28 March Thursday

രക്തതാരകമായി ചീമേനി - പി കരുണാകരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ചീമേനി കൂട്ടക്കൊലയ്ക്ക് കേരള ചരിത്രത്തിൽ സമാനതകളില്ല. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരത. മറ്റൊരു പാർടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വെട്ടിപ്പിളർന്നും തീയിൽ ചുട്ടെരിച്ചും അഞ്ചു മനുഷ്യരെ പച്ചജീവനോടെ കൊന്നുകളഞ്ഞ കൊടുംക്രൗര്യം കോൺഗ്രസിനുമാത്രം അവകാശപ്പെട്ടത്. ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും കിരാതമായി വകവരുത്താൻ അന്ന് കോൺഗ്രസിന് ധൈര്യം പകർന്നത്.

ചീമേനിയിലെ അഞ്ച് രണധീരന്മാരുടെ ജീവത്യാഗത്തിന് വ്യാഴാഴ്‌ച 36 വർഷം പൂർത്തിയാകുന്നു. ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവരുടെ വീരസ്മരണ  നാം വീണ്ടും പുതുക്കുകയാണ്. 1987 മാർച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാർടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള അറുപതോളം പേരാണ് ഉണ്ടായിരുന്നത്. സമയം വൈകിട്ട്‌ അഞ്ചു കഴിഞ്ഞതോടെ തൊട്ടടുത്ത കോൺഗ്രസ് ഐ ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയിൽ കടലാസും പെൻസിലുമായി നിന്ന സഖാക്കൾക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാൻ കഴിയുമായിരുന്നില്ല. ചിലർ ഓടി. മറ്റുള്ളവർ പാർടി ഓഫീസിനകത്ത് അഭയംതേടി.


 

വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങി. വാതിൽ തുറക്കുന്നത് ബെഞ്ചും ഡെസ്കുമിട്ട് അകത്തുള്ള സഖാക്കൾ തടഞ്ഞു. അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു.  ഓഫീസിന് 200 വാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. കോൺഗ്രസുകാർ പുല്ലിൻകെട്ടുകൾ കൊണ്ടുവന്ന് ജനലുകൾവഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങൾക്കകം പാർടി ഓഫീസ് അഗ്നിഗോളമായി. ഒന്നുകിൽ അകത്ത് വെന്തുമരിക്കണം അല്ലെങ്കിൽ നരഭോജികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കൾ തീരുമാനിച്ചു–- എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിർന്ന ആളായ ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികൾ ചാടിവീണു. നിമിഷങ്ങൾക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കൾ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലിൽ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലപ്പെടുത്തി. അകത്തുള്ളവർ ഇതൊക്കെ കാണുകയായിരുന്നു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന, വീടും കുടുംബവും സമ്പത്തുമൊക്കെ പാർടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പൻ. ഘാതകർ തല തല്ലിപ്പൊളിച്ചു.

തൃപ്തി വരാതെ പാർടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞ് തീയിട്ടുകൊലപ്പെടുത്തി. തുടർന്ന്, പുറത്തുചാടിയ എം കോരനെ കൊലയാളികൾ ആഞ്ഞുവെട്ടി. കോരൻ കുറേദൂരം ഓടി. പിന്നാലെ പാഞ്ഞ ഘാതകർ കാൽ വെട്ടിമുറിച്ചു. ഓടാൻ കഴിയാതെ വീണ കോരനെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്ണൻ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയിൽ ഉപേക്ഷിച്ചു. ഇതിനിടെ, കൊല ചെയ്യപ്പെടുമെന്ന ധാരണയിൽത്തന്നെ ഓഫീസിനകത്ത്‌ ഉണ്ടായിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ചാടി. അക്രമിസംഘം പിന്തുടർന്ന് പരിക്കേൽപ്പിച്ചു. പലരും പല സ്ഥലത്തും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയിൽ ഉപേക്ഷിക്കുകയായിരുന്നു. 

ചീമേനിയിലെ തെരഞ്ഞെടുപ്പുചുമതല ലോക്കൽ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അടുത്ത കടയിൽ അഭയംതേടി. കടയുടമയുടെ എതിർപ്പ് വകവയ്ക്കാതെ, വലിച്ചിഴച്ച് റോഡിലിട്ട് മർദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികൾ കടവരാന്തയിൽ ഉണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായാണ് സഖാവിനെ കൊലപ്പെടുത്തിയത്.  മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകം അറിഞ്ഞ് ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിൽ എത്തി.


 

ജാലിയൻവാലാബാഗിനു സമാനമായ സംഭവമെന്നാണ് അന്ന്‌ ഇ എം എസ് പറഞ്ഞത്. പക്ഷേ, കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് വൻഭൂരിപക്ഷത്തോടെ വിജയിച്ച ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നു. ചീമേനി സഖാക്കളുടെ രക്തസാക്ഷിത്വം പാർടിയുടെ മുന്നേറ്റപാതയിൽ തലമുറകളെ ത്രസിപ്പിക്കുന്ന ഊർജസ്രോതസ്സായി. അത്തരം നിരവധി രക്തസാക്ഷിത്വങ്ങളുടെയും ധീരോദാത്തമായ പോരാട്ടങ്ങളുടെയും കരുത്തിൽ ഉയിർകൊണ്ട കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ജനങ്ങൾക്ക്‌ തണലൊരുക്കി അതിശക്തമായി മുന്നോട്ടുപോകുകയാണ്‌.

തുടർച്ചയായി രണ്ടാംതവണയും അധികാരത്തിൽവന്ന എൽഡിഎഫ്‌ സർക്കാർ ജനക്ഷേമ ഭരണം കാഴ്‌ച വയ്‌ക്കുകയാണ്‌.  പെൻഷനും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി. മികച്ച വിദ്യാലയങ്ങളും ആശുപത്രികളും ഭൗതികസൗകര്യങ്ങളും ഏർപ്പെടുത്തിയ സർക്കാർ വികസനരംഗത്ത്‌ പുതുചരിത്രമാണ്‌ സൃഷ്ടിക്കുന്നത്‌. സിപിഐ എമ്മും ഇടതുപക്ഷവും സർക്കാരുമെല്ലാം വർധിച്ച ജനപിന്തുണയോടെ കൂടുതൽ കരുത്തുനേടുമ്പോൾ എതിരാളികൾ അസ്വസ്ഥരാകുന്നു. ഏതുവിധേനയും സംഘർഷമുണ്ടാക്കി വികസന, ക്ഷേമപ്രവർത്തനം തടയാമെന്ന ധാരണയോടെയാണ്‌ കോൺഗ്രസും ബിജെപിയും യോജിച്ചു പ്രവർത്തിക്കുന്നത്‌. നിയമസഭയെപ്പോലും അക്രമവേദിയാക്കാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമം. ഈ കുതന്ത്രമെല്ലാം തിരിച്ചറിഞ്ഞ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും സർക്കാരിനെയും സംരക്ഷിക്കാൻ കേരള ജനത മുന്നോട്ടുവരുമെന്ന്‌ ഉറപ്പാണ്‌. ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓർമ ആ പോരാട്ടങ്ങൾക്ക് കരുത്തുപകരും. ധീരരക്തസാക്ഷികളുടെ സ്മരണയ്ക്കുമുന്നിൽ രക്തപുഷ്‌പങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top