28 January Saturday

‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ’

ഡോ. ടി ഗീനാകുമാരിUpdated: Monday Nov 14, 2022"ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരുകോടി ഈശ്വരവിലാപം’ വി മധുസൂദനൻ  നായരുടെ ഈ വരികൾ എവിടെയെല്ലാം പ്രതിധ്വനിക്കുന്നുണ്ടെന്ന പരിശോധനയാണ് ശിശുദിനത്തിൽ ഉയർന്നു നിൽക്കുന്നത്. സമൂഹത്തിൽ നല്ലതെല്ലാം കുട്ടികൾക്കുവേണ്ടി മാറ്റിവയ്‌ക്കണമെന്നതാണ്  സാർവത്രികാംഗീകാരം നേടിയ ലോകാഭിപ്രായം. നല്ലതു പോയിട്ട് എന്തെങ്കിലും അവർക്കായി ഭരണകൂടത്തിനും സമൂഹത്തിനും മാറ്റിവയ്‌ക്കാനായോ. കുട്ടികൾ നാളത്തെ പൗരന്മാരും ഇന്നിന്റെ ചൈതന്യവത്തായ സാമൂഹ്യ പരിച്ഛേദവുമാണ്. ഒരു സമൂഹത്തിന്റെ പുരോഗമനോന്മുഖത പരിശോധിക്കുമ്പോൾ  കുട്ടികളുടെ   സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യാവസ്ഥയെ അവഗണിക്കാനാകില്ല. ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും ഭരണസംവിധാനവും ഭരണകർത്താക്കളും തങ്ങളുടെ ചുമതലയായി ബാലാവകാശ സംരക്ഷണത്തെ പരിഗണിക്കുന്നുണ്ടോ, അർഹിക്കുന്ന പരിഗണനയും പ്രാധാന്യവും ഈ വിഷയത്തിന് പൊതുവെ ലഭിക്കുന്നുണ്ടോ. ഇല്ലെന്ന ഉത്തരത്തിലേക്ക്‌ എത്താൻ അധിക ഗവേഷണങ്ങളോ സ്ഥിതിവിവരക്കണക്കുകളോ ഉദ്ധരിക്കേണ്ടതില്ല.

1917ൽ ഉദയംകൊണ്ട സോവിയറ്റ് യൂണിയനിലാണ് കുഞ്ഞുങ്ങൾക്ക് മുന്തിയ  പരിഗണന ലഭിക്കുന്ന നിയമസംഹിതകളും നടപടികളും ഉണ്ടായത്. കുട്ടികളുടെ ആരോഗ്യ പരിരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും സാർവത്രിക പരിഗണന ലഭിച്ച രാജ്യവും പഴയ സോവിയറ്റ് യൂണിയൻതന്നെ. സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്ന നിലയിലേക്ക് ശിശുസംരക്ഷണത്തെ ആദ്യമായി സമീപിച്ചതും സോവിയറ്റ്‌ യൂണിയനാണ് . ഇന്ത്യയിൽ 1974ൽ കുട്ടികൾക്കായി ഒരു നയപ്രഖ്യാപനം (നാഷണൽ പോളിസി ഓൺ ചിൽഡ്രൻ) നടത്തിയിരുന്നു. 1992ൽ തന്നെ 1959 ലെ  യുഎൻ കൺവൻഷൻ നിർദേശങ്ങൾ ഇന്ത്യാ  സർക്കാർ പൂർണമായും അംഗീകരിച്ചു. മാനവശേഷി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദേശീയ പ്രവർത്തനരേഖയും അംഗീകരിച്ചു. ഇതിനൊക്കെ മുമ്പുതന്നെ  കുട്ടികളെ ചെറുപ്രായത്തിൽ അവഹേളനത്തിന് വിധേയരാക്കരുത്, പ്രായത്തിനും ആരോഗ്യത്തിനും നിരക്കാത്ത ജോലികളിൽ ഏർപ്പെടുത്തരുത്,  സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പുവരുത്തണം, അവഗണന ഒഴിവാക്കണം എന്നിങ്ങനെയെല്ലാമുള്ള സംരക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പാക്കിയിരുന്നു. മാത്രമല്ല,  ബാലവേല നിരോധന നിയമം, ബാലവിവാഹ നിരോധനനിയമം, വിദ്യാഭ്യാസ അവകാശനിയമം, ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ  സംരക്ഷിക്കുന്ന നിയമം  തുടങ്ങി കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ നിരവധി നിയമം രാജ്യത്ത് പ്രാബല്യത്തിലുണ്ട്. എന്നാൽ, ഈ നിയമങ്ങളുടെ നടത്തിപ്പിനാവശ്യമായ സംവിധാനങ്ങൾ തീർത്തും ദുർബലമാണ്. അതുകൊണ്ടുതന്നെ ബാലാവകാശ ലംഘനങ്ങൾ സാർവത്രികമായി രാജ്യത്താകെ അരങ്ങേറുന്നു

ഇന്ത്യയിലെ ശിശുക്കൾ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്  ഉയർന്നനിരക്കിലുള്ള പോഷകാഹാരക്കുറവും ശിശുമരണനിരക്കും. ഒരു ദിവസം നൂറുകണക്കിന് കുഞ്ഞുങ്ങൾ ഭക്ഷണം ഇല്ലാത്തതുകൊണ്ടുമാത്രം മരിച്ചുവീഴുന്ന നാടാണ് ഇന്ത്യ. 10 കോടിയോളം കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നില്ല. മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലായി മൂന്നര ലക്ഷത്തോളവും ഡൽഹിയിൽ ഒരു ലക്ഷത്തിലേറെയും തെരുവുകുട്ടികൾ ഉണ്ടെന്നാണ് കണക്കുകൾ. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും യൂണിസെഫിന്റെയും കണക്കുകൾ പ്രകാരം ലോകത്ത് ബാലവേല കൂടിവരിക എന്നല്ലാതെ കുറയുന്ന പ്രതീതിയില്ല. കഴിഞ്ഞ നാലു വർഷത്തിനിടെ ഉയർന്നത് 84 ലക്ഷമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് 1077 കുട്ടികൾക്കാണ് അച്ഛനമ്മമാരെ നഷ്ടമായിരിക്കുന്നതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. യഥാർഥ കണക്കുകൾ എത്രയോ വലുതാണ്.

ജീവിതസുരക്ഷിതത്വം ഉണ്ടെന്നു കരുതുന്ന വീടുകളിലും കുട്ടികൾ സുരക്ഷിതരാണോ. "ഉണ്ണിക്കേഴ് വയസ്സ്‌ കഴിഞ്ഞു, കണ്ണും കാതുമുറച്ചു കഴിഞ്ഞു പള്ളിക്കൂടത്തിൽ പോയി പഠിക്കാനുള്ളിൽ കൗതുകമേറിക്കഴിഞ്ഞു’–- എന്നു പാടിയ ഇടശ്ശേരിയുടെ കേരളത്തിലല്ലാതെ മറ്റെവിടെയാണ് എല്ലാ കുട്ടികൾക്കും എലമെന്ററി വിദ്യാഭ്യാസം  ഉറപ്പാക്കണമെന്ന  ഭരണഘടനാ നിർദേശം നടപ്പായത്. ശാരീരികമായും മാനസികമായും നേരിടേണ്ടിവരുന്ന പീഡനങ്ങൾ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പകർന്നുനൽകുന്ന ദുരിതങ്ങൾ, ജാതി-മത ഭ്രാന്തിനാൽ ജീവൻപോലും പൊലിയേണ്ടിവരുന്ന കുരുന്നുകൾ   തുടങ്ങി സമകാലിക ഇന്ത്യ അരക്ഷിത ബാല്യങ്ങളുടേതാണ്.
"ചെറുപ്പത്തിലേ  പിടികൂടുക’ എന്ന ലക്ഷ്യത്തോടെ ജാതി-–- മത വർഗീയശക്തികൾ  കുഞ്ഞുങ്ങളെ പിടിമുറുക്കുകയും വർഗീയതയുടെ ചിഹ്നങ്ങൾ പേറുന്നവരും ഇരകളുമാക്കി മാറ്റുകയും ചെയ്യുന്നു. ഹിന്ദു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനായി ഹൈന്ദവ തീവ്രവാദികളും ഇസ്ലാമിക രാഷ്ട്രത്തിനായി ഇസ്ലാമിക തീവ്രവാദികളും പരസ്‌പരം പോരടിക്കുമ്പോൾ തെരുവുകളിൽ ചോരയൊലിക്കുന്ന കൈകളാൽ ഉറ്റവരെ ചേർത്തുപിടിക്കുന്ന  കുരുന്നുകൾ മായാത്ത കാഴ്ചകളാണ്. ജഹാംഗീർപുരിയിൽ ബുൾഡോസറിനാൽ ഇടിച്ചുനിരത്തപ്പെട്ടത് കുഞ്ഞുങ്ങളുടെ ഇടംകൂടിയായിരുന്നു.

ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ നാടാണ് കേരളം. അഞ്ചുവയസ്സ്‌ പൂർത്തിയായ മുഴുവൻ കുട്ടികളും സ്കൂളിൽ പോകുന്ന ഇന്ത്യയിലെ ഏക  സംസ്ഥാനം കേരളമാണ്.  കേരളത്തിൽ എത്തിച്ചേരുന്ന അന്യസംസ്ഥാന കുട്ടികളെക്കൂടി ഈ നേട്ടത്തിലേക്ക്‌ ഉയർത്താൻ കേരള സർക്കാർ ശ്രമം ആരംഭിച്ചിരിക്കുകയാണ്.  നല്ലതെല്ലാം കുട്ടികൾക്കുവേണ്ടി മാറ്റിവയ്‌ക്കുന്ന പൊതുപ്രവണത കേരളത്തിലുടനീളം ദൃശ്യമാകുന്നു. രോഗ പ്രതിരോധത്തിന്റെയും രോഗ ചികിത്സയുടെയും രംഗത്ത് കേരളം നേടിയ വൻമുന്നേറ്റമാണ് ലോകത്തുതന്നെ ബാലമരണക്കണക്ക് നിരക്കിൽ ഏറ്റവും കുറവുള്ള നാടായി കേരളത്തെ മാറ്റിയത്. കുട്ടികൾക്കും സ്ത്രീകൾക്കുംവേണ്ടിയുള്ള പുതിയ വകുപ്പ് യാഥാർഥ്യമാക്കിയതും  ബാലവേല - ബാലഭിക്ഷാടന -  ബാലചൂഷണത്തെരുവ് ബാല്യവിമുക്ത കേരളത്തിനായി   ആവിഷ്‌കരിച്ചു നടപ്പാക്കിയ ‘ശരണബാല്യം’ പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിച്ചതും എടുത്തുപറയേണ്ട സർക്കാർ ഇടപെടലാണ് . ബാലാവകാശ സംരക്ഷണത്തിനുള്ള ഔദ്യോഗിക സംവിധാനങ്ങൾ  കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളും  പ്രശംസനീയമാണ്.

എന്നാൽ, ഇതിന്റെ അർഥം കേരളത്തിലെ കുട്ടികൾക്ക് പ്രശ്നങ്ങളില്ല എന്നല്ല.  കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പൂർണമായി തടയാനായിട്ടില്ല. കുട്ടികൾക്കുള്ള അനാഥാലയങ്ങളും സംരക്ഷണകേന്ദ്രങ്ങളും തീർത്തും സുരക്ഷിതമല്ലെന്ന ആധികാരിക പഠനങ്ങൾ വരുന്നുണ്ട്.  ജനസംഖ്യാനുപാതികമായ ക്ഷേമപദ്ധതി വിഹിതം കുട്ടികളുടെ മേഖലയിൽ ചെലവഴിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതോടൊപ്പംതന്നെ ചിതറിക്കിടക്കുന്ന ബാലാവകാശ സംരക്ഷണനിയമങ്ങൾ ക്രോഡീകരിച്ച്‌  പൊതുനിയമം പാസാക്കിയെടുക്കണം.  കുട്ടികൾ പൊതുവെ മുതിർന്നവരുടെ സന്തോഷത്തിനും സൗകര്യത്തിനും അനുസരിച്ച്‌ ആടേണ്ടവരും പാടേണ്ടവരും വളരേണ്ടവരുമാണെന്നും നിയന്ത്രിക്കപ്പെടേണ്ടവരാണെന്നുമുള്ള  ധാരണയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അവർക്കൊരു മനസ്സുണ്ട്, അവർക്കും സന്തോഷങ്ങളും താൽപ്പര്യങ്ങളുമുണ്ടെന്ന നിലയിൽ എപ്പോഴാണ് നമുക്ക് മാറാനാകുക. വീടുകളിലും പൊതുഇടങ്ങളിലും കുട്ടികളോടുള്ള  മോശം പെരുമാറ്റവും ഇടപെടലും ഒഴിവാക്കപ്പെടേണ്ടതുണ്ട്. അത്തരം മാതൃക സൃഷ്ടിക്കാൻ സാംസ്‌കാരിക കേരളത്തിന് ഉത്തരവാദിത്വമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top