24 April Wednesday

നമ്മുടെ ഭാവി പൊതുവാണ്: പൊതുസേവനത്തെ ക്കുറിച്ചുള്ള സാന്റിയാഗോ പ്രഖ്യാപനം

എ കെ രമേശ്Updated: Friday Feb 24, 2023

എ കെ രമേശ്‌

എ കെ രമേശ്‌

സാന്റിയാഗോ ചിലിയിലാണ്. ചിലി ഏകാധിപതിയായ അമേരിക്കൻ പാവ പിനോഷെയുടെ ചവിട്ടടിയിൽ പിടഞ്ഞ നാടായിരുന്നു ഏറെക്കാലം. ഇപ്പോൾ സാന്റിയാഗോ പ്രഖ്യാപനം എന്ന് കേൾക്കുമ്പോൾ ആരും ഓർത്തു പോവുക 1973 ലെ ശൈത്യകാലത്ത് സാന്റിയാഗോ സ്റ്റേഡിയത്തിൽ നിരനിരയായി അടുക്കി നിർത്തിയിരുന്ന കമ്യൂണിസ്റ്റുകാരെന്ന് സംശയിക്കപ്പെട്ടവരെ ഹാൻസ് അപ്പ് പറഞ്ഞ് തുരുതുരാ വെടി വെച്ച് വീഴ്ത്തിയ ചിലിയൻ പട്ടാള ജൂണ്ടയെയാണ്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാൽവദോർ അലൻ ദെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഗവൺമെന്റിനെ അട്ടിമറിച്ചു കൊണ്ടാണ് അമേരിക്കൻ ചാര സംഘടനയായ സി ഐ എ യുടെ ഒത്താശയോടെ പട്ടാളക്കൂ പ്പ് നടത്തിയതും  അലൻ ദെയുടെ പ്രസിഡൻഷ്യൽ പാലസിനു നേരെ പോർവിമാനങ്ങൾ ഇരമ്പിയെത്തിയതും അദ്ദേഹത്തെ വെടിവെച്ചു കൊന്നതും. ചിലിയൻ ജനതക്ക് പറ്റിയ കൈത്തെറ്റ് അങ്ങനെ അനുവദിച്ചു കൊടുക്കാൻ അമേരിക്കക്ക് കഴിയില്ല എന്നാണ് അന്ന് കിസിഞ്ജർ പ്രഖ്യാപിച്ചത്. കിസിഞ്ജറും അമേരിക്കയും ഉദ്ദേശിച്ചതു തന്നെ നടന്നു. ചിലി പട്ടാള ബൂട്ടുകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു. ദേശസാൽക്കരിക്കപ്പെട്ട അമേരിക്കൻ കമ്പനികളൊക്കെ പഴയ  ഉടമകൾക്ക് തിരിച്ചു കിട്ടി. മിൽട്ടൻ ഫ്രീഡ്മാന്റെ നേതൃത്വത്തിൽ ചിക്കാഗോ ബോയ്സ് നവലിബറൽ കുറിപ്പടികളുമായി ചിലിയിൽ നിറഞ്ഞാടി. ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും വ്യാപകമായി. തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്ക്കപ്പെട്ടു. നിർദാക്ഷിണ്യചൂഷണം പൊടിപൊടിച്ചു. എതിർ ശബ്‌ദങ്ങൾ ഞെരിച്ചമർത്തപ്പെട്ടു. സർവ്വതന്ത്ര സ്വതന്ത്രമായ മൂലധനം അത്യാഗ്രഹത്തോടെ ലാഭാർത്തി തീർത്തു. ചിലിയാകെ ഒരു വലിയ തടവറയായി മാറി. ചിലി നവലിബറലിസത്തിന്റെ പരീക്ഷണശാലയായി മാറി. ബ്രിട്ടണിലൂടെ, അമേരിക്കയിലൂടെ അത് ലോക വ്യാപക സ്വീകാര്യത നേടി.

ആ ചിലിയാണ് ആകെ മാറി മറിഞ്ഞത്. ഏകാധിപതിയായ പിനോഷെയുടെ ഏകാധിപത്യത്താേട് മാത്രമല്ല, അമേരിക്കൻ മൂലധനത്തിന്റെ കടന്നാക്രമണത്തോടും സാമ്രാജ്യത്വ അധിനിവേശത്തോടുമാണ്.ചിലിയൻ ജനത നീണ്ട യുദ്ധം നടത്തിയതും വിജയിച്ചതും. ത്യാഗപൂർണമായ വിമോചനപ്പോരാട്ടങ്ങൾ വിജയം കാണാതിരിക്കില്ല എന്നു തന്നെയാണ് ചിലിയൻ ജനത ലോകത്തെ പഠിപ്പിക്കുന്നത്. ഒരു രാജ്യത്തിന് മാത്രമായി വിജയം കൈവരിക്കാനാവില്ലെന്നും ആഗോള മൂലധന താൽപര്യത്തിന് എതിരെയുള്ള ആഗോള ചെറുത്തു നിൽപ്പാണ് ആവശ്യമെന്നും ലോകത്തെ ഇടതുപക്ഷത്തെപ്പോലെ തന്നെ ചിലിയൻ ജനതയും മനസ്സിലാക്കിയിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ്, ഒരിക്കൽ നൂറുകണക്കിന് ദേശാഭിമാനികളായ ചിലിയൻ ജനങ്ങളുടെ ചോര വീണ മണ്ണിൽ, അതേ സാന്റിയാഗോവിൽ നിയോലിബറൽ നയങ്ങൾക്കെതിരെ ഒരാഗോള ചെറുത്തു നിൽപ്പിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടതും അതിന്റെ ഭാഗമായി സാന്റിയാഗോ പ്രഖ്യാപനം പുറത്തുവിട്ടതും.

2022 നവംബർ 29 മുതൽ ഡിസംബർ 2 വരെ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ പ്രതിനിധികളാണ് " വളർച്ച, സ്വകാര്യവൽക്കരണം, ചരക്കുവൽക്കരണം " എന്നതിനു പകരം നിൽക്കുന്ന ഒരു ഇടതുപക്ഷ മുന്നേറ്റം കെട്ടിപ്പടുക്കാൻ ഒത്തുചേർന്നത്. പൊതു ഉടമസ്ഥതയിലുള്ള എല്ലാം വൻകിട സ്വകാര്യ മൂലധനനാഥന്മാർക്ക് പതിച്ചു കൊടുക്കണമെന്ന നിയോ ലിബറിസ്റ്റ് സമീപനത്തിനോട് ലോകമെങ്ങുമുള്ള സാധാരണ മനുഷ്യരുടെ വിയോജിപ്പാണ് ഈ സാന്റിയാഗോ പ്രഖ്യാപനം പ്രകടിപ്പിക്കുന്നത്.

"നാമിന്ന് ഒരു നിർണായക വഴിത്തിരിവിലാണ്. പാരിസ്ഥിതിക അടിയന്തരാവസ്ഥ മുതൽ പട്ടിണിയും വർദ്ധിച്ചു വരുന്ന അസമത്വവും, ഏറി വരുന്ന സായുധ സംഘർഷങ്ങളും , മഹാമാരിയും , കൂടി വരുന്ന തീവ്രവാദവും, കുതിച്ചുയരുന്ന നാണയപ്പെരുപ്പവുമടക്കം പ്രതിസന്ധികളുടെ ഒരു വൻ നിര തന്നെ ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോൾ, കൂട്ടായ പ്രതിരോധവും വളർന്നു വരികയാണ്. "

പൊതു സേവനങ്ങൾ കച്ചവടവൽക്കരിക്കുന്നതിന്റെ മാരകമായ പ്രത്യാഘാതങ്ങൾ  ഒഴിവാക്കുന്നതിനും , അവയിൽ ജനാധിപത്യപരമായ  പൊതു നിയന്ത്രണം കൊണ്ടുവരുന്നതിനും , ജനതകൾക്കും ഈ ഭൂഗോളത്തിനു തന്നെയും വേണ്ടി നിലകൊള്ളുന്ന യഥാർത്ഥമായ തുല്യത ഉറപ്പു വരുത്തുന്ന മനുഷ്യാവകാശോന്മുഖമായ ഒരു സമ്പദ് വ്യവസ്ഥയെ പുന:സങ്കൽപ്പിക്കുന്നതിനും  , സാമൂഹിക സാമ്പത്തിക നീതി ഉറപ്പ് വരുത്തുന്നതിനുമായി . വിദ്യാഭ്യാസം, ആരോഗ്യ സേവനം, പരിചരണം, ഊർജം, ഭക്ഷ്യം, പാർപ്പിടം, കുടിവെള്ളം, ഗതാഗത സാമൂഹിക സുരക്ഷിതത്വം എന്നീ മേഖലകളിൽ പ്രവർത്തിക്കു ന്ന നൂറുകണക്കിന് സംഘടനകൾ ഒന്നിച്ചു ചേരുകയാണ്. "

ജനങ്ങളുടെ അവകാശങ്ങൾക്കും അവരുടെ പാരിസ്ഥിതികവും സാമൂഹികവുമായ ക്ഷേമത്തിനും മുകളിൽ ലാഭത്തിനും അഴിമതിക്കും പ്രാമുഖ്യം നൽകുന്നതാണ് ; അസമത്വത്തിന്റെ വർദ്ധനവിനു ഇടയാക്കുന്നതാണ് പൊതു സേവനങ്ങളുടെ വാണിജ്യവൽക്കരണവും സ്വകാര്യവൽക്കരണവും എന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ട് സാന്റിയാഗോവിൽ ചേർന്ന ഈ ആഗോള ചെറുത്തു നിൽപ്പ് പ്രസ്ഥാനം. അത് തൊഴിലാളികളെയും  ഉപഭോക്താക്കളെയും സമുദായങ്ങളെയും എതിരായി ബാധിക്കുമെന്നും ചരിത്രപരമായി ചൂഷണം ചെയ്യപ്പെട്ടവരുടെ മേൽ അമിത നിരക്ക് അടിച്ചേൽപ്പിക്കുമെന്നും  നിരീക്ഷിക്കുന്നുണ്ട്.

"ഞങ്ങൾ പ്രഖ്യാപിക്കുന്നത് ഗുണമേന്മയേറിയതും തുല്യത ഉറപ്പു വരുത്തുന്നതുമായ പൊതു സേവനത്തിന് സാർവത്രികമായ ലഭ്യത ഉണ്ടായാൽ മാത്രമേ മെച്ചപ്പെട്ടതും നീതിപൂർവകവുമായ ഒരു സമൂഹത്തിന് അസ്തിവാരം ഇടാനാവൂ എന്നാണ്" എന്ന് അസന്ദിഗ്ധമായി നിർവചിക്കുന്നത് ഒരിക്കൽ ചിക്കാഗോ ബോയ്സിന്റെ കുറിപ്പടി പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളാകെ എല്ലാം നാടൻ - മറുനാടൻ കുത്തകകൾക്ക് തീറെഴുതിയ  ചിലിയൻ മണ്ണിൽ നിന്നു തന്നെയാണ് എന്നത് ചരിത്രത്തിന്റെ കാവ്യനീതി തന്നെ. നിയോലിബറൽ നയങ്ങളും വലതുപക്ഷ ആശയങ്ങളും മുമ്പെന്നത്തേക്കാളും അക്രാമകമായി അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഭൂമിയിലെങ്ങുമുള്ള എല്ലാ വൻകരകളുടെയും പ്രാതിനിധ്യമുള്ള വിവിധ സംഘടനകൾ ഒത്തുചേർന്ന് കൊണ്ട് തങ്ങളുടെ ഭാവി പൊതുവാണ് (our Future is public) എന്ന് പ്രഖ്യാപിക്കുന്നത്.

തൃണമൂലതലത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘടനകളെ ക്ഷമാപൂർവം യോജിപ്പിക്കുന്നതിനുള്ള ഒരു വലിയ ഗൃഹപാഠമുണ്ട്. ഇങ്ങനെയൊരു സമ്മേളനത്തിന്റെ വിജയത്തിന് പിന്നിൽ. ഒട്ടനവധി കൂടിച്ചേരലുകൾക്കും ആശയക്കൈമാറ്റങ്ങൾക്കും ശേഷം 2021 ലാണ് പൊതുസേവനങ്ങൾക്കുള്ള ആഗോള മാനിഫെസ്റ്റോ (Global manifesto for public Services ) തയാറാക്കിയത്. ആയിരക്കണക്കിനാളുകളെയാണ് അതിന് പിന്നിൽ അണിനിരത്തിയത്. പൊതുസേവനങ്ങൾ കച്ചവടവൽക്കരിക്കുന്നതിന്റെ അപായകരമായ ഫലങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, ജനാധിപത്യപരമായ  പൊതു നിയന്ത്രണം തിരിച്ചു പിടിക്കുന്നതിനും ജനതകൾക്കും ഭൂഗോളത്തിനും വേണ്ടി നിലകൊള്ളുന്നതും യഥാർത്ഥ തുല്യതയിൽ അധിഷ്ഠിതവും മനുഷ്യാവകാശോന്മുഖവുമായ ഒരു സമ്പദ് വ്യവസ്ഥയെ പുന: സങ്കൽപിക്കുന്നതിനും ഒത്തുചേർന്ന സംഘടനകളുടെ കൂട്ടായ തീരുമാനമാണ് സാന്റിയാഗോ പ്രഖ്യാപനമായി പുറത്തുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top