19 April Friday

ചാറ്റ് ജിപിടി : അജ്ഞതയും അധികാരവും അനുബന്ധ വിഷയങ്ങളും

ഡോ. പി ദീപക്‌Updated: Friday Feb 10, 2023

‘ചാറ്റ് ജിപിടി’യോളം ചർച്ച ചെയ്യപ്പെട്ട ഒരു വിവരാധിഷ്ഠിത സാങ്കേതികവിദ്യ അടുത്തകാലത്തൊന്നും വേറെ ഉണ്ടായിരുന്നതായി തോന്നുന്നില്ല. അതേക്കുറിച്ചുള്ള ആവേശത്തിന്റെ പാരമ്യം കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും അത് ദീർഘകാലത്തേക്ക് സമൂഹത്തിൽ കൊണ്ടുവരുന്ന ഘടനാപരമായ മാറ്റങ്ങൾ ഏറെയുണ്ടെന്ന്‌ കാണണം. മൈക്രോസോഫ്റ്റ് മുതലായ ടെക് ഭീമന്മാർ അവരുടെ സേവനങ്ങളിലൂടെ ചാറ്റ് ജിപിടി ലഭ്യമാക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഒരുപക്ഷേ അധികം വൈകാതെ മൈക്രോസോഫ്റ്റ് വേർഡിൽപ്പോലും ചാറ്റ് ജിപിടിയുടെ സാന്നിധ്യം ഉണ്ടായേക്കാം. അമേരിക്കയിലെ ചില വിദ്യാലയങ്ങൾ ഇതിനകം ചാറ്റ് ജിപിടി നിരോധിച്ചു കഴിഞ്ഞു. ഒരുപക്ഷേ നാളെ നമ്മുടെ സർവകലാശാലകളെ  ബാധിക്കുന്ന തരത്തിൽ രചനാമോഷണത്തിന്‌ ചാറ്റ് ജിപിടി വഴിവച്ചേക്കാം. ഈയൊരു പശ്ചാത്തലത്തിലാണ് ചാറ്റ് ജിപിടി എന്ന സാങ്കേതികവിദ്യ ഉൾപ്പെടുന്ന, വിവരോൽപ്പാദന ശേഷിയുള്ള,- ജനറേറ്റീവായ- നിർമിതബുദ്ധിയുടെ സാങ്കേതികമല്ലാത്ത ചില മൃദുവശങ്ങൾ വിശകലനവിധേയമാക്കുന്നത്‌. ഈ ലേഖനത്തിൽ അത്തരം രണ്ടു വിഷയം കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നു: വിവരലഭ്യതയുടെ ഏറ്റക്കുറച്ചിലുകളും അവയുടെ പ്രത്യാഘാതങ്ങളും എന്നത് ആദ്യ വിഷയം.ചാറ്റ് ജിപിടിയിലൂടെ സാങ്കേതികവിദ്യയും -ഉപയോക്താവും തമ്മിലുള്ള -അധികാര സമവാക്യങ്ങളിൽ  ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നതാണ് രണ്ടാമത്തെ വിഷയം.

മൂന്ന്‌ ചോദ്യം, ഉത്തരങ്ങൾ
ചാറ്റ് ജിപിടിയിൽ ഞാൻ പരീക്ഷിച്ചു നോക്കിയ മൂന്നു ചോദ്യം എടുക്കാം. ചാറ്റ് ജിപിടി നിലവിൽ ഇംഗ്ലീഷിലുള്ള ഒരു സേവനമായതിനാൽ പരീക്ഷിച്ച ചോദ്യങ്ങൾ ഇംഗ്ലീഷിൽത്തന്നെ എഴുതട്ടെ. ആദ്യത്തേത് “How has science influenced religion” എന്നതാണ്. രണ്ടാമത്തേത് “tell me about the jarawa tribe of the andamans”. മൂന്നാമതാകട്ടെ ഒരു കുസൃതി ചോദ്യമായിരുന്നു: “what do you know about truman’s theory of plant respiration”. അങ്ങനെയൊരു ട്രൂമാനും സസ്യശ്വസന സിദ്ധാന്തവുമൊന്നും യഥാർഥത്തിൽ ഉള്ളതല്ല എന്നതുകൊണ്ടാണ് കുസൃതി ചോദ്യമെന്നു പറഞ്ഞത്‌. ആദ്യ ചോദ്യത്തിന് ഉത്തരമായി ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ നല്ല ഒരു ഉപന്യാസംതന്നെ ചാറ്റ് ജിപിടി നിർമിച്ചു തന്നു. രണ്ടാമത്തേതിന്‌ ഉത്തരമായി തന്നതാകട്ടെ - ജർവാ ആദിവാസികളെക്കുറിച്ച്‌ വെബ്ബിലുള്ള തുച്ഛമായ വിവരങ്ങളുടെ ഒരു കോപ്പി-പേസ്റ്റ് ഉപന്യാസമായിരുന്നു. ജർവാ ആദിവാസികളെക്കുറിച്ച്‌ വെബ്ബിൽ അധികം വിവരങ്ങളൊന്നും ലഭ്യമല്ലാത്തതാകണം കാരണം.  മൂന്നാമത്തേതാണ് ബഹുരസം. ചാറ്റ് ജിപിടി ട്രൂമാൻ എന്ന അമേരിക്കൻ രാഷ്ട്രപതിയെക്കുറിച്ച്‌ കേട്ടിട്ടുണ്ട്. സസ്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടുണ്ട്. ശ്വസനപ്രക്രിയകളെക്കുറിച്ചുള്ള അനവധി വിവരങ്ങൾ ചാറ്റ് ജിപിടിയുടെ ട്രെയിനിങ് വിവരശേഖരങ്ങളിലുണ്ട്‌. ഇവ തമ്മിൽ  ഒരു ബന്ധവുമില്ലെന്നുമാത്രം. പക്ഷേ, അതൊന്നും ചാറ്റ് ജിപിടി കാര്യമാക്കിയില്ല. ഇതൊക്കെ കൂട്ടിക്കുഴച്ച്‌ ഒരു ‘ഒന്നൊന്നര’ ഉപന്യാസംതന്നെ ഉണ്ടാക്കി തന്നു. അതിൽ പറയുന്നത് ട്രൂമാൻ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലോ മറ്റോ ഇങ്ങനെയൊരു സിദ്ധാന്തം നിർമിച്ചുവെന്നും സസ്യങ്ങളുടെ ശ്വസനത്തിന്റെ വേഗം ചൂടുകാലത്ത്‌ കൂടുമെന്നുമൊക്കെയാണ്‌. മൂന്നു ചോദ്യത്തിനും ലഭിച്ച ഉത്തരങ്ങളുടെ ഉള്ളടക്കത്തേക്കാൾ പ്രധാനം അതിലൂടെ വെളിവാകുന്ന ചാറ്റ് ജിപിടിയുടെ പ്രവർത്തനരീതികൾക്കാണ്. 

‘എന്തെങ്കിലുമൊക്കെ തള്ളാം’
വെബ്ബിൽ വിവരങ്ങൾ ഏറെയുള്ള ശാസ്ത്ര-–- മത താരതമ്യം എന്ന വിഷയത്തിൽ ചാറ്റ് ജിപിടിയെ വിശ്വസിക്കുകയോ ആശ്രയിക്കുകയോ ചെയ്യാം. പക്ഷേ, വിവരസാന്ദ്രത കുറഞ്ഞ വിഷയങ്ങളിൽ ചാറ്റ് ജിപിടിക്ക് അടിതെറ്റുന്നു. അതിനേക്കാൾ പ്രശ്നം, അടിതെറ്റുമ്പോഴും ചാറ്റ് ജിപിടി പരാജയം സമ്മതിക്കുന്നില്ല എന്നതാണ്. ഒന്നും എഴുതാനറിയാത്ത പരീക്ഷയുടെ ഉത്തരക്കടലാസിൽ ‘എന്തെങ്കിലുമൊക്കെ തള്ളാം’ എന്ന് കരുതുന്ന കോളേജ്‌ വിദ്യാർഥിയെപ്പോലെ ചാറ്റ് ജിപിടി പെരുമാറുന്നു! ഒരുപക്ഷേ, ചില അംശങ്ങൾ ശരിയാകുകയും കുറച്ചു മാർക്ക് കിട്ടുകയും ചെയ്താൽ വട്ടപ്പൂജ്യത്തേക്കാൾ ഭേദമല്ലേ. അതുപോലെയാണ് ചാറ്റ് ജിപിടിയുമെന്ന് നിരീക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ ചോദിച്ചു എന്നതുകൊണ്ടുമാത്രം അമേരിക്കൻ പ്രസിഡന്റ് സസ്യശ്വസന ഗവേഷണം ചെയ്തുവെന്ന് ഉപന്യാസം തയ്യാറാക്കാൻ മുതിരുന്നുവെന്നത് എന്തുമാത്രം വിചിത്രമാണ്. ഇത് ചാറ്റ് ജിപിടിയുടെ പൊതുസ്വഭാവം  വെളിപ്പെടുന്നു. അറിയാമെങ്കിൽ അറിയുന്നത് പറയുക, അറിയില്ലെങ്കിൽ എന്തെങ്കിലുമൊക്കെ തള്ളുക.

വെബ്ബിലുള്ളതാണ് ചാറ്റ് ജിപിടിക്ക്‌ അറിയുകയെന്നതും മനസ്സിലാക്കേണ്ടതുണ്ട്. വെബ്ബിൽ അമേരിക്ക, യൂറോപ് എന്നിവയെ അപേക്ഷിച്ച്‌  ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിവരലഭ്യത വളരെ കുറവാണെന്ന്‌ നമുക്കറിയാം. അതുകൊണ്ടുതന്നെ ഏഷ്യൻ ആഫ്രിക്കൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാറ്റ് ജിപിടിയുടെ വിശ്വാസ്യത കുറവായിരിക്കുമെന്നും നിസ്സംശയം പറയാം. അതുപോലെതന്നെ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യധാരയിൽനിന്ന് മാറിനിൽക്കുന്ന സമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപേക്ഷികമായി നന്നേ കുറവാണ്. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾ വരുമ്പോൾ ചാറ്റ് ജിപിടി വിശ്വാസ്യത തോന്നുന്ന രീതിയിൽ സർഗാത്മകമായി തള്ളിവിടും. ഇതിനൊക്കെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

വിവരങ്ങളുടെ സ്രോതസ്സ്‌ എവിടെ
ഇനി രണ്ടാമത്തെ വിഷയത്തിലേക്ക്‌ കടക്കാം. സാങ്കേതികവിദ്യകൾ ഉപയോക്താക്കളുമായിട്ടുള്ള ബന്ധത്തിൽ പല രീതികൾ അവലംബിക്കുന്നുണ്ട്‌.  ഗൂഗിൾപോലുള്ള സെർച്ച് എൻജിനുകൾ തങ്ങളുടെ സേവനങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത് അവരുടെ വിവരാന്വേഷണത്തിനുതകുന്ന ചില വെബ് പേജുകളാണ്. അതിനിടയിൽ അവർ നാം അറിയാത്ത തരത്തിൽ പരസ്യങ്ങൾ കേറ്റാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ, അത്‌ മറ്റൊരു വിഷയമാണ്‌. സെർച്ച് എൻജിൻ ഫലങ്ങളിൽ ദൃശ്യമാകുന്ന വെബ് പേജുകളിൽ നമുക്ക് ക്ലിക്ക് ചെയ്തു പോകാം. വെബ് സൈറ്റുകളുടെ ‘about us’ നോക്കി ആരാണ് ആ വിവരം തരുന്നതെന്നു മനസ്സിലാക്കാം.  ആ വെബ്സൈറ്റിനെക്കുറിച്ച് വേറെ ക്വറി  ഉപയോഗിച്ച് തിരഞ്ഞ്‌ അതിന്റെ വിശ്വാസ്യതയും രാഷ്ട്രീയ പക്ഷപാതിത്വവും മറ്റുമൊക്കെ വിലയിരുത്താം. സമൂഹമാധ്യമങ്ങളാകട്ടെ,  അവയിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള  വിവരങ്ങളാകും തരുന്നത്‌. വെബ് പേജുകളുടേതിന് സമാനമായി, പോസ്റ്റ് ചെയ്ത ഉപയോക്താവിന്റെ പേജ്  നോക്കി അയാളുടെ പശ്ചാത്തലം, ഉദ്ദേശ്യങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കി വിവരം വിശ്വാസ്യമാണോയെന്ന് ഒരു പരിധിവരെ അനുമാനിക്കാം.  ഗേഡ് ഗിഗേരെൻസർ  എന്ന വിഖ്യാതനായ മനഃശാസ്ത്രജ്ഞൻ പറയുന്നത് അത്തരത്തിലുള്ള പശ്ചാത്തലപരിശോധന - (lateral reading എന്നാണ്‌ അതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്)- ഉള്ളടക്കം വിശ്വാസ്യമാണോയെന്ന് വിലയിരുത്തുന്നതിൽ  വലിയ പ്രാധാന്യമുള്ള  കാര്യമാണെന്നാണ്‌. വിവരവിശ്വാസ്യത അളക്കുന്ന തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള പ്രൊഫഷണലുകൾ - (fact checkers) - അത്തരം രീതികളാണ് സ്ഥിരമായി അവലംബിക്കുന്നതത്രെ.

പുതിയ അധികാര സമവാക്യം
ചാറ്റ് ജിപിടി സെർച്ച് എൻജിനുകളെയും സമൂഹമാധ്യമങ്ങളെയുംപോലെ വിജ്ഞാനപരമായ ഒരു കർത്തവ്യം നിർവഹിക്കുമ്പോൾത്തന്നെ അത് ഉപയോക്താവിനോടുള്ള ബന്ധത്തിൽ പാടെ വ്യത്യസ്തമാണ്. ചാറ്റ് ജിപിടി അത് തരുന്ന വിവരത്തിന്റെ സ്രോതസ്സിനെക്കുറിച്ച്‌ ഒന്നുംതന്നെ മിണ്ടുന്നില്ല. അതുകൊണ്ടുതന്നെ പശ്ചാത്തല പരിശോധന ഉപയോക്താവിന് സാധ്യമല്ലാതെ വരുന്നു. ഒരർഥത്തിൽ ചാറ്റ് ജിപിടി ഉപയോക്താവിനെ ഒരു നിഷ്ക്രിയ വിവര ഉപയോക്താവായിട്ടാണ് കാണുന്നതെന്ന് പറയാം. സ്വന്തമായി പര്യവേഷണം നടത്തി ചിന്തിച്ചു തീരുമാനിക്കാൻ കെൽപ്പുള്ള ഒരു മനുഷ്യനാണ്‌ അപ്പുറത്തിരിക്കുന്നതെന്നപോലെയല്ല ചാറ്റ് ജിപിടിയുടെ പ്രവർത്തനം. ചാറ്റ് ജിപിടി കൊടുക്കുന്ന എന്ത് വിവരവും വെള്ളം ചേർക്കാതെ വിഴുങ്ങാൻ തയ്യാറായി നിൽക്കുന്ന ഒരാൾ എന്ന നിലയിലേക്ക് ഉപയോക്താവ് ചുരുങ്ങുന്നു. ആ അർഥത്തിൽ ചാറ്റ് ജിപിടി എന്ന വിജ്ഞാനസേവനം തന്റെ ഉപയോക്താക്കൾക്ക് മേൽ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് പുതിയ ഒരു അധികാര സമവാക്യം പ്രാവർത്തികമാക്കുന്നു. വിജ്ഞാനസേവനങ്ങൾ സോപ്പ്, ചീർപ്പ്, എണ്ണ  എന്നിങ്ങനെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന വ്യവസായങ്ങൾപോലെയല്ല; വിജ്ഞാനസേവനങ്ങൾ ഉപയോക്താവിന്റെ ചിന്തയെയും ലോകവീക്ഷണത്തെയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിജ്ഞാനസേവനങ്ങളിൽ ഉപയോക്താവിന്റെ സ്വയംനിർണയാധികാരം വളരെ പ്രധാനമാണ്‌. അത്തരം അധികാരം കവർന്നെടുക്കുന്ന ചാറ്റ് ജിപിടി അവതരിപ്പിക്കുന്ന സാങ്കേതികവിദ്യയും -ഉപയോക്താവും തമ്മിലുള്ള അധികാര സമവാക്യം നോർമലൈസ് ചെയ്യപ്പെടുകയാണെങ്കിൽ അത് ഈ വിവരസേവന മേഖലയിൽ കോർപറേറ്റ് സമഗ്രാധിപത്യത്തിന്‌ വഴിവയ്‌ക്കും. ചാറ്റ് ജിപിടി എന്ന സാങ്കേതികവിദ്യയുടെ മുന്നിൽ ആവേശംപൂണ്ടു നിൽക്കുന്ന ഒരു ടെക് സമൂഹം ഇന്നുണ്ട്. അതുകൊണ്ടുതന്നെ, അതിനെ വിമർശബുദ്ധിയോടെ സമീപിക്കേണ്ട ആവശ്യം നിഷ്പ്രഭമായി പോകരുത്. ഇതിൽ പ്രശ്നങ്ങളുടെ രണ്ടു മേഖല മാത്രമാണ്–- വിവരസാന്ദ്രതയുടെയും അധികാര സമവാക്യങ്ങളുടെയും വിഷയങ്ങൾ. ചാറ്റ് ജിപിടിയുടെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് കടക്കുമ്പോൾ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.

( യുകെ ബെൽഫാസ്റ്റ്‌ ക്യൂൻസ് സർവകലാശാല കംപ്യൂട്ടർ സയൻസ് അസോസിയറ്റ് പ്രൊഫസറാണ്‌ ലേഖകൻ.  നിർമിതബുദ്ധിയുടെ രാഷ്ട്രീയം എന്നതാണ് പ്രധാന ഗവേഷണമേഖല)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top