10 December Sunday

കേരളീയർ അടിമകളോ

ജി രാജേഷ്‌ കുമാർUpdated: Tuesday Sep 12, 2023

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യമായ അവകാശങ്ങളും അധികാരങ്ങളുമാണ്‌ ഭരണഘടന നൽകുന്നത്‌. ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും കൈകോർത്തുള്ള മുന്നേറ്റവുമാണ്‌ രാഷ്‌ട്രശിൽപ്പികൾ സ്വപ്‌നം കണ്ടത്‌. അതിനനുസരിച്ചുള്ള ഒരു ഭരണഘടനയും  കരുതിവച്ചു. ഈ സ്വപ്‌നങ്ങൾ തകർക്കുന്ന നിലപാടാണ്‌ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഈ പ്രതികാര രാഷ്‌ട്രീയത്തിന്റെ പ്രധാന ഇരകളാകുന്നത്‌ കേരളത്തിലെ ജനങ്ങളും. രാഷ്‌ട്രീയമായ കീഴ്‌പ്പെടുത്തൽ സാധ്യമല്ലാത്തിടത്ത്‌ ഖജനാവിലൂടെയുള്ള അധിനിവേശത്തിലാണ്‌ നോട്ടം. സംസ്ഥാനത്തെ സാമ്പത്തികമായി തകർത്ത്‌, രാഷ്‌ട്രീയലക്ഷ്യ സ്ഥാപനം പരീക്ഷിക്കുന്നു. ഉപഭോക്‌തൃ സംസ്ഥാനമെന്ന നിലയിൽ, ഉൽപ്പാദനമേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിനായിട്ടില്ല. പരമ്പരാഗതമായി നിലനിൽക്കുന്ന ഈ പ്രശ്‌നംമൂലം കേരളത്തിന്‌ ഭരണഘടന അനുവദിച്ച കേന്ദ്ര വിഹിതങ്ങളും ധനസഹായങ്ങളും സ്വീകരിച്ചുമാത്രമേ മുന്നോട്ടുപോകാനാകൂ.

ലോകം ശ്രദ്ധിക്കുന്ന മാനവ വിഭവശേഷിയും സാമൂഹ്യപുരോഗതിയും നേടാൻ കേരളത്തിനായിട്ടുണ്ട്‌. എന്നാൽ, ഇതിന്റെയെല്ലാം രണ്ടാംതലമുറ പ്രശ്‌നങ്ങളാണ്‌ ഇന്ന്‌ നേരിടാനുള്ളത്‌. ഉയർന്ന ആയുർദൈർഘ്യം ഉറപ്പാക്കുന്ന സാമൂഹ്യസാഹചര്യം സൃഷ്ടിച്ചതിലൂടെ വർധിക്കുന്ന മുതിർന്ന പൗരൻമാരുടെ എണ്ണവും ഉയർന്ന ആരോഗ്യനിലവാരം ഉറപ്പാക്കിയ ജനത നേരിടുന്ന ജീവിതശെലീ രോഗങ്ങളുടെ അടക്കമുള്ള പ്രശ്‌നങ്ങൾ,  ഉയർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കിയ യുവജനതയ്‌ക്ക്‌, അവരുടെ വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കൽ തുടങ്ങിയ കാതലായ പ്രശ്‌നങ്ങളെയാണ്‌ സംസ്ഥാനം നേരിടുന്നത്‌. ഇതിന്‌ സംസ്ഥാനത്തെ സഹായിക്കുന്ന ഒരു നയസമീപനവും കേന്ദ്ര സർക്കാരിനില്ല. പകരം എങ്ങനെയൊക്കെ ദ്രോഹിക്കാമെന്നതിലാണ്‌ നോട്ടം. 

ഞെക്കിക്കൊല്ലാൻ നോട്ടം
ഓഖി ചുഴലിക്കാറ്റ്‌, നിപാ, എച്ച്‌വൺ എൻവൺ തുടങ്ങിയ മാരകരോഗങ്ങൾ, മഹാപ്രളയവും തുടർച്ചയായ മഴ, കോവിഡ്‌ എന്നിവയെല്ലാം കേരളം അത്ഭുതകരമായാണ്‌ അതിജീവിച്ചത്‌. ആഘാതങ്ങളിൽനിന്ന്‌ മെല്ലെമെല്ലെ കരകയറാനുള്ള ശ്രമങ്ങൾക്കിടയിയാണ്‌ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം. സംസ്ഥാനത്തിന്റെ ശക്തമായ തിരിച്ചുവരവ്‌ മനസ്സിലാക്കിയാണ്‌ ഒറ്റപ്പെടുത്തിയുള്ള ആക്രമണം.

കഴിഞ്ഞ സാമ്പത്തികവർഷം നികുതി വരുമാനം വർധിപ്പിച്ച സംസ്ഥാനങ്ങളിൽ കേരളത്തിനുമുന്നിൽ മഹാരാഷ്‌ട്രയും ഗുജറാത്തും മാത്രമാണുള്ളത്‌. ശക്തമായ ഉൽപ്പാദനമേഖലകളാണ്‌ ഇരുസംസ്ഥാനങ്ങളുടെയും നേട്ടത്തിനു കാരണം. കേരളത്തിന്‌ മൂന്നാമത്‌ എത്താനായി. തനതുനികുതിയേതര വരുമാനം മുൻവർഷത്തെ 10,000 കോടിയിൽനിന്ന്‌ 15,000 കോടിയായി. കഴിഞ്ഞവർഷം റവന്യുച്ചെലവ്‌ നിയന്ത്രണത്തിൽ വിജയിച്ച ഏക സംസ്ഥാനവും കേരളമാണ്‌.

ഇതൊന്നും പരിഗണിക്കാതെ കേരളത്തിന്റെ കടമെടുപ്പ്‌ അവകാശങ്ങൾ നിഷേധിക്കുകയാണ്‌ കേന്ദ്രം. കഴിഞ്ഞവർഷം 47 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌. ഏകപക്ഷീയമായ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയായിരുന്നു. കിഫ്‌ബിക്കായി എടുത്ത വായ്‌പകളും ക്ഷേമ പെൻഷൻ വിതരണത്തിനെടുത്ത കൈവായ്‌പയും സർക്കാർ വായ്‌പയായി കണക്കാക്കി തട്ടിക്കിഴിച്ചു. ധന ഉത്തരവാദിത്വ നിയമം അനുസരിച്ച്‌ കേരളത്തിന്‌ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നുശതമാനം കടമെടുക്കാൻ അവകാശമുണ്ട്‌. കോവിഡ്‌ സാഹചര്യത്തിൽ ഇത്‌ അഞ്ചുശതമാനംവരെ ഉയർത്തി. പടിപടിയായി വീണ്ടും മൂന്നുശതമാനത്തിലെത്തിച്ചു. ഇതിലാണ്‌ അകാരണമായ വെട്ടിക്കുറവ്‌ വരുത്തുന്നത്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും കേരളത്തിന്‌ ഇരട്ടമർദനമാണ്‌ നേരിടേണ്ടിവരുന്നത്‌. കേന്ദ്ര പദ്ധതികൾക്ക്‌ ലഭിച്ചിരുന്ന 80 ശതമാനം കേന്ദ്ര വിഹിതം അറുപതിനു താഴെയായി. ഇതിലും കൈയിട്ടുവാരുകയാണ്‌. 

വെട്ടിയത്‌ 40,000 കോടി
കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച്‌ ഈ വർഷം സംസ്ഥാനത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും 40,070 കോടി രൂപയുടെ കുറവാണ്‌ ധനവകുപ്പ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വായ്‌പാനുമതിയിൽ അർഹതപ്പെട്ടതിൽ 15,870 കോടി രൂപ നിഷേധിച്ചു. ഈവർഷത്തേക്ക്‌ ഇതുവരെയുള്ള അനുവാദം 20,251 കോടിക്കുമാത്രമാണ്‌. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായി. ആനുപാതികമായി ഐജിഎസ്‌ടിയിലടക്കം വരുമാന വർധന ഉണ്ടായതുമില്ല. നികുതി വിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ 3800 കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ട്‌. ഇതിനുപുറമെയാണ്‌ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം ഗ്രാന്റുകൾ വെട്ടിക്കുറയ്‌ക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്‌തിട്ടുള്ളത്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ, സാമൂഹ്യ വികസന പദ്ധതികൾക്ക്‌ പ്രത്യേകോദ്ദേശ്യ കമ്പനികൾവഴി വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല.

ഗ്രാന്റുകളെല്ലാം കുടിശ്ശിക
നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധന കമീഷൻ ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ കുടിശ്ശിക 52 കോടിയാണ്‌. ആരോഗ്യമേഖലാ ഗ്രാന്റിൽ 2021–-22ലെ 35.57 കോടി കിട്ടിയിട്ടില്ല. കഴിഞ്ഞവർഷത്തെ കുടിശ്ശിക 334 കോടിയും. ഈയിനത്തിൽമാത്രം കുടിശ്ശിക 371 കോടി. വിധവ, വികലാംഗ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ കേന്ദ്രം അനുവദിക്കുന്നത്‌ പ്രതിമാസം 300 രൂപവീതം. വയോജന പെൻഷൻ പ്രതിമാസം 200 രൂപയും. കേരളത്തിൽ വെറും 5,91,316 പേർക്കാണ്‌ ഈ കേന്ദ്ര വിഹിതം അനുവദിക്കുന്നത്‌. ഇതും കുടിശ്ശികയാണ്‌. 2021 ജനുവരിമുതൽ 2023 മാർച്ചുവരെ സംസ്ഥാനം മുൻകൂർ നൽകിയ കേന്ദ്രം വിഹിതം 751 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. യുജിസി ശമ്പളപരിഷ്‌കരണം നടപ്പാക്കിയതിന്റെ ഭാഗമായി സർവകലാശാല, കോളേജ്‌ അധ്യാപകർക്ക്‌ സംസ്ഥാനം നൽകിയ 751 കോടിയും കുടിശ്ശികയാണ്‌. ആ കുടിശ്ശിക നൽകിയ കേരളത്തെ കേന്ദ്രം പറ്റിക്കുകയായിരുന്നു. കുടിശ്ശിക ബാധ്യതയുടെ പകുതി 750.93 കോടി രൂപ നിസ്സാരകാരണം പറഞ്ഞാണ്‌ നിഷേധിക്കുന്നത്‌. കുടിശ്ശിക 1503.85 കോടിയും സംസ്ഥാനമാണ്‌ വിതരണം ചെയ്‌തത്‌. ഇതിന്റെ പകുതിയാണ്‌ കേന്ദ്ര വിഹിതം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സഹായത്തിൽ 170.59 കോടിയും കുടിശ്ശികയാണ്‌. മൂലധന നിക്ഷേപത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്‌ ലഭിക്കേണ്ട 1925 കോടി രൂപയുടെ വായ്‌പാ സഹായവും അനുവദിക്കുന്നില്ല. ഈവർഷവും പല ഗ്രാന്റുകളും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചതോടെ ഓണക്കാലത്ത്‌ സംസ്ഥാനം കടുത്ത ഞെരുക്കത്തിലായി. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തെ അപേക്ഷിച്ച്‌ ഈവർഷം മൂന്നുമാസം കേന്ദ്ര ഗ്രാന്റിൽ 8521 കോടി രൂപ കുറഞ്ഞു. ലഭിച്ചത്‌ 1868 കോടിമാത്രം. മുൻവർഷം 10,390 കോടി രൂപ ലഭിച്ചു. ഗ്രാന്റിന്റെ കുറവിന്‌ ആനുപാതികമായി സംസ്ഥാനത്തിന്റെ കടമെടുപ്പും കൂടി. കഴിഞ്ഞവർഷം ആദ്യ മൂന്നുമാസത്തിൽ 5302 കോടിയായിരുന്നു വായ്‌പ. ഈവർഷം 14,958 കോടിയും.


 

ബദൽമാർഗങ്ങളും തടയുന്നു
വായ്‌പാനുമതി മാത്രമല്ല, അർഹതപ്പെട്ട മറ്റ്‌ അവകാശങ്ങളെല്ലാം നിഷേധിക്കുന്നു. റവന്യു വരുമാനത്തിന്റെ 65 ശതമാനം കേരളം തനതായി കണ്ടെത്തുന്നു. 35 ശതമാനംമാത്രമാണ്‌ വിവിധ കേന്ദ്ര വിഹിതങ്ങൾ. ബിഹാറിന്റെ റവന്യുവരുമാനത്തിന്റെ 75 ശതമാനവും കേന്ദ്ര വിഹിതമാണ്‌. രാജ്യത്തെ റവന്യുവരുമാനത്തിന്റെ 65 ശതമാനം കേന്ദ്രത്തിന്‌ കിട്ടുന്നു. എന്നാൽ, ആകെ റവന്യുച്ചെലവിന്റെ 64 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. ഈ വരുമാന വിടവിന്റെ പ്രത്യാഘാതം സഹിക്കേണ്ടിവരുന്ന മുൻനിര സംസ്ഥാനമാണ്‌ കേരളം.

ധന ഉത്തരവാദിത്വ നിയമം അനുസരിച്ച്‌ വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌. ഇതേസ്ഥാനത്ത്‌ കഴിഞ്ഞവർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദംമാത്രമാണ്‌ ലഭിച്ചത്‌. ഈവർഷം ആദ്യം 20,522 കോടിയുടെ അനുമതി ലഭിച്ചു. തുടർന്ന്‌ 1330 കോടിക്കുകൂടി അനുമതിയായി. ആകെ 21,852 കോടി. ഇത്‌ ഏതാണ്ട്‌ കഴിയാറായി. ഈവർഷം അവശേഷിക്കുന്ന കാര്യങ്ങൾ നടത്താനാകാത്ത സ്ഥിതിയാണ്‌.  കേന്ദ്രം അംഗീകരിച്ച ജിഎസ്‌ഡിപി അനുസരിച്ച്‌ 10,570 കോടി രൂപയുംകൂടി സംസ്ഥാനത്തിന്‌ കടവും ബാധ്യതയുമായി (borrowings and liabilities) സമാഹരിക്കാനുള്ള നിയമപരമായ അവകാശമുണ്ട്‌.  ഈ സാധ്യതയുടെ പ്രയോജനപ്പെടുത്തലിനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ.  ഓണച്ചെലവുകൾ കഴിഞ്ഞവർഷത്തെപ്പോലെ നിറവേറ്റാനായിട്ടുണ്ട്‌. എല്ലാ വിഭാഗത്തിനും അർഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം ലഭിച്ചു. വിലക്കയറ്റം തടയാൻ വിപണയിൽ ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കി. ഏതാണ്ട്‌ 18,000 കോടി രൂപയാണ്‌ ഓണക്കാലത്തെ സർക്കാർ ചെലവ്‌. എന്നാൽ, പദ്ധതിച്ചെലവുകൾ അടക്കം നിർവഹിക്കേണ്ടതുണ്ട്‌. മാറ്റിവയ്‌ക്കാനാകാത്ത ചെലവുകളുടെ വാർഷിക വളർച്ചനിരക്ക്‌ ഏതാണ്ട്‌ പത്തുശതമാനംവരെയാണ്‌. കേന്ദ്ര വിഹിതങ്ങളുടെ കുറവുമൂലം വരുമാനത്തിൽ വലിയ കുറവുമുണ്ട്‌. തനതുവരുമാനം വർധിപ്പിച്ചും അനാവശ്യച്ചെലവുകളിൽ പിടിമുറുക്കിയുമാണ്‌ കഴിഞ്ഞവർഷം സാമ്പത്തികപ്രതിസന്ധി മറികടന്നത്‌. തനത്‌ വരുമാനം മുൻവർഷത്തെ 47,000 കോടിയിൽനിന്ന്‌ 70,000 കോടിയായി ഉയർത്തി. ഈവർഷം ഇതിനുംമേൽ 10,000 കോടിക്കപ്പുറം വരുമാന വർധന ധനവകുപ്പ്‌ പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ തേടുന്നത്‌. ഇതും തടസ്സപ്പെടുത്താനാണ്‌ കേന്ദ്ര നീക്കം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top