ഈമാസം ആദ്യവാരം അമേരിക്കൻ സൈന്യം ചൈനയുടെ ‘ചാര’ ബലൂൺ തകർത്തു. സൗത്ത് കരോലിന തീരത്ത് അമേരിക്കൻ അതിർത്തിയിൽ പ്രവേശിച്ച ബലൂണാണ് സൈന്യം തകർത്തത്. അമേരിക്ക വെടിവച്ചിട്ട ബലൂൺ തങ്ങളുടേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും ചാരപ്രവർത്തനം ലക്ഷ്യമാക്കിയുള്ള ബലൂണാണെന്ന അമേരിക്കൻ ആരോപണം ബീജിങ് നിഷേധിച്ചു. കാലാവസ്ഥാ പഠനത്തിന് അയച്ച ബലൂണാണ് പടിഞ്ഞാറൻ കാറ്റിന്റെ ഫലമായി അമേരിക്കൻ അതിർത്തിയിൽ എത്തിയതെന്നും അത് വെടിവച്ചിട്ട അമേരിക്കൻ സമീപനം അമിത പ്രതികരണമാണെന്നും ചൈന കുറ്റപ്പെടുത്തി. തിരിച്ചടിക്കാനുള്ള അവകാശം ചൈനയ്‌ക്ക് ഉണ്ടെന്നും അത് ഭാവിയിലേക്ക് കരുതിവയ്‌ക്കുകയാണെന്നും ബീജിങ് വിദേശമന്ത്രാലയം പ്രതികരിച്ചു.
അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബീജിങ് സന്ദർശിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ബലൂൺ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കൻ അതിർത്തി കടന്ന് ബലൂൺ എത്തിയതിൽ ചൈന ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും ബ്ലിങ്കൻ കഴിഞ്ഞ അഞ്ചിനും ആറിനും നിശ്ചയിച്ചിരുന്ന ചൈനീസ് സന്ദർശനംതന്നെ ഉപേക്ഷിച്ചു. ചൈനീസ് പ്രസിഡന്റ്, വിദേശമന്ത്രി എന്നിവരുമായി ബ്ലിങ്കൻ ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരുരാജ്യവും തമ്മിലുള്ള സംഘർഷഭരിതമായ നയതന്ത്ര ബന്ധത്തിന് ബ്ലിങ്കന്റെ സന്ദർശനത്തോടെ അൽപ്പം അയവുവരുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് അത് അട്ടിമറിക്കപ്പെട്ടത്. അമേരിക്കയുടെ പ്രതികരണം അതിരുകടന്നെന്ന് ചൈന പ്രതികരിക്കാൻ പ്രധാന കാരണവും ഇതുതന്നെ.
കാലാവസ്ഥാ പഠനത്തിനും ചാരപ്രവൃത്തിക്കും ബലൂൺ ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഉപഗ്രഹങ്ങളേക്കാൾ ഭൂമിക്ക് അടുത്തുകൂടി വേഗക്കുറവിൽ സഞ്ചരിക്കുന്ന ബലൂൺ കൂടുതൽ വ്യക്തതയോടെ ഭൂമിയിലെ ചിത്രങ്ങളും ഇമേജുകളും പകർത്തുമെന്നതാണ് ബലൂണിനുള്ള പ്രത്യേകത. അതുകൊണ്ടുതന്നെ പല രാജ്യവും ഇത് ഇന്നും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ചാരപ്രവർത്തനത്തിന് പ്രധാനമായും ഇന്ന് ഉപയോഗിക്കുന്നത് ഉപഗ്രഹങ്ങളും ഡ്രോണുകളും മറ്റുമാണ്. 1940കളിലും 1950കളിലും സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താനും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനുമായി ഇത്തരം ബലൂണുകൾ വ്യാപകമായി ഉപയോഗിച്ചത് ചരിത്രം. ചെക്കോസ്ലാവാക്യയിൽ മാത്രം നാലു ലക്ഷം ബലൂണുകളാണത്രെ കണ്ടെത്തിയത്. 250 ദശലക്ഷം കമ്യൂണിസ്റ്റ് വിരുദ്ധ ലഘുലേഖകളും ഇതുവഴി അമേരിക്കയും പാശ്ചാത്യ ശക്തികളും വിതരണം ചെയ്‌തുവത്രെ. ഇന്നും അമേരിക്ക ഈ ബലൂൺ നയതന്ത്രം മുടക്കമില്ലാതെ തുടരുന്നുമുണ്ട്. 2023ലെ ബജറ്റിൽ ബലൂൺ പദ്ധതിക്കായി അമേരിക്ക നീക്കിവച്ചിരിക്കുന്നത് 27.1 ദശലക്ഷം ഡോളറാണ്. മാത്രമല്ല, ചാരപ്രവർത്തനത്തിനായി നിരവധി ഉപഗ്രഹങ്ങളും അമേരിക്കയ്‌ക്കായി പ്രവർത്തിക്കുന്നുണ്ട്. നിരവധി രാജ്യങ്ങൾ ചാരപ്രവർത്തനത്തിനും കാലാവസ്ഥാ പഠനത്തിനും മറ്റുമായി ബലൂണുകളും ഉപഗ്രഹങ്ങളും വിമാനങ്ങളും കപ്പലുകളും ഉപയോഗിക്കുന്നുണ്ട്.
എന്നിട്ടും ചൈനീസ് ബലൂൺ തിരക്കിട്ട് വെടിവച്ചിടാൻ അമേരിക്കയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? ഒന്നാമതായി ചൈനയെ പിടിച്ചുകെട്ടുകയെന്ന അമേരിക്കൻ നയതന്ത്രത്തിന്റെ ഭാഗമാണ് ഇത്. സാമ്പത്തികമായി മാത്രമല്ല, സൈനികമായും ചൈന വളരുകയാണെന്നും അവരുടെ സ്വാധീനം എല്ലാ ഭൂഖണ്ഡത്തിലേക്കും വ്യാപിക്കുകയാണെന്നും അമേരിക്കയ്‌ക്ക് അറിയാം. അതിനാൽ ചൈനയുടെ കുതിപ്പിനെ തടയാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് കാണിക്കാനുള്ള അവസരമായാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വിഷയത്തെ കണ്ടത്. ചൈനയ്‌ക്കെതിരെ ശക്തമായ നീക്കത്തിന് മടിക്കുകയാണ് ബൈഡനെന്നും റിപ്പബ്ലിക്കന്മാരും തീവ്രവലതുപക്ഷവും അമേരിക്കൻ തകർച്ചയ്‌ക്ക് തുടക്കമായിരിക്കുന്നുവെന്നും അമേരിക്ക ദുർബല ശക്തിയായി മാറിയെന്നും മറ്റുമുള്ള പ്രചാരണങ്ങളും കൊഴുക്കുകയുണ്ടായി.
ബലൂൺവിഷയം പെരുപ്പിച്ചുകാട്ടി നാറ്റോയെ ഏഷ്യാ പസഫിക്കിലേക്ക് (ഇന്ത്യ പസഫിക് എന്ന് അമേരിക്കൻ ഭാഷ്യം) വ്യാപിക്കാനുള്ള അവസരം തേടുകയാണ് അമേരിക്ക. 40 രാജ്യത്തിലേക്ക് ചൈന ഇത്തരം ബലൂണുകൾ അയച്ചിട്ടുണ്ടെന്നും മറ്റും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതോടൊപ്പം കൂട്ടിവായിക്കണം. നേരത്തേ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇത്തരം ബലൂണുകൾ അയച്ചിട്ടുണ്ടെന്നും ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ഇന്ത്യൻ വിദേശമന്ത്രാലയം അത് സ്ഥിരീകരിച്ചിട്ടില്ല. ചൈനാഭീതി പടർത്തി വർധിച്ചതോതിൽ ആയുധം വിൽക്കാനുള്ള അവസരമൊരുക്കുകയും അമേരിക്കയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് ചൈനയുമായുള്ള യുദ്ധം ആസന്നമായിരിക്കുന്നുവെന്ന പ്രചാരണത്തിന് അമേരിക്കൻ മാധ്യമങ്ങളും സൈനിക നേതൃത്വവും ആക്കംകൂട്ടിയിട്ടുള്ളത്. 2025ൽ ചൈന–- അമേരിക്ക യുദ്ധം നടക്കുമെന്നാണ് യുഎസ് വ്യോമസേനയിലെ ജനറൽ മൈക്കിൾ മിനിഹാൻ അഭിപ്രായപ്പെട്ടത്. ചൈന തയ്‌വാനിൽ നടത്തുന്ന അധിനിവേശത്തോടെയാകും യുദ്ധത്തിന്റെ തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക ചൈനയുമായുള്ള യുദ്ധത്തിന് അടുത്തെത്തിയെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്‌തത്. ഇതെല്ലാം വിരൽചൂണ്ടുന്നത് ചൈനയുമായുള്ള ബന്ധത്തെ ബൈഡൻ ഭരണകൂടം അമിതമായി സൈനികവൽക്കരിക്കുകയാണെന്നാണ്. ഇതിന്റെ ഭാഗമായി വേണം നാറ്റോയുടെ സെക്രട്ടറി ജനറൽ സ്‌റ്റോൾട്ടൻ ബർഗിന്റെ ഏഷ്യൻ സന്ദർശനത്തെ വീക്ഷിക്കാൻ. ചൈനയ്‌ക്കെതിരെ ക്വാഡ് സഖ്യത്തിന് രൂപംനൽകിയ അമേരിക്ക തയ്‌വാനെ ആയുധമണിയിക്കുകയുമാണ്. 10 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക തയ്‌വാന് വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്. ജപ്പാനെയും അമേരിക്ക സൈനികവൽക്കരിക്കുകയാണ്. ഫിലിപ്പീൻസിൽ നേരത്തേയുള്ള രണ്ട് സൈനികത്താവളത്തിനുപുറമെ നാല് സൈനികത്താവളങ്ങൾകൂടി അമേരിക്ക തുറക്കുകയാണ്. അമേരിക്കൻ മിസൈൽ വാഹിനിക്കപ്പൽ ദക്ഷിണ ചൈനാകടലിലേക്ക് അയക്കുകയുമുണ്ടായി.
എന്നാൽ, ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം നാൾക്കുനാൾ വർധിക്കുന്നത് അമേരിക്കയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ സഖ്യത്തിൽ എങ്ങനെയെങ്കിലും വിള്ളൽ വരുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഉക്രയ്‌ൻ വിഷയത്തിൽ റഷ്യയോട് തണുത്ത പ്രതികരണത്തിന് ചൈനയെ നിർബന്ധിക്കുകയായിരുന്നു ആന്റണി ബ്ലിങ്കന്റെ ബീജിങ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യംതന്നെ. ചൈനീസ് ഡെപ്യൂട്ടി വിദേശമന്ത്രി മാ ഷവോസു അടുത്തിടെ മോസ്‌കോ സന്ദർശിച്ചത് ഇവരുടെ ബന്ധത്തിൽ വിള്ളൽവീഴ്‌ത്താൻ കഴിയില്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നു. റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്, ഉപ വിദേശമന്ത്രിമാരായ സെർജി വെർഷിനിൻ, ആന്ദ്രേ റുഡെങ്കൊ എന്നിവരുമായി ഷവോസു കൂടിക്കാഴ്‌ച നടത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഈവർഷം റഷ്യ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. മാ ഷവോസുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ലാവ്‌റോവ് നടത്തിയ പ്രസ്‌താവന ‘സൈനിക സഖ്യത്തിനേക്കാളും വലിയ സഖ്യമാണ് റഷ്യയും ചൈനയും തമ്മിലുള്ളതെന്നാണ്’. ഇതോടെ ചൈന–- റഷ്യ അച്ചുതണ്ടിൽ വിള്ളൽ വീഴ്‌ത്താൻ കഴിയില്ലെന്ന് അമേരിക്കയ്‌ക്ക് മനസ്സിലായി. അമേരിക്കയുടെ ഏഷ്യാ പസഫിക് അഥവാ ഇന്ത്യ –- പസഫിക് നയതന്ത്രത്തിന് ഏറ്റവും പ്രധാന തടസ്സവും ഈ റഷ്യ, ചൈന സഹകരണമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..