25 April Thursday

നിശ്ശബ്ദത വെടിഞ്ഞ് ചാപ്ലിൻ

കോയമുഹമ്മദ്Updated: Friday Dec 24, 2021

ഫാസിസത്തിനെതിരായ മഹത്തായ കലാസൃഷ്ടി "ദ ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന ചലച്ചിത്രത്തിന്റെ കർത്താവ് ചാർളി ചാപ്ലിന്റെ ഓർമ, ചരിത്രപ്രധാനമായ പോരാട്ട വിജയങ്ങളുടെ പശ്ചാത്തലത്തിൽ നമുക്കിന്ന് മുമ്പെന്നത്തേക്കാളും ഊർജദായകമാകുന്നു.

 ലോക സിനിമയെ കീഴടക്കിയ ഈ കലാകാരൻ ആത്മകഥാപരമായ കലാസൃഷ്ടികളിലൂടെ ഈ ഭൂമിയിൽ മനുഷ്യജീവിതം സഹനീയമാക്കാൻ നിരന്തരം പോംവഴികളന്വേഷിച്ചു. അനശ്വരനായ "തെരുവുതെണ്ടി' ആത്മാവിഷ്കാരങ്ങളിലൂടെ ജനകോടികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അച്ഛൻ ചാൾസ് കലാപരിപാടികൾക്കിടെ കാണികളുമൊത്ത് പതിവുണ്ടായിരുന്ന മദ്യപാനത്തിനടിപ്പെട്ടാണ് അകാലചരമം പ്രാപിച്ചത്. മനോനില തെറ്റിയിട്ടും ഗത്യന്തരമില്ലാതെ കലാപ്രകടനങ്ങളിലേക്കു മടങ്ങിയ അമ്മ ഹന്നയുടെ ശബ്ദം അരങ്ങിൽവച്ച് പൊടുന്നനെ നിലച്ചപ്പോൾ കാണികളെ പിടിച്ചുനിർത്താൻ അക്ഷരാർഥത്തിൽ അഭിനയജീവിതത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു പത്തുവയസ്സുപോലും തികഞ്ഞിട്ടില്ലാതിരുന്ന ചാപ്ലിൻ. അരങ്ങ് അടക്കിവാണ കലാകാരന്മാർക്കൊപ്പം വളർന്ന ആ ബാലൻ, പക്ഷേ, പതറിയില്ല.
ബോർഡിങ് സ്കൂളുകളിലും അനാഥശാലകളിലും ഒരാശ്രയവുമില്ലാതെ തെരുവുകളിലും കഴിഞ്ഞുകൂടേണ്ടിവന്ന ചാപ്ലിൻ പതിനേഴാം വയസ്സിൽ ഫ്രെഡ് കാർണോ കമ്പനിയുടെ ഹാസ്യനടനായി ബ്രിട്ടനിൽനിന്ന് അമേരിക്കയ്‌ക്കു കപ്പൽ കയറി. ന്യൂയോർക്കിൽ മാർക്ക് സെന്നറ്റ് എന്ന സിനിമാ നിർമാതാവിന്റെ കണ്ണിൽപ്പെട്ടതിൽപ്പിന്നെയുണ്ടായത് ലോകസിനിമയുടെ ചരിത്രത്തിന്റെതന്നെ അവിഭാജ്യഭാഗം. ആഴ്ചയിൽ 150 ഡോളർ പ്രതിഫലത്തിൽ 1913ൽ ചലച്ചിത്രാഭിനയം ആരംഭിച്ച ചാപ്ലിന്റെ പ്രതിഫലത്തുക പത്തുവർഷംകൊണ്ട് ഹോളിവുഡിലെ ചലച്ചിത്ര കമ്പനികൾക്കൊന്നും താങ്ങാനാകാത്തവിധം കുതിച്ചുയർന്നു. വേറെ മൂന്നു പേരോടൊപ്പം തുടങ്ങിയ യുണൈറ്റഡ് ആർടിസ്റ്റ്സ് എന്ന ചലച്ചിത്രനിർമാണശാലയുടെ ചിത്രങ്ങളിൽ മാത്രമായി പിന്നെ ചാപ്ലിന്റെ അഭിനയം.

മനുഷ്യന്റെ കാമനകളും ആസക്തികളും മുതലാളിത്ത വ്യവസ്ഥിതിയിലെ ആർത്തിയും ദുരയും നിശ്ശബ്ദസിനിമയുടെ മുടിചൂടാമന്നനായ ചാപ്ലിൻ തന്റെ ക്ലാസിക് കൃതികളിൽ അനന്യമായി ആവിഷ്കരിച്ചു. സിനിമയ്‌ക്ക്‌ ശബ്ദം കൈവന്നപ്പോൾ ആ സിദ്ധി അംഗീകരിക്കാൻ വൈമുഖ്യം പ്രകടിപ്പിച്ച കലാകാരനാണ് അദ്ദേഹം. ആശയവിനിമയത്തിൽ സിനിമ സ്വകീയമായി അതിനകം സ്വായത്തമാക്കിക്കഴിഞ്ഞിരുന്ന മികവ് സംഭാഷണങ്ങളിലൂടെ  നഷ്ടപ്പെട്ടു പോകുമെന്നായിരുന്നു ചാപ്ലിന്റെ ഭയം. ഹോളിവുഡിന്റെ ആദ്യ ശബ്ദ ഫീച്ചർചിത്രം "ദ ജാസ് സിംഗർ' 1927ൽ പുറത്തിറങ്ങിയെങ്കിലും "ദ സർക്കസ് ' (1928), "സിറ്റിലൈറ്റ്സ്' (1931), "മോഡേൺ ടൈംസ്' (1936) തുടങ്ങിയ തന്റെ വിഖ്യാത ചിത്രങ്ങളും സംഭാഷണമില്ലാതെയാണ് ചാപ്ലിൻ സാക്ഷാൽക്കരിച്ചത്.
എന്നാൽ, ഈ പിടിവാശി ഉപേക്ഷിച്ചാണ് 1940 ഒക്ടോബർ 31ന് "ദ ഗ്രേറ്റ് ഡിക്റ്റേറ്റർ' അദ്ദേഹം പുറത്തിറക്കിയത്. മാത്രമല്ല, ലോകത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഭാഷണമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട ദീർഘമായൊരു ജനായത്ത പ്രഭാഷണംകൊണ്ട് ചിത്രത്തെ വിശേഷപ്പെടുത്തുകയും ചെയ്തു സിനിമയിലെ ഏറ്റവും മഹാനായ നിശ്ശബ്ദതാ ഉപാസകൻ. അതു യാദൃച്ഛികമായിരുന്നില്ല. രാഷ്ട്രീയമായ നിശ്ചയദാർഢ്യത്തിന്റെ ഫലമായിരുന്നു.

 സ്വേച്ഛാധിപതി ഹൈങ്കലിന്റെ ഗ്രസ്തത്തിൽനിന്ന്‌ രക്ഷപ്പെടാൻ അയാളുടെ കപടവേഷത്തിൽ പുറത്തിറങ്ങിയ ജൂത ബാർബർ സാക്ഷാൽ സ്വേച്ഛാധിപതിയുടെ വിക്ടറി പരേഡിനെ അഭിസംബോധന ചെയ്യാൻ ആനയിക്കപ്പെടുന്നു. (മറുവശത്ത് സിവിലിയൻ വേഷത്തിൽ മദോന്മത്തനായിറങ്ങിയ സാക്ഷാൽ സ്വേച്ഛാധിപതി ഹൈങ്കലിനെ പുറത്തെവിടെയോ വേണ്ടപ്പെട്ടവർ കൈകാര്യം ചെയ്യുകയാണ്). ജൂത ബാർബർ അന്നോളം ഒരു പ്രസംഗം നടത്തിയിട്ടില്ല. ചാപ്ലിൻ ആ കഥാപാത്രത്തിന്റെ വാക്കുകളിലൂടെ രണ്ടാം ലോകയുദ്ധത്തിന്റെ നടുക്കുവച്ച് ലോകത്തോട് ഒരു ഐതിഹാസിക ഭാഷണത്തിലേർപ്പെട്ടു: ""ക്ഷമിക്കണം. എനിക്കു ചക്രവർത്തിയാകേണ്ട. എന്റെ പണി അതല്ല. എനിക്ക് ആരെയും ഭരിക്കുകയോ കീഴടക്കുകയോ വേണ്ട...''
സിനിമ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ യുട്യൂബിൽ നിന്നെങ്കിലും ഒന്നു കേട്ടുനോക്കിയാലറിയാം, "സാംസ്കാരികവും ചരിത്രപരവും അഥവാ സൗന്ദര്യശാസ്ത്രപരവുമായി പ്രാധാന്യമർഹിക്കുന്നതിനാൽ' എന്ന സാക്ഷ്യപത്രത്തോടെ, യുഎസ് നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷിക്കാനായി ഐതിഹാസികമായ ആ പ്രസംഗം തെരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടെന്ന്. നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ കൊടുംക്രൂരതയെക്കുറിച്ച് അന്ന് വിവരമുണ്ടായിരുന്നെങ്കിൽ തനിക്കതു ചെയ്യാൻ കഴിയുമായിരുന്നില്ലെന്നാണ് പിന്നീട് ചാപ്ലിൻതന്നെ ലോകോത്തരമായ തന്റെ "ആത്മകഥ'യിൽ "ദ ഗ്രേറ്റ് ഡിക്റ്റേറ്റർ' ചലച്ചിത്രാവിഷ്കാരത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളത്.

 അമേരിക്കയും ഹിറ്റ്‌ലറും തമ്മിൽ ശത്രുതയല്ല സമാധാന കരാറുണ്ടായിരുന്ന സമയവുമായിരുന്നു അത്. ഏതായാലും "ദ ഗ്രേറ്റ് ഡിക്റ്റേറ്റർ' ചലച്ചിത്രകലയുടെ ജന്മം സഫലമാക്കി. ലോകജനത ചിത്രം കൊണ്ടാടി. ചാപ്ലിന്റെ ചിത്രങ്ങളിൽ ഏറ്റവും വലിയ വാണിജ്യവിജയം കൊയ്യുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതം ചെറുതായിരുന്നില്ല. ഇന്നും അതെ, ആ വാക്കുകൾ ലോകമെങ്ങും മർദിത കോടികൾക്ക് ഊർജം പകരുന്നു.
രാഷ്ട്രീയം തുറന്നുപറയാൻ തുടങ്ങിയ ചാപ്ലിനെ അമേരിക്കയ്‌ക്ക് പൊറുപ്പിക്കാൻ കഴിയാതായി.  സെനറ്റർ ജോസഫ് മക്കാർത്തിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ചായ്‌വുകാരെ അനമേരിക്കൻ (Un American)  പ്രവർത്തനങ്ങളാരോപിച്ച് വേട്ടയാടിയ കാലം. 1948ൽ എഫ്ബിഐ ചാപ്ലിനെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തി. ചാപ്ലിന്റെ അർഥപൂർണമായ പ്രതികരണം ഇതായിരുന്നു. ""ഞാൻ വിപ്ലവം നടത്താനൊന്നും പോകുകയല്ല. എനിക്കു വേണ്ടത് കുറച്ചുകൂടി സിനിമയെടുക്കുകയാണ്. എനിക്ക് ആളുകളെ രസിപ്പിക്കാൻ കഴിഞ്ഞേക്കാമെന്ന് ഞാൻ കരുതുന്നു.'' ചാപ്ലിൻ ആളുകളെ രസിപ്പിക്കുന്നത് എങ്ങനെയെന്ന് മക്കാർത്തിയിസം മനസ്സിലാക്കിക്കഴിഞ്ഞിരുന്നുവല്ലൊ. അറസ്റ്റ് ആസന്നമെന്ന്‌ വിവരം ലഭിച്ച ചാപ്ലിൻ ഒരു വിദേശയാത്രയ്‌ക്കിടയിൽ അമേരിക്കയിലേക്ക്‌ മടങ്ങേണ്ടെന്നു വച്ചു. യേശു ക്രിസ്തു പ്രസിഡന്റായാലും ഇനി അങ്ങോട്ടില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

 "അനമേരിക്കൻ' പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ കോൺഗ്രസ് സമിതി നടത്തിയ തെളിവെടുപ്പുകളെ പരിഹസിച്ച് "എ കിങ് ഇൻ ന്യുയോർക്ക് ' (1957) എന്നൊരു ചിത്രംതന്നെ ഇംഗ്ലണ്ടിൽവച്ച് ചാപ്ലിൻ നിർമിച്ചു. മനുഷ്യകഥാനുഗായിയായ ഈ ചലച്ചിത്രകാരനുമേൽ ലോകം പുരസ്കാരങ്ങൾ വാരിച്ചൊരിഞ്ഞു. ഒടുവിൽ അമേരിക്കയ്‌ക്കുതന്നെ ചാപ്ലിനെ തങ്ങളുടെ മണ്ണിലേക്കു വിളിച്ച് വിശിഷ്ട ഓസ്കർ (1972) ഉൾപ്പെടെ നൽകി ആദരിക്കേണ്ടിവന്നു. ആ വീര പോരാളി 1977ലെ ക്രിസ്മസ് നാളിൽ സ്വിറ്റ്സർലൻഡിലെ വസതിയിൽ അന്ത്യശ്വാസംവലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top