09 December Saturday
സെപ്‌തംബർ 11ലെ യുഎസ് അട്ടിമറിക്ക് അമ്പതാണ്ട്

വേരുറപ്പിച്ച് ചിലി

വിജേഷ്‌ ചൂടൽUpdated: Monday Sep 11, 2023


ന്യൂയോർക്കിലെ സ്റ്റാറ്റൻ ദ്വീപിൽ സ്‌നേഹസമ്പന്നരായ മാതാപിതാക്കൾ വളർത്തിയ കുഞ്ഞായിരുന്നു റേച്ചൽ സ്മോൾക. സ്വന്തം അമ്മയിൽനിന്ന്‌ കവർന്നെടുക്കപ്പെട്ട കുഞ്ഞായിരുന്നു താനെന്ന്‌ അവൾ തിരിച്ചറിഞ്ഞത്‌ 41–-ാം വയസ്സിലാണ്‌. അമേരിക്കയിൽനിന്ന്‌ സ്വന്തം വേരുകൾതേടി ചിലിയുടെ ഗ്രാമ, നഗരങ്ങളിലൂടെയുള്ള അലച്ചിലായിരുന്നു പിന്നീട്‌ അവരുടെ ജീവിതവർഷങ്ങൾ. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അവർ തനിക്ക്‌ ജന്മംനൽകിയ സ്‌ത്രീയെ കണ്ടെത്തി. ഏറെ വൈകാരികമായ ആ കൂടിക്കാഴ്‌ച കൗതുകകരമായ വാർത്ത എന്നതിനപ്പുറം ലോകചരിത്രത്തിൽ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ഹീനമായ അട്ടിമറിയുടെ ദുരന്തചിത്രംകൂടിയായി.

9/11 എന്നത്‌ അമേരിക്കയ്‌ക്കെതിരായ ഭീകരാക്രമണത്തിന്റെ ചുരുക്കെഴുത്താണ്‌ ഇന്ന്‌ ലോകത്തിന്‌. എന്നാൽ,  2001ൽ നടന്ന ഭീകരാക്രമണത്തിന്റെ 22–-ാം വാർഷികസ്മരണ അമേരിക്ക പുതുക്കുമ്പോൾ അതിനും മൂന്നു പതിറ്റാണ്ടുമുമ്പ്‌ ലാറ്റിനമേരിക്കയിൽ നടന്ന ഭീകരമായ അട്ടിമറിക്ക്‌ അമ്പതാണ്ട്‌ തികയുകയാണ്‌ ഈ സെപ്‌തംബർ 11ന്‌. 1973ൽ ചിലിയിൽ നടന്ന പൈശാചികമായ സൈനിക അട്ടിമറിയെ ജനതയ്‌ക്കുനേരെയുള്ള ഭീകരാക്രമണമെന്നു വിശേഷിപ്പിച്ചാൽ അതിൽ പ്രതിസ്ഥാനത്ത്‌ അമേരിക്കൻ സാമ്രാജ്യത്വമായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ മരണത്തിലേക്കും തിരോധാനത്തിലേക്കും നയിച്ച ആ സെപ്തംബർ 11ലെ  അട്ടിമറി ചരിത്രത്തെ നടുക്കിയ കുപ്രസിദ്ധ സാമ്രാജ്യത്വ കുതന്ത്രമാണ്‌. ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ്‌ സർക്കാരിനെ പുറത്താക്കുന്നതിൽ അമേരിക്ക നേരിട്ട്‌ ഇടപെട്ടിരുന്നുവെന്ന്‌ അവരുടെതന്നെ ചാരസംഘടനയുടെ രേഖകൾ ഈയിടെ പുറത്തുവന്നിരുന്നു.

മൂവായിരത്തിലേറെ കൊലപാതകവും ആയിരങ്ങളുടെ തിരോധാനവും ക്രൂരമായ പീഡനങ്ങളും മാത്രമല്ല, പാവപ്പെട്ട അമ്മമാരിൽനിന്ന് കുഞ്ഞുങ്ങളെ മോഷ്ടിച്ചു കടത്തുന്ന സമ്പ്രദായവും നിലനിന്ന 17 വർഷത്തെ ഏകാധിപത്യത്തിന്റെ തുടക്കമായിരുന്നു ചിലിയിൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിലുള്ള സൈനിക അട്ടിമറി. 50 വർഷംമുമ്പാണ്‌ പിനോഷെ അധികാരം പിടിച്ചെടുത്തതെങ്കിലും ചിലിയൻ ജനതയും ചിലിയൻ- അമേരിക്കക്കാരും ആ ഏകാധിപത്യവാഴ്‌ചയുടെ അനന്തര ദുരന്തങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്‌. ചിലിയിൽനിന്ന് നിയമവിരുദ്ധമായി ദത്തെടുക്കപ്പെട്ടവരാണ്‌ തങ്ങളെന്ന സത്യം അമേരിക്കക്കാരെന്ന്‌ ഊറ്റംകൊണ്ടിരുന്ന പലരും തിരിച്ചറിയുന്നു. യുഎസിൽ 2014-ൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടതിനുശേഷം നിരവധിപേരാണ്‌ സ്വന്തം വേരുകൾ തേടി ചിലിയിൽ എത്തുന്നത്‌.

അമേരിക്കൻ സാമ്രാജ്യത്വം ലാറ്റിനമേരിക്കയിൽ നടത്തിയ അട്ടിമറികളുടെ ചരിത്രത്തിൽ ഏറ്റവും ഹീനമായിരുന്നു ചിലിയുടെ ഏറ്റവും ജനകീയനായ നേതാവായിരുന്ന സാൽവദോർ അലൻഡെയുടെ സർക്കാരിനെതിരെ നടന്നത്‌. 1973 സെപ്തംബർ 11-ന് സാന്റിയാഗോയിൽ ടാങ്കുകളും ബോംബ് വർഷിക്കുന്ന ജെറ്റ്‌ വിമാനങ്ങളും ഇരമ്പിയെത്തി. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനത്തോടെ മൂന്നുവർഷംമുമ്പ് ജനാധിപത്യപരമായി അധികാരത്തിലെത്തിയ സോഷ്യലിസ്റ്റ് നേതാവ് സാൽവദോർ അലൻഡെയുടെ പ്രസിഡൻഷ്യൽ കൊട്ടാരം ആക്രമിച്ചു. രാജിവച്ചൊഴിയാനുള്ള അന്ത്യശാസനത്തിന്‌ വഴങ്ങാതിരുന്ന അലൻഡെ വെടിയേറ്റുവീണു. അട്ടിമറിയുടെ ദിവസം രാവിലെ ജനങ്ങളോടുള്ള തന്റെ അവസാന സംപ്രേഷണത്തിൽ അലൻഡെ  പറഞ്ഞു: "‘ചിലിയെ സ്നേഹിക്കൂ, ജനങ്ങൾ ജീവിക്കൂ! തൊഴിലാളികൾ നീണാൾ വാഴട്ടെ!.’’ അലൻഡെ  കൊല്ലപ്പെട്ട്‌ രണ്ടു ദിവസത്തിനുശേഷം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പിനോഷെ ഇടതുപക്ഷ പാർടികളെ നിയമവിരുദ്ധമാക്കുകയും ഇനിയൊരു തെരഞ്ഞെടുപ്പ്‌ ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാർക്‌സിസ്റ്റ് ഭരണം സൃഷ്ടിച്ച അരാജകത്വത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ദേശസ്‌നേഹംകൊണ്ട് മാത്രമാണ് സൈന്യം ഇടപെട്ടതെന്നാണ്‌ അട്ടിമറിക്കുശേഷം രാജ്യത്തെ അഭിസംബോധനചെയ്ത്‌ പിനോഷെ പറഞ്ഞത്‌. എന്നാൽ, അരനൂറ്റാണ്ടിനിപ്പുറം ലാറ്റിനമേരിക്കൻ പൊതുവികാരത്തിനൊപ്പം ചേർന്ന്‌ ചിലിയിൽ വീണ്ടും ഇടതുപക്ഷം ഭരണത്തിലെത്തി.

കുപ്രസിദ്ധമായ അട്ടിമറിക്ക്‌ അരനൂറ്റാണ്ട്‌ തികയുമ്പോഴാണ്‌ ചിലിയിൽ വീണ്ടും ചുവപ്പ്‌ വസന്തം തീർക്കുന്നത്‌ എന്നത്‌ കാലത്തിന്റെ കാവ്യനീതിയായി. ‘ചിലിയുടെ ഭൂതകാലം സാൽവദോർ അലൻഡെയുടെ നാമത്തിൽ ജീവിക്കുകയാണ്‌’ എന്ന ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ വാക്കുകളെ അന്വർഥമാക്കി ഗബ്രിയേൽ ബൊറിചിന്റെ  വിജയം. എത്ര ഉന്മൂലനംചെയ്യാൻ ശ്രമിച്ചാലും വേരറ്റുപോകാത്ത ഉള്ളുറപ്പാണ്‌ കമ്യൂണിസമെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തുകയാണ്‌ ഇന്ന്‌ ചിലി. ബൊറിച്‌ കമ്യൂണിസ്റ്റാണ്‌ എന്നാണ്‌ എതിർ സ്ഥാനാർഥിയായിരുന്ന ഹോസെ അന്റോണിയോ കാസ്റ്റ്‌ ‘ആക്ഷേപിച്ചത്‌’. എന്നാൽ, ആ ആക്ഷേപം കമ്യൂണിസത്തിന്റെ ചെറുതല്ലാത്ത പാരമ്പര്യം മണ്ണിലും മനസ്സിലും പേറുന്ന ചിലിയിൽ ആത്യന്തികമായി ബൊറിചിന്‌ അനുകൂല തരംഗമായി. 2021 ഡിസംബർ 19ന്, പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ 55.90 ശതമാനം വോട്ട്‌ നേടി വിജയിച്ച ബൊറിച്‌ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌, രാജ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടിന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ എന്നിവയ്‌ക്കൊപ്പം ലോകത്ത്‌ നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ രാഷ്‌ട്രനേതാവായും മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇടതുപക്ഷ ബ്ലോക്കിന്റെ സ്ഥാനാർഥിത്വം നേടിയപ്പോൾ ബൊറിച്‌ നടത്തിയ പ്രഖ്യാപനം ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികൾക്കും ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവർക്കും ആവേശം പകരുന്നതായിരുന്നു. ‘ചിലി നവലിബറലിസത്തിന്റെ  കളിത്തൊട്ടിലായിരുന്നെങ്കിൽ, അതിന്റെ കുഴിമാടവും ഇവിടം തന്നെയാകും’ എന്നായിരുന്നു ആ പ്രഖ്യാപനം.

പിനോഷെയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട 1990-ലാണ്‌ ചിലിയിൽ കമ്യൂണിസ്റ്റ് പാർടി വീണ്ടും നിയമവിധേയമായത്‌. തുടർന്ന്‌ ചിലിയിൽ നവലിബറൽ നയങ്ങൾക്കെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങൾക്ക്‌ അടിത്തറപാകിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌. 2000-ലെ തെരഞ്ഞെടുപ്പിലെ സോഷ്യലിസ്റ്റ് നേതാവ്  റിക്കാർഡോ ലാഗോസിന്റെ വിജയത്തിലും തുടർന്ന്‌ 2006ൽ ചിലിയുടെ ആദ്യ വനിതാ പ്രസിഡന്റായ സോഷ്യലിസ്റ്റ് നേതാവ്‌ മിഷേൽ ബാഷ്‌ലെയുടെ വിജയത്തിലും കമ്യൂണിസ്റ്റുകളുടെ പിന്തുണ നിർണായകമായിരുന്നു. 2013 മുതൽ 2018 വരെ, മിഷേൽ ബാഷ്‌ലെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യമായ ന്യൂവ മയോറിയയിൽ അംഗമായിരുന്നു കമ്യൂണിസ്റ്റ്‌ പാർടി. റിക്വലേറ്റ, സാന്റിയാഗോ സെന്റർ, ലോ എസ്‌പെജോ എന്നീ നഗരങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർടി അംഗങ്ങൾ മേയർമാരായി. റിക്വലേറ്റ മേയറായിരുന്ന ജാദുവിനെ കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. എന്നാൽ, പ്രൈമറിയിൽ രണ്ടാം സ്ഥാനത്തായതോടെ അദ്ദേഹം പിന്മാറി ബൊറിചിന്‌ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വൈരുധ്യങ്ങളുണ്ടെങ്കിലും പരസ്‌പര സഹകരണത്തോടെയാണ്‌ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഉൾപ്പെടുന്ന ഇടതുപക്ഷ‐ മധ്യ ഇടതുപക്ഷ സഖ്യം ചിലിയിൽ മുന്നോട്ടുപോകുന്നതെന്നതിന്‌ തെളിവായി ഇത്‌. രൂക്ഷമായ അഭിപ്രായഭിന്നതകൾ ചില ഘട്ടങ്ങളിൽ ഉയർന്നുവരുമ്പോൾ തന്നെ സാമ്രാജ്യത്വവിരുദ്ധവും ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ ആഭിമുഖ്യവുമുള്ള പൊതുരാഷ്‌ട്രീയത്തെ സംരക്ഷിക്കാൻ എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധതയോടെ ഇടപെടുന്നു. ആ കൂട്ടായ്‌മയിലാണ്‌ ചിലിയിൽ വീണ്ടും ചുവപ്പ്‌ പൂക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top