08 December Friday

ചാന്ദ്രയാൻ വിജയം ഓർമ്മിപ്പിക്കുന്നത്... എ കെ രമേശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2023

എ കെ രമേശ്

എ കെ രമേശ്

ചാന്ദ്രയാൻ  ഇന്ത്യയിലെ ശാസ്‌ത്രജ്ഞരുടെ ആത്മ വിശ്വാസം വളരെയേറെ ഉയർത്തിയ ഒരു മഹാവിജയമാണ്. അതിനെ ചുരുക്കിക്കാട്ടാനുള്ള ഏത് നീക്കവും മധ്യകാല ശാസ്‌ത്രവിരുദ്ധതയുടെ ഇരുൾക്കയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാൻ ശ്രമിക്കുന്നവരെ  മാത്രമേ സഹായിക്കൂ. മത തീവ്രവാദികളുടെ യുക്തിവിരുദ്ധതയെ പ്രോത്സാഹിപ്പിക്കാൻ അതിന് കഴിയും. മോദിയോടും ബിജെപിയോടുമുള്ള എത്ര കടുത്ത വിയോജിപ്പിലും ഒരിന്ത്യക്കാരന് ഈ നേട്ടത്തെ തള്ളിക്കളയാനാവില്ല.

കാരണം, ഈ നേട്ടത്തിന് അടിസ്ഥാനശിലയിട്ട നൂറു കണക്കിന് ഇന്ത്യൻ ശാസ്‌ത്രജ്ഞരുടെ ദശകങ്ങളായുള്ള സമർപ്പണ ബോധത്തിന്റെ വിജയമാണിത്. ഇന്ത്യൻ ശാസ്‌ത്ര ഗവേഷണ കൗൺസിലടക്കമുള്ള ഒട്ടേറെ ശാസ്‌ത്ര സ്ഥാപനങ്ങൾക്കും ദശകങ്ങളായി അവയ്‌ക്ക് നേതൃത്വം കൊടുത്തു പോന്നവർക്കും സയന്റിഫിക് ടെമ്പർ വികസിപ്പിച്ചെടുക്കുന്നതിനുള്ള രാഷ്‌ട്രീയ ഇച്ഛാ ശക്തി കാട്ടിയ ഭരണ നേതൃത്വങ്ങൾക്കും രാഷ്‌ട്രം കടപ്പെട്ടിരിക്കുന്നു.

മദിരാശി ഐഐടിയിലെ പ്രൊഫസർ ആർ. കൃഷ്‌ണകുമാർ നിരീക്ഷിക്കുന്നതു പോലെ റോക്കട്രിയെന്നാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ സത്താണ്. അഗാധധാരണയുള്ള ജനറലിസ്റ്റുകളും അനുഭവസമ്പത്തുള്ള സ്പെഷ്യലിസ്റ്റുകളും വേണ്ടുന്ന മൾട്ടിഡിസിപ്ലിനറി ശാസ്‌ത്രമാണത്. ഇന്ത്യൻ റോക്കറ്റ് ശാസ്‌ത്രത്തിന്റെ വളർച്ചയിൽ ഐഐടികളുടെയും ശാസ്‌ത്ര പഠനഗവേഷണ സ്ഥാപനങ്ങളുടെയും പങ്ക് നിസ്സീമമാണ്. ഓരോ ഐഐടിയും ഓരോ വർഷവും ആയിരത്തിലേറെ പ്രബന്ധങ്ങളാണ് പീർ റെവ്യൂഡ് ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിപ്പോരുന്നത്. മദിരാശി ഐഐടിയിൽ കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചു  പോരുന്ന ഐഎസ് ആർ സെൽ പോലെ രാജ്യത്തുടനീളമുള്ള ശാസ്‌ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾക്കെല്ലാം ശൂന്യാകാശത്തെ ഈ മഹാവിജയത്തിൽ വലിയ പങ്കുണ്ട്. അത്തരം സ്ഥാപനങ്ങൾ പടുത്തുയർത്താൻ കഠിന ശ്രമം നടത്തിയ പ്രഥമ പ്രധാന മന്ത്രിയോട് നാടും ശാസ്‌ത്ര ലോകവും കടപ്പെട്ടിരിക്കുന്നു. ജവഹർ ലാൽ നെഹ്റുവിന് അക്കാര്യത്തിൽ ഉപദേശ നിർദേശങ്ങൾ നൽകിയ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിരുന്ന ജെ ഡി ബർണാലും  ജെ ബി എസ് ഹാൽഡെയ്‌നും പോലുള്ള പ്രതിഭാശാലികളായ ബ്രിട്ടീഷ് ശാസ്‌ത്രജ്ഞന്മാരെയും നന്ദി പൂർവം സ്‌മരിക്കേണ്ടതുണ്ട്.

ആധുനിക ഇന്ത്യൻ ശാസ്‌ത്രത്തിന് അടിക്കല്ലിട്ട പ്രശസ്‌ത ശാസ്‌ത്രജ്ഞരായ മേഘ്‌നാഥ് സാഹ, ഹുസൈൻ സാഹീർ, സാഹബ് സിങ് സോക്കീ എന്നിവർ കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഇതിൽ കൽക്കത്തക്കാരനായ മേഘ്‌നാഥ് സാഹ
യാണ് അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് സുബാഷ് ചന്ദ്രബോസിനെ സ്വാധീനിച്ച് ഇന്ത്യക്ക് ഒരു ആസൂത്രണ സമിതി വേണം എന്ന തീരുമാനമെടുപ്പിക്കുന്നത്. സുബാഷിന്റെ നിർദേശാനുസരണം നെഹൃവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പ്ലാനിങ്ങ് കമ്മിറ്റി ഇന്ത്യയുടെ വ്യവസായവൽകരണത്തിനും ശാസ്‌ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും നിർണായക പങ്ക് വഹിച്ചു.  CSIR ലാബറട്ടറികൾ, ആറ്റമിക് എനർജി സ്ഥാപനങ്ങൾ, ബാഹ്യാകാശ ഗവേഷണ സ്ഥാപനങ്ങൾ, ഇവയൊക്കെയും ഇതിന്റെ ഭാഗമായി ഉയർന്നു വന്നതാണ്. കമ്യൂണിസ്റ്റുകാരനായ ജെ ഡി ബർണാലിനെയും  ജെ ബി എസ് ഹാൽ ഡെയിനെയും ഇന്ത്യയിലേക്ക് പലവട്ടം ക്ഷണിച്ച ആളാണ് നെഹ്‌റു. ഹാൽ ഡെയ്ൻ ഇന്ത്യയിൽ സ്ഥിര താമസമാക്കുകയും ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തുവല്ലോ.

മേഘ്‌നാഥ് സാഹയും ഹോമി ബാബയും ചേർന്നാണ് രാജ്യത്തെ ന്യൂക്ലിയാർ ഫിസിക്‌സിന് അടിപ്പടവിട്ടത്. സിഎസ്ഐആറിന്റെ ഡയറക്‌ടർ ജനറലായിരുന്ന ഹുസൈൻ സാഹിർ ആ സ്ഥാപനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കേണലായിരുന്നു സോക്കി. പക്ഷേ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്ലാനിങ്ങ് കമ്മിറ്റിയിലെ ആരോഗ്യ വിഭാഗം തലവനാവുന്നതിൽ അത് അദ്ദേഹത്തിന് ഒരു തടസ്സമായിരുന്നില്ല. ഐഡിപിഎല്ലിനും എച്ച്എഎല്ലിനും അസ്ഥിവാരമിട്ടതും അദ്ദേഹമായിരുന്നു. ഇവരെയൊക്കെയും നന്ദിപൂർവ്വം സ്‌മരിച്ചു കൊണ്ടല്ലാതെ ചന്ദ്രയാൻ വിജയത്തെ വിലയിരുത്താനാവില്ല.

ലാൻഡർ ചന്ദ്രനിലിറങ്ങിയപ്പോൾ ഐഎസ്ആർഒ കൺട്രോൾ സെന്ററിൽ 
ആഹ്ലാദം പങ്കിടുന്ന ശാസ്ത്രജ്ഞർ

ലാൻഡർ ചന്ദ്രനിലിറങ്ങിയപ്പോൾ ഐഎസ്ആർഒ കൺട്രോൾ സെന്ററിൽ 
ആഹ്ലാദം പങ്കിടുന്ന ശാസ്ത്രജ്ഞർഇന്ന് ചന്ദ്രയാന്‍ വിജയത്തിന്റെ തിളക്കം കുറയ്‌ക്കുന്നത് ഇന്ത്യ ഭരിക്കുന്ന കക്ഷിയെ നയിക്കുന്ന ആർഎസ്എസ്സിന്റെ ശാസ്‌ത്ര വിരുദ്ധ നിലപാടാണ്. അതിനൊത്തുള്ള പ്രധാനമന്ത്രിയുടെ അസംബന്ധ പ്രലപനങ്ങളാണ്. ആധുനിക സമൂഹത്തിന്റെ യുക്തി ചിന്തയുമായി ഒട്ടും പൊരുത്തപ്പെടാത്ത മധ്യകാല ബോധത്തിന്റെ തടവറയിലുള്ള ഒരു പ്രത്യയശാസ്‌ത്ര പ്രചാരകന് എങ്ങനെയാണ് മനുഷ്യരാശി ആർജിച്ച ശാസ്‌ത്രനേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകാനാവുക? ഇന്ത്യൻ ശാസ്‌ത്രത്തെ ഇരുണ്ട ചാണകക്കുഴിയിലേക്ക്  ചവുട്ടിയാഴ്ത്തുമോ എന്ന് ഭയപ്പെടുന്നവരുണ്ട്. പക്ഷേ അവിടെയാണ് സംഘപരിവാർ അടക്കമുള്ള സംഘടനകളും അവയ്‌ക്ക് നേതൃത്വം കൊടുക്കുന്നവരും നേരിടുന്ന ഒരു സ്വത്വപ്രതിസന്ധിയെ തിരിച്ചറിയേണ്ടത്.

അവർക്ക് ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തിയേ പറ്റൂ. അല്ലെങ്കിൽ ഇന്ത്യൻ കുത്തകകൾ തിരിഞ്ഞു നിൽക്കും. അതേയവസരം തങ്ങളുടെ അനുയായികളിലും വോട്ടർമാരിലും ശാസ്‌ത്രബോധം വളർന്നു വന്നാൽ അത് തങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. അതു കൊണ്ട് തന്നെ സംഘപരിവാറിന്റെ ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടാനും ജനങ്ങളിൽ യുക്തി ചിന്തയും ശാസ്‌ത്ര ബോധവും വളർത്തിയെടുക്കാൻ ചന്ദ്രയാന്‍ വിജയത്തിന്റെ ഈ മഹനീയ സന്ദർഭത്തെ പ്രയോജനപ്പെടുത്താൻ നെഹ്റുവിന്റെ നാട്ടിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാവണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top