09 December Saturday
ഇന്ന് ചട്ടമ്പിസ്വാമി ജയന്തി

ഇരുളിൽ ആദ്യകിരണം

പ്രൊഫ. എം എം നാരായണന്‍Updated: Tuesday Sep 5, 2023

ഭാരതീയ നവോത്ഥാനത്തിന്റെ കേവലമായ ഭാഗമായിമാത്രം കേരളീയ നവോത്ഥാനത്തെ ചുരുക്കിക്കെട്ടാനാകില്ല. അത് ദേശീയ ചരിത്രത്തിന്റെ ഭാഗമല്ല, വിശിഷ്ടവും വ്യത്യസ്തവുമായ "വിഭാഗ'മാണെന്നുതന്നെ പറയേണ്ടതുണ്ട്. ദേശീയ നവോത്ഥാനം നാമ്പെടുക്കുന്നത് ബംഗാളിലാണെങ്കിൽ, അതേ കാലത്തുതന്നെ കേരളത്തിൽ നവീനമായൊരു പ്രബുദ്ധതയുടെ തിരി തെളിയുന്നുണ്ട്. രാജാറാം മോഹൻ റോയിയുടെ സമകാലികനായിരുന്ന വൈകുണ്ഠസ്വാമി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽത്തന്നെ തന്റെ "അയ്യാവഴി' വെട്ടിത്തുറന്നുകഴിഞ്ഞിരുന്നു. പൊതുകിണറുകൾ കുഴിച്ചും "സമപന്തിഭോജനം' സംഘടിപ്പിച്ചും സർവോപരി "സമത്വസമാജ'മെന്ന സങ്കൽപ്പം മുന്നോട്ടുവച്ചും അദ്ദേഹം കാലത്തിനും ദേശത്തിനുമപ്പുറത്ത് ബഹുദൂരം സഞ്ചരിക്കുന്നുണ്ട്. തുടർന്ന്, അയ്യാവൈകുണ്ഠൻ ഒഴിച്ചിട്ട അരങ്ങ് പൊലിക്കാൻ നമ്മുടെ നവോത്ഥാന ചരിത്രത്തിലെ ത്രിമൂർത്തികളായ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും അയ്യൻകാളിയും ഒത്തുചേർന്ന് എത്തുകയും ചെയ്യുന്നുണ്ട്.

ചട്ടമ്പി ദരിദ്രനും അയ്യൻകാളി ദളിതനും ഗുരു അവർണനുമാകയാൽ മൂവർക്കും അരികുവൽക്കരിക്കപ്പെട്ടവരുടെയും കീഴാളരുടെയും പ്രാതിനിധ്യം ജന്മലബ്ധംതന്നെയായിരുന്നു. ബംഗാളിലോ തമിഴ്നാട്ടിലോ പോലുള്ള സാമൂഹ്യപരിഷ്‌കരണത്തിന്റെ ചിത്രത്തിലും ചരിത്രത്തിലും സംദൃശ്യമല്ലാത്ത ഈ കീഴാള ഉള്ളടക്കമാണ് ആധുനിക കേരള ചരിത്രത്തിന് അന്യഭിന്നമായൊരു ഗതിക്രമം സമ്മാനിച്ചത്. മനുഷ്യർക്കിടയിൽ സാമിപ്യവും സമ്പർക്കവും  സാഹോദര്യവും  പുലർത്തുന്നത് അധർമവും ആചാരലംഘനവുമാണെന്ന മൂഢവിശ്വാസം പുലർന്ന ഒരു സമൂഹത്തിൽ, സമത്വബോധവും സാഹോദര്യഭാവനയും സഹാനുഭൂതിയും വിളയിച്ചെടുക്കാനുള്ള ദൗത്യമാണ് ചട്ടമ്പിസ്വാമികൾ സ്വയം ഏറ്റെടുത്തത്. കാവിയുടുക്കാത്ത ഈ യോഗിയുടെ വാക്കുകൾ അന്ധകൂപത്തിലെത്തുന്ന ആദ്യകിരണംപോലെ മലയാളിയുടെ ഇരുണ്ട മനോഗുഹകളിൽ വെളിച്ചം വിരിച്ചു.

ചട്ടമ്പിസ്വാമികൾ നാരായണഗുരുവുമായി സന്ധിക്കുന്നതും അവസാനംവരെ തുടർന്നതുമായ അപൂർവവും അസാധാരണവുമായ ഒരു സമുജ്വലധൈഷണികസാഹോദര്യത്തിന് തുടക്കമിടുന്നത് 1882-ൽ ആണ്. സ്വാമിയും ഗുരുവും പരസ്പരം പല കാര്യങ്ങളിലും യോജിക്കുകയും ചിലകാര്യങ്ങളിൽ സ്വാഭാവികമായി വിയോജിക്കുകയും ചെയ്തിരുന്നു. ഗുരുവിന് അന്തർമുഖത്വമാണുള്ളതെങ്കിൽ സ്വാമിയുടെ വ്യക്തിത്വത്തിന്റെ മുദ്ര ബഹിർമുഖത്വമായിരുന്നു. ഗുരുവിനെ ചട്ടമ്പിസ്വാമി “എന്റെ നാണൻ” എന്നും കുമാരനാശാനെ “എന്റെ തങ്കക്കുടം കുമാരൻ” എന്നും വിളിക്കത്തക്കവിധം ആ വിശിഷ്ട സൗഹൃദത്തിന് അത്രമേൽ ഇഴയടുപ്പമുണ്ടായിരുന്നു. “അനുകമ്പയാകുന്ന തേൻകൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ്” എന്ന ചട്ടമ്പിസ്വാമികളുടെ വാക്കുകളെ, “ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന ചിന്ത”യായി ഗുരു തന്റെ “അനുകമ്പാദശക”ത്തിൽ വ്യാഖ്യാനിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

ചിന്താപരമായി ഒരേ തരംഗദൈർഘ്യമുള്ള ഗുരുവുമായി കൂട്ടുകൂടുമ്പോൾത്തന്നെ ചട്ടമ്പിസ്വാമികൾ, അക്കാലത്ത് കേരളം സന്ദർശിച്ച വിവേകാനന്ദനെ കണ്ടുമുട്ടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. വിശ്വവിഖ്യാതനായ ആ വംഗയുവസന്യാസി “ഞാൻ മലബാറിൽ ഒരു യഥാർഥ മനുഷ്യനെ കണ്ടു” എന്നാണ് ചട്ടമ്പിസ്വാമികളുമായുള്ള തന്റെ ആ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ആചാരബദ്ധമല്ലാത്ത, ആദർശശുദ്ധമായ ഒരു മതദർശനമാണ് ചട്ടമ്പിസ്വാമികൾ ഉയർത്തിപ്പിടിച്ചത്. ആചാരം മതത്തിന്റെ രൂപമാണെങ്കിൽ ആദർശം മതത്തിന്റെ സാരമാണ്. രൂപത്തിൽ വ്യത്യസ്തമായ മതങ്ങളുടെ സാരം ഏകമാണെന്ന് അദ്ദേഹം വാദിക്കുകയും സ്ഥാപിക്കുകയും ചെയ്തു. ശാങ്കര ദർശനത്തിന് അജ്ഞാതവും അപ്രാപ്യവുമായ ചിന്തയുടെ മറുകരയിലേക്ക് അദ്വൈതത്തിന്റെതന്നെ തോണിയിലേറിയാണ് അദ്ദേഹം തുഴഞ്ഞുപോയത്.

ചട്ടമ്പിസ്വാമികളെപ്പോലെ ശ്രീനാരായണ ഗുരുവും ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനുമെല്ലാം ഈ തോണിയടുപ്പിച്ചത് ആ കടവിൽത്തന്നെയായിരുന്നു. ചട്ടമ്പിസ്വാമികളുടെ ""അദ്വൈത ചിന്താപദ്ധതി”യിൽ തന്റെ ദാർശനികമായ ആ യാത്രാനുഭവമാണ് വിവരിക്കുന്നത്.
“പ്രാചീന മലയാള”ത്തിൽ പരശുരാമൻ മഴുവെറിഞ്ഞ് നേടിയതും ബ്രാഹ്മണർക്ക് ദാനംകിട്ടിയതുമാണ് കേരളമെന്ന കെട്ടുകഥയെ പൊളിച്ചടുക്കുന്നുണ്ട്. സ്വാമിയുടെ "വേദാധികാരനിരൂപണം' ശൂദ്രനും സ്ത്രീക്കും വേദാധികാരമില്ലെന്ന സ്മൃതിസൂത്രം, സമർഥമായും സയുക്തികമായും വേദപ്രമാണങ്ങളെത്തന്നെ അവലംബിച്ചും ഖണ്ഡിക്കുന്ന ഒരു പ്രതിപാഠമായി വികസിക്കുന്നുണ്ട്. ഇങ്ങനെ വേദവും വേദാന്തവും ഇതിഹാസങ്ങളും പുരാണങ്ങളുമെല്ലാം, വരേണ്യവർഗത്തിന്ന് തന്നിഷ്ടംപോലെ തട്ടിയുരുട്ടാൻ വിട്ടുകൊടുക്കുന്നതിനുപകരം, അവയുടെ യഥാർഥ ഉൽപ്പാദകരായ ജനപക്ഷത്ത് കാലൂന്നിനിന്ന്, അതിനകത്ത് നിഗൂഹനം ചെയ്യപ്പെട്ട അധികാര വിരുദ്ധമായ പ്രത്യാഖ്യാനങ്ങളെ കണ്ടെടുത്ത് കൊണ്ടാടുകയാണ് വേണ്ടതെന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ വിചാരധാര.

സങ്കീർണവും ഗഹനവുമായ ഇത്തരം ദാർശനിക വ്യവഹാരങ്ങളിൽ മുഴുകുമ്പോൾത്തന്നെ, പച്ചയായ ജീവിതത്തിന്റെ പരമാർഥങ്ങളെ അഭിസംബോധന ചെയ്യാനും അവിടെ തിറയാടി നിൽക്കുന്ന കൊടിയ അനീതികളെ വിമർശിക്കാനും എതിർക്കാനും സ്വാമി മടിച്ചിരുന്നില്ല. പരമ്പരാഗതമായ കുടുംബസങ്കൽപ്പങ്ങളെയും വിവാഹരീതികളെയും ദായക്രമങ്ങളെയുമെല്ലാം ചട്ടമ്പിസ്വാമികൾ വിമർശവിധേയമാക്കുന്നുണ്ട്. കൂട്ടുകുടുംബവ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നും മരുമക്കത്തായം മൺമറയാൻ നേരമായെന്നും ആളോഹരിഭാഗം അനിവാര്യമായും അനുവദിച്ചുകിട്ടേണ്ട അവകാശമാണെന്നും സ്വാമി വാദിക്കുന്നു.

നവോത്ഥാനത്തിന്റെ നായകപദവി വഹിച്ച ഈ മൂവരിൽ ചട്ടമ്പിസ്വാമികളും നാരായണഗുരുവും മതത്തെയും ആധ്യാത്മിക ദർശനങ്ങളെയും മനുഷ്യവിമോചനാർഥം, പുതിയ കാലത്തിന്റെ വെളിച്ചത്തിൽ വായിക്കാനും വ്യാഖ്യാനിക്കാനും ഉത്സാഹം കാട്ടിയെങ്കിൽ, അയ്യൻകാളി, ആ പരിസരങ്ങളിലൊരിടത്തും പദമൂന്നാതിരിക്കാനാണ് ശ്രദ്ധിച്ചത്. എന്നാൽ, സാമൂഹ്യപരിഷ്‌കരണത്തിന്റെ മുന്നുപാധി സാർവത്രിക വിദ്യാഭ്യാസമാണെന്ന് മൂവരും ഒരുപോലെ തിരിച്ചറിഞ്ഞിരുന്നു. തനിക്കും അറിവിനും ഇടയ്ക്ക് കൊടിയ ദാരിദ്ര്യംതീർത്ത കടലകലത്തിനുമുന്നിൽ പകച്ചുനിൽക്കാതെ, സ്വന്തം പരിമിതികളെയും പരാധീനതകളെയും മറികടക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച ചട്ടമ്പിസ്വാമികൾ വിദ്യാവിഹീനനാകുന്നതിനുപകരം "സർവവിദ്യാധിരാജൻ'ആയി സ്വയം രൂപാന്തരപ്പെടുന്നുണ്ട്. സ്വാമിയും ഗുരുവും അയ്യൻകാളിയും ഏതെങ്കിലും സവിശേഷസമുദായ പരിഷ്‌കരണമല്ല, മനുഷ്യസമുദായത്തിന്റെതന്നെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യംവച്ചത്. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും സുവ്യക്തമായ ധാരണ നവോത്ഥാനത്തിന്റെ ഈ പ്രപഞ്ചകന്മാർക്കുണ്ടായിരുന്നു. അവർ, കാടുകണ്ട് മരം കാണാത്തവരോ മരം കണ്ട് കാട് കണ്ണിൽപ്പെടാത്തവരോ ആയിരുന്നില്ല. ആത്മപരിഷ്‌കരണം സാധിച്ചെടുക്കാൻ, സാമൂഹ്യപരിഷ്‌കരണാർഥം സ്വയംസമർപ്പിക്കലല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന വിവേകോദയത്തിലാണ് അവർ സ്‌നാനം ചെയ്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top