: Tuesday Jul 26, 2022

ചിന്തൻ ശിബിറിന്റെ രാഷ്ട്രീയ പശ്ചാത്തലം എന്തുതന്നെയായാലും യഥാർഥത്തിൽ പ്രകടമായത്‌ കോൺഗ്രസിന്റെ ആധിയും നേതൃനിരയിലെ രൂക്ഷമായ ഭിന്നതയുമാണ്‌. നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽനിന്ന്‌ കരകയറാനുള്ള പ്രായോഗിക വഴികളൊന്നും തെളിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ രണ്ടു ദിവസത്തെ ചർച്ചയ്‌ക്കുശേഷം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അവതരിപ്പിച്ച രാഷ്‌ട്രീയ നയരേഖ. യുഡിഎഫിന്റെ ദൗർബല്യം പരിഹരിക്കാനുള്ള ഏകമാർഗം മുന്നണി വിപുലീകരണമാണത്രേ. ഈ നിലയിൽ മുന്നോട്ടുപോയാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്ലച്ച്‌ പിടിക്കില്ലെന്ന ചിന്ത കേരളത്തിലെ കോൺഗ്രസിനെ അലട്ടിത്തുടങ്ങിയിട്ട്‌ കുറച്ചായി.

ദേശീയ തലത്തിൽ ഊർജം പകരാൻ ലക്ഷ്യമിട്ട്‌ എഐസിസി നടത്തിയ ചിന്തൻശിബിർ ഗുണം ചെയ്‌തില്ലെന്ന ചിന്തയാണ്‌ ദേശീയ നേതാക്കൾ പങ്കുവയ്‌ക്കുന്നത്‌. ചിന്തൻ ശിബിർ കഴിഞ്ഞപാടെ പല ദേശീയ നേതാക്കളും ബിജെപി പാളയത്തിലെത്തി. കൂരിരുട്ടിൽ നെയ്‌ത്തിരി കത്തിച്ചുവച്ച്‌ ബിജെപിയിലേക്കുള്ള ഒഴുക്ക്‌ തടയാൻ കഴിയില്ലെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. കേരളത്തിലും സംഘപരിവാർ മനസ്സുള്ള കോൺഗ്രസ്‌ നേതാക്കളുടെ നിര നീളുകയാണ്‌. അതിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള ചർച്ചകളൊന്നും കോഴിക്കോട്‌ കടപ്പുറത്ത്‌ ഉണ്ടായില്ല. എന്തിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആർഎസ്‌എസ്‌ വേദി പങ്കിട്ടതിനെക്കുറിച്ച്‌ വലിയ വിവാദമുയർന്നിട്ടും ഇതുസംബന്ധിച്ച നേരിയ അസ്വസ്ഥത പോലും ശിബിറിൽ ആരും പ്രകടിപ്പിച്ചില്ല.

ഇത്രയും ശക്തിക്ഷയം നേരിടുന്ന കോൺഗ്രസ്‌ നേതൃത്വം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഗ്രൂപ്പുകളുടെ പിൻബലത്തിൽ ഇടിച്ചുകയറ്റമായിരുന്നു പണ്ട്‌ നേതൃനിരയിൽ ദൃശ്യമായിരുന്നത്‌. ഇന്ന്‌ ഗ്രൂപ്പുമറ അപ്രസക്തമാക്കി അധികാരപ്രമത്തരായ ചില നേതാക്കളുടെ വിരൽപിടിച്ച്‌ അനുയായിവൃന്ദം രൂപപ്പെടുകയാണ്‌. കെ സുധാകരൻ, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവരുടെ പിൻനിര പറ്റി ഇളമുറക്കാർ പാർടി സ്ഥാനങ്ങളിൽ കയറിപ്പറ്റുകയാണ്‌. ചിന്തൻ ശിബിറിലെ പ്രാതിനിധ്യം ഇത്‌ സാക്ഷ്യപ്പെടുത്തുന്നു. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവരടക്കം 22 നേതാക്കളുടെ അസാന്നിധ്യം നേതൃനിരയിലെ ഭിന്നതയ്‌ക്ക്‌ ഉദാഹരണമാണ്‌. നേതൃത്വത്തെ വിമർശിക്കുന്നവരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണ്‌ കോൺഗ്രസിലെ പുതിയ ശൈലിമാറ്റം.

യുഡിഎഫ്‌ വിട്ട കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്നതാണ്‌ ചിന്തൻ ശിബിറിലെ രാഷ്‌ട്രീയ പ്രമേയത്തിൽ പറയുന്നത്‌. എന്നാൽ, ഇടതുപക്ഷ ചിന്താഗതിയുള്ള പാർടികൾക്ക്‌ എൽഡിഎഫിൽ അധികകാലം നിൽക്കാനാകില്ലെന്നും അവരെ സ്വാഗതം ചെയ്യുന്നുമെന്ന കെ സുധാകരന്റെ പ്രസ്‌താവന രാഷ്‌ട്രീയ പാപ്പരത്തത്തിന്റെ തെളിവാണ്‌. എൽഡിഎഫ്‌ ഉയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ സന്ദേശം എന്താണെന്നതിലുള്ള കെ സുധാകരന്റെ അജ്ഞതയാണ്‌ ഇതിൽ പ്രതിഫലിക്കുന്നത്‌. രാഷ്‌ട്രീയ പ്രമേയത്തിന്റെ ആദ്യഭാഗത്ത്‌ യുഡിഎഫ്‌ വിട്ട കേരള കോൺഗ്രസ്‌ എം, എൽജെഡി എന്നിവരെയാണ്‌ സുധാകരൻ ഉന്നംവച്ചതെങ്കിൽ ഇരുകക്ഷികളും തെല്ലും അർഥശങ്ക കൂടാതെ തന്നെ നിലപാട്‌ വ്യക്തമാക്കി. യുഡിഎഫിലേക്ക്‌ തിരിച്ചുപോകേണ്ട ഒരു സാഹചര്യവുമില്ലെന്ന്‌ കേരള കോൺഗ്രസും എൽജെഡിയും പറഞ്ഞതോടെ കെപിസിസിയുടെ രാഷ്‌ട്രീയ പ്രമേയത്തിന്റെ മുനയൊടിഞ്ഞു.\

യുഡിഎഫ്‌ എത്രമാത്രം ദുർബലമാണെന്ന്‌ കോൺഗ്രസ്‌ നേതൃത്വത്തിന്‌ ബോധ്യമുള്ളതാണ്‌. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന കേരള കോൺഗ്രസും എൽജെഡിയും ഒപ്പമില്ല. മുസ്ലിംലീഗ്‌ കൂടി കഴിഞ്ഞാൽ ആളും അനക്കവുമുള്ള ഒരു കക്ഷി യുഡിഎഫിൽ ഇല്ല. പി ജെ ജോസഫിന്റെ കേരള കോൺഗ്രസ്‌ ചില നേതാക്കളെ ചുറ്റിപ്പറ്റിയാണ്‌. ആർഎസ്‌പിയാകട്ടെ വിരലിലെണ്ണാവുന്ന ചിലരിൽ ഒതുങ്ങും. മുസ്ലിംലീഗിനാകട്ടെ കോൺഗ്രസിനോട്‌ പഴയ ഇഴയടുപ്പമില്ലെന്നത്‌ പരസ്യമായ രഹസ്യമാണ്‌. ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസിൽനിന്ന്‌ വലിയ തോതിൽ അകന്നുകഴിഞ്ഞു. ഏതു നിമിഷവും സംഘപരിവാർ തൊപ്പിയണിയാൻ മടിക്കാത്തവരാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലെന്ന്‌ ന്യൂനപക്ഷവിഭാഗങ്ങളും തിരിച്ചറിഞ്ഞു. ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രാഷ്‌ട്രീയപ്രതിസന്ധി എങ്ങനെ മറികടക്കുമെന്നതാണ്‌ കെപിസിസി നേതൃത്വത്തെ വല്ലാതെ ഭയപ്പെടുത്തുന്നത്‌. ഇതിൽനിന്ന്‌ ശ്രദ്ധതിരിക്കാനുള്ള വൃഥാശ്രമമാണ്‌ ചിന്തൻ ശിബിർ പ്രമേയം. വനിതാ പ്രവർത്തകരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സെൽ, വർഷംതോറും ബൂത്തുതലംമുതൽ സമ്മേളനം, യുവാക്കൾക്കും വനിതകൾക്കും കൂടുതൽ അവസരം തുടങ്ങിയ ശിബിർ പ്രഖ്യാപനങ്ങളും രസാവഹമാണെന്നതിന്‌  മുൻകാല അനുഭവങ്ങൾ ഏറെയുണ്ട്‌. യൂത്ത്‌ കോൺഗ്രസ്‌ ക്യാമ്പിലെ പീഡനപരാതി നേതൃത്വം കൈകാര്യം ചെയ്‌തത്‌ സ്‌ത്രീപക്ഷ സമീപനത്തിലെ ഒടുവിലത്തെ ഉദാഹരണമാണ്‌.
രാജസ്ഥാനിലെ ഉദയ്‌പുരിൽ എഐസിസി നടത്തിയ ചിന്തിൻ ശിബിറിലെ പ്രഖ്യാപനങ്ങൾ രണ്ടുമാസം കഴിഞ്ഞിട്ടും കടലാസിലാണ്‌. അതിനുശേഷം ഒട്ടേറെ നേതാക്കൾ പാർടി വിട്ടുപോയി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇഡിയുടെ ചോദ്യംചെയ്യൽ നേരിടുകയാണ്‌.

ആറുമാസത്തിനുള്ളിൽ സംഘടനയെ അടിമുടി പരിഷ്‌കരിക്കുമെന്നായിരുന്നു ചിന്തൻ ശിബിറിലെ പ്രധാന പ്രഖ്യാപനം. പ്രവർത്തകസമിതിമുതൽ താഴെ തട്ടുവരെ ഭാരവാഹികളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർ ആയിരിക്കുമെന്നായിരുന്നു മറ്റൊരു തീരുമാനം. ഇതടക്കമുള്ള ഉദയ്‌പുർ പ്രഖ്യാപനം വൈകാതെ വിസ്‌മൃതമാകുമെന്ന വികാരമാണ്‌ മുതിർന്ന നേതാക്കളിൽ പലർക്കും. ഈ അനുഭവത്തിന്റെകൂടി പശ്ചാത്തലത്തിൽ കോഴിക്കോട്‌ ചിന്തൻ ശിബിറിന്റെ ഭാവി ചോദ്യചിഹ്നമായി നിൽക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ പരിമിതികൂടി ചേരുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top