03 October Tuesday

ചൈന ലോകത്തിന്റെ ഫാക്ടറി

ജോർജ് ജോസഫ്Updated: Friday Jun 9, 2023

ലോകത്തിന്റെ  മാനുഫാക്ചറിങ് ഹബ് അല്ലെങ്കിൽ ലോകത്തിന്റെ ഫാക്ടറി എന്ന് പരക്കെ അറിയപ്പെടുന്ന ചൈന ആഗോളതലത്തിൽ ഫാക്ടറി മേഖലയിലെ ഉൽപ്പാദനത്തിന്റെ 28.7 ശതമാനവും നിർവഹിക്കുന്ന രാജ്യമാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അന്തിമ മാനുഫാക്ചറിങ് ഉൽപ്പന്നങ്ങൾക്കും ഘടക പദാർഥങ്ങൾക്കും ആശ്രയിക്കുന്ന രാജ്യവും ചൈന തന്നെയാണ്. 2018ൽ അമേരിക്കയും ചൈനയും തമ്മിൽ ഉടലെടുത്ത വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കുകയെന്ന തന്ത്രത്തിലേക്ക് അമേരിക്ക മാറിയെങ്കിലും ഒടുവിൽ സുല്ല് പറയേണ്ടി വന്നത് അമേരിക്കയ്‌ക്കു തന്നെയാണ്. ഈ ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും  ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് കരാർ നൽകുന്നതിന് അമേരിക്ക തീവ്രശ്രമം നടത്തിയെങ്കിലും കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ചൈനീസ് മികവിനെ മറികടക്കാൻ  ഈ രാജ്യങ്ങൾക്കൊന്നും കഴിഞ്ഞില്ല. ‘മേക്ക് ഇൻ ഇന്ത്യ' എന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രഖ്യാപനത്തിന്റെ ഭാഗമായി അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന്റെ അനുകൂല അവസരം ഇന്ത്യ മുതലെടുക്കണമെന്ന നിർദേശം ഉയർന്നു വന്നെങ്കിലും അതൊന്നും ഫലവത്തായില്ല. നാലുവർഷം പിന്നിടുമ്പോഴും ചൈന ലോകത്തിന്റെ  മാനുഫാക്ചറിങ് ഹബ്ബായി തുടരുകയും ചെയ്യുന്നു. ലോകത്തെ മിക്കവാറും  രാജ്യങ്ങൾക്ക്‌ കംപ്യൂട്ടർ ചിപ്പ്‌ നൽകുന്നതും ഔഷധോൽപ്പാദനത്തിന്‌ ആവശ്യമായ ഘടകവസ്‌തുക്കൾ നൽകുന്നതും ചൈനയാണ്‌.

ഇരുരാജ്യവും തമ്മിലുള്ള വ്യാപാരത്തിൽ ചൈന വല്ലാതെ നേട്ടം കൊയ്യുന്നു,  അത് യുഎസ്–- -ചൈന വ്യാപാരത്തിൽ, ട്രേഡ് ബാലൻസ് ചൈനയ്‌ക്ക് അനുകൂലമായി അനിയന്ത്രിതമായ തോതിൽ ഉയരുന്നുവെന്ന കടുത്ത വിമർശം ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുത്തനെ ഉയർത്തിയത്. എന്നാൽ, അമേരിക്കയുടെ ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ തോതിലുള്ള ഇടിവാണ് 2018ൽ തുടങ്ങിയ വ്യാപാരയുദ്ധത്തിനുശേഷം കണ്ടത്.  കാർഷിക ഉൽപ്പന്നങ്ങളുടെ മേഖലയിൽ ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.  2009ൽ ചൈന 27 ശതമാനം കാർഷികോൽപ്പന്നങ്ങൾ അമേരിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത്  2022ൽ അത് 18 ശതമാനമായി കുറഞ്ഞു. അതുപോലെ മാനുഫാക്ചറിങ് ഉൽപ്പന്നങ്ങളുടെ കാര്യത്തിലും അമേരിക്കയ്‌ക്ക് ചൈനീസ് മാർക്കറ്റിൽ വലിയ തോതിലുള്ള തിരിച്ചടി നേരിടേണ്ടതായി വന്നു.

2018ൽ അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതി സർവകാല റെക്കോഡ് നിലവാരമായ 53, 800 കോടി ഡോളറിലെത്തി. വ്യാപാരയുദ്ധത്തെ തുടർന്ന് തളർച്ചയിലായ കയറ്റുമതി വീണ്ടും 2022ൽ 6. 3 ശതമാനം വളർച്ചയോടെ ഏതാണ്ട് ഇതേ നിലവാരത്തിലേക്ക് തിരിച്ചെത്തി. 2022ൽ ചൈന അമേരിക്കയിലേക്ക് കയറ്റി അയച്ചത് 53, 600 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളാണ്. അതേസമയം, അമേരിക്കയുടെ ചൈനയിലേക്കുള്ള കയറ്റുമതി പരിശോധിച്ചാൽ 2022ൽ 15, 400 കോടി ഡോളർ മാത്രമാണ്. അമേരിക്കയെപ്പോലെ ഒരു രാജ്യത്തിനുപോലും ചൈനീസ് നിർമിത ഉൽപ്പന്നങ്ങളെ മാറ്റി നിർത്താൻ കഴിയില്ലെന്ന വസ്തുത വ്യാപാരത്തിലെ ഈ അന്തരം വിശകലനം ചെയ്താൽ മനസ്സിലാക്കാവുന്നതാണ്.  ഇതേ രീതിയിൽ ലോകത്തെ മിക്കവാറും വികസിത,  വികസ്വര രാജ്യങ്ങളുമായും ചൈനയ്‌ക്ക് മികച്ച നിലയിലുള്ള വ്യാപാര മിച്ചമുണ്ട്. അത് ഉൽപ്പാദന മേഖലകളിൽ, പ്രത്യേകിച്ച് മാനുഫാക്ചറിങ് രംഗത്ത് ആ രാജ്യത്തിന്  ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളതു കൊണ്ടാണ്. വിലയുടെ കാര്യത്തിൽ ചൈനയുമായി മത്സരിക്കാൻ വികസിത രാജ്യങ്ങൾക്കുപോലും കഴിയാതെ പോകുന്നതാണ് അവരെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നത്.  ചൈനയ്‌ക്ക് 10 രൂപയ്‌ക്ക് നൽകാൻ കഴിയുന്ന അതേ ഉൽപ്പന്നം പൂർണമായും ഇന്ത്യയിൽ നിർമിച്ച് വിപണിയിലിറക്കിയാൽ ചുരുങ്ങിയത് 50 രൂപയെങ്കിലും വില വരും. 

ഇന്ത്യയുടെ ആഗോള വ്യാപാര രംഗത്തെ പങ്കാളിത്തം നോക്കാം. മൊത്തം ആഗോള വ്യാപാരത്തിന്റെ 1.8 ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. 6. 52 ശതമാനമാണ് ചൈനയുടേത്. വാണിജ്യവകുപ്പിന്റെ കണക്കുകൾ അനുസരിച്ച്  ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാരത്തിൽ 2021ൽ 2200 കോടി ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്. 2020നെ അപേക്ഷിച്ച്  76.1 ശതമാനം വർധന. 2022ൽ മൊത്തം 11, 800 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ചൈന ഇന്ത്യയിലേക്ക് അയച്ചത്. അതിൽ 3383 കോടി ഡോളറിന്റെ സാധനങ്ങൾ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളും അവയുടെ ഘടകങ്ങളുമാണ്. ഇതിനു പുറമെ യന്ത്രങ്ങളും അവയുടെ ഘടകങ്ങളുമായി 2195 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളുമെത്തി. നൂറിൽപ്പരം വിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഇന്ത്യ ചൈനയിൽനിന്ന്‌ വാങ്ങുന്നു. ഇന്ത്യയിലെ വിവിധ ഉൽപ്പാദനമേഖലകളും വിപണികളും എത്രമാത്രം ചൈനീസ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നു എന്നതിന്റെ വ്യക്തമായ നേർചിത്രമാണ് ഇത്. ഒരുപക്ഷേ ചൈനയിൽ നിർമിച്ച ഒരു ഘടകപദാർഥമെങ്കിലും ഇല്ലാത്ത ഒരു ഫാക്ടറി ഉൽപ്പന്നംപോലും ഇന്ത്യൻ വിപണിയിൽ കാണാൻ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ വരുന്ന ഉൽപ്പന്നങ്ങളിൽ 45 ശതമാനംവരെ വിദേശ നിർമിത ഘടകങ്ങളാകാമെന്ന് അനുവദിക്കേണ്ടി വന്നതും.  എല്ലാ അർഥത്തിലും ഇന്ത്യൻ എന്നു പറയാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ മാനുഫാക്ചറിങ് രംഗത്ത് വളരെ വിരളമാണ്. ഇന്ത്യ–-- ചൈന അതിർത്തിയിൽ സംഘർഷം ഉടലെടുക്കുമ്പോഴെല്ലാം ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയെന്ന ക്യാമ്പയിൻ സമൂഹമാധ്യമത്തിൽ സജീവമാകാറുണ്ട്. എന്നാൽ, ഒരു മഴയത്ത് മുളച്ച തകരയുടെ ആയുസ്സുപോലും ഇതിനൊന്നും ഇല്ലാതെ പോകുന്നത് ഉൽപ്പാദന മികവിലും ക്ഷമതയിലും ചൈന പുലർത്തുന്ന മേന്മ കൊണ്ടാണ്.

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ഉപയോഗിക്കുന്ന കൂറ്റൻ ക്രെയിനുകൾ ചൈനയിൽ നിർമിച്ചതാണ്. ഇത്തരം ക്രെയിനുകൾ നിർമിക്കാനും സ്ഥാപിക്കാനും കഴിയുന്ന രാജ്യങ്ങൾ ലോകത്തുതന്നെ വിരലിലെണ്ണാവുന്നവയാണ്. വിഴിഞ്ഞം തുറമുഖത്തിനും മിക്കവാറും ചൈനീസ് നിർമിത ക്രെയിനുകൾ ഉപയോഗിക്കേണ്ടതായി വരാം. കെ ഫോണിൽ ഉപയോഗിക്കുന്ന കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനീസ് നിർമിതമെന്ന് ഒന്നാം പേജിൽ അച്ചുനിരത്തുന്ന മാധ്യമങ്ങൾ എൽഇഡി ബൾബുകൾമുതൽ എത്ര ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നുവെന്നെങ്കിലും നോക്കിയിട്ട്‌ വേണ്ടേ ഇത്തരം വാർത്തകൾ പടച്ചുവിടാൻ. ഒപ്റ്റിക്കൽ ഫൈബർ നിർമാണത്തിന് നിയതമായ രാജ്യാന്തര മാനദണ്ഡങ്ങളുണ്ട്. കാരണം, സമുദ്രാന്തർഭാഗത്തുപോലും ഉപയോഗിക്കുന്നതാണ് അത്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ അടക്കമുള്ള ഏജൻസികളാണ് ഈ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് ഒരു ചൈനീസ് കമ്പനിക്ക് ഗുണനിലവാരം കുറഞ്ഞ ഒപ്റ്റിക്കൽ ഫൈബർ നിർമിച്ച് കുറഞ്ഞ വിലയിൽ വിൽക്കാൻ കഴിയുന്ന സാഹചര്യമല്ല ലോകത്തുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിലുള്ള ഫൈബറിന്റെ കാര്യത്തിൽ ആഗോള വിപണിയുടെ 50 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്.  ലോകമെമ്പാടും വികസിത രാജ്യങ്ങളടക്കം ചൈനീസ് ഉൽപ്പന്നങ്ങളാണ് ടെലികോം സേവനരംഗത്ത് ഉപയോഗിച്ചു വരുന്നത്. ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ വാങ്ങാൻ ചൈനയിൽ പോയി ആ രാജ്യങ്ങൾ ക്യൂ നിൽക്കുകയാണെന്നാണോ ധരിക്കേണ്ടത്. ആഗോളതലത്തിൽ 14 ലക്ഷം കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന സമുദ്രാന്തർഭാഗ കേബിളുകളിൽ നല്ലൊരു പങ്കും ചൈനീസ് നിർമിതമാണ്. ചൈനീസ് കമ്പനിയായ വാവേ ടെക്നോളജീസാണ് ഇത്തരം 99 പദ്ധതി നിർമിച്ച് നടപ്പാക്കിയത്. ഈ കമ്പനി ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നുവെന്ന കാരണത്താൽ അതിനെ ഒഴിവാക്കുന്നതിന്  ട്രംപ് ഭരണകൂടം നടത്തിയ ഹീനമായ ശ്രമങ്ങളും സുവിദിതമാണ്. അതുകൊണ്ട് ഏതെങ്കിലും കമ്പനി വിതരണം ചെയ്യുന്ന ഉൽപ്പന്നത്തിലെ ഒരു ഘടകം ചൈനയിലാണ് ഉണ്ടാക്കിയത്, അതുകൊണ്ട് അതിൽ അഴിമതിയാണെന്നും വ്യാഖ്യാനിക്കുകയാണെങ്കിൽ ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും ഏതു രംഗത്തും അഴിമതിയാണെന്ന് സമ്മതിക്കേണ്ടതായി വരും. കാരണം, ചൈനയിൽനിന്നുള്ള ഒരു നട്ടോ ബോൾട്ടോ ഉപയോഗിക്കാത്ത ഒരു സാധനവും കണ്ടെത്തുക ഏറെ പ്രയാസകരമായ കാര്യമാണ്. ചൈനീസ് ഒപ്റ്റിക്കൽ ഫൈബറിനെക്കുറിച്ച്  കണ്ണീരൊഴുക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഒരു കാര്യം മനസ്സിലാക്കുക, ചുമയ്ക്ക് ഉപയോഗിക്കുന്ന സിറപ്പ് കഴിച്ച് മൂന്നു രാജ്യത്തായി ഏതാണ്ട് അമ്പതോളം കുട്ടികൾക്ക് ജീവഹാനി ഉണ്ടായിട്ടുണ്ട്. കണ്ണിലൊഴിക്കുന്ന മരുന്ന് ഉപയോഗിച്ച് അമേരിക്കയിൽ ഏതാനും പേർക്ക് കാഴ്ച നഷ്ടമായി. ഇതെല്ലം നിർമിച്ച് കയറ്റി അയച്ചത് ഇന്ത്യൻ കമ്പനികളാണ്. ഇതിനെക്കുറിച്ച് ഒറ്റവരി വാർത്തപോലും നൽകാനാകാത്തവരാണ്‌ പല മാധ്യമങ്ങളുമെന്നത്‌ ഓർക്കുന്നത് നന്നായിരിക്കും.

(മുതിർന്ന സാമ്പത്തിക കാര്യ മാധ്യമ പ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top